കരുതൽ വേണം, ആരോഗ്യ ഇൻഷുറൻസിൽ

തിരുവനന്തപുരം: ഇൻഷുറൻസ് കമ്പനികളെക്കുറിച്ചും പാക്കേജുകളെക്കുറിച്ചും കൃത്യമായ അവബോധം നേടിയശേഷം മാത്രം പോളിസികളെടുക്കണമെന്ന് മാതൃഭൂമി സംഘടിപ്പിച്ച 'ഇവോൾവ് ഹെൽത്ത്, ദ ഹെൽത്ത് കെയർ സമ്മിറ്റ് മെഡിക്കൽ കോൺക്ലേവ് 2026' അഭിപ്രായപ്പെട്ടു. ഇൻഷുറൻസ് പോളിസികൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഒട്ടേറെ ഉപാധികളും നിബന്ധനകളുമുണ്ട്. ഇവയെക്കുറിച്ച് ധാരണയില്ലാതെയാണ് പലരും പോളിസികളെടുക്കുന്നത്.
‘ക്വാളിറ്റി ഹെൽത്ത്‌ കെയർ വിതിൻ റീച്ച് അഫോഡബിൾ ട്രീറ്റ്‌മെന്റ്, സസ്‌റ്റെയ്‌നബിൾ കെയർ; റീ-ഇമേജിനിങ് ഹെൽത്ത് കെയർ ഫിനാൻസ്’ എന്ന വിഷയത്തിൽ എസ്.യു.ടി. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. വി. രാജശേഖരൻ നായർ, കേരള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജോയിന്റ് ഡയറക്ടർ ഡോ. എബി സുഷൻ, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ചീഫ് ബിസിനസ് മാനേജർ എൻ.എസ്. ശുഭലക്ഷ്മി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മാതൃഭൂമി ന്യൂസ് ചീഫ് പ്രൊഡ്യൂസർ-പ്രോഗ്രാംസ് മഞ്ജുഷ ജോർജ് മോഡറേറ്ററായി.

ഡോ. വി. രാജശേഖരൻ നായർ (മെഡിക്കൽ സൂപ്രണ്ട്,
എസ്.യു.ടി. ആശുപത്രി ഗൈനക്കോളജി വിഭാഗം മേധാവി)

ഇൻഷുറൻസ് കമ്പനികളെ സംബന്ധിച്ചിടത്തോളം പാക്കേജുകളുടെ കാര്യത്തിൽ കൂടുതൽ സുതാര്യത ആവശ്യമാണ്. ആശുപത്രികളിൽ രോഗികളും മാനേജ്മെൻറും തമ്മിൽ തർക്കങ്ങളുണ്ടാകേണ്ടിവരുന്നത് ഇൻഷുറൻസ് പരിരക്ഷയുടെ പേരിലാണ്. ഡോക്‌ടർ ഡിസ്ചാർജ് എഴുതിയാൽപോലും ഇൻഷുറൻസ് നടപടിക്രമങ്ങളുടെ ഭാഗമായി രോഗിക്ക്‌ ആശുപത്രി വിടുന്നതിൽ കാലതാമസം നേരിടുന്നുണ്ട്. ഇൻഷുറൻസ് കവറേജിനെക്കുറിച്ചും ഇതിന്റെ പ്രാധാന്യത്തെക്കുറിച്ചും സാധാരണക്കാരായ രോഗികൾക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതിൽ ഉപേക്ഷ വിചാരിക്കുന്നവരും മറ്റുള്ള ഇൻഷുറൻസിന് കൊടുക്കുന്ന പ്രാധാന്യം ആരോഗ്യ ഇൻഷുറൻസിന് കൊടുക്കാത്തവരുമുണ്ട്.
ചികിത്സാച്ചെലവ് നിയന്ത്രിക്കുന്നതിന് രോഗികൾക്ക് ഇൻഷുറൻസ് പരിരക്ഷ ആവശ്യമാണ്. ചികിത്സയ്ക്ക് പണം മുടക്കാനും ചികിത്സിക്കാനും മടിയില്ലാത്തവരാണ് മലയാളികൾ. അതിനാൽ ചികിത്സാച്ചെലവിന്റെ നിയന്ത്രണത്തിൽ രോഗിയുടെയും കുടുംബത്തിന്റെയും തീരുമാനവും പ്രധാനമാണ്.

ഡോ. എബി സുഷൻ (സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജോയിന്റ് ഡയറക്ടർ)

ബി.പി.എൽ. വിഭാഗത്തിൽ വരുന്നവരുടെ ഇൻ പേഷ്യന്റ് കെയർ കാര്യണ്യ ആരോഗ്യസുരക്ഷ പദ്ധതിപ്രകാരമാണ് കവർ ചെയ്യുന്നത്. പെയ്ഡ് ഇൻഷുറൻസ് സ്കീമിൽ മറ്റൊരു വിഭാഗവും ഉൾപ്പെടുന്നു. എന്നാൽ, ഒരു ആരോഗ്യ ഇൻഷുറൻസ് സ്കീമിലും ഉൾപ്പെടാത്ത ഒരു വലിയവിഭാഗം ഇപ്പോഴുമുണ്ട്.
കേരളത്തിന്റെ രോഗാതുരത വളരെ വലുതാണ്. അതിനാൽ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവർ ഏറെയാണ്. ഗുണമേന്മയുള്ള ചികിത്സയും രോഗീപരിചരണവുമാണ് കേരളത്തിന്റേത്.

