ഇന്ത്യയിലെ വ്യത്യസ്ത ദീപാവലി ആഘോഷങ്ങള്‍

പ്രതീകാത്മ ചിത്രം
പ്രതീകാത്മ ചിത്രം

ദീപങ്ങളുടെ ഉത്സവം ഇന്ത്യയില്‍ വളരെ ഗംഭീരമായാണ് ആഘോഷിക്കുന്നത്. വീഥികളും ജനാലകളുമെല്ലാം ദീപത്തിന്റെ വെളിച്ചം ലോകം മുഴുവന്‍ അറിയിക്കുന്നു. വിളക്കുകള്‍, മണ്‍വിളക്കുകള്‍ എന്നിവയുടെ പ്രകാശം പരത്തികൊണ്ട് വീടുകളില്‍ അന്ധകാരം ഇല്ലാതെയാകുന്നു. സാംസ്കാരികതയുടെയും വൈവിധ്യങ്ങളുടെയും വിശ്വാസങ്ങളുടെയും പാരമ്പര്യത്തിന്റെയും തന്മേയത്വം സൂക്ഷിക്കുന്ന ഇടങ്ങളില്‍ വ്യത്യസ്തമാണ് ദീപാവലി ആചാരങ്ങളും. 

രാവണന്റെ വധത്തിന് ശേഷം ആയോധ്യയിലേക്ക് തിരിച്ച് വരുന്ന രാമനെയും, സീതയെയും, ലക്ഷ്മണനെയും ഹനുമാനെയും വരവേറ്റ ഓര്‍മ്മയ്ക്കായാണ് ഉത്തരേന്ത്യയില്‍ ഈ ദിവസം ആചരിക്കുന്നത്. അവര്‍ തിരിച്ചു വന്ന ദിവസം അമാവാസി ആണെന്ന് കരുതപ്പെട്ടത് കൊണ്ട് തന്നെ മണ്‍വിളക്കുകള്‍ തെളിക്കപ്പെട്ടു. പക്ഷേ ദക്ഷിണേന്ത്യയില്‍ കഥ വേറെയാണ്. നരാകാസുരനെ കൃഷ്ണന്‍ വധിച്ചതിന്റെ അടയാളമായാണ് ദീപാവലf ആഘോഷിക്കപ്പെടുന്നത്. 

ഓരോ സംസ്ഥാനങ്ങളിലും ദീപാവലി ആഘോഷങ്ങള്‍ വ്യത്യസ്തപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും അത് ആഘോഷിക്കുന്നതിന്റെ പോസിറ്റിവിറ്റി അത് ഒന്ന് തന്നെയാണ്. വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടെയിലെ ദീപാവലി ആഘോഷങ്ങളറിയാം

1. പഞ്ചാബിലേക്ക് ഗുരു നാനാക്കിന്റെ തിരിച്ചു വരവ്

സിഖുകാര്‍ക്ക് ദീപാവലി എന്നത് സ്വാതന്ത്ര്യത്തിന്റെ പോരാട്ടമാണ്. ഗുരു നാനാക്കിന്റെ വര്‍ധിച്ച് വരുന്ന ജനപ്രീതിയും സ്വാധിനവും ഭയന്ന് ജഹാംഗീര്‍ ആറാമന്‍ അദ്ദേഹത്തെ തടവിലാക്കി. ഹിന്ദു ഉത്സവമായ ദീപാവലിയോട് അനുബന്ധിച്ച് ഗ്വാളിയാര്‍ കോട്ടയില്‍ നിന്ന് അദ്ദേഹം മോചിതനായതിന്റെ സ്മരണാര്‍ത്ഥമാണ് ബന്ദി ചോഡ് ദിവസ് എന്ന സിഖ് ഉത്സവം. വീടുകളിലും ഗുരുദ്വാരകളിലും ദീപങ്ങള്‍ തെളിയിച്ചും പടക്കം പൊട്ടിച്ചും സമ്മാനങ്ങള്‍ നല്‍കിയും വിരുന്നൊരുക്കിയും ബന്ദി ചോഡ് ദിവസ് ആഘോഷിക്കപ്പെടുന്നു. 

