ലക്ഷ്യം തെറ്റാതെ ലക്ഷ്യ സെന്‍, പുരുഷ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണം കൂടി. പുരുഷ വിഭാഗം ബാഡ്മിന്റണില്‍ ഇന്ത്യയുടെ യുവതാരം ലക്ഷ്യ സെന്‍ സ്വര്‍ണം നേടി. ഫൈനലില്‍ മലേഷ്യയുടെ സെ യോങ് എന്‍ഗിയെ തകര്‍ത്താണ് ലക്ഷ്യ സെന്‍ ഒന്നാമതെത്തിയത്.
വാശിയേറിയ പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. ആദ്യ ഗെയിം നഷ്ടപ്പെട്ടിട്ടും വര്‍ധിത വീര്യത്തോടെ തിരിച്ചടിച്ച ലക്ഷ്യ സെന്‍ പിന്നീടുള്ള രണ്ട് ഗെയിമുകളും സ്വന്തമാക്കി സ്വര്‍ണമെഡല്‍ കഴുത്തിലണിഞ്ഞു. സ്‌കോര്‍: 19-21, 21-9, 21-16
ആദ്യ ഗെയിമില്‍ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം നിന്നു. സ്‌കോര്‍ 19-19 ല്‍ നില്‍ക്കേ പിഴവുകള്‍ വരുത്തിയ ലക്ഷ്യ സെന്‍ ഗെയിം കൈവിട്ടു. എന്നാല്‍ രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചുവന്ന താരം മലേഷ്യന്‍ താരത്തെ നിലംതൊടാനനുവദിച്ചില്ല. ഗെയിം അനായാസം ലക്ഷ്യ സെന്‍ സ്വന്തമാക്കി. മൂന്നാം ഗെയിമില്‍ തുടക്കം തൊട്ട് ലക്ഷ്യ സെന്‍ ലീഡ് നേടി. ആ ലീഡ് ഗെയിം അവസാനിക്കുന്നതുവരെ താരം നിലനിര്‍ത്തി. ഇതോടെ സ്വര്‍ണമെഡല്‍ ഇന്ത്യയിലേക്ക് പോന്നു.
ഇതോടെ ബാഡ്മിന്റണില്‍ വനിതാ സിംഗിള്‍സിന് പിന്നാലെ പുരുഷ സിംഗിള്‍സിലും ഇന്ത്യ വിജയം നേടി. വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി.സിന്ധു സ്വര്‍ണംനേടിയിരുന്നു.
ലക്ഷ്യ സെന്നിന്റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡലാണിത്. 2021 ലോകചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി ഏവരെയും അത്ഭുതപ്പെടുത്തിയ താരം യൂത്ത് ഒളിമ്പിക്‌സില്‍ വെള്ളിയും നേടിയിട്ടുണ്ട്. 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ലക്ഷ്യയുടെ രണ്ടാം മെഡലാണിത്. നേരത്തേ ബാഡ്മിന്റണ്‍ മിക്‌സഡ് ടീം ഇനത്തില്‍ താരം വെള്ളി മെഡല്‍ നേടിയിരുന്നു.
Content Highlights: commonwealth games 2022, cwg 2022, lakshya sen, mens singles title, badminton title, sports