താരാപഥമെന്ന് കേട്ടാല്‍ ചേതോഹരമെന്ന് പാടാത്തവരുണ്ടോ? ചിത്രഗീതത്തിലെ ഇസൈജ്ഞാനി ഇംപാക്ട് !

'താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ'
കൈചേര്‍ത്തുപിടിച്ച് ഡാനിയും കാതറീനും പ്രണയാതുരമായി ഇങ്ങനെ പാടി തുടങ്ങുന്നൊരു ഫ്രെയിം ഓര്‍മചിത്രങ്ങളിലിപ്പോഴും മായാതെ കിടക്കുന്നുണ്ട്. പ്രണയം പൂത്ത വഴികളിലൂടെ അവര്‍ ഒന്നിച്ച് നടക്കുന്നുമുണ്ട്. പക്ഷേ പാതിയില്‍ പ്രണയിനിയെ നഷ്ടപ്പെട്ട ദുഖഃഭാരത്താല്‍ വിതുമ്പി കരയേണ്ടി വരുന്നുണ്ടയാള്‍ക്ക്. ഒടുക്കം മാനസികരോഗ ആശുപത്രിയിലെ പ്രത്യേക സെല്ലില്‍ നിര്‍വികാരനായി നില്‍ക്കേണ്ടി വരുന്നുമുണ്ട്. കൊട്ടിയടക്കപ്പെട്ട ആ വാതിലുകള്‍ക്കുള്ളില്‍ ആ കഥ അവസാനിച്ചു. പക്ഷേ ഡാനിയും കാതറീനും വിസ്മരിക്കപ്പെട്ടില്ല. ആ പാട്ടും. മൂന്ന് പതിറ്റാണ്ടിനിപ്പുറവും മലയാളി ആ പാട്ട് പാടിക്കൊണ്ടേയിരിക്കുന്നു. നിര്‍ത്താതെ....
അവസരോചിതമായ ഒരു ഭാവപ്രകടനത്തിന് പോലും മുതിരാതെ ഡാനി തിരിച്ചുനടന്നിട്ടും ആ പ്രേമാമൃതം പെയ്ത രാവുകള്‍ ഇക്കാലമത്രയും ഓര്‍ത്തിരിക്കുന്നതെന്തുകൊണ്ടാവാം? ആ പാട്ട് കൊണ്ടാണെന്ന് തീര്‍ച്ച. എന്തോ ഒരു മാന്ത്രിക സ്പര്‍ശമുണ്ടതിന്. കേട്ടാലും കേട്ടാലും മതിവരാത്ത ക്ലാസിക്.
സിനിമയുടെ പേര് പോലെ തന്നെ ആ പാട്ടും അനശ്വരമായി ശേഷിക്കുന്നതിന് പിന്നില്‍ കെഎസ് ചിത്രയുടെ സ്വരമാധുരിയുണ്ട്. ആ വഴിയേ പലകുറി നടന്ന മലയാളിക്ക് ഒരു പക്ഷേ ഇതില്‍ പുതുമയുണ്ടാവണമെന്നില്ല. എങ്കിലും ഈ പാട്ടിനൊന്നും ഒരു കാലത്തും മരണമില്ലെന്ന് ആവര്‍ത്തിച്ചു പറയുന്നവരുണ്ട്. ചിത്രയ്ക്കും എസ്പിബിക്കുമൊപ്പം സംഗീതംകൊണ്ട് അടരാടിയ ഒരു മനുഷ്യന്റെ പേരും ചേര്‍ത്തുവെച്ചുകൊണ്ടല്ലാതെ ഈ ഗാനത്തെ അടയാളപ്പെടുത്താനാവില്ല. സാക്ഷാല്‍ ഇസൈജ്ഞാനി ഇളയരാജ. അയാള്‍ സംഗീതം കൊണ്ട് വിസ്മയിപ്പിച്ച പതിറ്റാണ്ടുകളാണ് കടന്നുപോയത്. തലമുറകളോളം തരംഗം സൃഷ്ടിച്ച അസംഖ്യം ഗാനങ്ങള്‍.