2 കിഴക്കന്‍ ഇന്ത്യയിലെ കാളി ദേവി ആരാധന

കാളി ദേവി ആരാധന പ്രത്യേകതകളധികമുള്ള ഒരു ആചാരമാണ്. ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലും ദീപാവലി അമാവാസി ദിതിയില്‍ ലക്ഷ്മി ദേവിയെ ആരാധിക്കുമ്പോള്‍ കിഴക്കേ ഇന്ത്യ പ്രത്യേകിച്ച് പശ്ചിമ ബംഗാള്‍, ഒഡിഷ. അസം എന്നിവിടങ്ങളില്‍ കാര്‍ത്തികയിലെ അമാവാസിയില്‍ കാളിദേവിയെ ആരാധിക്കുന്നു. ദുര്‍ഗാ പൂജ കഴിഞ്ഞാല്‍ കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ രണ്ടാമത്തെ ഉത്സവമാണഅ ശ്യാമ പൂജ എന്നറിയപ്പെടുന്ന കാളിപൂജ. 

തിന്മയെ മറികടക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായും സന്തോഷം, ആരോഗ്യം, സമ്പത്ത്, ശാന്തത എന്നിവയ്ക്കായി ദേവിയുടെ അനുഗ്രഹം നേടുന്നതിനുമാണ് കാളി പൂജ നടത്തുന്നത്. ചടങ്ങുകള്‍ രാത്രിയിലാണ് നടത്തുന്നത്, ഭക്തര്‍ ദേവിയുടെ പ്രിയപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന ചുവന്ന ചെമ്പരത്തിപ്പൂക്കള്‍ കൊണ്ട് പൂജ നടത്തുന്നു. അരി, പയര്‍, മധുരപലഹാരങ്ങള്‍ എന്നിവയ്ക്കൊപ്പം ദേവിക്ക് നല്‍കുന്ന നിവേദ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണങ്ങളില്‍ ഒന്നാണ് മത്സ്യം. 

3. ഗുജറാത്തിലെ പടക്കം പൊട്ടിക്കല്‍

പഞ്ച്മഹലിലെ വെജൽപൂർ ഗ്രാമത്തിലെ പുരാതന ദീപാവലി ആചാരങ്ങളിൽ പ്രധാനമായി കണക്കാക്കപ്പെടുന്നത് പടക്കം പൊട്ടിക്കുന്നതാണ്.

ഗുജറാത്തിലെ ചില വീടുകളിൽ ദീപാവലി സമയത്ത്, നെയ്യ് കത്തിച്ച ഒരു ദീപം രാത്രി മുഴുവൻ തെളിയിക്കാറുണ്ട്. ദീപങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ പിറ്റേന്ന് രാവിലെ കൺമഷി നിർമി ക്കാൻ ഉപയോഗിക്കുന്നു, ഇത് സ്ത്രീകൾ അവരുടെ കണ്ണുകളിൽ പുരട്ടണം. ഇത് ഐശ്വര്യം കൊണ്ടുവരാൻ കഴിയുന്ന വളരെ മംഗളകരമായ ആചാരമാണെന്നാണ് വിശ്വാസം. 

ഗുജറാത്തിലെ നർമ്മദ, ബറൂച്ച് ജില്ലകളിലെ രണ്ട് പ്രവിശ്യകളിലെ ആദിവാസി വിഭാഗക്കാർ നല്ല ആരോഗ്യത്തിൻ്റെ അടയാളമായി വിളക്കുകളുടെ ഉത്സവം ആചരിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം ഇത് 15 ദിവസത്തെ ഉത്സവമാണ്,ഔഷധഗുണമുള്ള തടി കത്തിച്ചാൽ ഉണ്ടാകുന്ന പുക അവരെ ആരോഗ്യത്തോടെ നിലനിർത്തുമെന്ന് വിശ്വസിക്കുന്നു.

