ചിരിക്കൂട്ടിൽ ചാക്കോച്ചൻ്റേയും ദർശന്റേയും ഗ‍ർജനം, സുരാജിൻ്റെ നെട്ടോട്ടം; വെറെെറ്റിയാണീ 'ഗ്ർർർ'

ചിത്രത്തിൻ്റെ പോസ്റ്റർ
ചിത്രത്തിൻ്റെ പോസ്റ്റർ

മനുഷ്യനും മൃ​ഗങ്ങളും തമ്മിലുള്ള പോരാട്ടമെങ്ങനെ ചിരിപ്പിക്കും, ഈ ചോദ്യത്തിന് രസികൻ ഉത്തരവുമായി പ്രദർശനത്തിനെത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബനും സുരാജും പിന്നെ മോജോ എന്ന സിംഹവും പ്രധാന വേഷത്തിലെത്തുന്ന '​ഗ്ർർർ..'. പുതുമയുള്ളൊരു പ്രമേയവുമായി എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജയ് കെ എന്ന ജയകൃഷ്ണനാണ്. 

തിരുവനന്തപുരം മൃ​ഗശാലയിലെ സിംഹക്കൂട്ടിൽ റെജിമോൻ എന്ന യുവാവ് അകപ്പെടുന്നതും അദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമങ്ങളുമാണ് ചിത്രമെന്ന് ഒറ്റവാചകത്തിൽ പറയാം. സിംഹക്കൂട്ടിൽ റെജിമോൻ ഒറ്റയ്ക്കല്ല, രക്ഷിക്കാനെത്തി അവസാനം പെട്ടുപോയ മൃ​ഗശാലയിലെ ഉദ്യോ​ഗസ്ഥൻ ഹരിദാസനും കൂട്ടിനുണ്ട്. ഇരുവർക്കും നേരിടാനുള്ളത് ദർശൻ എന്ന സിംഹത്തേയും. കേരളം മുഴുവൻ കണ്ണുംനട്ടിരിക്കുന്ന ഈ രക്ഷാപ്രവർത്തനത്തിൻ്റെ ഓരോ നിമിഷവും ടെൻഷൻ അടിപ്പിക്കുകയല്ല, മറിച്ച് പ്രേക്ഷകെ ഒന്നാകെ ചിരിപ്പിക്കുകയാണ്. 

​ഗർജിക്കുന്ന ദർശനും മദ്യലഹരിയിൽ പോരിനിറങ്ങിയ റെജിമോനും ജീവനും കൊണ്ട് നെട്ടോട്ടമോടുന്ന ഹരിദാസനും ഒക്കെച്ചേർന്ന് കഥപുരോ​ഗമിക്കുന്തോറും ചിരിപ്പൂരമൊരുക്കുകയാണ്. റെജിമോൻ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുമ്പോൾ ഹരിദാസനായി സുരാജ് വേഷമിടുന്നു. മോജോ എന്ന സിംഹമാണ് ദർശനായി എത്തുന്നത്. അനഘ, അലൻസിയർ, മഞ്ജു പിള്ള, പിഷാരടി, രാജേഷ്‌ മാധവൻ, ശ്രുതി രാമചന്ദ്രൻ, ധനേഷ് ആനന്ദ്‌, രാകേഷ് ഉഷാർ, രതീഷ്‌ ബാലകൃഷ്ണൻ പൊതുവാൾ തുടങ്ങിയവരും ചിത്രത്തിൽ മറ്റുവേഷങ്ങളിൽ എത്തുന്നുണ്ട്.

ചിത്രത്തിൽ നിന്നും

ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തിൽ പകച്ചുനിൽക്കുന്ന റെജിമോൻ സിം​ഹക്കൂട്ടിൽ മറ്റൊരാളായി മാറുകയാണ്. കുടുംബത്തിൽ നിന്നുൾപ്പടെ പ്രയാസമനുഭവിക്കുന്ന ഹരിപ്രസാദിൻ്റെ മുന്നിൽ ഭയപ്പെടുന്ന പ്രശ്നമായി മാറുകയാണ് മദ്യപാനിയായ ഒരു യുവാവും പിന്നെ ദർശനും. രക്ഷാപ്രവർത്തനത്തിന് പോലീസും ഫയർഫോഴ്സും ഒക്കെ എത്തുമ്പോഴും തടസ്സങ്ങൾ പലരൂപത്തിൽ എത്തുകയാണ്. റെജിമോനും ഹരിദാസനും സിംഹത്തിൻ്റെ പക്കൽനിന്നും എങ്ങനെ രക്ഷപ്പെടുമെന്ന ആകാംക്ഷ നിലനിർത്താനും ചിത്രത്തിന് സാധിക്കുന്നുണ്ട്. 