അന്ന് ആ പാട്ടുകാരി അറിയപ്പെടുന്നത് കൃഷ്ണന്‍ നായര്‍ ശാന്തകുമാരി ചിത്രയെന്ന് മാത്രമാണ്. മലയാളത്തില്‍ പാടിത്തുടങ്ങിയ കൗമാരക്കാരി. അതില്‍ കവിഞ്ഞ വിശേഷണങ്ങളൊന്നുമില്ല. എന്നിട്ടും മലയാളക്കരയും കടന്ന് ഇളയരാജയുടെ സംഗീതത്തില്‍ ചിന്നക്കുയില്‍ പാടും പാട്ട് കേക്കിതാ എന്ന് പാടിയപ്പോള്‍ തെന്നിന്ത്യ അതേറ്റുപാടി. കൂടെ ചേര്‍ത്തുപിടിച്ചു. വൈകാതെ തെന്നിന്ത്യയ്ക്കും പ്രിയങ്കരമായി മാറി.
തെന്നിന്ത്യയില്‍ ചിത്ര തരംഗമാകുന്നത് ഇളയരാജയിലൂടെയാണ്. ഇളയരാജയുടെ സംഗീതത്തിന് ശബ്ദം നല്‍കിയാണ് ചിത്ര തെന്നിന്ത്യയിലും തന്റേതായ ചുവടുറപ്പിക്കുന്നത്. ചിന്നക്കുയില്‍ പാടും പാട്ട് കേക്കിതാ എന്ന പാട്ടിനും മുമ്പേ നീതാനാ അന്ത കുയില്‍ എന്ന ചിത്രത്തിലെ ഇളയരാജയുടെ തന്നെ പൂജൈക്കെതാ പൂവിതു എന്ന ഗാനമാലപിച്ചാണ് തമിഴകത്തേക്കുള്ള വരവ്. എന്നാല്‍ സിന്ധു ഭൈരവി എന്ന സിനിമയിലെ 'പാടറിയേന്‍', 'നാന്‍ ഒരു സിന്ധു' എന്നീ ഗാനങ്ങളുടെ ആലാപനമാണ് ചിത്രയുടെ കരിയറിലെ വഴിത്തിരിവായി മാറുന്നത്. തമിഴകമൊട്ടും ഈ പാട്ടുകള്‍ വന്‍ ഹിറ്റായി. ഇളയരാജ സംഗീതം നല്‍കിയ ഈ പാട്ടുകള്‍ തമിഴകത്തിന്റെ ഹൃദയത്തില്‍ ലയിച്ചു ചേര്‍ന്നു. പാട്ടുകള്‍ തരംഗമായതിന് പിന്നാലെ ദേശീയ അവാര്‍ഡും ചിത്രയെ തേടിയെത്തി. പാടറിയേന്‍ എന്ന പാട്ടിന് ആദ്യ ദേശീയ അവാര്‍ഡ് ചിത്ര സ്വന്തമാക്കി. കരിയറിലെ ആദ്യ ഇളയരാജ ഇംപാക്ട്.
ഈ പാട്ട് പാടി കെഎസ് ചിത്ര വിസ്മയിപ്പിക്കുന്നതിന് പിന്നില്‍ ഒരു കഥയുണ്ട്. ഒരു ബിരുദവിദ്യാര്‍ഥിയുടെ പരീക്ഷ ബഹിഷ്‌കരണത്തിന്റെ കഥ. അന്ന് ഇളയരാജ ഈ പാട്ടു പാടാന്‍ ക്ഷണിക്കുന്ന ഘട്ടത്തില്‍ ചിത്ര പതിവിലും കവിഞ്ഞ തിരക്കിലായിരുന്നു. പാട്ടിന്റേതായിരുന്നില്ല, മറിച്ച് പരീക്ഷ തിരക്കിലായിരുന്നു. സിന്ധു ഭൈരവിയിലെ നാന്‍ ഒരു സിന്ധു എന്ന ഗാനം മാത്രം പാടിയ ശേഷം പരീക്ഷ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ചിത്ര. രാവിലെ പാട്ട് പാടിയ ശേഷം ചിത്രയും പിതാവും മടങ്ങാനൊരുങ്ങി. വൈകുന്നേരമുള്ള ട്രയിനിനാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.
ആ സമയം മറ്റൊരു പാട്ട് കൂടി പാടാമോയെന്ന് ഇളയരാജ ചോദിച്ചു. എന്നാല്‍ എംഎ ഫസ്റ്റ് ഇയര്‍ പരീക്ഷയുള്ളതിനാല്‍ പാട്ട് പാടാന്‍ സാധിക്കില്ലെന്ന മറുപടിയാണ് പിതാവ് നല്‍കിയത്. പരീക്ഷ പിന്നേയും എഴുതാമെന്ന് ഇളയരാജ പറഞ്ഞതോടെ ചിത്ര പാടാനൊരുങ്ങി. പിതാവിന്റെ നിര്‍ദേശമുണ്ടായിരുന്നെങ്കിലും പരീക്ഷ എഴുതാതെ പാട്ടുമായി മുന്നോട്ടുപോകാനാണ് ചിത്ര തീരുമാനിച്ചത്. അന്ന് പാടിയ പാടറിയേന്‍ എന്ന പാട്ടിനാണ് ചിത്രയ്ക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്.