4. മധ്യപ്രദേശിലെ ഗോവർദ്ധന പൂജ

ഗോവർദ്ധന പൂജ സമയത്ത് പശുക്കളെ കുളിപ്പിച്ച് അലങ്കരിച്ച് പൂജിക്കുന്നു. ദീപാവലിക്ക് ശേഷമുള്ള ഏനാദാക്ഷി ദിനത്തിലാണ് ഉജ്ജയിൻ ജില്ലയിലെ ബിദാവാദ് ഗ്രാമത്തിൽ ഗോവർദ്ധന ഉത്സവം നടക്കുന്നത്. ഗ്രാമവാസികൾ തങ്ങളുടെ പശുക്കുട്ടികളെ പൂക്കൾ കൊണ്ട് അലങ്കരിക്കുന്നു, അതിനോടൊപ്പം നിലത്ത് കിടന്ന്പശുക്കളെ ചവിട്ടാൻ അനുവദിക്കും.

അഞ്ച് ദിവസത്തെ ഉപവാസത്തിന് ശേഷമാണ് ഈ ചടങ്ങ് നടക്കുന്നത് . ഈ കാഴ്ച കാണാൻ ഗ്രാമം മുഴുവൻ ഒത്തുകൂടുന്നു , ഈ ആചാരം അവരുടെ അപേക്ഷകൾക്ക് ഉത്തരം നൽകാൻ ദൈവങ്ങളെ പ്രേരിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു .

5. ഹിമാചൽ പ്രദേശിലെ പത്തർ കാ മേള

ഹിമാചൽ പ്രദേശിലെ ധാമിയിൽ "പത്തർ കാ മേള" എന്ന പേരിൽ കല്ലെറിയുന്ന ചടങ്ങ് ഭക്തിസാന്ദ്രമായ ആഘോഷമായി നടക്കുന്നു, കല്ലുകൊണ്ട് എറിയപ്പെടുന്നത് ഭാ​ഗ്യമായി കണക്കാക്കപ്പെടുന്നു. എല്ലാ വർഷവും ദീപാവലിക്ക് ശേഷം, രണ്ട് കൂട്ടം പ്രദേശവാസികൾ പരസ്പരം കല്ലെറിയുന്നു,

ധാമിയിൽ കാളി ദേവിക്ക് നരബലി അർപ്പിക്കപ്പെട്ടതായി പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, പ്രാദേശിക നാട്ടുരാജ്യത്തിലെ ഒരു രാജ്ഞി ഈ ആചാരത്തിൽ അസ്വസ്ഥയാകുകയും അത് നിർത്തലാക്കുകയും ചെയ്തു. നരബലിക്ക് ബദലായി  കല്ലെറിയുന്നത് അന്നുമുതൽ അനുഷ്ഠിച്ചുവരുന്നു.

6. ഛത്തീസ്ഗഡിലെ വിളകളുടെ വിവാഹം

ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലെ ആദിവാസി സമൂഹങ്ങൾ തനതായ ദീപാവലി ആചാരങ്ങളോടെ 'ദീയാരി' ആയി ആഘോഷിക്കുന്നു. നാരായണ വിഗ്രഹവുമായി വയലിൽ വിളകളുടെ ആചാരപരമായ വിവാഹത്തോടെയാണ് ഉത്സവം ആരംഭിക്കുന്നത്. ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്ന രീതിയാണ് തുടർന്നുകൊണ്ടിരിക്കുന്നത്. ഉത്സവത്തിൻ്റെ ആദ്യ ദിവസം ബസ്തറിലെ ആദിവാസി ഗ്രാമത്തിലെ കന്നുകാലി ഉടമകളെ ആദരിക്കുന്നു. മൂന്ന് ദിവസത്തെ ദീപാവലി ഉത്സവത്തിൽ, കന്നുകാലികളെ പൂക്കളാൽ അലങ്കരിക്കുകയും, കൊട്ട്  അടിച്ച്, വിളവെടുപ്പ് ലക്ഷ്മി ദേവിയായി കണ്ട് ആരാധിക്കുകയും ചെയ്യുന്നു.

