ഇരുണ്ട ക്രിസ്മസിൽ നിന്ന് പ്രകാശത്തിന്റെയും പ്രത്യാശയുടേയും പൂർണതയിലേക്ക്

കോഴിക്കോട്: 'ആ ക്രിസ്മസ് കാലത്ത് ഒരുപാട് അമ്മമാർ ആത്മവേദനയോടെ അലറിക്കരഞ്ഞിട്ടുണ്ടാവും. ക്രിസ്തുവിനെ കൊല്ലാൻ വേണ്ടി ഹെരോദാവ് രാജാവ് അനേകം ശിശുക്കളെ വധിച്ചു. അവരുടെ അമ്മമാർ അതിവേദന സഹിച്ചു. പ്രകാശത്തിന്റെയും പ്രത്യാശയുടെയും വെളിച്ചമായി യേശുക്കുഞ്ഞ് ജനിക്കുന്നതിന്റെ മുമ്പുണ്ടായ കൂരിരുട്ട് .' -നൂറ്റാണ്ടുകളുടെ ക്രൈസ്തവസാന്നിദ്ധ്യമുള്ള മലബാറിലെ ആദ്യ പുരോഹിതയായി നിയോഗിക്കപ്പെട്ട റവ. ഡീക്കൻ നിംഷി ഡേവിഡിന്റെ മനസ്സിൽ എല്ലാ ക്രിസ്മസ് കാലത്തും ഈ ഓർമ്മ കടന്നുവരും. വേദനയോടെ.
കുട്ടിയായിരിക്കുമ്പോൾ ക്രിസ്മസിന് കുഞ്ഞുമനസിൽ ചെറിയ ദുഃഖം തളം കെട്ടുമായിരുന്നു. ക്രിസ്മസിന് വൈദികനായ പപ്പായെ കാണാൻ കൂടി കിട്ടില്ല. അത്രക്ക് തിരക്കായിരിക്കും. എൽകെജി മുതൽ എട്ടാം ക്ലാസുവരെ ക്രിസ്മസ് കരോളിന് പോയിട്ടുണ്ട്. സൺഡേ സ്‌കൂൾ ഡ്രാമകളിൽ പങ്കെടുത്തിട്ടുണ്ട്. സമ്മാനങ്ങൾ കൈമാറുന്നതിനും ആഘോഷമായി ഭക്ഷണം കഴിക്കുന്നതിനും മാത്രമായി ക്രിസ്മസ് ചുരുങ്ങരുതെന്നാണ് റവ. നിംഷിയുടെ അഭിപ്രായം. പൂർണമായ ലോകത്തിലേക്ക് ദൈവം വരുന്നു എന്നല്ല. തകർന്ന മനസുകളിലേക്ക്, വീടുകളിലേക്ക്, സമൂഹത്തിലേക്ക്, ലോകത്തിലേക്ക് ക്രിസ്മസ് വരുന്നതാണ് യഥാർത്ഥ സന്തോഷം. സിഎസ്‌ഐ റിട്രീറ്റ് സെന്ററിലിരുന്ന് ഇങ്ങനെയൊക്കെ പറയുമ്പോൾ 25-കാരിക്ക് ദാർശനിക ഭാവമാണ്.