ഇളയരാജയുടെ സംഗീതത്തിന് പിന്നീടങ്ങോട്ട് നിരവധി തവണ ചിത്ര ശബ്ദം നല്‍കി. 1985-ല്‍ പുറത്തിറങ്ങിയ സിന്ധു ഭൈരവിയിലെ പാടറിയേനും നാന്‍ ഒരു സിന്ധുവുമടക്കം 11 ചിത്രങ്ങളില്‍ നിന്നായി 18-ഓളം ഗാനങ്ങള്‍ ചിത്ര ആ വര്‍ഷം ആലപിച്ചു. എല്ലാത്തിലും സംഗീതം ഇളയരാജയായിരുന്നു. പൂവേ പൂചൂടാ വാ എന്ന സിനിമയിലെ ചിന്ന കുയില്‍ പാടും എന്ന ഗാനം വന്‍ തരംഗമായി മാറി. ഫാസില്‍ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന മലയാളസിനിമയുടെ തമിഴ് റീമേക്കാണ് പൂവേ പൂചൂടാ വാ എന്ന ചിത്രം. മലയാളത്തിലെ ചിത്രയുടെ പാട്ട് ഇളയരാജയ്ക്ക് ഇഷ്ടപ്പെട്ടതിന് പിന്നാലെയാണ് ചിത്രയ്ക്ക് തമിഴ് റീമേക്കിലും അവസരം ലഭിക്കുന്നത്. മലയാളത്തിന്റെ വാനമ്പാടി തമിഴന്റെ ചിന്നക്കുയിലായി പരിവര്‍ത്തനം ചെയ്യപ്പെട്ടു തുടങ്ങുന്നത് അവിടെ നിന്നാണ്.
ഇളയരാജയുടെ മാന്ത്രിക സ്പര്‍ശമേറ്റ് ദക്ഷിണേന്ത്യയില്‍ സംഗീതമൊഴുകിപ്പടര്‍ന്ന വര്‍ഷങ്ങളായിരുന്നു പിന്നീട്. ഇളയരാജ മഹാപ്രവാഹമായി അലയടിക്കുന്ന വേളയില്‍ ചിത്രയും ഒപ്പം ചേര്‍ന്ന് പാടി. അദ്ദേഹം സംഗീതസംവിധാനം നിര്‍വഹിച്ച നിരവധി ഗാനങ്ങള്‍ക്കാണ് ചിത്ര ശബ്ദമേകിയത്. അന്‍പേ അന്‍പേ (ചിത്രം: ഉരിമൈ), അന്ത നിലാവാ താന്‍(ചിത്രം: മുതല്‍ മരിയാതൈ), ജാമം ആഹി പോച്ച്(ചിത്രം: ചിന്ന വീട്), മലരേ പേസ്(ചിത്രം: ഗീതാഞ്ജലി) എന്നിങ്ങനെ ഇളയരാജയുടെ സംഗീതത്തില്‍ ചിത്ര പാടി തകര്‍ത്തു. 1986-മുതല്‍ ഇളയരാജ-ചിത്ര സംഗീത ശ്രേണി വിപുലമായി തുടങ്ങി. മലൈഗള്‍ ഇടം, ഇന്ത വെണ്ണില, നൂറാണ്ട് കാലം(ചിത്രം: ഡിസംബര്‍ പൂക്കള്‍), ദേവനിന്‍ കോവില്‍(ചിത്രം: അറുവടൈ നാള്‍), എന്‍ ജോഡി മഞ്ഞ കുരുവി(ചിത്രം: വിക്രം) എന്നീ പാട്ടുകളുള്‍പ്പെടെ 35-ലധികം പാട്ടുകളാണ് ഇളയരാജയുടെ സംഗീതസംവിധാനത്തില്‍ ചിത്ര ആ വര്‍ഷം പാടിയത്.