സിന്ധി സമൂഹവും ദീപാവലി ആഘോഷിക്കുന്നത് "ദിയാരി" എന്ന പേരിലാണ്, എന്നാൽ ഛത്തീസ്ഗഡിലെ ആദിവാസി സമൂഹങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. അവർ ലക്ഷ്മി ദേവിയെ ആരാധിക്കുന്നു, ദീപാവലി ചടങ്ങുകളിൽ, വെള്ളി, സ്വർണ്ണ നാണയങ്ങൾ പാൽ ഉപയോഗിച്ച് കഴുകുന്നു. പൂജയ്ക്ക് ശേഷം, അവർ നാണയങ്ങൾ കൊണ്ട്  പല്ലിൽ മൃദുവായി തട്ടുന്നു, ലക്ഷ്മി വരുമ്പോൾ ദാരിദ്ര്യം നീങ്ങുന്നു എന്ന് അവർ ഇതിലൂടെ വിശ്വസിക്കുന്നു.

7. ഒഡീഷയിലെ കൗരിയ കതി

പൂർവ്വികരോടുള്ള ആദരസൂചകമായി ദീപാവലി ദിനത്തിൽ കത്തിക്കുന്ന ചണച്ചെടിയുടെ തണ്ടാണ് കൗൺറിയ. ദീപാവലി ഉത്സവത്തിൽ, ഒഡീഷയിലെ ആളുകൾ തങ്ങളുടെ പൂർവ്വികരെ ആദരിക്കുന്ന ചടങ്ങായ കൗരിയ കതി ആഘോഷിക്കുന്നു. ചടങ്ങിൽ, പൂർവ്വികരെ വിളിക്കുന്നു എന്ന് വിശ്വസിച്ച് ചണത്തണ്ടുകൾ കത്തിച്ച് തീ ഉണ്ടാക്കുന്നു. അവർ തങ്ങളുടെ പൂർവ്വികരുടെ അനുഗ്രഹം ഇതിലൂടെ തേടുന്നു,  മരിച്ചതിന് ശേഷം സ്വർഗത്തിൽ അവർ  ജീവിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കുന്നു.

8. മഹാരാഷ്‌ട്രയിൽ യമ ദേവന് വിളക്ക് കത്തിക്കുന്നത്

മറാത്തിയിൽ ധനത്രയോദശി എന്നറിയപ്പെടുന്ന ദീപാവലിയുടെ ധൻതരാസ് ഉത്സവം ഇന്ത്യയിലെ മറ്റേതൊരു ഭാഗത്തേയും പോലെയല്ല. ഈ ദിവസം, മഹാരാഷ്ട്രയിലെ സ്ത്രീകൾ കുടുംബത്തിലെ ഓരോ പുരുഷന്മാരുടേയും പേരിൽ ദീപങ്ങൾ കത്തിച്ച് അവർക്ക് ദീർഘവും സമൃദ്ധവുമായ ജീവിതത്തിനായി നേരുന്നു . സംസ്ഥാനത്ത് യമൻദീപ്ദാൻ എന്നറിയപ്പെടുന്ന ചടങ്ങിൽ, മരണത്തിൻ്റെ  ദേവനായ യമ ദേവൻ്റെ ബഹുമാനാർത്ഥം പ്രത്യേകം കുഴച്ച മാവ് കൊണ്ട് ദീപം ഉണ്ടാക്കുന്നു .

