ബിജെപിയുടേത് നവഫാസിസം;തുല്യശക്തിയായ ചൈനയെ ഒറ്റപ്പെടുത്താനും ഒതുക്കാനും ട്രംപ് ശ്രമിക്കുന്നു-കാരാട്ട്

കൊല്ലം: രാജ്യത്ത് സി.പി.എമ്മിന്റെ ഏറ്റവും വലിയ ഘടകം കേരള ഘടകമാണ് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പൊളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് സി.പി.എം. സംസ്ഥാന സമ്മേളന ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. നരേന്ദ്രമോദി സര്‍ക്കാരിനെതിരായ നയരേഖയിലെ നവഫാസിസം എന്ന വിശേഷണം വിവാദമായ സാഹചര്യത്തില്‍ എന്തുകൊണ്ട് അങ്ങനെ എന്ന് വ്യക്തമാക്കാനും അദ്ദേഹം ശ്രമിച്ചു.
2018-ലെ ഹൈദരബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ത്തന്നെ ഫാസിസ്റ്റ് സര്‍ക്കാരിനേക്കുറിച്ച് കൃത്യമായി പറഞ്ഞിരുന്നു. ഏഴ് വര്‍ഷം പിന്നിടുമ്പോള്‍ പുതിയ ഫാസിസ്റ്റ് പ്രവണതകളാണ് രാജ്യത്തുണ്ടാകുന്നത്. അതുകൊണ്ടാണ് നിയോഫാസിസം അഥവാ നവഫാസിസം എന്ന് വിശേഷിപ്പിക്കുന്നത്. അത് ക്ലാസിക്കല്‍ ഫാസിസം പോലെയല്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തെ മൂന്നോ നാലോ ദശാബ്ദക്കാലത്ത് കണ്ടതുപോലെയുള്ള ഫാസിസമല്ല ഇന്നുള്ളത്. പുതിയ പ്രവണതയാണ് കാണുന്നത്. മതന്യൂനപക്ഷങ്ങളെയോ ഏതെങ്കിലും വംശങ്ങളേയോ ലക്ഷ്യമിട്ട് അപരനെ, ശത്രുവിനെ നിര്‍മ്മിക്കുന്ന ഹിന്ദുത്വ പ്രത്യശാസ്ത്രമാണ് കാണുന്നത്. ആര്‍.എസ്.എസ്. ഫാസിസ്റ്റ് ആശങ്ങള്‍ സര്‍ക്കാരില്‍ ബി.ജെ.പിയിലൂടെ ഇടപെട്ട് എല്ലാ ഭരണഘടാ സ്ഥാപനങ്ങളിലും നുഴഞ്ഞുകയറി സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്ത് പൊളിച്ചെഴുത്ത് നടത്തുന്നുവെന്നും കാരാട്ട് പറഞ്ഞു.
ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് വി.ഡി സതീശന്റെ പേരെടുത്ത് പറഞ്ഞുകൊണ്ട് കാരാട്ട് വിമര്‍ശിച്ചു. ഹൈദരബാദ് രാഷ്ട്രീയ പ്രമേയത്തില്‍ തന്നെ യെച്ചൂരി ഫാസിസത്തെക്കുറിച്ച് പ്രതിപാദിച്ചിരുന്നു. അന്ന് അദ്ദേഹം ജനറല്‍ സെക്രട്ടറിയായിരുന്നുവെന്ന കാര്യവും കാരാട്ട് ഓര്‍മിപ്പിച്ചു. ഈ സമ്മേളനകാലയളവില്‍ തന്നെ ആര്‍.എസ്എസ്സിനാല്‍ ആറ് പേര്‍ രക്തസാക്ഷികളായത് മാത്രംമതി ആരാണ് ബി.ജെ.പിക്കെതിരെ പോരാടുന്നതെന്ന് മനസ്സിലാക്കാന്‍. നവഉദാരവത്കരണ പ്രവണത ശക്തിപ്പെടുമ്പോള്‍ കോണ്‍ഗ്രസ് തരംതാണ രാഷ്ട്രീയം കളിക്കുകയാണ്. രാജ്യത്തെ ഹിന്ദുത്വ കോര്‍പറേറ്റ് ആധിപത്യത്തിന് ശ്രമിക്കുന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രം പിന്തുടരുന്ന സര്‍ക്കാരിനെ ചെറുത്ത് തോല്‍പിച്ചേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.
