പുതുജന്മത്തിന്റെ ഉണർവിൽ പുൽക്കൂടിനരികിൽ അനിൽകുമാർ; കാൽനൂറ്റാണ്ട് പിന്നിലേക്ക് പാഞ്ഞ ഓർമ്മകൾ

#സി ബിജു
കാരുണ്യ വിശ്രാന്തി ഭവനില്‍ തോമസ് ജോണ്‍റമ്പാച്ചനും,സിസ്റ്റര്‍ എലിസബത്തിനും ഒപ്പം പുല്‍ക്കൂട് ഒരുക്കുന്ന അനില്‍കുമാര്‍.
കാരുണ്യ വിശ്രാന്തി ഭവനില്‍ തോമസ് ജോണ്‍റമ്പാച്ചനും,സിസ്റ്റര്‍ എലിസബത്തിനും ഒപ്പം പുല്‍ക്കൂട് ഒരുക്കുന്ന അനില്‍കുമാര്‍.

ഒരു ക്രിസ്മസ് കാലം കൂടി കടന്നുവരികയാണ്. കാരുണ്യവാനായ കർത്താവ് പിറന്ന പുൽക്കൂടിനരുകിൽ തനിക്ക് പുതുജന്മം നൽകിയ തോമസ് ജോൺ റമ്പാച്ചന്റെയും സിസ്റ്റർ എലിസബത്തിന്റെയും ഒപ്പം നിൽക്കുന്ന അനിൽകുമാറിനെ കണ്ടപ്പോൾ ഓർമ്മകൾ കാൽനൂറ്റാണ്ട് പിന്നിലേക്ക് പാഞ്ഞു...

അന്ന് തിരുവനന്തപുരം മാതൃഭൂമിയിൽ ജോലി ചെയ്യുകയായിരുന്ന എന്റെ സീനിയർ ചീഫ് ഫോട്ടോഗ്രാഫർ ജി.ബിനുലാൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഒമ്പതാം വാർഡിൽ നിന്ന് പകർത്തിയ 'കണ്ണേ മടങ്ങുക' എന്ന ചിത്രം കേരളമനസാക്ഷിയെ ഞെട്ടിച്ചതും ചിന്തിപ്പിച്ചതുമായിരുന്നു. വയോജനങ്ങളോടും ഉപേക്ഷിക്കപ്പെട്ടവരോടും സമൂഹം അന്നുവരെ കാണിച്ചു പോന്ന രീതിക്ക് മാറ്റം വരുത്തിയ കാലം. അതിന്റെ അലകൾ ഒടുങ്ങും മുമ്പാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പതിനാറാം വാർഡിന്റെ മൂലയിൽ, തുരുമ്പെടുത്ത ഉപകരണങ്ങളുടെ ഇടയിൽ ഒരു യുവാവിനെ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടെന്ന് ചിലർ ശ്രദ്ധയിൽപ്പെടുത്തിയത്. വൈകിട്ടത്തെ ആശുപത്രി സന്ദർശന സമയത്ത് സെക്യൂരിറ്റി ഉദ്യോഗസ്ഥർ കാണാതെ ക്യാമറയുമായി വാർഡിലെത്തി. സ്വന്തം മലമൂത്ര വിസർജ്യത്തിൽ പൂർണ്ണ നഗ്‌നനായി കിടക്കുന്ന യുവാവിനെ കാണുമ്പോൾ ആദ്യമൊന്ന് പതറി. സ്വബോധമില്ലാതെ ആ മാലിന്യത്തിൽ കിടന്നുരുളുന്ന അയാളുടെ ദേഹമാസകലം വ്രണങ്ങളായിരുന്നു.