കൗതുകകരമായ ഒരു നാടോടിക്കഥ ഈ അവസരവുമായി ബന്ധപ്പെട്ടിരിക്കുന്നു,  ഒരു യുവ രാജകുമാരൻ തൻ്റെ വിവാഹത്തിൻ്റെ നാലാം ദിവസം മരിക്കാൻ വിധിക്കപ്പെട്ടു. എന്നാൽ ആ ദിവസം ഭാര്യ വാതിലിൽ ദീപം കൊളുത്തി . വിധി പ്രതീക്ഷിക്കുന്നതുപോലെ, മരണത്തിൻ്റെ ദേവനായ ' യമൻ ', ഒരു സർപ്പത്തിൻ്റെ രൂപത്തിൽ രാജകുമാരൻ്റെ അറയിൽ പ്രവേശിക്കാൻ ശ്രമിച്ചു, പക്ഷേ അവന് വേണ്ടി പ്രാർത്ഥിക്കാൻ ദീപം കത്തിച്ച യുവതിയോടുള്ള അനുകമ്പയാൽ പിൻമാറി. അതിനാൽ ഈ ദിവസം യമൻദീപ്‌ദാൻ എന്നറിയപ്പെടുന്നു , യമൻ്റെ ബഹുമാനാർത്ഥം ഒരു ദീപം രാത്രി മുഴുവൻ കത്തിച്ച് വെക്കുന്നു.

മഹാരാഷ്ട്രയിലെ വനമേഖലയിൽ വസിക്കുന്ന പട്ടികവർഗ്ഗക്കാരിൽ ഒരു വിഭാഗമാണ് തകർ . ചിബ്ര എന്ന പഴത്തിൻ്റെ ഉണങ്ങിയ കഷണങ്ങളിൽ നിന്ന് വിളക്കുകൾ ഉണ്ടാക്കി കത്തിച്ചാണ് അവർ ദീപാവലി ആഘോഷിക്കുന്നത്. ചൂരൽ കൊട്ടയിൽ സൂക്ഷിച്ചിരിക്കുന്ന ധാന്യം ലക്ഷ്മീദേവിയുടെ പ്രതീകമായി കണ്ട് ആരാധിക്കുന്നു . ഈ അവസരത്തിൽ, അവർ ധോലുമായി ഒരു നാടോടി നൃത്തം അവതരിപ്പിക്കുന്നു .

9. ഗോവയിൽ നരകാസുരൻ്റെ കോലം കത്തിക്കുന്നത്

ഗോവ ' വിളക്കുകളുടെ ഉത്സവം ' വളരെ സവിശേഷമായ രീതിയിൽ ആഘോഷിക്കുന്നു. ഗോവയിൽ ദീപാവലി നരകാസുര ചതുർദശി എന്നും അറിയപ്പെടുന്നു. പുരാണങ്ങൾ അനുസരിച്ച് ഗോവയിലെ രാജാവായിരുന്നു നരകാസുരൻ . ദുഷ്ടനും അമാനുഷിക കഴിവുകൾ ഉള്ളവനുമായിരുന്നു നരകാസുരൻ . നേരം പുലരുന്നതിന് തൊട്ടുമുമ്പ് നരകാസുരനെ ഭഗവാൻ കൃഷ്ണൻ വധിച്ചു .

പ്രദേശവാസികൾ നരകാസുര പ്രതിമകൾ കടലാസ്, പുല്ല്, മറ്റ് വസ്തുക്കൾ എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്നു, തുടർന്ന് പടക്കം നിറച്ച് ഗോവയിലെ തെരുവുകളിൽ പ്രദക്ഷിണം നടത്തുന്നു. ദീപാവലിയുടെ തലേന്ന് ആളുകൾ ഈ കോലം കത്തിക്കുന്നു. ഇത് പ്രകാശത്തിൻ്റെ ആഘോഷത്തിൻ്റെ തുടക്കത്തെയും തിന്മയുടെയും ഇരുട്ടിൻ്റെയും അവസാനത്തെയും സൂചിപ്പിക്കുന്നു. 