ചൈന വലിയ വെല്ലുവിളിയായി മാറിയതായി ട്രംപ് തുറന്നു സമ്മതിക്കുന്നതാണ് അദ്ദേഹത്തിന്റെ ആറാഴ്ചത്തെ ചില നടപടികളും പ്രതികരണങ്ങളും. അമേരിക്ക ഒന്നാമത് എന്ന നയത്തിലൂടെ പ്രസിഡന്റ് ട്രംപ് സാമ്രാജ്യത്വ ആധിപത്യത്തിനാണ് ശ്രമിക്കുന്നത്. ചൈനയുടെ മുന്നേറ്റം അമേരിക്കയ്ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു. സാമ്പത്തിക- സാങ്കേതിക- സൈനിക മേഖലകളില്‍ ചൈന ഏതാണ്ട് അമേരിക്കയോട് കിടപിടിക്കുന്നു. അത് മറികടക്കാന്‍ സാമ്രാജ്യത്വ ആധിപത്യം നേടാനാണ് നോക്കുന്നത്. ചൈനയെ എങ്ങനെ ഒറ്റപ്പെടുത്താം, ദുര്‍ബലപ്പെടുത്താം, ഒതുക്കാം എന്നാണ് ട്രംപ് നോക്കുന്നത്. ആദ്യം 10 ശതമാനവും കഴിഞ്ഞ ആഴ്ച 20 ശതമാനവുമായി ചൈനീസ് ഉത്പന്നങ്ങളുടെ താരിഫ് വര്‍ധിപ്പിച്ചു. വ്യാപാരയുദ്ധത്തിനാണ് നീക്കം. അത് കാനഡയുമായും യൂറോപ്പുമായും ഒക്കെ നടക്കുന്നു. ബൈഡന്റെ കാലത്ത് യൂറോപ്പിനെയും ജി. രാജ്യങ്ങളേയും ഒന്നിച്ചുനിര്‍ത്തി. ഇന്ന് ട്രംപ് യൂറോപ്പിനോട് പോലും വ്യാപാര യുദ്ധം പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയാകട്ടെ എക്കാലത്തും പലസ്തീനൊപ്പമായിരുന്നു. ഗാസ യുദ്ധകാലത്ത് ഇതാദ്യമായി തീവ്രവലതുപക്ഷമായ മോദി സര്‍ക്കാര്‍ ഇസ്രയേലിനെ പിന്തുണച്ചു. അത് മാത്രമല്ല, അവിടേക്ക് ആയുധങ്ങള്‍ കയറ്റുമതിചെയ്തു. അത് അവര്‍ യുദ്ധത്തില്‍ ഉപയോഗിച്ചു. അമേരിക്കയോടൊപ്പം ചേര്‍ന്ന് ക്വാഡിന്റെ ഭാഗമായി. ജപ്പാനും ഓസ്ട്രേലിയക്കുമൊപ്പം ഇന്ത്യയും ചേര്‍ന്നു. ക്വാഡിന്റെ ഒറ്റ ലക്ഷ്യം ചൈനക്കെതിരായ സഖ്യമാണ്. ക്വാഡിന്റെ അടുത്ത ഉച്ചകോടി ഇന്ത്യയില്‍വെച്ച് നടത്താമെന്ന് അറിയിക്കുകയും അതില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയുമാണ് വാഷിങ്ടണില്‍ പോയി ട്രംപിനെ കണ്ട മോദി ചെയ്തത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയേറ്റു. ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷം കിട്ടിയില്ല. മൂന്നാം മോദി സര്‍ക്കാര്‍ ത്രിമുഖ ലക്ഷ്യമാണ് ഉന്നമിടുന്നത്. ഹിന്ദുത്വവും നവഉദാരവത്കരണനയങ്ങളും അമിതാധികാര പ്രവണതയുമാണ് മുഖമുദ്ര. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. നിയമസഭകള്‍ക്കെതിരായ നീക്കമാണിതെന്നും പ്രകാശ് കാരാട്ട് ആരോപിച്ചു.
പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി അവതരിപ്പിച്ച നയരേഖയും രാഷ്ട്രീയ കരട് പ്രമേയവും ചര്‍ച്ചചെയ്ത് കൃത്യമായ രാഷ്ട്രീയ അടവ് നയം സ്വീകരിക്കും. ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ വിയോഗം സൃഷ്ടിച്ച അപരിഹാര്യമായ നഷ്ടം നികത്താന്‍ കൂട്ടായ നേതൃത്വത്തിലൂടെയാണ് പി.ബിയും കേന്ദ്രകമ്മിറ്റിയും പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോയത്. അതുപോലെ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നഷ്ടവുമെന്ന് അദ്ദേഹം സ്മരിച്ചു. കേരളത്തിലെ പാര്‍ട്ടി മുകള്‍തലം മുതല്‍ താഴെത്തട്ടുവരെ ഏറ്റവും ഐക്യമുള്ള ഘടകമാണ്. സമ്മേളനം കഴിയുന്നതോടെ ഏകശിലയായി സംഘടനാപരമായി ഐക്യത്തോടെ മുന്നോട്ട് പോകുമെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.
Content Highlights: Prakash Karat criticizes BJP`s neofascism, Hindutava ideology, and alliance with Israel