തെന്നിന്ത്യയും ഹിന്ദിയും കടന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകാരം വരെ; പുരസ്‌കാര നിറവിലെ വാനമ്പാടി

അംഗീകാരങ്ങളുടെ പരകോടിയില്‍ നില്‍ക്കുമ്പോഴും വിനയം കൊണ്ട് ഹൃദയം കീഴടക്കിയ ഗായിക. നിറചിരിയോടെയല്ലാതെ കെ.എസ് ചിത്രയെന്ന പേര് സങ്കല്‍പിക്കാനാവില്ല. ശബ്ദമാധുര്യത്തിനൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ചിരി. കാലമെത്ര കടന്നുപോയാലും പ്രായമെത്രയായാലും യൗവ്വനം കടക്കാത്ത സ്വരമാധുരി. പെര്‍ഫെക്ട് സിങ്ങര്‍ എന്ന് സംഗീതലോകം വാഴ്ത്തുമ്പോഴും താനിപ്പോഴും സംഗീതവിദ്യാര്‍ഥിയാണെന്ന് പറയുന്ന കെ.എസ്.ചിത്ര. പാട്ടോളം പോന്ന ജനകീയതയാണ് ചിത്രയെ എക്കാലവും വേറിട്ട് നിര്‍ത്തിയത്. സംഗീതത്തോളം സഹജീവികളെയും ചേര്‍ത്തുനിര്‍ത്തുന്ന മലയാളത്തിന്റെ വാനമ്പാടിക്ക്, ആ സ്വരശുദ്ധിക്ക്, താരപരിവേഷങ്ങള്‍ ചേരാത്ത നിഷ്‌കളങ്ക ജീവിതത്തിന് അറുപത് വയസായെന്നത് അവിശ്വസനീയം. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, ആസാമീസ്,ബംഗാളി, ഒഡിയ, തുളു, പഞ്ചാബി, രാജസ്ഥാനി, ഇംഗ്ലീഷ്, ലാറ്റിന്‍, അറബി....ഭാഷാന്തരങ്ങള്‍ കടന്ന് സന്തോഷത്തിലും സങ്കടത്തിലും തലമുറ വ്യത്യാസമില്ലാതെ ചേര്‍ത്തുപിടിച്ച മുപ്പതിനായിരത്തിലധികം പാട്ടുകള്‍.
പിതാവ് കൃഷ്ണന്‍നായരായിരുന്നു കെ.എസ് ചിത്രയുടെ ആദ്യഗുരു. ഡോ.കെ.ഓമനക്കുട്ടി ടീച്ചറാണ് കര്‍ണാടക സംഗീതത്തില്‍ ശിക്ഷണം നല്‍കിയത്. പിന്നീട് എം.ജി രാധാകൃഷ്ണനിലൂടെ ലളിതഗാനരംഗത്തേക്കെത്തിയ ചിത്ര പതിയെ ചലച്ചിത്ര ഗാനലോകത്തേക്കും ചുവടുവെച്ചു. 1979 ലാണ് ചിത്ര ആദ്യമായി ഒരു ചലച്ചിത്രത്തിന് വേണ്ടി പിന്നണി പാടുന്നത്. ജി. അരവിന്ദന്‍ സംവിധാനം ചെയ്ത ചിത്രത്തിന് വേണ്ടി കാവാലം നാരായണ പണിക്കരും എം.ജി. രാധാകൃഷ്ണനും ചേര്‍ന്നൊരുക്കിയ മുത്തശ്ശിക്കഥയിലേ...1982 മുതലാണ് ചിത്ര മലയാളസിനിമയില്‍ സജീവമാകുന്നത്. 1983-ല്‍ പുറത്തിറങ്ങിയ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലെ 'ആളൊരുങ്ങി അരങ്ങൊരുങ്ങി' എന്ന ഗാനമാണ് കെ.എസ് ചിത്രയുടെ കരിയറിലെ ആദ്യ സൂപ്പര്‍ഹിറ്റ്.