10. കർണാടകയിൽ നെൽവയലുകൾക്ക് ചുറ്റും ഭക്ഷണം ഒരുക്കുന്നു

കർണാടകയിൽ ദീപാവലിയുടെ ആദ്യ ദിവസം ആളുകൾ എണ്ണ തേച്ച് കുളിക്കുന്നു. നരകാസുരനെ നശിപ്പിച്ചതിന് ശേഷം, ഭഗവാൻ കൃഷ്ണൻ തൻ്റെ ശരീരത്തിലെ രക്തക്കറ കഴുകാൻ എണ്ണ തേച്ച് കുളിച്ചതായി വിശ്വസിക്കപ്പെടുന്നു. പാപത്തിൽ നിന്ന് മോചിതരാകാൻ ആളുകൾ അവരുടെ ശരീരത്തിൽ വെളിച്ചെണ്ണ പുരട്ടുന്നു.

തീരദേശ കർണാടകത്തിലെ ബലി രാജാവിൻ്റെ ഭക്തിയുടെ ദിനം കൂടിയാണ് ദീപാവലി , ഈ ആചാരത്തെ ബലിപാഡ്യമി എന്ന് വിളിക്കുന്നു . ആചാരത്തിൻ്റെ ഭാഗമായി കർഷകർ തങ്ങളുടെ നെൽവയലുകൾക്ക് ചുറ്റും ഭക്ഷണം വിളമ്പുന്നു.

ബലിപാഡ്യമി ദിനത്തിൽ പകിട കളി നടത്തണം എന്നൊരു ഐതിഹ്യമുണ്ട്. ഈ ദിവസം ശിവനും പാർവതിയും പകിടകളിച്ചതായി പറയപ്പെടുന്നു. ശിവനെ പാർവതി പരാജയപ്പെടുത്തി. തുടർന്ന് കുമാരസ്വാമി പാർവതിയുമായി പകിടകളിയിൽ വിജയിച്ചു. തുടർന്ന് ഗണേശ ഭഗവാൻ കുമാരസ്വാമിയെ കളിയിൽ പരാജയപ്പെടുത്തി. അന്നുമുതൽ, ഈ ദിവസം കുടുംബം പകിട കളിയിൽ ഏർപ്പെടുന്നത് പതിവാണ്.

11. ബംഗാൾ - കാളിപൂജയുള്ള ഒരു രാത്രി

ബംഗാളിൽ, ദീപാവലി അതുല്യമായി കാളി പൂജയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രധാനമായും രാത്രിയിൽ ആഘോഷിക്കപ്പെടുന്ന, വീടുകളും ക്ഷേത്രങ്ങളും കാളിയെ ആരാധിച്ചുകൊണ്ട് സജീവമാകുന്നു. ചെമ്പരത്തിപ്പൂക്കൾ കൊണ്ട് അലങ്കരിച്ച് മധുരപലഹാരങ്ങൾ, പയർ, അരി, മീൻ തുടങ്ങിയ പലഹാരങ്ങൾ വിളമ്പി, കാളിയോടുള്ള ആദരവ് പ്രകടമാക്കുന്നു. 

കൊൽക്കത്തയിലെ പ്രമുഖ ക്ഷേത്രങ്ങളായ ദക്ഷിണേശ്വരും കാളിഘട്ടും ഈ ഉത്സവ വേളയിൽ ഭക്തിയുടെ കേന്ദ്രബിന്ദുവായി മാറുന്നു. ഭൂത ചതുർദശി എന്നറിയപ്പെടുന്ന തലേദിവസം രാത്രി, ദുരാത്മാക്കളിൽ നിന്ന് രക്ഷനേടാൻ 14 ദിപങ്ങളാൽ വീട് അലങ്കരിക്കുന്നു

കൊൽക്കത്തയ്‌ക്കപ്പുറം, ബരാസത്ത് പോലുള്ള സ്ഥലങ്ങൾ കാളി പൂജയെ ദുർഗ്ഗാ പൂജയെ അനുസ്മരിപ്പിക്കുന്ന ഒരു മഹത്തായ കാഴ്ചയാക്കി മാറ്റുന്നു.   

Content Highlights: unique diwali rituals india