തിരിഞ്ഞു നോക്കുമ്പോള്‍ ഓര്‍മയിലെത്തുന്ന കരോള്‍രാത്രികള്‍, ക്രിസ്മസ് പുലരികള്‍

കഴിഞ്ഞ വര്‍ഷത്തെ കരോള്‍ ഒരു ഓര്‍മപ്പെടുത്തലായിരുന്നു... പിന്നിട്ട വഴികളിലേക്കുള്ള തിരിഞ്ഞു നടത്തം. വീടിനുള്ളില്‍ കയറിനിന്ന് കരോളിന്റെ ഈരടികള്‍ കേട്ട് പാടാനെത്തിയ സംഘത്തെ ചിരിയോടെ യാത്രയാക്കി അന്യനെപോലെ പിന്നോട്ട് നടക്കുമ്പോള്‍ കടന്നു പോയ കാലമായിരുന്നു മനസ് നിറയെ.
കൊച്ചുനാള്‍ മുതല്‍ ആരോ പഠിപ്പിച്ചിരുന്നു, നമ്മുടെ അപ്പുറത്തെ പള്ളിക്കാര്‍ നമ്മുടെ ചിരവൈരികളാണെന്ന്... (അതന്നെ,ഇന്ത്യയും പാക്കിസ്ഥാനും പോലെ. പറഞ്ഞവന് ബെര്‍തെ ഒരു സുഖം).സഭ വഴക്കിന്റെ പേരിലല്ലെങ്കിലും ചില വ്യക്തി താത്പര്യങ്ങളുടെ പേരില്‍ ഇരുചേരികളിലായി നില്‍ക്കേണ്ടി വന്ന ഹതഭാഗ്യര്‍(അന്നുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേററ അപ്പന്‍ മരണം വരെ അതിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി) പെരുന്നാളിനും,ആളെണ്ണത്തിലും, പ്രതിഭകളുടെ എണ്ണത്തിലുമെല്ലാം ഞങ്ങള്‍ ചെറിയപള്ളിക്കാരെക്കാള്‍ ഒരുപടി മുന്നില്‍ നിന്നവരാണവര്‍. കരോളില്‍ അവരുടെ പ്രൊഫഷണലിസത്തെയും, പ്രതിഭയെയും വെല്ലാന്‍ മുന്‍ തലമുറകള്‍ നടത്തിയ ശ്രമമെല്ലാം പരാജയമടഞ്ഞ കഥകളായിരുന്നു ചരിത്ര പുസ്തകത്തില്‍ നിറയെ. അപ്പനോടും അമ്മയോടും കെഞ്ചി കുഞ്ഞുടുപ്പുമിട്ട് ആദ്യമായി കരോളിന് ഇറങ്ങുമ്പോള്‍ കാളിപറമ്പില്‍ എബി, തിരുവാതുക്കല്‍ അച്ഛന്റെ മകന്‍ സജി, പട്ടാളക്കാരന്‍ തോമസ് ചേട്ടന്റെ മകന്‍ ജിജി ത്രയമായിരുന്നു മുന്‍പില്‍ നയിച്ചിരുന്നത്. സ്വന്തമായി പാട്ടുണ്ടാക്കി തൊണ്ടപൊട്ടുമാറ് പാടി, കിലോമീറററുകളോളം കാല്‍നടയായും, വള്ളമേറിയുമൊക്കെയാണ് കരോളുമായി പോകുക. ഇവരുടെ കാലം കഴിഞ്ഞ് ബാററണ്‍ എന്റെയും, ജോഷിയുടെയും, ജോമോന്റെയും കൈയിലായി. ഏതാണ് ഒരേ പ്രായക്കാരായിരുന്നതിനാല്‍ കളിക്കാനും കൂട്ടുകൂടാനും ഒരുമിച്ചുണ്ടായിരുന്നവരായിരുന്നു ഞങ്ങള്‍. ഒരേ ടീമായിരുന്ന ഞങ്ങളൊരു തീരുമാനമെടുത്തു. അപ്പുറത്തെ പള്ളിക്കാരെ വെല്ലുന്ന കരോളിറക്കും. ഇത്തവണ മ്മള് നേടും.... എന്നിട്ടെ ബാക്കി കാര്യം ഉള്ളു.