ചെന്നൈയിൽ ഗുരുകുൽ ലൂഥറൻ തിയോളജിക്കൽ സെമിനാരിയിൽ പഠിക്കുമ്പോൾ നാലു വർഷം കാത്തിരിക്കേണ്ടി വന്നു ക്രിസ്മസ് ആഘോഷിക്കാൻ. ഒന്നാം വർഷം കോവിഡ്. രണ്ടാം വർഷം സേവനങ്ങൾക്കായി വടക്കേ ഇന്ത്യയിൽ. മൂന്നാം വർഷം കനത്ത മഴയും വെള്ളപ്പൊക്കവും. നാലാം വർഷം മാത്രം ആഘോഷം. അന്ന് കൂട്ടുകാരുമൊത്ത് സ്‌കിറ്റ് അവതരിപ്പിച്ചു. സ്വന്തം നാടായ വയനാട്ടിലുണ്ടായ ദുരന്തമായിരുന്നു വിഷയം. ഏറ്റവും നല്ല ക്രിസ്മസ് ഓർമ സെമിനാരിയിലേത് തന്നെ. ഹോസ്റ്റലിലെ ക്രിസ്മസ് ആഘോഷത്തിന് തകർന്ന കുടുംബങ്ങളിലെ കുട്ടികളെ പുനരധിവസിപ്പിച്ച ഹോമിൽ നിന്ന് അവരെല്ലാവരുമെത്തി. സീക്രട്ട് സാന്റയായി സെമിനാരി വിദ്യാർഥികൾ അവർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു - ബോക്സ് നിറയെ സമ്മാനങ്ങളുമായി. ആ കുട്ടികളുടെ മുഖത്ത് നിംഷി കണ്ടു - ഒരായിരം ക്രിസ്മസ് നക്ഷത്രങ്ങളുടെ തെളിച്ചം.
ഇക്കൊല്ലത്തെ ക്രിസ്മസ് പരിപാടി മഹായിടവക ബിഷപ്പ് ഡോ. റോയിസ് മനോജ് വിക്ടർ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു. ഇനി വയനാട് മേപ്പാടിയിൽ പോകും. നെടുങ്കരണ സെന്റ് പോൾസ് സിഎസ്ഐ പള്ളിയിൽ വികാരിയായ പിതാവിനോടൊപ്പം ആദ്യമായി ക്രിസ്മസ് ദിന കുർബാനയിൽ പങ്കെടുക്കും. അൾത്താരയിലെ അനേകം പുരുഷ പ്രജകൾക്കൊപ്പം ഇനി മലബാറിന്റെ മണ്ണിൽ ഇതാദ്യമായി ഇക്കുറി ഒരു വനിതയും. പള്ളിയിലെ ശുശ്രൂഷകൾ കഴിഞ്ഞാൽ അമ്മ അന്നകല ഒരുക്കുന്ന പ്രത്യേക തരം സ്നാക്‌സ് ഉണ്ട്. മുറുക്കു പോലിരിക്കും. കൊറിക്കാൻ നല്ല രസമാണ്. രുചികരവും. അമ്മയുടെയും നാട്ടുകാരുടെയും 'അച്ചൻ മോളും ' അതിന്റെ പാചകത്തിൽ പങ്കാളിയാവും. അതാണ് ഏറ്റവും ഇഷ്ടപ്പെട്ട ക്രിസ്മസ് വിഭവം. ഏകസഹോദരൻ എം.എസ്.ഡബ്ലിയുക്കാരൻ നിക്കലോസ് ഒപ്പമുണ്ടാവും.
2023-ലെ ക്രിസ്മസ് ഒരിക്കലും മറക്കില്ല. അച്ഛനും അമ്മയും ആശുപത്രിയിലായിരുന്നു. പള്ളിയിൽ ക്രിസ്മസ് സന്ദേശം നൽകേണ്ടത് നിംഷി. മനസ്സുരുകി പ്രാർഥിച്ചു. ക്രിസ്മസിന് രണ്ടുനാൾ മുമ്പേ അച്ഛനമ്മമാർ ഡിസ്ചാർജായി. പപ്പായ്ക്ക് പള്ളി ശുശ്രൂഷ ചെയ്യാനുമായി. ഇതാണ് എന്റെ ജീവിതത്തിലെ ഏറ്റവും സാക്ഷ്യവും ദൈവാനുഭവവുമുള്ള ക്രിസ്മസ്. 'ദൈവം എന്റെ പ്രാർഥന കേട്ടു.' ഫിലോസഫിയിലും ദൈവശാസ്ത്രത്തിലും ബിരുദമുള്ള റവ. നിംഷിക്ക് എംടിഎച്ച് പഠിക്കണമെന്ന് ആഗ്രഹമുണ്ട്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദം നേടിയത് ഗോൾഡ് മെഡലോടെയാണ്.
Content Highlights: Rev. Dn. Nimshi David shares christmas memories