ലക്ഷ്യം തുടർഭരണവും 50 ശതമാനം വോട്ടും; സി.പി.എം. സംസ്ഥാന സമ്മേളനത്തിന് വ്യാഴാഴ്ച കൊടി ഉയരും

കൊല്ലം: തുടര്‍ഭരണത്തിന്റെ തുടര്‍ച്ചയ്ക്കായുള്ള കര്‍മ്മപരിപാടികള്‍ക്ക് അന്തിമരൂപം നല്‍കുന്നതിലേക്ക് സിപിഎം കടക്കുന്നു. സി.പി.എം. സംസ്ഥാന സമ്മേളനത്തിന് വ്യാഴാഴ്ച കൊടി ഉയരും. പതാക, ദീപശിഖ, കൊടിമര ജാഥകൾ ബുധനാഴ്ച വൈകീട്ട് പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത് എത്തിച്ചേരും. കൊല്ലത്ത് മാര്‍ച്ച് ആറ് മുതല്‍ ഒമ്പത് വരെ നടക്കുന്ന സംസ്ഥാന സമ്മേളനം അംഗീകരിക്കുന്ന നയപരിപാടി മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാകും.
കയ്യൂരിൽനിന്ന് കഴിഞ്ഞദിവസം ആരംഭിച്ച പതാകാജാഥ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജാണ് നയിക്കുന്നത്. വയലാറിൽനിന്ന് ആരംഭിച്ച ദീപശിഖാപ്രയാണം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ. പി.കെ.ബിജു നയിക്കുന്നു. ബുധനാഴ്ച രാവിലെ ശൂരനാട്ടുനിന്ന് തുടങ്ങുന്ന കൊടിമരജാഥ കേന്ദ്രക്കമ്മിറ്റി അംഗം സി.എസ്.സുജാതയാണ് നയിക്കുന്നത്. വ്യാഴാഴ്ച രാവിലെ പ്രതിനിധിസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ (സി.കേശവൻ സ്മാരക മുനിസിപ്പൽ ടൗൺ ഹാൾ) സമ്മേളനത്തിന് കൊടി ഉയരും. സി.പി.എം. കോഡിനേറ്റർ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടാണ് നാളെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
50 ശതമാനം വോട്ട് ഒറ്റയ്ക്ക് നേടാനാകുന്ന കരുത്ത് കൈവരിക്കുക എന്ന ലക്ഷ്യമാണ് സിപിഎം കുറേക്കാലമായി ആഗ്രഹിക്കുന്നത്. കീഴ്ഘടകങ്ങളുടെ പുനഃസംഘടന പൂര്‍ത്തിയായപ്പോള്‍ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം 564,895 ആയി വര്‍ധിച്ചു. എറണാകുളം സമ്മേളനത്തില്‍ നിന്ന് കൊല്ലത്തേക്ക് എത്തുമ്പോള്‍ 37,517 അംഗങ്ങളുടെ വര്‍ധന. ബ്രാഞ്ച് കമ്മിറ്റികളുടെ എണ്ണം 3247 കൂടി 38,426 ബ്രാഞ്ചുകളായി. ഇതില്‍ തന്നെ 2597 ബ്രാഞ്ച് സെക്രട്ടറിമാര്‍ സ്ത്രീകളാണ്. ലോക്കല്‍ കമ്മിറ്റികളുടെ എണ്ണം 171 വര്‍ധിച്ച് 2444 ആയി. 210 ഏരിയ കമ്മിറ്റികളാണ് പാര്‍ട്ടിക്ക് ഇപ്പോഴുള്ളത്. ഈ സമ്മേളനകാലത്ത് 40 വനിതാ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ തലപ്പത്തേക്ക് വന്നപ്പോള്‍ ചരിത്രത്തിലാദ്യമായി മൂന്ന് വനിതാ ഏരിയ സെക്രട്ടറിമാരുണ്ടായി. അപ്പോഴും പുതിയ ആറ് ജില്ലാ സെക്രട്ടറിമാര്‍ വന്നിട്ടും ഒരു വനിത പോലുമില്ല എന്ന യാഥാര്‍ഥ്യവും മുന്നിലുണ്ട്.
സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും പാർട്ടി വനിതാ പ്രാതിനിധ്യം കൂട്ടുമോ എന്ന ചോദ്യത്തിനും ഈ സമ്മേളനം ഉത്തരം നല്‍കും. 486 സമ്മേളന പ്രതിനിധികളും 44 അതിഥികളും നിരീക്ഷകരും അടക്കം 530 പേരാണ് കൊല്ലം സമ്മേളനത്തില്‍ ആദ്യവസാനം പങ്കെടുക്കുക. വിമര്‍ശനത്തിനും സ്വയംവിമര്‍ശനത്തിനും വേദിയാകുമെങ്കിലും, പ്രധാനമായും മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കുന്ന നവകേരളത്തിനായി പുതുവഴികള്‍ എന്ന നയരേഖയിലായിരിക്കും പ്രതിനിധി ചര്‍ച്ചകേന്ദ്രീകരിക്കുക. വിദ്യാഭ്യാസ മേഖലയില്‍ വിദേശനിക്ഷേപം സ്വീകരിക്കാനുള്ള നിലപാട് മാറ്റമുണ്ടായത് കഴിഞ്ഞ സമ്മേളനത്തിന്റെ ഭാഗമായ നയരേഖയിലാണ്. കൊല്ലം സമ്മേളനത്തിലേക്ക് പാര്‍ട്ടി കടക്കുമ്പോള്‍ സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭയിലെത്തിക്കഴിഞ്ഞു. വിദേശ സര്‍വകലാശാല കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ഇടംപിടിച്ചതും മറക്കാനാകില്ല. യെച്ചൂരിയുടെ നേതൃത്വം അന്ന് ആ നയവ്യതിയാനം തത്കാലം വേണ്ടെന്ന് പറഞ്ഞ് അടച്ചുവെക്കുകയായിരുന്നു.
തുടര്‍ഭരണം ലഭിച്ച ഘട്ടത്തില്‍ തന്നെ സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും പ്രവര്‍ത്തനത്തിന് സിപിഎം മാര്‍ഗരേഖ തയ്യാറാക്കിയിരുന്നു. അപ്പോഴും മാര്‍ഗരേഖ എത്രത്തോളും പാലിക്കപ്പെട്ടു എന്നതും സര്‍ക്കാരിനെ ചൂഴ്ന്ന് നില്‍ക്കുന്ന വിവാദങ്ങളും ഭരണപരമായ പോരായ്മകളും മറികടക്കുക എന്ന വെല്ലുവിളിയും പാര്‍ട്ടിക്ക് ഏറ്റെടുക്കേണ്ടതുണ്ട്. ഒന്നാം പിണറായി സര്‍ക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സര്‍ക്കാരിന് വേണ്ടവിധം ശോഭിക്കാനാകുന്നില്ല എന്ന വിമര്‍ശനവും ശക്തമാണ്. കഴിഞ്ഞ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട നവകേരളത്തിനായുള്ള നയരേഖയുടെ വിലയിരുത്തലും കല്‍ക്കട്ട പാര്‍ട്ടി പ്ലീനം അംഗീകരിച്ച മാര്‍ഗരേഖപ്രകാരം തിരുത്തല്‍വരുത്തേണ്ട പ്രവണതകള്‍ സംബന്ധിച്ച് നിര്‍ദേശങ്ങളില്‍ എത്രത്തോളം നടപ്പാക്കിയെന്നും ഈ സമ്മേളന കാലത്ത് പാര്‍ട്ടി പരിശോധിക്കും. ജില്ലാ സമ്മേളനങ്ങളില്‍ തുടക്കത്തില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ അംഗങ്ങള്‍ ഉന്നയിച്ചതായി വാര്‍ത്തകള്‍ വന്നു. തിരക്കുകള്‍ മാറ്റിവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ജില്ലാ സമ്മേളനങ്ങളില്‍ ആദ്യവസാനം പങ്കെടുത്തതോടെ വിമര്‍ശനങ്ങളുടെ മുനകുറഞ്ഞു.
മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരല്ല എന്നതിലേക്കുള്ള പരിവര്‍ത്തനവും കരട് നയരേഖയില്‍ കടന്നുകൂടിയത് ദിശാമാറ്റത്തിന്റെ സൂചകമായി. യെച്ചൂരിയുടെ വിടവാങ്ങലിന് ശേഷം സിപിഎമ്മില്‍ കാരാട്ട് ലൈന്‍ കരുത്താര്‍ജിക്കുന്ന ഘട്ടത്തില്‍ നടക്കുന്ന സമ്മേളനം അടുത്ത തിരഞ്ഞെടുപ്പിനെ നയിക്കുന്ന ക്യാപ്റ്റനെ കൂടി നിശ്ചയിക്കും. ചോദ്യം ചെയ്യപ്പെടാത്ത നേതാവായി വളര്‍ന്നുകഴിഞ്ഞ പിണറായിക്ക് കീഴില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കുന്ന കാഴ്ചയാണ് കൊല്ലത്തേക്ക് വരുമ്പോള്‍ കാണാനാകുക. 75 വയസ്സ് എന്ന പ്രായപരിധിയില്‍ കഴിഞ്ഞതവണ തന്നെ ഇളവ് ലഭിച്ച പിണറായിക്ക് ഭരണത്തുടര്‍ച്ചയ്ക്ക് ഒരു തുടര്‍ച്ച തേടുമ്പോള്‍ സ്വാഭിവകമായും ഇത്തവണയും ഇളവ് നല്‍കുമെന്ന് ഉറപ്പ്.
Content Highlights: cpm state conference 2025 kollam