മധ്യതിരുവിതാംകൂറിനെ ആരോഗ്യ ഹബ്ബാക്കാൻ പൊതു- സ്വകാര്യ പങ്കാളിത്തം അനിവാര്യം

കോട്ടയം: കേരളത്തിന്റെ ആരോഗ്യഭൂപടത്തിൽ മധ്യതിരുവിതാംകൂർ മികച്ചൊരു ഹെൽത്ത് കെയർ ഹബ്ബായി അതിവേഗം വളരുകയാണെന്ന് മാതൃഭൂമി സംഘടിപ്പിച്ച 'ഇവോൾവ് ഹെൽത്ത്: ദ ഹെൽത്ത് കെയർ സമ്മിറ്റ് ' മെഡിക്കൽ കോൺക്ലേവ്. ഇതിൽ പൊതു-സ്വകാര്യ മേഖലകളിലെ ആശുപത്രികൾക്ക് തുല്യ പങ്കാളിത്തമാണുള്ളത്. ഗവേഷണത്തിനും വികസനത്തിനുമുള്ള സാധ്യതകൾ ഇനിയും പൂർണ്ണമായി ഉപയോഗപ്പെടുത്താത്തതും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുടെ കുറവും ചർച്ച ചെയ്തു. ഗവ. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, ദി ലൈഫ് ലൈൻ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ഡയറക്ടർ ആൻഡ് സീനിയർ കൺസൾട്ടൻറ് ഡോ. സിറിയക് പാപ്പച്ചൻ, മാർ സ്ലീവാ ആശുപത്രിയിലെ ന്യൂറോ-സ്‌പൈൻ സർജറി വിഭാഗം മേധാവി ഡോ. എം.കെ. സരീഷ് കുമാർ എന്നിവർ സംസാരിച്ചു. മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി ചീഫ് എഡിറ്റർ അഭിലാഷ് മോഹനൻ മോഡറേറ്ററായി.

ഡോ.ശർമ്മിള മേരി ജോസഫ്
(ഗവ. പ്രിൻസിപ്പൽ സെക്രട്ടറി)
അടിസ്ഥാന സൗകര്യങ്ങളിലൂടെയും മികച്ച ആരോഗ്യ പ്രവർത്തകരുടെ സേവനത്തിലൂടെയും മധ്യതിരുവിതാംകൂറിൽ ആരോഗ്യരംഗം മുന്നേറി. ജീവിതശൈലീ രോഗങ്ങളും പകർച്ചവ്യാധികളും കൂടുതലായി രേഖപ്പെടുത്തുന്ന പ്രദേശമാണെങ്കിലും ഇവ നിയന്ത്രിക്കുന്നതിൽ സർക്കാർ, സ്വകാര്യ ആശുപത്രികളുടെ സംയുക്ത പ്രവർത്തനമുണ്ട്. മെഡിക്കൽ ടൂറിസത്തിന് ഏറെ നേട്ടമുണ്ടാക്കാവുന്ന പ്രദേശമാണിത്. ആയുഷ് വിസ പോലുള്ള പദ്ധതികളും അതിന് സഹായിക്കും. അതേസമയം, ജനങ്ങൾ പുറംരാജ്യങ്ങളിലേക്ക് കുടിയേറുന്നതും വീടുകളിൽ വയോജനങ്ങൾ ഒറ്റപ്പെടുന്നതും വെല്ലുവിളിയാണ്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ജെറിയാട്രിക് ഗ്രിഡ് ശക്തിപ്പെടുത്തണം.

ഡോ.എം.കെ. സരീഷ് കുമാർ
(ന്യൂറോ സർജറി, സ്‌പൈൻ സർജറി സീനിയർ കൺസൾട്ടൻറ് ആൻഡ് ഹെഡ്, മാർ സ്ലീവ മെഡിസിറ്റി, പാലാ)
20 വർഷം മുമ്പത്തേതിനെക്കാൾ ഏറെ വ്യത്യസ്തമായി ലോക നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ മധ്യതിരുവിതാംകൂറിൽ ഇന്നുണ്ട്. അത്യാഹിതങ്ങൾ നേരിട്ടാൽ തൊട്ടടുത്ത ആശുപത്രികളിൽപോലും ആധുനിക സൗകര്യങ്ങൾ ലഭ്യം. അവ സാധാരണക്കാർക്ക് താങ്ങാനാവുന്നതും. അത്യാധുനിക ചികിത്സ സർക്കാർ ഇൻഷുറൻസ് പദ്ധതികളുടെ സഹായത്തോടെ സാധാരണക്കാരിലേക്ക് എത്തിക്കണം. ആരോഗ്യമേഖലയിൽ ഗവേഷണത്തിൽ ഇപ്പോഴും പിന്നാക്കാവസ്ഥയുണ്ട്. പഠനത്തിനും തൊഴിലിനുമായി കുട്ടികൾ പുറംരാജ്യങ്ങളെ ആശ്രയിക്കുമ്പോൾ ബ്രെയിൻ ഡ്രെയിൻ സംഭവിക്കുന്നു. അവരെ ഇവിടെത്തന്നെ പിടിച്ചുനിർത്താൻ ആധുനിക സിലബസും പരിശീലന പദ്ധതികളും വേണം.

ഡോ.സിറിയക് പാപ്പച്ചൻ
(ലൈഫ് ലൈൻ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ഡയറക്ടർ ആൻഡ് സീനിയർ കൺസൾട്ടൻറ്)
ആരോഗ്യ മേഖലയിൽ സർക്കാരും സ്വകാര്യമേഖലയും തമ്മിലുള്ള സഹകരണം ഏറെ പ്രസക്തമാണ്. മാറുന്ന സാഹചര്യങ്ങൾക്കുനുസരിച്ച് രോഗീകേന്ദ്രീകൃതമായ സേവനം അനിവാര്യമാണ്. സംസ്ഥാനത്ത് 28 ശതമാനം ജനസംഖ്യ ജെറിയാട്രിക് വിഭാഗത്തിലാണ്. ഒപ്പം ജനസംഖ്യവർദ്ധനവിലെ കുറവ്, ഉയർന്ന കുടിയേറ്റ നിരക്ക്, തുടങ്ങിയ വെല്ലുവിളികളുണ്ട്. രോഗികളിൽ 50 ശതമാനം ആശ്രയിക്കുന്നത് സ്വകാര്യമേഖലയെയാണ്. പുതിയ സാങ്കേതിക വിദ്യകളും മികച്ച അടിസ്ഥാന സൗകര്യങ്ങളും സമയബന്ധിതമായി നടപ്പിലാക്കാൻ ശ്രമിക്കുമ്പോഴും, പല കാര്യങ്ങൾക്കും അനുമതി വൈകുന്നത് സ്വകാര്യമേഖല നേരിടുന്ന തടസ്സങ്ങളിലൊന്നാണ്.

Content Highlights: Central Travancore is rapidly growing into a major healthcare hub with equal participation from public and private sectors., Medical tourism has high potential in the region, supported by initiatives like Ayush visas., Challenges include brain drain, an aging population (28% geriatric demographic), and a lack of comprehensive health insurance., Experts emphasize strengthening the geriatric grid and enhancing research and development in the medical field.