ഒരു അപകടത്തെ തുടർന്ന് കൊല്ലത്ത് നിന്നും മെഡിക്കൽ കോളേജിൽ എത്തിച്ചതെന്നായിരുന്നു പ്രാഥമിക വിവരം. പേര് ശരിയാണോ എന്നുപോലും നിശ്ചയം ഇല്ല. ഒരു കാലിന് ചലനശ്ശേഷി ഇല്ലാത്ത അവസ്ഥയിലായിരുന്ന അയാൾക്ക് ഓർമ്മകൾ പാടെ നഷ്ടപ്പെട്ടിരുന്നു. കൂട്ടിരിക്കാനോ നോക്കാനോ ആരുമില്ലാതെ അയാൾ ആ മൂലയിലേക്ക് ഉപേക്ഷിക്കപ്പെട്ടു.

അധികനേരം അവിടെ നിൽക്കാൻ തോന്നിയില്ല. രണ്ടുമൂന്ന് ചിത്രങ്ങൾ മാത്രം എടുത്ത് അവിടെ നിന്നിറങ്ങി. ഓഫീസിലെത്തി ചിത്രം ഫയൽ ചെയ്യുമ്പോൾ ക്യാച്ച് വേർഡ് എന്തായിരിക്കണമെന്ന് ചർച്ചയായി. ബിനുലാലിന്റെ ചിത്രം 'കണ്ണേ മടങ്ങുക' എന്നായിരുന്നതിനാൽ ഇത് 'കണ്ണേ മടങ്ങായ്ക' എന്നാകട്ടെ എന്ന് നിർദ്ദേശം വന്നു. അങ്ങനെ 2000 ഡിസംബർ 18-ലെ മാതൃഭൂമി പത്രത്തിന്റെ ഒന്നാം പേജിൽ കണ്ണേ മടങ്ങായ്ക എന്ന ടൈറ്റിലിനു താഴെ അനിൽകുമാർ പൂർണ നഗ്‌നനായി കിടന്നു.

അനില്‍കുമാറിന്റെ ചിത്രവും വാര്‍ത്തയും പ്രസിദ്ധീകരിച്ച 2000, ഡിസംബര്‍ 18ലെ മാതൃഭൂമി പത്രം

അറിഞ്ഞോ അറിയാതയോ ഒരു കാൽ ചെറുതായി ഉയർത്തി തന്റെ നഗ്‌നത മറച്ചിരുന്നു. ക്യാച്ചു വേഡ് കൊണ്ട് എന്താണോ ഉദ്ദേശിച്ചത് അതുതന്നെ സാധ്യമായ ദിവസമായിരുന്നു പിറ്റേന്ന്. ചിത്രവും വാർത്തയും ശ്രദ്ധിച്ച മലങ്കര ഓർത്തഡോക്‌സ് സഭ, അനിൽകുമാറിന് നേരെ കാരുണ്യത്തിന്റെ കരങ്ങൾ നീട്ടി. അന്ന് വൈദിക വിദ്യാർഥിയായിരുന്ന ഫാ. തോമസ് റമ്പാച്ചൻ അനിലിനെ തേടി മെഡിക്കൽ കോളജിൽ എത്തി.

ഫാദറിന്റെ വാക്കുകളിലേക്ക്. വിസർജ്യങ്ങളിൽ കുളിച്ചു കിടന്ന അനിൽ. അടുത്തേക്ക് പോകാൻ പോലും വാർഡിൽ ഉള്ളവർ മടിച്ചു നിൽക്കുകയായിരുന്നു. വല്ലാത്ത ദുർഗന്ധവും. ഒരു കൈലി വാങ്ങി ആദ്യം ഉടുപ്പിച്ചു. പുറത്തുപോയി ആഹാരം വാങ്ങി എത്തിയപ്പോഴേക്കും പുതിയ കൈലി ആകെ മലവും മൂത്രവും കൊണ്ട് മുങ്ങിയിരുന്നു. ഒരു വിധമാണ് വാഷ് റൂമിന് സമീപം എത്തിച്ചത്. ബക്കറ്റിൽ വെള്ളം കോരി ഒഴിച്ച് കഴുകി വൃത്തിയാക്കി, വീണ്ടും വസ്ത്രം ധരിപ്പിച്ച് ചികിത്സ ആരംഭിച്ചു. രണ്ടുമൂന്നു ദിവസം കൊണ്ടു തന്നെ മാറ്റമുണ്ടായിത്തുടങ്ങി. പിന്നെ ശ്രീകാര്യത്തെ കാരുണ്യ വിശ്രാന്തി ഭവനിലേക്ക്.

