അരയന്നത്തൂവലുകള്‍ മഞ്ഞുപൊഴിയ്ക്കുന്ന ക്രിസ്മസ് രാവുകള്‍

നല്ല തണുപ്പുള്ള ഡിസംബര്‍ മാസത്തിലാണല്ലോ ക്രിസ്മസ് ആഘോഷിക്കുന്നത്. ക്രിസ്മസ് കാലത്ത് മഞ്ഞു പെയ്യുന്നതിനെക്കുറിച്ച് രസകരമായ ഒരു നാടോടിക്കഥ നോര്‍വെ എന്ന നാട്ടില്‍ പ്രചാരത്തിലുണ്ട്. ആ കഥ കേള്‍ക്കാം...
ക്രിസ്മസിന് സമ്മാനങ്ങളുമായി വരുന്ന സാന്റാക്ലോസ് അപ്പൂപ്പനെക്കുറിച്ച് കേട്ടിട്ടില്ലേ? മഞ്ഞു മൂടിക്കിടക്കുന്ന ഉത്തരധ്രുവത്തിലാണ് സാന്റാക്ലോസ് അപ്പൂപ്പന്റെ താമസം. ക്രിസ്മസ് കാലം വന്നതോടെ അപ്പൂപ്പന്റെ വീട്ടില്‍ ഒരുക്കങ്ങള്‍ തുടങ്ങി. കുട്ടികള്‍ക്ക് സമ്മാനമായി കൊടുക്കാനുള്ള കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കുന്നതിന്റെ തിരക്കിലായിരുന്നു അപ്പൂപ്പന്‍. അപ്പൂപ്പനെ സഹായിക്കാനായി 'ഹോളി' എന്നൊരാള്‍ കൂടി അവിടെയുണ്ടായിരുന്നു.
ഒരു ദിവസം ജോലി ചെയ്ത് ക്ഷീണിച്ച സാന്റാക്ലോസ് അപ്പൂപ്പനും ഹോളിയും കുറച്ചുനേരം വിശ്രമിക്കാനായി വീട്ടിന് പുറത്തേക്കിറങ്ങി. അപ്പോഴാണ് ആകാശത്തു കൂടി വെളുത്ത മേഘം പോലെ എന്തോ ഒന്ന് അതിവേഗത്തില്‍ പറന്നുവരുന്നത് അപ്പൂപ്പന്‍ കണ്ടത്.
'' ങേ... ഇതുപോലൊരു മേഘത്തെ ഞാനിതുവരെ കണ്ടിട്ടില്ലല്ലോ..!'
അപ്പൂപ്പന്റെ മുഖത്ത് അതിശയം. സൂക്ഷിച്ചു നോക്കിയപ്പോള്‍ അപ്പൂപ്പന് മനസ്സിലായി.അത് വെളുവെളുത്ത തൂവലുകളുള്ള ഒരു സുന്ദരന്‍ അരയന്നമായിരുന്നു.
' ഹേയ്.. നിന്നെപ്പോലൊരു അരയന്നത്തെ മുമ്പ് ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ?''ഹ! ഹ! ഞാന്‍ ഈ വഴി ആദ്യമാ..' അരയന്നം സാന്റാക്ലോസ് അപ്പൂപ്പന്റെ അടുത്തേക്കെത്തി: ' ജാന്‍ എന്നാണ് എന്റെ പേര്. ക്രിസ്മസ് കാലമായതുകൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്യാന്‍ ഇറങ്ങിയതാണ് ഞാന്‍.'
' നീ ആളൊരു മിടുക്കന്‍ തന്നെ!' അപ്പൂപ്പന്‍ അരയന്നത്തിന്റെ പുറത്ത് തലോടി.' എന്തായാലും ഞാന്‍ നിങ്ങളോടൊപ്പംകൂടാം'. അരയന്നം പറഞ്ഞു.
അരയന്നം ഹോളിയോടൊപ്പം അടുക്കളയിലെത്തി. കേക്ക് ഉണ്ടാക്കാനൊന്നും അറിയില്ലെങ്കിലും ഹോളിയെ സഹായിച്ച് അരയന്നം അവിടെ ചുറ്റിപ്പറ്റി നിന്നു.കുറെ കഴിഞ്ഞ് അടുക്കളയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴല്ലേ രസം! അരയന്നത്തിന്റെ വെളുവെളുത്ത തൂവലുകളിലെല്ലാം പുക പിടിച്ച് ആകെ കറുത്തുപോയി. അതുകണ്ട് സാന്റാക്ലോസ് അപ്പൂപ്പനും ഹോളിക്കും സങ്കടമായി.
' നീ ഇനി അടുക്കളയിലൊന്നും കയറണ്ട!' അപ്പൂപ്പന്‍ അരയന്നത്തിന്റെ ദേഹത്തെ കരിയെല്ലാം തുടച്ചു കൊടുത്തു. പക്ഷേ വെറുതെയിരിക്കാന്‍ അവന്‍ തയ്യാറായില്ല. കളിപ്പാട്ടങ്ങള്‍ക്ക് ചായം അടിക്കുന്ന അപ്പൂപ്പന്റെ കൂടെ കൂടി. ബ്രഷുകളും ചായങ്ങളും എടുത്തപ്പോള്‍ വീണ്ടും തൂവലുകളില്‍ ചായം പറ്റി.
' ഈ പണിയും നിനക്ക് പറ്റില്ല..' അപ്പൂപ്പന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
' നിനക്ക് ഞാന്‍ വേറൊരു പണി തരാം.'അരയന്നം കൗതുകത്തോടെ അപ്പൂപ്പനെ നോക്കി.
' സ്നേഹത്തിന്റെ പ്രതീകമായ മഞ്ഞുതുള്ളികള്‍ നീ ലോകത്ത് എല്ലായിടത്തും എത്തിക്കണം. ക്രിസ്മസ് കാലത്ത് നീ നിന്റെ ചിറകുകള്‍ കുടഞ്ഞുകൊണ്ട് ആകാശത്തുകൂടി പറന്നാല്‍ മതി. നിന്റെ ശരീരത്തില്‍ നിന്നു പൊഴിയുന്ന തൂവലുകള്‍ മഞ്ഞുതുള്ളിയായി താഴെ വീഴും. അങ്ങനെ ഉണ്ണിയേശു പിറന്ന സമയത്ത് ബത്ലഹേമില്‍ മഞ്ഞു പെയ്തതുപോലെ ലോകമെങ്ങും മഞ്ഞു പൊഴിയുകയും ചെയ്യും'!
അതുകേട്ടപ്പോള്‍ ജാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവന്‍ വേഗം അപ്പൂപ്പനോടും ഹോളിയോടും യാത്ര പറഞ്ഞ് ആകാശത്തേക്ക് പറന്നുയര്‍ന്നു.അങ്ങനെ സാന്റാക്ലോസ് അപ്പൂപ്പന്‍ അയച്ച അരയന്നത്തിന്റെ തൂവലുകളാണ് ക്രിസ്മസ് കാലത്ത് മഞ്ഞുതുള്ളികളായി പൊഴിയുന്നതെന്നാണ് നോര്‍വേക്കാരുടെ വിശ്വാസം.
Content Highlights: norwegian folktale about christmas snowing