16 വര്‍ഷങ്ങള്‍ക്കുശേഷം പിറന്ന കുഞ്ഞ്, മരുന്നിനൊപ്പം ആത്മവിശ്വാസവും നല്‍കി ദൈവദൂതനെപ്പോലെ ഈ ഡോക്ടര്‍

നിരാശ നിറഞ്ഞതായിരുന്നു ഞങ്ങളുടെ 16 വര്‍ഷത്തെ ജീവിതം. മറ്റെന്തൊക്കെ ഉണ്ടെങ്കിലും ഒരു കുഞ്ഞില്ലാത്തതിന്റെ വിഷമം ഞങ്ങളെ മാനസികമായി ഒരുപാട് തളര്‍ത്തിയിരുന്നു. ഒരു കുഞ്ഞ് എന്ന സ്വപ്‌നവുമായി ഞങ്ങള്‍ കയറിയിറങ്ങിയ ആശുപത്രിക്ക് കൈയും കണക്കുമില്ല. ടെസ്റ്റുകളും സ്‌കാനിങും പിന്നെ അവിടുന്ന് നല്‍കുന്ന മരുന്നുകളുമായി മാസങ്ങള്‍ കടന്നുപൊയ്‌ക്കോണ്ടിരുന്നു. ഓരോ മാസവും പ്രതീക്ഷയോടെ കാത്തിരിക്കുമെങ്കിലും നിരാശയല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്ക് ലഭിച്ചില്ല.
ഒരോ കുഞ്ഞിനെ കാണുമ്പോഴും എന്നിലെ മാതൃഹൃദയം വിതുമ്പും. എന്നാല്‍, സ്വപ്‌നങ്ങള്‍ ഉള്ളിലടക്കി മറ്റുള്ളവരുടെ മുന്നില്‍ ചിരിച്ചുകൊണ്ട് മാത്രം ഞാന്‍ പ്രത്യക്ഷപ്പെട്ടു. ചുറ്റും കുഞ്ഞുങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ സഹതാപിക്കുന്നവരും ആശ്വാസവാക്കുകള്‍ പറയുന്നവരും പരിഹസിക്കുന്നവരുമായി ജീവിതം മുമ്പോട്ടു പോയി. ഞങ്ങള്‍ ചികിത്സകളൊക്കെ അവസാനിപ്പിച്ചു. മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ കുറേ നാളുകള്‍.
അങ്ങനിരിക്കെയാണ് 2019-ല്‍ ഞങ്ങളുടെ അടുത്തുള്ള താലൂക്കാശുപത്രിയില്‍ ഒരു പുതിയ ഗൈനക്കോളജിസ്റ്റ് വന്നത്. അദ്ദേഹം ആഴ്ചയില്‍ ഒരു ദിവസം വന്ധ്യതാചികിത്സ നടത്തുന്നു എന്ന വിവരം അറിഞ്ഞപാടേ എന്നെ അറിയുന്നവരെല്ലാം അവിടെ പോകാന്‍ നിര്‍ബന്ധിച്ചു. ഇനി ഒരു ആശുപത്രിയിലും പോകുന്നില്ല എന്ന് തീരുമാനിച്ചതാണ്. മാത്രമല്ല, വന്ധ്യതാചികിത്സയ്ക്കു പേരുകേട്ട ധാരാളം ആശുപത്രകളില്‍ കയറിയിറങ്ങിയ ഞങ്ങള്‍ അവിടുന്നൊന്നും നടക്കാത്ത കാര്യം ഒരു താലൂക്ക് ആശുപത്രിയില്‍ പോയിട്ട് എന്തുകാണിക്കാനാണ്, നല്ല കഥയായിപോയി എന്നാണ് ചിന്തിച്ചത്.
അങ്ങനെ വര്‍ഷം രണ്ട് കഴിഞ്ഞു. ആളുകള്‍ നിര്‍ബന്ധിക്കുന്നത് തുടര്‍ന്നുകൊണ്ടേയിരുന്നു. എന്തായാലും അടുത്തല്ലേ, ഒന്നുപോയി കണ്ടുകളയാം എന്നു ഞാനും കരുതി. മിടുക്കനാണ് ഡോക്ടര്‍ എന്നാണ് എല്ലാവരും പറയുന്നത്. അങ്ങനെ, 2021 ജൂണ്‍ മാസം ഞങ്ങള്‍ വീണ്ടും ചികിത്സയ്ക്കായി ഇറങ്ങിത്തിരിച്ചു. അന്ന് ഇറങ്ങിയപ്പോള്‍ ദൈവത്തോട് ഒന്നുമാത്രമേ പ്രാര്‍ഥിച്ചുള്ളൂ, ഇനിയും മറ്റുള്ളവരുടെ മുന്നില്‍ ഞങ്ങളെ പരിഹാസകഥാപാത്രങ്ങളാക്കരുതേ എന്ന്.