ക്രിസ്മസ് ആഘോഷങ്ങൾ വരവേൽക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കാരുണ്യ വിശ്രാന്തി ഭവൻ. പുൽക്കൂടിനുള്ളിലേക്ക് ഉണ്ണിയേശുവിന്റെ രൂപം എടുത്തു വെയ്ക്കുന്ന അനിൽകുമാറിനെ സഹായിക്കുകയായിരുന്ന സിസ്റ്റർ എലിസബത്തും പറഞ്ഞു തുടങ്ങി.. "ഞാൻ പറഞ്ഞാൽ അവൻ എന്തും ചെയ്യും. ഇവിടെ കൊണ്ടുവന്ന അന്നുമുതൽ ഞാനാണ് നോക്കുന്നത്. ആദ്യമൊക്കെ കിടന്ന കിടപ്പായിരുന്നു. ദേഹം മുഴുവൻ വ്രണങ്ങളും. എല്ലാം മരുന്ന വെച്ചുകെട്ടി കൊടുത്തു. രണ്ട് കട്ടിലിൽ മാറിമാറിയാണ് കിടത്തുക. ഒരു കട്ടിൽ വൃത്തിയാക്കി അങ്ങോട്ട് മാറ്റിക്കിടത്തും. മറ്റേ കട്ടിൽ എന്നിട്ട് വൃത്തിയാക്കും.

മുറിവുകളുണങ്ങിത്തുടങ്ങിയപ്പോൾ വർഗീസ് ചെമ്മാച്ചൻ മുറുക്കുള്ളിൽ ഒരു ഇരുമ്പ് പൈപ്പ് വച്ചു കെട്ടി, അതിൽ പിടിച്ച് എഴുന്നേൽക്കുകയും മുറുക്കുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കാനും തുടങ്ങി. മടിയായിരുന്നു ആദ്യമൊക്കെ. നിർബന്ധിച്ച് നടത്തും. പിന്നെ പയ്യെ പയ്യെ പുറത്തേക്ക്. ഒരു കാലിന് സ്വാധീനം കുറവുണ്ട് അപകടത്തിന് മുമ്പുള്ള ഓർമ്മകൾ പൂർണമായും തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. ഇപ്പോൾ ചെടിക്ക് വെള്ളമൊഴിക്കും അന്തേവാസികൾക്ക് ആഹാരം കൊടുത്തു കഴിയുമ്പോൾ മേശ വൃത്തിയാക്കും അങ്ങിനെ കുഞ്ഞു കുഞ്ഞു ജോലികൾ അവൻ സന്തോഷത്തോടെ ചെയ്യുന്നു. എങ്കിലും ഇപ്പോഴും ചില ദിവസങ്ങളിൽ ഞാൻ തന്നെ തേച്ചു കുളിപ്പിക്കും." ഒരു അമ്മയുടെ വാത്സല്യത്തോടെ, സിസ്റ്റർ പറഞ്ഞു നിർത്തി.

കാരുണ്യ വിശ്രാന്തി ഭവനില്‍ തോമസ് ജോണ്‍ റമ്പാച്ചനും, അനില്‍ കുമാറിനുമൊപ്പം സി.ബിജു.

