ബോക്‌സിങ്ങില്‍ അമിതിനും നീതുവിനും സ്വര്‍ണം; വനിതാ ഹോക്കിയില്‍ വെങ്കലം

ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണം കൂടി. പുരുഷന്‍മാരുടെ ബോക്‌സിങ്ങില്‍ ഇന്ത്യയുടെ അമിത് പംഗല്‍ സ്വര്‍ണം നേടി. 51 കിലോ വിഭാഗത്തില്‍ 5-0 ന് അമിത് ഇംഗ്ലണ്ടിന്റെ കിയാരന്‍ മക്‌ഡൊണാള്‍ഡിനെ തോല്‍പിച്ചു. വനിത ബോക്‌സിങ്ങില്‍ ഇന്ത്യയുടെ നിതു ഗന്‍ഗാസും സ്വര്‍ണം നേടി. 48 കിലോ വിഭാഗത്തില്‍ ഇംഗ്ലണ്ടിന്റെ ഡെമി ജേഡിനെ 5-0നാണ് നിതു പരാജയപ്പെടുത്തിയത്.
വനിതാ ഹോക്കിയില്‍ ഇന്ത്യ വെങ്കലം നേടി. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനെയാണ് ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന് സമനില പാലിച്ചതിനേത്തുടര്‍ന്ന് ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യന്‍ വനിതകളുടെ വിജയം.
അതേസമയം ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു ഫൈനലില്‍ കടന്നു. സെമിയില്‍ സിംഗപ്പൂരിന്റെ ജിയ മിന്നിനെയാണ് സിന്ധു തോല്‍പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു (21-19, 21-17) സിന്ധുവിന്റെ വിജയം.
Content Highlights: Boxers Amit Panghal and Nitu Ghanghas win gold; India women's hockey team bags bronze