ഇളയരാജയ്‌ക്കൊപ്പം ചിത്ര തെന്നിന്ത്യയില്‍ തരംഗം തീര്‍ക്കുന്ന കാഴ്ചയ്ക്കാണ് പിന്നീട് സംഗീതലോകം സാക്ഷിയായത്. യേത്തിവെച്ച (ചിത്രം: ആലപ്പിരാന്തവന്‍), ഉന്നൈ നാനെ, ചിത്തിരൈ മാതത്തു(ചിത്രം: ചിന്ന കുയില്‍ പാടുതു), വാ വാ അന്‍പേ അന്‍പേ, നിന്നുക്കോരി വര്‍ണം(ചിത്രം: അഗ്നി നച്ചത്തിരം) ആലപ്പോല്‍ വേലപ്പോല്‍(ചിത്രം: യെജമാന്‍) തുടങ്ങിയ ഗാനങ്ങള്‍ വന്‍ ഹിറ്റായി മാറി. പലരുടേയും ഫേവറിറ്റ് ലിസ്റ്റില്‍ ഈ ഗാനങ്ങള്‍ ഇടം പിടിക്കുകയും ചെയ്തു. 2000-ന്റെ തുടക്കത്തിലും ഇളയരാജയുടെ സംഗീതത്തിന് ചിത്ര ചുണ്ടനക്കി വിസ്മയിപ്പിച്ചു. തമിഴിലും മലയാളത്തിലുമടക്കം ഇളയരാജയും ചിത്രയും ഒന്നിച്ചു ചേര്‍ന്ന ഒട്ടനവധി ഗാനങ്ങളാണ് പുറത്തിറങ്ങിയത്. താരാപഥം ചേതോഹരം(ചിത്രം: അനശ്വരം), പുഴയോരത്തില്‍(ചിത്രം: അഥര്‍വ്വം), മാരിക്കൂടിന്നുള്ളില്‍, ആറ്റിറമ്പിലെ കൊമ്പിലെ, ചെമ്പൂവേ പൂവേ(ചിത്രം: കാലാപാനി) എന്നിങ്ങനെ സംഗീതപ്രേമികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന നിരവധി ഗാനങ്ങള്‍. ആസ്വാദകഹൃദയങ്ങളെ പിടിച്ചുലച്ച മ്യൂസിക് മാസ്‌ട്രോ-ചിത്ര കൂട്ടുകെട്ട്.
എ.ആര്‍ റഹ്‌മാന്‍, എം.എസ് വിശ്വനാഥന്‍, കീരവാണി, വിദ്യാസാഗര്‍ തുടങ്ങിയ പ്രമുഖ സംഗീതസംവിധായകര്‍ക്ക് വേണ്ടിയും ചിത്ര പാടിയിട്ടുണ്ട്. എന്നാല്‍ കൂടുതലും പാടിയത് ഇളയരാജയ്ക്കു വേണ്ടിയായിരുന്നു. മലയാളം കടന്ന് മറ്റു ഭാഷകളില്‍ ചിത്രയ്ക്ക് അവസരം ലഭിക്കുന്നതിന് പിന്നിലും മറ്റാരുമല്ല. പിന്നണി ഗാനരംഗമാണ് തന്റെ പ്രൊഫഷണെന്ന് ഉറപ്പിക്കുന്നത് ഇളയരാജയ്ക്ക് വേണ്ടി പാടിത്തുടങ്ങിയതു മുതലാണെന്ന് ചിത്ര തന്നെ പറഞ്ഞിട്ടുണ്ട്. ഇളയരാജയ്ക്ക് വേണ്ടി പാടിയത് പരിഗണിച്ചാണ് മറ്റു ഭാഷകളില്‍ പാടാന്‍ പലരും ചിത്രയ്ക്ക് അവസരം നല്‍കിയത്.
ഇളയരാജയ്ക്ക് മുന്നില്‍ ആദ്യം പാടേണ്ടി വന്നപ്പോള്‍ ഭയമുണ്ടായിരുന്നുവെന്ന് ചിത്ര ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തെലുങ്കില്‍ ഒരു കീര്‍ത്തനം ആലപിക്കുമ്പോള്‍ പറ്റിയ തെറ്റ് അദ്ദേഹം തിരുത്തിയ അനുഭവവും വാനമ്പാടിയ്ക്കുണ്ടായിട്ടുണ്ട്. ചിത്രയെന്ന ഗായികയെ പരിവപ്പെടുത്തിയെടുക്കുന്നതിലും ഇന്ത്യയൊട്ടാകെ ആ നാമം മുഴങ്ങി കേള്‍ക്കുന്നതിനും പിന്നില്‍ അവര്‍ ബഹുമാനത്തോടെയും ആദരവോടേയും 'രാജാ സാര്‍' എന്നു വിളിക്കുന്ന ആ മനുഷ്യന്റെ പങ്ക് അത്രമേല്‍ വലുതാണ്.