വി.എഫ്.എക്സും അനിമാട്രോണിക്സും യഥാർഥ സിംഹവും ഒക്കെച്ചേർന്നാണ് ദർശൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. സ്ക്രീനിൽ കാണുന്നത് യഥാർഥ സിംഹമാണോ ​ഗ്രാഫിക്സ് ആണോയെന്ന അത്ഭുതവും പ്രേക്ഷകരിൽ ജനിക്കും. ജയേഷ് നായരാണ് ഛായാഗ്രഹണം. വിവേക് ഹർഷനാണ് എഡിറ്റിങ്. ഡോൺ വിൻസെന്റ് ഒരുക്കിയ പശ്ചാത്തല സം​ഗീതം ചിത്രത്തിൻ്റെ കോമഡി മൂഡ് നിലനിർത്താൻ സഹായിക്കുന്നുണ്ട്. ഡോൺ വിൻസെൻ്റ്, കൈലാസ് മേനോൻ, ടോണി ടാർസ് എന്നിവരാണ് സം​ഗീതം ഒരുക്കിയിരിക്കുന്നത്. 

'എസ്ര' എന്ന ഹിറ്റ് ചിത്രത്തിലൂടെ പേടിപ്പിച്ച സംവിധായകൻ ചിരിപ്പിക്കുന്നതിലും വിജയിച്ചിട്ടുണ്ട്. സമീപകാലത്ത് സീരിയസ് റോളുകളിൽ തിളങ്ങിയ സുരാജ് വെഞ്ഞാറമ്മൂടിനെ കോമഡി ട്രാക്കിൽ തിരിച്ചെത്തിച്ച സംവിധായകന് കെെയടിക നൽകണം. ഡയലോ​ഗുകൾ കൊണ്ടും മാനറിസങ്ങൾ കൊണ്ടും സുരാജ് ചിത്രത്തിൽ തകർത്താടുകയാണ്. കോമഡി റോളിൽ കുഞ്ചാക്കോ ബോബനും കെെയടി ആവോളം നേടുന്നുണ്ട്. ചിത്രത്തിൽ വരുന്ന മാസ് പരിവേഷവും കുഞ്ചാക്കോ ബോബൻ പവറാക്കിയിട്ടുണ്ട്. 

തിരുവനന്തപുരം മൃ​ഗശാല പശ്ചാത്തലമാക്കിയാണ് ചിത്രത്തിൻ്റെ സഞ്ചാരം. തിരുവനന്തപുരം, കണ്ണൂർ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. സമൂഹത്തിലെ ചില സംഭവങ്ങളെ പരിഹാസരൂപേണ അടയാളപ്പെടുത്താനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ടെെറ്റിലിൽ തുടങ്ങിയ കൗതുകം സിനിമയിലുടനീളം നിലനിർത്താനും സംവിധായകനാകുന്നുണ്ട്. ഛായാഗ്രഹണം: ജയേഷ് നായർ, സംവിധായകൻ ജയ്‌ കെയും പ്രവീൺ എസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

മലയാള സിനിമയുടെ ഈ സുവർണ കാലഘട്ടത്തിൽ ബോക്സോഫീസിൽ തരം​ഗമാകാനുള്ള ചേരുവകളെല്ലാം സംവിധായകൻ ചിത്രത്തിൽ പാകത്തിന് ചേർത്തിട്ടുമുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന ചിത്രമാണ് '​ഗ്ർർർ..'. ഓഗസ്റ്റ് സിനിമാസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 
 

Content Highlights: suraj kunjacko boban movie grrr review