സ്വത്വരാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിൽ കേരളത്തിലെ CPM പരാജയപ്പെട്ടു; പ്രവർത്തന റിപ്പോർട്ടിൽ വിമർശനം

#സ്വന്തം ലേഖകന്‍
കൊല്ലത്തുനടക്കുന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍നിന്നുള്ള ദൃശ്യം-ഫോട്ടോ: ബി.മുരളീകൃഷ്ണന്‍\ മാതൃഭൂമി
കൊല്ലത്തുനടക്കുന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍നിന്നുള്ള ദൃശ്യം-ഫോട്ടോ: ബി.മുരളീകൃഷ്ണന്‍\ മാതൃഭൂമി

കൊല്ലം: സ്വത്വരാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതില്‍ കേരളത്തിലെ പാര്‍ട്ടി പരാജയപ്പെട്ടുവെന്ന് സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. മേല്‍കമ്മിറ്റി അവലോകന റിപ്പോര്‍ട്ടിലാണ് ഒരു വശത്ത് ബി.ജെ.പിയും മറുവശത്ത് മുസ്‌ലിം ലീഗും സ്വത്വരാഷ്ട്രീയം സജീവമാക്കി ധ്രുവീകരണമുണ്ടാക്കി വോട്ട് ചേര്‍ത്തുന്നുവെന്ന വിലയിരുത്തല്‍. 

ജാതി,മത സംഘടനകളെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. പ്രത്യേകിച്ച് എസ്.എന്‍.ഡി.പിയുടെ സംശയാസ്പദമായ നിലപാട് തുറന്നുകാട്ടേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈഴവ വോട്ടുകളില്‍ ബി.ജെ.പി. കടന്നുകയറുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലേക്ക് ചില മേഖലകളില്‍നിന്ന് കാര്യമായ വോട്ടുചോര്‍ച്ചയുണ്ടായി. 

മുസ്‌ലിം സമൂഹത്തിനിടയില്‍ എസ്.ഡി.പി.ഐയേയും ജമാഅത്തെ ഇസ്ലാമിയേയും ഒപ്പം ചേര്‍ത്ത് മുസ്‌ലിം ലീഗും സ്വത്വരാഷ്ട്രീയം ശക്തമാക്കുന്നതും പാര്‍ട്ടി ഗൗരവത്തോടെ കാണണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

അതുപോലെ, യുവജനങ്ങള്‍ പാര്‍ട്ടിയില്‍നിന്ന് അകന്നുപോകുന്നുവെന്ന ഗൗരവതരമായ കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. പാര്‍ട്ടി കേഡര്‍ഡമാരുടെ ധിക്കാരപരമായ പെരുമാറ്റത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019-ല്‍ ഉണ്ടായതിനെക്കാള്‍ വലിയ വോട്ടുചോര്‍ച്ചയാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായത്. 2019-ല്‍ 35.10 ശതമാനം വോട്ടാണ് എല്‍.ഡി.എഫിന് കിട്ടിയത്. കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ അത് പിന്നെയും കുറഞ്ഞ് 33.35 ശതമാനം ആയി. അതായത് 1.75 ശതമാനത്തിന്റെ കുറവ്. 10 വര്‍ഷക്കാലത്തിനിടയില്‍ മൂന്ന് ലോക്സഭാ തിരഞ്ഞെടുപ്പുകളെടുത്താല്‍ ഏകദേശം ഏഴ് ശതമാനത്തിന്റെ വോട്ടുചോര്‍ച്ചയുണ്ടായി.

Content Highlights: kerala cpm failed to prevent identity politics criticism in state conference