പനി നല്ലതാണ്? ഡോക്ടര്‍മാര്‍ക്ക് വിശ്രമം വേണ്ടേ?; പനി പിടിച്ച 72 മണിക്കൂറുകള്‍

ആദ്യംതന്നെ ഹാപ്പി ഡോക്ടേഴ്‌സ് ഡേ.
അതെന്നെ! പനി ചിലപ്പോഴൊക്കെ നല്ലതാണ്. വളരെ നല്ലത്. ഡോക്ടര്‍ ഡേക്ക് തൊട്ടുമുമ്പുള്ള മൂന്ന് ദിവസം പനിപിടിച്ചു. മൂന്ന് ദിവസങ്ങളും ഏതാണ്ട് പരിപൂര്‍ണ്ണമായും വീടിനുള്ളില്‍. സംഭവം ഗംഭീരം.
ശരീരവേദനയും തലവേദനയും ഒക്കെ ഉണ്ടായിരുന്നെങ്കിലും ഇങ്ങനെ വെറുതെ ഇരിക്കാന്‍ കിട്ടുന്ന സംഭവം ഞാന്‍ അങ്ങ് ആസ്വദിച്ചു. ആദ്യദിനം കഴിഞ്ഞപ്പോള്‍ തന്നെ പനി മെല്ലെ കുറഞ്ഞു. ശരീരവേദനയും ക്ഷീണവും ഒക്കെ അല്പം ബാക്കി. ടെസ്റ്റില്‍ വൈറല്‍ ഫീവര്‍ ഏതാണ്ട് ഉറപ്പ്.
വീട്ടില്‍ സിനിമ കണ്ടു, ഇടയ്ക്ക് മുടങ്ങിപ്പോയ പുസ്തകം വായിച്ചു, എന്തൊക്കെയോ എവിടെയോ കുത്തിക്കുറിച്ചു. ആരും വിശ്വസിക്കില്ലെങ്കിലും ഒന്നൂടെ പറയാം, സത്യമായും പെരുന്നാളിന് മട്ടന്‍ കറി ഉണ്ടാക്കിയത് ഞാനാണ്. ഏതാണ്ട് മുക്കാല്‍ ഭാഗവും. സത്യമായും!
അതൊക്കെ പോട്ടെ, മൂന്നുകൊല്ലം കോവിഡിന് പിടി കൊടുക്കാതെ നടത്തിയ ശക്തമായ അതിജീവനം. ചുരുങ്ങിയത് ഒരു 10-12 തവണ പരിശോധന നടത്തിക്കാണും. എന്തായാലും ടെസ്റ്റ് പോസിറ്റീവായി കോവിഡ് വന്നില്ല. അറിയാതെ വന്നുപോയോ എന്നറിയില്ല. അതിനുള്ള സാധ്യത വളരെ കൂടുതല്‍. ഹൈ റിസ്‌ക് കേസുകളില്‍ ഒഴികെ മാസ്‌ക് ഉപേക്ഷിച്ചിട്ട് തന്നെ നാളേറെയായി. എന്നിട്ടും ചെറുതായിട്ടുപോലും ഒന്ന് പനിച്ചില്ല. പക്ഷേ ചെറിയ യാത്ര കഴിഞ്ഞെത്തിയപ്പോള്‍ അവന്‍ എന്നെ പിടികൂടി. ഒരു ഷോര്‍ട്ട് ഫെബ്രുയില്‍ ഇല്‍നസ്.
സംഭവം കൊള്ളാം. 72 മണിക്കൂര്‍ വെറുതെ ഇരിക്കാന്‍ കിട്ടിയത് സത്യമായും എനിക്കൊരു അനുഭൂതിയായിരുന്നു. അതുകൊണ്ടുതന്നെ പനി നല്ലതാണ്! അവന്‍ ഏതാണ്ട് എന്നെ വിട്ടുമാറിയ ലക്ഷണമാണ്.
ഡോക്ടേഴ്‌സ് ദിനത്തില്‍ വീണ്ടും പൂര്‍വാധികം ശക്തിയാര്‍ജ്ജിച്ചു. ഇന്ന് ചെറിയ ഉപദേശം ഒക്കെ ആകാം ഡോക്ടര്‍മാര്‍ക്ക്. തീര്‍ച്ചയായും മനസ്സിനും ശരീരത്തിനും 72 മണിക്കൂറൊന്നും ഇല്ലെങ്കിലും ഇടയ്ക്കിടയ്ക്ക് അര്‍ഹതപ്പെട്ട റെസ്റ്റ് തീര്‍ച്ചയായും നല്‍കണം. അപ്പോ പനിയും നല്ലതാണ്. ഹാപ്പി ഡോക്ടേഴ്‌സ് ഡേ!
Content Highlights: dr sulfi noohu talks about the need for doctors to rest after a while