പേരുതന്നെ ശരിയാണോ എന്നറിയാത്ത അനിലിന് ബന്ധുക്കൾ ആരെന്ന് അറിയില്ല. ഇത്രയും കാലം ആരും തിരക്കി വന്നിട്ടില്ല. ഇനി ആരെങ്കിലും അന്വേഷിച്ചു ചെല്ലുമോ എന്നും നിശ്ചയമില്ല. എങ്കിലും അനിൽകുമാർ ജീവിതത്തിന്റെ ഓരോ ഏടുകൾ കയറുകയാണ്. കാരുണ്യ വിശ്രാന്തി ഭവനിൽ സിസ്റ്റർ എലിസബത്തിന്റെ മാതൃസഹജമായ വാത്സല്യത്തിലും തോമസ് റമ്പാച്ചന്റെ അതിരില്ലാത്ത സ്‌നേഹത്തിലും പിന്നെ തന്നെപ്പോലെയുള്ളവരുടേയും, തന്റെ അവസ്ഥയെക്കാൾ മോശമായ നൂറുകണക്കിന് ആളുകൾക്കും ഒപ്പം.

തോമസ് ജോൺ റമ്പാച്ചന്റെ വിളിയാണ് എന്നെ ഇവിടേക്ക് എത്തിച്ചതും അനിലിനെ കാണാൻ ഇടയാക്കിയതും. 25 വർഷങ്ങൾ മുമ്പ് എടുത്ത ചിത്രം ഒരു രണ്ടാം ജന്മത്തിലേക്ക് വഴിതുറന്ന കഥ അപ്പോഴാണ് ഞാൻ അറിയുന്നത്. അന്ന് അനിലിനെ ഏറ്റെടുത്ത വാർത്ത വന്നിരുന്നെങ്കിലും പിന്നീടുള്ള തിരക്കിട്ട ജീവിതത്തിൽ മറന്നു എന്നുതന്നെ പറയാം. ഇപ്പോൾ കാരുണ്യഭവന്റെ സിൽവർ ജൂബിലി വർഷമാണ് പഴയ വാർത്തയും ചിത്രവും ഫാദർ സൂക്ഷിച്ചു വച്ചിരുന്നു.  എന്റെ നമ്പർ തേടിപ്പിടിച്ച് അയച്ചു കിട്ടിയ ചിത്രം കണ്ടപ്പോൾ തന്നെ ഉറപ്പിച്ചു, അനിലിനെ ഒന്നു കാണണമെന്ന്. കാരുണ്യ വിശ്രാന്തി ഭവനിലെത്തി അനിലിനെ കാണുമ്പോൾ, മെഡിക്കൽ കോളേജിന്റെ 16-ാം വാർഡിന്റെ ആ ഇരുണ്ട മൂലയും, മനം മടുപ്പിക്കുന്ന ഗന്ധവും ഇരച്ചെത്തി.

കഴിഞ്ഞ 25 വർഷങ്ങൾ അനിൽകുമാറിനെ ആകെ മാറ്റിയിരിക്കുന്നു. ആകെ വ്യക്തമല്ലെങ്കിലും അനിലുമായി സംസാരിച്ചു. പറഞ്ഞറിയിക്കാനാകാത്ത സന്തോഷം തോന്നി. ഒരു രണ്ടാം ജന്മത്തിന് നിമിത്തമാകാൻ കഴിഞ്ഞതിന്, നഷ്ടപ്പെടാതെ നിൽക്കുന്ന സ്‌നേഹത്തിന്റെയും കരുതലിന്റെയും ഈ കാഴ്ചകൾ മനസ്സുനിറയെ കണ്ടതിന്... അനിൽകുമാറിനെ പോലെ നൂറുകണക്കിനാളുകൾക്കാണ് കാരുണ്യ വിശ്രാന്തി ഭവൻ തുണയേകുന്നത്. കാരുണ്യത്തിന്റെ സിൽവർജൂബിലി നിറവിൽ ആഘോഷങ്ങൾക്ക് ഒരുക്കങ്ങൾ നടത്തുന്ന വിശ്രാന്തി ഭവനിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ മനസിൽ  പ്രത്യാശയുടെ വെളിച്ചത്തിൽ ചുവരിലെഴുതിയ വാചകം ഓർത്തു. We can't cure... But We can care...  If you share.... ആരെങ്കിലും അനിലിനെ തേടി എത്താതിരിക്കില്ല...

Content Highlights: 25 Year Journey abandoned man's christmas