അങ്ങനെ ഞങ്ങള്‍ മിടുക്കനായ ആ ഗൈനക്കോളജിസ്റ്റിന്റെ അടുത്തെത്തി- ഡോ.എം.എസ്. ഉണ്ണിക്കൃഷ്ണന്‍. എല്ലായിടത്തേയുംപോലെ രക്തം പരിശോധിക്കാനും സ്‌കാനിങിനും മറ്റും അവിടുന്നും കുറിച്ചുതന്നു. മനസ്സില്ലാമനസ്സോടെ, പരിശോധനകളെല്ലാം നടത്തി റിസള്‍ട്ടുമായി വീണ്ടും ഞങ്ങള്‍ ഡോക്ടറെ കാണാന്‍ ചെന്നു. മുഴുവന്‍ ഇരുളടഞ്ഞുവെന്ന് കരുതിയ ജീവിതം പുത്തന്‍ ഗതിയിലേക്ക് നീങ്ങുന്നതിന്റെ തുടക്കമായിരുന്നു ആ കൂടിക്കാഴ്ച എന്ന് ഞങ്ങള്‍ അറിഞ്ഞില്ല.
പ്രതീക്ഷയറ്റ ഞങ്ങള്‍ക്ക് ദൈവതുല്യനായ ആ മനുഷ്യന്‍ മരുന്നിനേക്കാള്‍ ഉപരി നല്‍കിയത് പ്രതീക്ഷയും ആത്മവിശ്വാസവുമായിരുന്നു. അത്ഭുതകരമായി, വെറും രണ്ടുമാസത്തെ ചികിത്സ കൊണ്ട് ഞാന്‍ ഗര്‍ഭിണിയായി. ഒരിക്കലും മറക്കാന്‍ കഴിയാത്ത നിമിഷമായിരുന്നു അത്.ഞാനും ഒരു അമ്മയാകാന്‍ പോകുന്നു എന്നറിഞ്ഞ നിമിഷം! പിന്നീടുള്ള ഒന്‍പതു മാസവും ഒരു സഹോദരനും ഒരു കുടുംബാംഗവുമൊക്കെയായി ഡോക്ടര്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.
അങ്ങനെ നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 2022 ജൂലൈ 11 ന് രാവിലെ 10.23 ന് ഞങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. അദ്ദേഹത്തിന്റെ കൈകള്‍കൊണ്ട് ഞങ്ങളുടെ കുഞ്ഞിനെ എടുത്ത്, 'നിനക്ക് ഒരു പെണ്‍കുഞ്ഞാണ് പിറന്നതെ'ന്ന് പറഞ്ഞപ്പോള്‍, പാതിമയക്കത്തിലാണെങ്കിലും ഞാന്‍ എന്റെ ദൈവത്തെ കാണുകയായിരുന്നു!
അതേ, ഞങ്ങള്‍ക്ക് കാണപ്പെട്ട ദൈവത്തെപ്പോലെയാണ് ആ മനുഷ്യന്‍. ഞങ്ങളുടെ ജീവിതത്തിന്റെ ഗതിതന്നെ മാറ്റിമറിച്ച വ്യക്തിത്വം. ജീവിതത്തില്‍ അദ്ദേഹത്തിന് പകരക്കാരനാവാന്‍ മറ്റൊരു ഡോക്ടര്‍ക്കും കഴിയില്ല എന്നുറപ്പാണ്. ജുവല്‍ മോളുടെ അമ്മയും അച്ഛനുമാകാന്‍ ഭാഗ്യംതന്ന ദൈവത്തിന് നന്ദി പറയുമ്പോഴെല്ലാം, ദൈവദൂതനെപ്പോലെ അയയ്ക്കപ്പെട്ട ഡോ. ഉണ്ണിക്കൃഷ്ണന്‍ എന്ന മനുഷ്യനേയും ഞങ്ങള്‍ നന്ദിയോടെ ഓര്‍ക്കാറുണ്ട്. ഇനിയും ഒരുപാട് പേരുടെ കണ്ണീരൊപ്പാന്‍ ദൈവം അദ്ദേഹത്തിന് ആരോഗ്യവും ആയുസും നല്‍കി അനുഗ്രഹിക്കട്ടെ എന്നുമാത്രം ആഗ്രഹിക്കുന്നു. Big salute!
Content Highlights: gynaecologist doctor ms unnikrishnan treats infertility and kollam couple had baby after 16 years