സ്വകാര്യ ആശുപത്രിയ്ക്കുള്ളില്‍ രോഗികള്‍ക്കായി സൗജന്യപരിശോധനാ ബോര്‍ഡ് സ്ഥാപിച്ച ഡോക്ടര്‍

#ശരത് പ്രകാശ് എ.കെ.
Representative Image | Photo: Canva.com
Representative Image | Photo: Canva.com

അഞ്ച് വര്‍ഷത്തിലേറെയായി ഞാന്‍ മലപ്പുറം വളാഞ്ചേരിയിലെ നിസാര്‍ ഹോസ്പിറ്റലിലെ അഡ്മിനിസ്‌ട്രേഷന്‍ സെക്ഷനില്‍ ജോലി ചെയ്യുന്നു. 62 വര്‍ഷത്തോളം പഴക്കമുള്ളതും എല്ലാ സൗകര്യങ്ങളോടു കൂടിയ ഹോസ്പിറ്റലായതുകൊണ്ടുതന്നെ വ്യത്യസ്ഥമായ അനുഭവങ്ങളാണ് ഓരോ ദിവസവും. അതില്‍ എന്നെ ഏറെ ആകര്‍ഷിച്ചതും, ഹൃദയത്തില്‍ സ്പര്‍ശിച്ചതുമായ ഒന്നാണ് ഡോക്ടര്‍മാര്‍ക്കായുള്ള ഈ ദിനത്തില്‍ നിങ്ങളോടൊപ്പം പങ്കുവെയ്ക്കുന്നത്.

''ഭിന്നശേഷിക്കാരായ രോഗികള്‍ക്കും, അനാഥാലയത്തിലെ അന്തേവാസികള്‍ക്കും, കാന്‍സര്‍ രോഗികളായ പാലിയറ്റീവ് പേഷ്യന്റ്‌സിനും മറ്റു പെയിന്‍ & പാലിയറ്റീവ് രോഗികള്‍ക്കും സൗജന്യ പരിശോധന''- ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലെ ജനറല്‍ സര്‍ജന്റെ ഒ.പിക്ക് പുറത്ത് ഇങ്ങനൊരു ബോര്‍ഡ് ആരും പ്രതീക്ഷിക്കില്ല. ഇതേ ഹോസ്പിറ്റലിലെ മാനേജിങ് പാര്‍ട്ണര്‍ കൂടിയായ ഡോ.എന്‍.എം മുജീബ് റഹ്‌മാന്റെ ഒ.പിക്ക് മുമ്പിലാണ് ഇത്തരമൊരു ബോര്‍ഡ് വര്‍ഷങ്ങളായി ഉള്ളത്. ബോര്‍ഡുകള്‍ക്കപ്പുറം അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ ലോകമറിയേണ്ടതുണ്ട്. ചികിത്സയുടെ പേരില്‍ പല തട്ടിപ്പുകളും നടക്കുന്ന ഈ കാലത്ത് ഇത്തരമൊരു ചിന്ത അനേകായിരം രോഗികള്‍ക്ക് ആശ്വാസമായിക്കൊണ്ടിരിക്കയാണ്.

ഒരിക്കല്‍ കോവിഡിന്റെ തീവ്രതയില്‍ നാടും ആശുപത്രിയും ആരോഗ്യ പ്രവര്‍ത്തകരും വിറച്ച് നില്‍ക്കുന്ന സമയത്ത് വളാഞ്ചേരി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബഷീര്‍ സര്‍ എന്നെ വിളിച്ചിരുന്നു. കോവിഡ് ബാധിച്ച, ഭര്‍ത്താവ് ഉപേക്ഷിച്ച, മൂന്ന് ചെറിയ കുഞ്ഞുങ്ങളുടെ അമ്മ കൂടിയായ ഒരു സ്ത്രീയുടെ കാര്യം പറയാന്‍. സാമ്പത്തികമായി അവരുടെ കയ്യില്‍ ഒന്നുമില്ല. അഡ്മിഷന്‍ വേണ്ടിവരും. കുഞ്ഞുങ്ങളെ നോക്കാനും ആരുമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ആശുപത്രിയടക്കം മറ്റാശുപത്രികളിലേയ്ക്ക് മാറ്റാനുമാകില്ല. എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ചായിരുന്നു വിളി. ഞാന്‍ അപ്പോള്‍ തന്നെ മുജീബ് ഡോക്ടറെ വിളിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം അവരെ ഇവിടെ അഡ്മിറ്റ് ചെയ്യുകയും സൗജന്യചികിത്സ ആരംഭിക്കുകയും ചെയ്തു.

