പോര്‍ച്ചുഗലും ഇറ്റലിയും വെയ്ല്‍സും കളത്തില്‍, ലോകകപ്പ് പ്ലേ ഓഫിന് ഇന്ന് തുടക്കം

ലിസ്ബണ്‍: ഖത്തര്‍ ലോകകപ്പിന് ടിക്കറ്റെടുക്കാന്‍ യൂറോപ്യന്‍ ഫുട്ബോളിലെ വമ്പന്മാര്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്കിറങ്ങുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് തുര്‍ക്കിയും ഗാരേത് ബെയ്ലിന്റെ വെയ്ല്‍സിന് ഓസ്ട്രിയയുമാണ് എതിരാളി. സ്വീഡന്‍ ചെക്ക് റിപ്പബ്ലിക്കിനെയും ഇറ്റലി വടക്കന്‍ മാസിഡോണിയയെയും നേരിടും. രാത്രി 1.15-നാണ് എല്ലാ മത്സരങ്ങളും.
റഷ്യക്ക് വിലക്ക് നേരിട്ടതോടെ പോളണ്ട് പ്ലേ ഓഫിന്റെ ഫൈനലില്‍ എത്തിയിട്ടുണ്ട്. മൂന്ന് സ്ഥാനങ്ങള്‍ക്കായി 11 ടീമുകളാണ് മത്സരിക്കുന്നത്. ഈ വര്‍ഷം നടക്കുന്ന ലോകകപ്പിന് പോര്‍ച്ചുഗലോ ഇറ്റലിയോ ഏതെങ്കിലും ഒരു ടീം മാത്രമേയുണ്ടാകുകയുള്ളൂ. ഇരുടീമുകളും ഒരേ ഗ്രൂപ്പിലാണ്.
പാത്ത് സിയില്‍ പോര്‍ച്ചുഗല്‍-തുര്‍ക്കി മത്സരവിജയികളും ഇറ്റലി-വടക്കന്‍ മാസിഡോണിയ വിജയികളുമാണ് പ്ലേ ഓഫ് ഫൈനലില്‍ കളിക്കുന്നത്. ഇതില്‍ വിജയിക്കുന്ന ടീം ലോകകപ്പിന് യോഗ്യതനേടും. അട്ടിമറികള്‍ ഒന്നും തന്നെ സംഭവിച്ചില്ലെങ്കില്‍ ഇറ്റലിയും പോര്‍ച്ചുഗലും പ്ലേ ഓഫ് ഫൈനലിലെത്തും. നിലവിലെ യൂറോകപ്പ് ജേതാക്കളായ ഇറ്റലിയെ വീഴ്ത്തുക എന്ന ശ്രമകരമായ ദൗത്യമാണ് റൊണാള്‍ഡോയ്ക്കും സംഘത്തിനുമുള്ളത്.
പാത്ത് ബി യില്‍ പോളണ്ട് പ്ലേ ഓഫ് ഫൈനലില്‍ എത്തി. സ്വീഡന്‍-ചെക്ക് റിപ്പബ്ലിക്ക് മത്സരവിജയികളാണ് എതിരാളി. പാത്ത് എയില്‍ സ്‌കോട്ട്ലന്‍ഡ്-യുക്രൈന്‍ മത്സരവിജയികളും വെയ്ല്‍സ്-ഓസ്ട്രിയ വിജയികളുമാണ് പ്ലേ ഓഫ് ഫൈനലില്‍ കളിക്കുക. വെയ്ല്‍സിന് ലോകകപ്പ് യോഗ്യത താരതമ്യേന എളുപ്പമാണ്.
Content Highlights: Portugal, Italy and Wales start World Cup play-offs today