വാപ്പിയുടെയും മകളുടെയും സ്വപ്‌നത്തിലേക്ക്| Dear Vaappi Review

ഇരുപത്തിയൊന്നുകാരി ആമിറയുടേയും പിതാവ് ബഷീറിന്റേയും സ്‌നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും കഥയാണ് ഡിയര്‍ വാപ്പി. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ പ്രധാന ലക്ഷ്യം വിവാഹമല്ലെന്നും കരിയറും സ്വപ്നങ്ങളുമാണെന്നും പറഞ്ഞുവെക്കുകയും കൂടി ചെയ്യുകയാണ് ചിത്രത്തിലൂടെ സംവിധായകന്‍. ഷാന്‍ തുളസീധരനാണ് ഡിയര്‍ വാപ്പിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ലാല്‍, അനഘ നാരായണന്‍, നിരഞ്ജന്‍ മണിയന്‍പിള്ള രാജു, ശ്രീരേഖ, ശശി എരഞ്ഞിക്കല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒരു തയ്യല്‍കാരനായ ബഷീര്‍ എന്ന കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിക്കുന്നത്. വലിയൊരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കണമെന്ന ആഗ്രഹം മകള്‍ ആമിറയോട് പങ്കുവെക്കുകയും അച്ഛനും മകളും തമ്മില്‍ ഒരുമിച്ച് അതിനായി പോരാടുകയും ചെയ്യുകയാണ്. അതിനിടയിലാണ് ആമിറയ്ക്ക് ജീവിതത്തില്‍ ഒരു കടുത്ത പരീക്ഷണം നേരിടേണ്ടി വരുന്നത്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ കാതല്‍.
ഒരു ചെറിയ ഇടവേളക്കുശേഷം ഒരു അച്ഛന്‍ റോളില്‍ എത്തുകയാണ് ലാല്‍ എന്ന പ്രത്യേകതയുമുണ്ട് ഡിയര്‍ വാപ്പിക്ക്. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ അനഘ നാരായണന്‍ അതിഗംഭീരമായ പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ആമിറയുടെ കൂട്ടിനെത്തുന്ന റിയാസ് എന്ന കഥാപാത്രത്തെയാണ് നിരഞ്ജന്‍ രാജു അവതരിപ്പിച്ചിരിക്കുന്നത്, വെയില്‍ എന്ന ചിത്രത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ ശ്രീരേഖയാണ് ആമിറയുടെ അമ്മയായി എത്തുന്നത്. അമ്മ വേഷത്തെ തന്മയത്വത്തോടെ ചെയ്യാനായി ശ്രീരേഖക്ക് കഴിഞ്ഞിട്ടുണ്ട്. മണിയന്‍പിള്ള രാജു, ജഗദീഷ്, നീന കുറുപ്പ്, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
കൈലാഷ് മേനോനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍ മുത്തയ്യ മുരളിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അച്ഛനും മകള്‍ക്കും സ്വപ്നങ്ങള്‍ പങ്കിടാനും അതിനായി പൊരുതാനും കരുത്തേകുന്ന ഒരു ഫീല്‍ ഗുഡ് മൂവിയാണ് ഡിയര്‍ വാപ്പി.
Content Highlights: Dear Vaappi Review lal anagha narayanan sreerekha Niranjan maniyanpilla raju