ഡോണ്‍ പാലത്തറയുടെ 'ഫാമിലി' ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍

Family Movie
Family Movie

ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത് ന്യൂട്ടണ്‍ സിനിമ നിര്‍മ്മിച്ച നിരൂപക പ്രശംസ നേടിയ 'ഫാമിലി', 14-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശനത്തിനായി തിരഞ്ഞെടുത്തു. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ റോട്ടര്‍ഡാമില്‍ ലോക പ്രീമിയര്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ ആണിത്‌.

''സോണി'' എന്ന പ്രധാനവേഷത്തില്‍ വിനയ് ഫോര്‍ട്ട് അഭിനയിക്കുന്നു, സമകാലിക ഇന്ത്യയിലെ കുടുംബ ബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളും വൈരുദ്ധ്യങ്ങളും ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നു. സൂക്ഷ്മമായ പ്രകടനങ്ങള്‍, കാവ്യാത്മകമായ ഛായാഗ്രഹണം, ചിന്തോദ്ദീപകമായ പ്രമേയങ്ങള്‍ എന്നിവയാല്‍ സിനിമ  നിരൂപകശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. 

നല്ല ഒരു മാതൃകാ ക്രിസ്ത്യാനിയായ സോണി തന്റെ നാട്ടുകാര്‍ക്ക് ഒരു കൈത്താങ്ങ് നല്‍കാനും ബുദ്ധിമുട്ടുന്ന കുട്ടികളെ അവരുടെ പഠനത്തില്‍ സഹായിക്കാനും, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും എപ്പോഴും തയ്യാറാണ്. ഒരു കുടുംബം ദുരന്തത്തില്‍ അകപ്പെടുമ്പോള്‍, അവരെ സാമ്പത്തികമായി പുനരധിവസിപ്പിക്കാന്‍ അദ്ദേഹം പള്ളിയുമായി ചര്‍ച്ച നടത്തുന്നു. സോണി ഈ ചെറിയ കത്തോലിക്കാ ഗ്രാമത്തിന്റെ ഹൃദയമിടിപ്പാണ്. എന്നിരുന്നാലും, ഈ ഇമേജിനപ്പുറം, അസ്വഭാവികമായി അവന്റെ സ്വഭാവത്തില്‍ പലതുമുണ്ടോ? ഒരു ഗ്രാമത്തിനും മതത്തിനുമപ്പുറം, കേരള സമൂഹത്തെ തന്നെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന  ചിത്രമാണ് 'ഫാമിലി'.

ഡോണ്‍ പാലത്തറയും ഷെറിന്‍ കാതറിനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ജലീല്‍ ബാദുഷയാണ് ഛായാഗ്രഹണം. ദിവ്യപ്രഭ, നില്‍ജ കെ ബേബി, അഭിജ ശിവകല, മാത്യു തോമസ്, ജോളി ചിറയത്ത്, മനോജ് പണിക്കര്‍, ഇന്ദിര എ.കെ., സജിത മഠത്തില്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. 14-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2023 മാര്‍ച്ച് 23 മുതല്‍ 28 വരെ നടക്കും. 

Content Highlights: don palathara family movie Bengaluru international film festival