നിലവാരമുള്ള ചികിത്സ ഏറ്റവും അടുത്ത് എല്ലാവർക്കും ലഭ്യമാക്കുകയെന്നതാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ അടിസ്ഥാനലക്ഷ്യം. ഭാരിച്ച ചികിത്സാച്ചെലവുകൾ താങ്ങാനാകാത്ത കാരണത്താൽ ആർക്കും മെച്ചപ്പെട്ട ചികിത്സ നിഷേധിക്കപ്പെടാൻ പാടില്ല. ഓരോ അസുഖത്തിനും പ്രത്യേകതരത്തിലുള്ള ഇൻഷുറൻസ് പാക്കേജുകൾ ഉണ്ടാകും. പാക്കേജ് നിരക്കുകൾ അപ്ഡേറ്റ് ചെയ്യപ്പെടേണ്ടതും അത്യാവശ്യമാണ്.
ചികിത്സാഭാരം അടിച്ചേൽപ്പിക്കാതെ മികച്ച ഇൻഷുറൻസ് പാക്കേജുകളിലൂടെ ജനങ്ങളെ ആരോഗ്യസംവിധാനത്തിന് കീഴിലെ ചട്ടക്കൂട്ടിൽ നിലനിർത്തുകയാണ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.

എൻ.എസ്. ശുഭലക്ഷ്മി (ചീഫ് ബിസിനസ് മാനേജർ,
ദ ന്യൂ ഇന്ത്യ അഷ്യുറൻസ് കമ്പനി ലിമിറ്റഡ്)

രോഗബാധിതരായാൽ ചികിത്സാച്ചെലവുകളെക്കുറിച്ച് ആകുലപ്പെടുന്നവരാണ് ഭൂരിപക്ഷം ആളുകളും. ആശുപത്രിയിലായിക്കഴിയുമ്പോഴാകും ആരോഗ്യ ഇൻഷുറൻസിനെക്കുറിച്ച് പലരും ചിന്തിച്ചുതുടങ്ങുന്നത്. രോഗം ബാധിക്കില്ലെന്നും ആരോഗ്യമുള്ളവരാണെന്നുമുള്ള ആത്മവിശ്വാസമാണ് പലരെയും ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽനിന്ന് പിന്തിരിപ്പിക്കുന്നത്.
അസുഖത്തിനായി കാത്തുനിൽക്കാതെ തന്നെ ഇൻഷുറൻസ് പോളിസികൾ എടുക്കുന്നതാണ് ഉചിതം. ഗുരുതരമായ രോഗങ്ങൾ, അപകടങ്ങൾ എന്നിവയുണ്ടാകുമ്പോൾ വലിയൊരു തുക ആശുപത്രിച്ചെലവിനായി മാറ്റിവെയ്ക്കേണ്ടിവരും. കുറഞ്ഞ പ്രായത്തിൽ തന്നെ ആരോഗ്യ ഇൻഷുറൻസ് എടുത്താൽ അടിയന്തരഘട്ടങ്ങളിലുണ്ടാകുന്ന സാമ്പത്തികസമ്മർദം കുറയ്ക്കാൻ കഴിയും. കേരളത്തിൽ ഇൻഷുറൻസ് ചെലവ് കൂടുതലാണെന്ന ധാരണ തെറ്റാണ്.

ഒരു പോളിസിയെടുക്കുമ്പോൾ ആദ്യം പോളിസിയെക്കുറിച്ച് കൃത്യമായ അവബോധം ഉണ്ടാകണം. ആശുപത്രിവാസം ആവശ്യമായതും അല്ലാത്തതുമായ രോഗങ്ങളുണ്ട്. അതിനനുസരിച്ച് ഇൻഷുറൻസ് പരിരക്ഷ എങ്ങനെ ലഭിക്കുമെന്ന കാര്യത്തിൽ ഓരോരുത്തർക്കും അറിവുണ്ടാകണം. കൃത്യമായ രീതിയിൽ ഫോമുകൾ പൂരിപ്പിച്ച് നൽകുകയും ഇൻഷുറസ് ക്ലെയിം ചെയ്യേണ്ടത് ആരോടാണെന്നു വ്യക്തമായ ധാരണ നേടുകയും വേണം. പലരും ഇൻഷുറൻസ് പോളിസികളെടുക്കും. പക്ഷേ, തുടർനടപടികളെക്കുറിച്ചും എവിടെ ക്ലെയിം ചെയ്യണമെന്നത് സംബന്ധിച്ചും അറിവുണ്ടാകില്ല.

Content Highlights: Importance of understanding policy terms and conditions before purchase., Need for transparency in insurance packages between hospitals and providers., Financial benefits of purchasing insurance at a younger age., Clarification on claim processes to avoid discharge delays., Government and private sector roles in ensuring affordable healthcare.