2026-നകം 20 ലക്ഷം തൊഴില്‍; 'എന്റെ തൊഴില്‍ എന്റെ അഭിമാനം' പദ്ധതിയുമായി നോളജ് മിഷന്‍ വീടുകളിലേക്ക്

തിരുവനന്തപുരം: കേരളത്തെ വിജ്ഞാനസമൂഹമാക്കി പരിവര്‍ത്തനം ചെയ്യുന്നതിനും 2026-നകം 20 ലക്ഷം അഭ്യസ്ഥവിദ്യര്‍ക്ക് ആഗോള തൊഴില്‍മേഖലകളില്‍ തൊഴിലവസരമൊരുക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ തൊഴിലന്വേഷകരെ തേടി വീടുകളിലേക്കെത്തുന്നു.
കേരള ഡവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജി കൗണ്‍സിലിനു (കെ-ഡിസ്‌ക്) കീഴില്‍ നോളജ് എക്കോണമി മിഷന്‍ സജ്ജമാക്കിയിട്ടുള്ള ഡിജിറ്റല്‍ വര്‍ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തെപ്പറ്റി തൊഴിലന്വേഷകരെ ബോധവല്‍ക്കരിക്കുന്നതിനും ഇതിലേക്ക് കൂടുതല്‍ ആളുകളെ ചേര്‍ക്കുന്നതിനുമായി പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വീടുതോറും നടത്തുന്ന 'എന്റെ തൊഴില്‍ എന്റെ അഭിമാനം' ക്യാപെയ്ന് തുടക്കമായി.
ഡിജിറ്റല്‍ പ്ലാറ്റ്ഫോംവഴി തൊഴില്‍നേടാന്‍ സന്നദ്ധരാകുന്നവരുടെ വിവരം വീടുകള്‍തോറും കയറിയിറങ്ങിയുള്ള സര്‍വേയിലൂടെ ശേഖരിക്കുകയാണ് ചെയ്യുന്നത്. തദ്ദേശ സ്ഥാപനപ്രതിനിധികള്‍, കുടുംബശ്രീ ഭാരവാഹികള്‍, കുടുംബശ്രീ നിയോഗിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവരശേഖരണം നടത്തുക. ഇതിനായി ഡിജിറ്റല്‍ യൂണിവേഴ്സിറ്റി 'ജാലകം' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുണ്ട്.
കേരള നോളജ് എക്കണോമി മിഷന്റെ പ്രവര്‍ത്തനങ്ങള്‍, പരിശീലനം ലഭിച്ച കമ്മ്യൂണിറ്റി അംബാസഡര്‍മാര്‍ സമൂഹത്തിന്റെ താഴെത്തട്ടിലെത്തിക്കുകയും തൊഴിലന്വേഷകരെ ഡിഡബ്ള്യുഎംഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും ആവശ്യമായ പിന്തുണയും സഹായവും തുടര്‍ന്നും നല്‍കുകയും ചെയ്യും.
സാക്ഷരതാ പ്രവര്‍ത്തനത്തിനും ജനകീയാസൂത്രണ പ്രവര്‍ത്തനത്തിനുംശേഷം കേരളം ഏറ്റെടുക്കുന്ന ജനകീയ ക്യാമ്പയിനാണ് 'എന്റെ തൊഴില്‍ എന്റെ അഭിമാനം. ഭാവി കേരളത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റുകയും കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് നയിക്കുകയും അഭ്യസ്തവിദ്യരായ തൊഴില്‍ശേഷിയെ പ്രാദേശിക സര്‍ക്കാരുകളുടെ മുന്‍കൈയില്‍ ഒരുക്കിയെടുക്കുകയും ചെയ്യുന്ന വിപ്ലവകരമായ പ്രവര്‍ത്തനത്തിനാണ് കേരള സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഗണ്യമായ തോതില്‍ നൈപുണ്യ വിടവ് സംഭവിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഓരോ മേഖലയും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഒരു കോടിയോളം തൊഴിലവസരങ്ങള്‍ ആഭ്യന്തരമായും അന്തര്‍ദേശീയമായും ലഭ്യമാണെന്ന് മനസ്സിലാകും. അതില്‍ ഒരു ചെറിയ ശതമാനം കേരളത്തിന് ഏറ്റെടുക്കാന്‍ കഴിയും. അതിലേക്ക് കേരളത്തിലെ അഭ്യസ്ഥവിദ്യരായ യുവ തലമുറയെ സജ്ജമാക്കാന്‍ നോളജ് എക്കോണമി മിഷനിലൂടെയും ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെയും സാധിക്കും.
