'എന്റെ ആസനം കടപ്പെട്ടിരിക്കുന്നു'; ഖത്തറില്‍ ഹെല്‍ത്ത് ഫോസെറ്റ് കണ്ട് അദ്ഭുതപ്പെട്ട് യുട്യൂബര്‍

ഹെല്‍ത്ത് ഫോസെറ്റ്/ ഡേവിഡ് വുജാനിക് | Photo: twitter/ david vujanic
ഹെല്‍ത്ത് ഫോസെറ്റ്/ ഡേവിഡ് വുജാനിക് | Photo: twitter/ david vujanic

ക്രൊയേഷ്യന്‍ യുട്യൂബറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഡേവിഡ് വുജാനിക് ലോകകപ്പ് മത്സരങ്ങള്‍ കാണാനായി ഖത്തറിലെത്തിയിട്ട് കുറച്ച് ആഴ്ച്ചകളായി. മത്സരത്തില്‍ നിന്നുള്ള നിമിഷങ്ങളും ഗ്രൗണ്ടിന് പുറത്തെ വിശേഷങ്ങളും അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തില്‍ പങ്കുവെച്ച ഒരു അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

യൂറോപ്യന്‍ ക്ലോസറ്റിനൊപ്പമുള്ള ഹെല്‍ത്ത് ഫോസെറ്റ് ആണ് അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തിയ സാധനം. ഇത് വളരെ ഉപകാരപ്രദമാണെന്നും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ എന്തുകൊണ്ട്‌
 ഇത് ഉപയോഗിക്കുന്നില്ല എന്നും അദ്ദേഹം ചോദിക്കുന്നു. 

'ബം ഷവര്‍' എന്നാണ് വുജാനിക് ഹെല്‍ത്ത് ഫോസെറ്റിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 'ഖത്തറില്‍ ഒരു മാസം ടോയ്‌ലറ്റ് ബം ഷവര്‍ ഉപയോഗിച്ചു. യൂറോപ്പിലും യുകെയിലും ടോയ്‌ലറ്റ് പേപ്പറുകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഇതാണ് ഏറ്റവും നല്ലത്.' വുജാനിക് ട്വീറ്റ് ചെയ്തു. 

ഫ്രാന്‍സില്‍വെച്ച് ബിഡെറ്റ് ഉപയോഗിച്ചിട്ടുണ്ടെന്നും അത് വളരെ വലുതാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഈ ബം ഷവര്‍ ലളിതമായ, വളരെ ശക്തിയോടെ വെള്ളം ചീറ്റുന്ന ഷവര്‍ ഹെഡാണ്. ഇത് കൂടുതല്‍ ഉപയോഗപ്രദമാണ്. ഞാന്‍ ലണ്ടനില്‍ തിരിച്ചെത്തിയാല്‍ ഈ സൗകര്യം ലഭ്യമാക്കും. എന്റെ ആസനം എന്നും കടപ്പെട്ടിരിക്കുന്നു.  വുജാനിക് ട്വീറ്റില്‍ പറയുന്നു.

ഈ ട്വീറ്റിന് പ്രതികരണവുമായി നിരവധി പേരെത്തി. ഇത് സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്നതാണെന്ന് ചിലര്‍ കമന്റ് ചെയ്തു. ഇന്ത്യയില്‍ വെള്ളത്തിന് പണം നല്‍കേണ്ടതില്ലെന്നും യുകെയില്‍ ടോയ്‌ലറ്റ് പേപ്പര്‍ തന്നെ ഉപയോഗിക്കുന്നതാണ് നല്ലതെന്നും മറ്റൊരാള്‍ പ്രതികരിച്ചു.
 

Content Highlights: YouTuber discovers health faucet aka toilet bum shower in Qatar