ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ സത്തിയന്‍ ജ്ഞാനശേഖരന് വെങ്കലം

ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടേബിള്‍ ടെന്നീസില്‍ ഇന്ന് ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍. പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ സത്തിയന്‍ ജ്ഞാനശേഖരന് വെങ്കലം നേടി.
മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിന്റെ പോള്‍ ഡ്രിങ്ക്ഹാളിനെ തകര്‍ത്താണ് സത്തിയന്‍ വെങ്കലം നേടിയത്. ഏഴ് ഗെയിം നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സത്തിയന്‍ വിജയം നേടിയത്. സ്‌കോര്‍: 11-9, 11-3, 11-5, 8-11, 9-11,10-12, 11-9.
ആദ്യ മൂന്ന് ഗെയിമുകളും അനായാസം നേടിയ സത്തിയന്‍ വിജയമുറപ്പിച്ച ഘട്ടത്തില്‍ ഡ്രിങ്ക്ഹാള്‍ വന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. പിന്നീടുള്ള മൂന്ന് ഗെയിമുകളും ഇംഗ്ലീഷ് താരം നേടി. ഇതോടെ മത്സരം അവസാന ഗെയിമിലേക്ക് നീങ്ങി.
അവസാന ഗെയിമില്‍ സത്തിയന്‍ മുന്നിട്ടുനിന്നെങ്കിലും അവസാനം ഡ്രിങ്ക്ഹാള്‍ തിരിച്ചടിച്ചു. ഇതോടെ മത്സരം ആവേശക്കൊടുമുടിയിലായി. 8-9 ന് പിന്നില്‍ നിന്ന സത്തിയന്‍ മൂന്ന് പോയന്റുകള്‍ ഒരുമിച്ച് നേടി മത്സരം സ്വന്തമാക്കി.
Content Highlights: sathiyan gnanasekaran, sathiyan, cwg 2022, commonwealth games 2022, cwg birmingham, sports