18-നും 59-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് തൊഴിലവസരം
18-നും 59-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഈ പദ്ധതിയില്‍ പങ്കാളികളാകാം. അതിനായി knowledgemission.kerala.gov.in എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുകയാണ് ചെയ്യേണ്ടത്. പ്ലസ് ടു, പ്രീഡിഗ്രി, ഐടിഐ, ഡിപ്ലോമ എന്നിവയോ അതിനു മുകളിലേക്കോ വിദ്യാഭ്യാസയോഗ്യതയുള്ളവരായിരിക്കണം ഉദ്യോഗാര്‍ഥികള്‍.
രജിസ്ട്രേഷനു ശേഷം ഇതേ പ്ലാറ്റ്ഫോംവഴി നല്‍കുന്ന പരിശീലനങ്ങളില്‍ പങ്കെടുക്കുന്നതിലൂടെ സ്വയം മെച്ചപ്പെടാനും നൈപുണ്യം വര്‍ധിപ്പിക്കുന്നതിനും അവസരം ലഭിക്കും. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, എ.പി.ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വ്വകലാശാല, ഐസിടി അക്കാദമി കേരള, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സ് (കേയ്സ്), അഡ്വാന്‍സ്ഡ് സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്), കുടുംബശ്രീ തുടങ്ങിയ സ്ഥാപനങ്ങളാണ് നൈപുണ്യപരിശീലനം നല്‍കുന്നത്.
യുഎസ്ടി ഗ്ലോബല്‍, ടിസിഎസ്, ഇ ആന്‍ഡ് വൈ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍, വ്യവസായസ്ഥാപനങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രി, ഐ.ടി സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ജി-ടെക്, നാസ്‌കോം, രാജ്യാന്തര റിക്രൂട്ടിംഗ് പ്ലാറ്റ്ഫോമുകളായ മോണ്‍സ്റ്റര്‍, ഫ്രീലാന്‍സര്‍ തുടങ്ങിയവയെല്ലാം ഈ പ്ലാറ്റ്ഫോം വഴി തൊഴിലവസരങ്ങളൊരുക്കുന്നുണ്ട്.
ഏഴുലക്ഷംപേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനായാണ് കെ-ഡിസ്‌കും സിഐഐയും കരാര്‍ ഒപ്പിട്ടിരിക്കുന്നത്. രാജ്യത്തെ വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങള്‍ സിഐഐ ഡിഡബ്‌ള്യുഎംഎസില്‍ രജിസ്റ്റര്‍ ചെയ്യും. ഇതേവിധത്തിലാണ് മറ്റു കമ്പനികളും തൊഴിലന്വേഷകരെ കണ്ടെത്തുക. മോണ്‍സ്റ്ററിന്റേയും ഫ്രീലാന്‍സറിന്റേയും വെബ്സൈറ്റുകളില്‍ വരുന്ന തൊഴിലവസരങ്ങള്‍ അതതുസമയത്തുതന്നെ ഡിജിറ്റല്‍ വര്‍ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിലും ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഈ തൊഴില്‍ദാതാക്കള്‍ ഡിഡബ്ള്യുഎംഎസ് വഴി നേരിട്ടെത്തി തൊഴിലന്വേഷകരെ ഇന്റര്‍വ്യൂ ചെയ്ത് തങ്ങള്‍ക്കാവശ്യമുള്ളവരെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.
Content Highlights: Kerala to create 20 lakh quality jobs in five years through government mission