ഒരു തവണ ചിത്രയെ ഫോണില്‍ വിളിച്ച് ശകാരിച്ചിട്ടുണ്ട് ഇളയരാജ. പാട്ട് പാടാന്‍ വിമുഖത പ്രകടിപ്പിച്ചതിനാലാണ് ഇളയരാജയുടെ ശകാരം ചിത്രയ്ക്ക് ഏറ്റുവാങ്ങേണ്ടതായി വന്നത്. പാട്ടിലെ വരികളില്‍ ധാരാളം അശ്ലീല വാക്കുകളും ദ്വയാര്‍ഥ പ്രയോഗങ്ങളും അടങ്ങിയതാണ് കാരണം. എസ്പിബിയ്‌ക്കൊപ്പമാണ് ചിത്ര ഗാനം ആലപിക്കേണ്ടിയിരുന്നത്. എന്നാല്‍ വരികള്‍ കണ്ടപ്പോള്‍ തന്നെ എസ്പിബി ഗാനം ആലപിക്കുന്നതില്‍ നിന്ന് പിന്മാറി. വിമുഖത പ്രകടിപ്പിച്ച ചിത്ര പാട്ടിലെ ഒരു വരി മാറ്റാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഗാനം ആലപിക്കുന്നതില്‍ നിന്ന് ചിത്രയെ ഒഴിവാക്കുകയാണ് പിന്നീടുണ്ടായത്. സംഭവമറിഞ്ഞ ഇളയരാജ ചിത്രയെ ഫോണില്‍ വിളിച്ച് ശകാരിച്ചു. ഗാനം ആലപിക്കുന്നവരുടെ ജോലി വരികള്‍ക്ക് ശബ്ദം നല്‍കുകയാണെന്ന് പറഞ്ഞ ഇളയരാജ കഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് വരികളെഴുതുന്നതെന്നും കൂട്ടിച്ചേര്‍ത്തു. അപ്പോഴാണ് താന്‍ ചെയ്തത് അബദ്ധമാണെന്ന് ചിത്ര തിരിച്ചറിഞ്ഞത്.
അങ്ങനെ ആ സംഗീത തപസ്യയ്ക്ക് ഒപ്പം ചേര്‍ന്നാണ് കെഎസ് ചിത്ര മലയാളികളുടെ വാനമ്പാടിയും തമിഴരുടെ ചിന്നക്കുയിലും ഇന്ത്യയ്ക്ക് മെലഡി ക്വീനുമൊക്കെ ആകുന്നത്. അന്ന് ഇളയരാജയുടെ സംഗീതത്തിന് ശബ്ദമേകി ആദ്യ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ചിത്രയ്ക്ക് ഇന്ന് അവാര്‍ഡുകളുടെ വലിയ ശേഖരമാണുള്ളത്. മികച്ച പിന്നണി ഗായികയ്ക്കുള്ള ആറ് ദേശീയ അവാര്‍ഡും പതിനാറ് കേരള സംസ്ഥാന അവാര്‍ഡുകളുമടക്കം നിരവധി അംഗീകാരങ്ങള്‍. പദ്മഭൂഷണും(2021) പദ്മശ്രീയും(2005)നല്‍കി രാജ്യം ചിത്രയെ ആദരിച്ചു. ഹൗസ് ഓഫ് കോമണ്‍സില്‍ വെച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ആദരവേറ്റ് വാങ്ങുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്ര നേട്ടവും ചിത്ര കരസ്ഥമാക്കി. ഇന്ന് അറുപതിലെത്തിനില്‍ക്കുമ്പോഴും ആ സ്വരലയത്തെ വീണ്ടും ശ്രവിക്കാനുള്ള ആഗ്രഹത്തിന് അറുതിയില്ല. പതിറ്റാണ്ടുകളായി ചിത്രഗീതത്താല്‍ വലയം ചെയ്യപ്പെട്ട ഒരു തലമുറ മറ്റെന്ത് മോഹിക്കാന്‍?...
Content Highlights: the Isaignani Ilaiyaraja impact on ks chithra career