ആ ആവേശത്തില്‍ ഒന്നു രണ്ട് സിനിമാ പാട്ട് ഞാന്‍ തന്നെ കരോള്‍ ഗാനമായി മാറ്റിയെഴുതി, കൂട്ടുകാരുടെ കൈയ്യില്‍ നിന്ന് വാങ്ങിയ പാട്ടുമായി ജോമോനെത്തി. ജോഷിയുടെ ചേട്ടന്‍ ജോര്‍ജ് അന്നത്തെ ചില കാസററ് പാട്ടുകളും പുതുതായി ഇറക്കി. പിന്നെ സി.എസ്. ഐ പള്ളിക്കാരുടെ അടിച്ചുമാറ്റിയ ഈരടികളും ചേര്‍ത്ത് ഞങ്ങളിറങ്ങി. പക്ഷേ ആത്മവിശ്വാസം മാത്രം പോരല്ലോ ജയിക്കാന്‍. പൊട്ടിയ തുകല്‍ മാറ്റിയിട്ടു പറപറാന്ന് അടിക്കുന്ന ഡ്രമ്മും, തോന്നിയവന്‍ തോന്നിയവന്‍ കൈമാറികൊട്ടുന്ന ജിഞ്ചറയും, പിന്നെ ഏതാണ്ട് ഒക്കെ കാട്ടി കൂട്ടിയടിക്കുന്ന ഇലത്താളവും.. രണ്ട് തുള്ളും തുള്ളി ടെലഫോണ്‍ കുഴിയില്‍ ബെട്ടിയിട്ട ബായ തണ്ടു പോലെ വീണ സാന്താക്ലോസും. മാന്‍ഡില്‍ കത്തിതീര്‍ന്ന് ഞങ്ങളെ വഴിയില്‍ കിടത്തിയ പെട്രോള്‍ മാക്സും. ബാറ്ററി തീര്‍ന്ന ഓമ്നി വാനും. റൊണാള്‍ഡോയെ ഇറക്കാതെ ക്വാട്ടര്‍ ഫൈനല്‍ കളിക്കാനിറങ്ങിയ പോര്‍ച്ചുഗലിന്റെ അവസ്ഥയില്ലേ അത്..... ഞങ്ങടെ ഇടവകക്കാര്‍ തന്നെ ആദ്യം പുശ്ചമിട്ടു. എന്തൂട്ട് പാട്ടാടാ ഇത്. ഇതിലും ഭേദം കാസറ്റ് കേള്‍ക്കുന്നതാ, താളവും പാട്ടും പിരിഞ്ഞുപോയ കമിതാക്കളെപ്പോലെ രണ്ടു വഴിക്കായിരുന്നു. പക്ഷേ ഇതിനിടയില്‍ ഇന്നാട്ടില്‍ ആദ്യമായി കരോക്കേ കരോള്‍ കളത്തിലിറക്കി മറ്റവരങ്ങ് പേരെടുത്തു. ഞങ്ങളോ,അഡ്ലെയ്ഡില്‍ ഓസ്ട്രേലിയക്ക് മുന്നില്‍ 36 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യന്‍ ടീമിനെക്കാള്‍ കഷ്ടമായ അവസ്ഥ ( ഗ്യാലറി പോലും നമുക്കൊപ്പമില്ലല്ലോ, ഇതിനിടെ വണ് സൈഡ് പ്രണയമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ ഡ്രമ്മിന്റെ താളം തെററി ചീത്ത കേട്ട് ഞാന്‍ നാണംകെട്ടതും മിച്ചം)
ദി ആല്‍ക്കമിസ്റ്റ്
നിങ്ങള്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍ സ്വപ്നം നേടിത്തരാന്‍ ലോകം കൂടെ വരുമെന്നാണ് മറ്റേ പുള്ളി പറഞ്ഞിട്ടുള്ളത്.പക്ഷേ വന്നത് ലോകമല്ല പെരുമ്പാവൂരിലെ അങ്ക കളരിയില്‍ കള്ളപയറ്റ് പഠിച്ച് വന്ന ജീവന്‍ ജോയി എന്ന എന്റെ സഹോദരനായിരുന്നു. അപ്പന്റെ വകയിലെ അനിയന്റെ മകനാണെങ്കിലും എനിക്ക് ചേട്ടനും ഉപദേശകനും, കുണുക്കു പെണ്‍മണികളെ നുറുക്കു വിദ്യകളാല്‍ വളയ്ക്കാനുള്ള ബുദ്ധി ഉപദേശിച്ച് തന്നവനുമൊക്കെയായിരുന്നു. അമ്മയുടെ റിട്ടയര്‍മെന്റിനു ശേഷം കുടുംബത്തോടൊപ്പം സ്വന്തം നാട്ടിലേക്കുള്ള മടക്കമായിരുന്നു അത്. പെരുമ്പാവൂരിലെ പ്രൊഫഷണല്‍ ടീമിനൊപ്പം കരോളിലെ സകല അടവുകളും പയറ്റിത്തെളിഞ്ഞായിരുന്നു വരവ്.പിന്നെ ചരിത്രം മാറ്റിയെഴുതപ്പെട്ടു. അങ്ങേരുടെ നേത്യത്വത്തില്‍ രണ്ടും മൂന്നും മാസം നീണ്ടു നിന്ന പ്രാക്ടീസ്. പുതിയ പാട്ടുകള്‍, കരോള്‍ സംഘത്തിലെ ഏറ്റവും ജൂനിയര്‍ പോലും പാലിക്കേണ്ട അച്ചടക്കം, ആറ്റിറ്റിയൂട് , ഡ്രസ് കോഡ് എന്നൊരു സാധനം ഉണ്ടെന്ന് വരെ ഞങ്ങള്‍ പഠിച്ചു. മുന്നില്‍ ഞങ്ങള്‍, പിന്നണിയില്‍ അനിയന്‍മാരായ സജി,സന്തോഷ്, ജിജോ,ജിതിന്‍,ജെയിന്‍, സാജന്‍,എബിന്‍, അശ്വിന്‍ അങ്ങിനെ പുതിയ തലമുറയുടെ നീണ്ടനിര. ഡ്രം പൊക്കാനുള്ള ആരോഗ്യമില്ലാതിരുന്നിട്ടും സ്വന്തം പള്ളിയില്ലാതിരുന്നിട്ടും താളമിടാന്‍ ഒപ്പം എത്തിയ വിനു വര്‍ഗീസ്. ഇവരെ കൂടാതെ ഞങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സജി, ബിജു, ഷിജു, സാജന്‍ തുടങ്ങിയ സീനിയര്‍മാരുടെ പിന്തുണയും. കരോളിന്റെ വൈബ് ആസ്വദിക്കാന്‍ വന്ന കട്ട ലോക്കല്‍സ് സി.എം.പി ഉണ്ണി, അഖില്‍ ചന്ദ്രന്‍, പോട്ടി അളിയനെന്ന ബിബിന്‍-ടീം ആകെയങ്ങ് സെറ്റായി. അതോടെ ഈ നാട് ഞങ്ങളുടെ കരോള്‍ പാട്ടുകള്‍ ഏറ്റെടുത്തു.