ഏറെ വിഷമിപ്പിച്ച കാര്യം, ഭക്ഷണത്തിനുപോലും അവരുടെ കയ്യില്‍ പണമില്ലായിരുന്നു എന്നതാണ്. മൂന്ന് ചെറിയ കുട്ടികള്‍ ആ രോഗിയായ അമ്മക്ക് ചുറ്റും. ഇതറിഞ്ഞപ്പോള്‍ത്തന്നെ ഒരുനേരത്തെ ഭക്ഷണം വാങ്ങിച്ചുനല്‍കി. പിന്നീടങ്ങോട്ട് പൂര്‍ണ ആരോഗ്യവതിയായി ആ സ്ത്രീ പോകുന്നതുവരെയുള്ള ഭക്ഷണവും അതിനുശേഷം വീട്ടിലേക്ക് ആവശ്യമായ കിറ്റും  ഡോക്ടര്‍ നല്‍കി. ഒരു ദിവസം കോവിഡൊക്കെ കഴിഞ്ഞ് ആ സ്ത്രീ കാണാന്‍ വന്നു. ആദ്യം കണ്ടപ്പോള്‍ എനിക്ക് മനസിലായില്ല. ഏറെ സന്തോഷത്തിലായിരുന്നു അവര്‍. ഓരോ കാര്യങ്ങളും ഓര്‍മിച്ചുപറഞ്ഞു. ഇടക്കെപ്പോഴോ കണ്ണും നിറഞ്ഞു.

കോവിഡിന്റെ ആദ്യകാലത്ത്, അതായത് രോഗികള്‍ ഹോസ്പിറ്റലില്‍ വരാതിരുന്ന ഘട്ടത്തില്‍, തിരക്കില്ലാത്ത ഇടങ്ങളിലെ സ്റ്റാഫുകളുടെ ഡ്യൂട്ടി മറ്റു പല സ്ഥാപനങ്ങളിലും ചെയ്തപോലെ വെട്ടിക്കുറക്കാമെന്ന 'ഐഡിയ'യുമായി ഞാന്‍ ചെന്നത് മുജീബ് ഡോക്ടറുടെ അടുക്കലാണ്. എന്റെ 'ഐഡിയ' തള്ളിക്കളഞ്ഞ് അദ്ദേഹം പറഞ്ഞത് 'അവര്‍ക്കും കുടുംബമുള്ളതല്ലേ, ബുദ്ധിമുട്ടാവില്ലേ...വേണ്ട' എന്നാണ്. ശരിയാണ് ഞാനെന്തു ക്രൂരനാണ്! ഒരുപക്ഷേ അന്ന് അദ്ദേഹമതിന് 'നോ' പറഞ്ഞില്ലായിരുന്നുവെങ്കില്‍ ഇന്നും അത് ഉള്ളിലിരുന്ന് വിങ്ങിയേനെ.

ആശ്വാസമാവുക എന്നതുപോലെ ചേര്‍ത്തുപിടിക്കുന്നതും ചെറുതല്ലാത്ത കാര്യമാണ്. നിര്‍ധനരായ രോഗികളും അവരുടെ സൗഹൃദങ്ങളും ഈ കരുതല്‍ ഏറ്റുവാങ്ങിയവരാണ്. പരസ്യമാക്കലോ ഫോട്ടോ എടുക്കലോ ഇല്ലാതെ സാധാരണക്കാരില്‍ ഒരാളായി ജീവിക്കുന്ന, മുജീബ് ഡോക്ടറെപോലെ അനേകം ഡോക്ടര്‍മാര്‍ ഇനിയുമുണ്ടാവട്ടെ.

Content Highlights: sarath prakash shares his memorable experience with mujeeb doctor on national doctor's day