കരോക്കയും പ്രൊഫഷണലിസവുമൊന്നുമില്ലെങ്കിലും പാട്ടിനും കൊട്ടിനും ഒരേ താളമായി. ചരിത്രത്തില്‍ ആദ്യമായി നാട്ടുകാരും ഇടവകക്കാരും പറഞ്ഞു പിള്ളേര് കൊള്ളാം, പാട്ടും കൊള്ളാം. വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഞങ്ങള്‍ ജയിച്ചു എന്ന് തോന്നിത്തുടങ്ങി. തമ്പേറുമായി ഞങ്ങളുടെ ടീം ഇറങ്ങിയ ക്രിസ്മസ് രാത്രികളിലൊന്നും ഞങ്ങള്‍ പിന്നെയാ പേര് വിട്ടുകൊടുത്തിട്ടില്ല. പക്ഷേ ഇന്ന് കല്യാണം കഴിച്ച് കുടുംബസ്ഥരായി പലരും പല ചില്ലകളില്‍ ചേക്കേറി. ചിലര്‍ കടലും കടന്നുപോയ ദേശാടനക്കിളികളായി.ഓരോ ക്രിസ്മസ് കാലമെത്തുമ്പോള്‍ ഓരോരുത്തരും ആ നല്ലനാളുകളെ ഓര്‍ക്കും. തിരിഞ്ഞു നോക്കുമ്പോള്‍ ആ പഴയ കാലത്തിന്റെ ഓര്‍മകള്‍ അവര്‍ക്കും ജീവിതത്തില്‍ ഊര്‍ജം പകരട്ടെ. നഷ്ടപ്പെട്ട നാളുകളെ ഓര്‍ത്തെടുക്കട്ടെ....
കാത്തിരിപ്പ് .
മൂവാറ്റുപുഴയാര്‍ പിന്നെയും നിറഞ്ഞും, മെലിഞ്ഞുമെല്ലാം ഒഴുകി.ഇന്നിന്റെ കരോളിനെ വലിയപള്ളിക്കാരും, കൊച്ചു പള്ളിക്കാരും പഴയപോലെ പരസ്പരം വിലയിരുത്താനിടയില്ല. കാരണം വരാനിരിക്കുന്നത് മനുഷ്യന്‍ എന്ന് മാത്രം ചിന്തിക്കുന്ന ,വിശാലമായ ലോകത്തിന്റെ പുതിയ കാലമാണന്ന് എല്ലാവരും തിരിച്ചറിയുന്നു.പഴയ തലമുറ പള്ളിക്കും, മനസുകള്‍ക്കും മുകളില്‍ കെട്ടി ഉയര്‍ത്തിയ വൈരത്തിന്റെ മതിലുകള്‍ പൊളിച്ചെറിയപ്പെടും. ഇന്നല്ലങ്കില്‍ നാളെ അവര്‍ ഒരുമിച്ചു നിന്ന് ഒരേ സ്വരത്തില്‍ പാടുന്ന ഒരു കാലം വരും. വേര്‍തിരിവുകള്‍ക്ക് മുകളില്‍ മുകളില്‍ മനുഷ്യനെന്ന് പേരിട്ട് കരോള്‍ ഗാനങ്ങള്‍ ഉയര്‍ന്നു കേള്‍ക്കും. ഇന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്നു ,ആ കാഴ്ച കാണാന്‍, നല്ല സാഹോദര്യത്തിന്റെ പാട്ടുകേള്‍ക്കാന്‍.ക്രിസ്മസിന്റെ സന്ദേശം യാഥാര്‍ഥ്യമാകുന്നത് കാണാന്‍....
Content Highlights: Christmas Memories 2022