എസ്. ജാനകിയും പി.സുശീലയും, വാണി ജയറാമും പാടിപ്പതിഞ്ഞ മലയാള ചലച്ചിത്ര ഗാനലോകത്തിലേക്കാണ് പതിനെട്ട് പോലും തികയാത്തൊരു പെണ്‍കുട്ടി കാലെടുത്ത് വെയ്ക്കുന്നത്. പക്ഷേ, അധികം വൈകാതെ ആ ശബ്ദം മലയാളത്തിന് പ്രിയപ്പെട്ടതായി. മറ്റ് ഭാഷകളിലും തിരക്കുള്ള ഗായികയായി മാറാന്‍ ചിത്രയ്ക്ക് അധികകാലം വേണ്ടി വന്നില്ല. എ.ആര്‍ റഹ്‌മാനും, ഇളയരാജയ്ക്കും, വിദ്യാസാഗറിനും, ജോണ്‍സണ്‍ മാഷിനും എന്നുവേണ്ട, തൊണ്ണൂറുകളിലെ സംഗീത സംവിധായകര്‍ക്കെല്ലാം ചിത്ര അവിഭാജ്യ ഘടകമായി. മലയാളത്തിന് വാനമ്പാടിയും തമിഴിന് ചിന്നക്കുയിലുമായപ്പോള്‍ ഗന്ധര്‍വഗായിക, കന്നഡകോകില, പ്രിയബസന്തി,മെലഡി ക്വീന്‍ എന്നീ പേരുകളിലും ചിത്ര സംഗീതലോകത്ത് നിറഞ്ഞൊഴുകി. മുപ്പതിലധികം സംസ്ഥാന പുരസ്‌കാരങ്ങള്‍, ആറ് ദേശീയ പുരസ്‌കാരങ്ങള്‍, അംഗീകാരങ്ങളും ബഹുമതികളും എണ്ണിയാല്‍ തീരാത്തത്ര. ദേശീയ പുരസ്‌കാരം ആറുതവണ ലഭിച്ച മറ്റൊരു ഗായികയും രാജ്യത്തില്ല. 2005ല്‍ പത്മശ്രീയും 2021-ല്‍ പത്മഭൂഷണും നല്‍കി രാജ്യം അവരെ ആദരിച്ചു. കാലവും ദേശവും കടന്ന് ചിത്രയെത്തേടിയെത്തിയ അംഗീകാരങ്ങളില്‍ ചിലതും ആ പാട്ടുകളും...
പാടറിയേന്‍ പഠിപ്പറിയേന്‍ (1986)
വീണ്ടും ഒ.എന്‍.വിയുടെ വരികളില്‍ ബോംബെ രവി ഈണമിട്ടപ്പോള്‍ ചിത്ര അത് പാടി മനോഹരമാക്കി. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത വൈശാലി മലയാള സിനിമാചരിത്രത്തിലെ എക്കാലത്തെയും ക്ലാസിക്കുകളിലൊന്നായപ്പോള്‍ പാട്ടുകളെല്ലാം എവര്‍ഗ്രീന്‍ ഹിറ്റില്‍ ഇടംപിടിച്ചു. ചിത്രയുടെ ശബ്ദമാധുര്യം ഒരിക്കല്‍ കൂടി അമൃതമഴയായി പെയ്ത ചിത്രം കൂടിയായിരുന്നു വൈശാലി.
മാനാ മദുരൈ.... (1996)
ഊ.....ലലല്ലാ....ഊഊ ലലല്ലാ......ഒരുകാലത്ത് ക്യാമ്പസ് മുഴുവന്‍ പാടിപ്പതിഞ്ഞ ഗാനം. തമിഴ് സിനിമാഗാനരംഗത്തെ അന്നത്തെ ട്രെന്‍ഡ് സെറ്റര്‍ കൂടിയായ മാനാ മദുരൈ' അണിയിച്ചൊരുക്കിയത് മങ്കൊമ്പ് ഗോപാലകൃഷ്ണനും എ.ആര്‍ റഹ്‌മാനുമായിരുന്നു. പാട്ടുപോലെ തന്നെ മിന്‍സാര കനവ് എന്ന ചിത്രവും ഏറെ ജനപ്രീതി നേടി. രാജീവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കജോളും അരവിന്ദസാമിയുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്.
'പായലേം ചുന്‍മുന്‍ ചുന്‍മുന്‍...(1997)
പ്രിയദര്‍ശന് ഹിന്ദിയില്‍ മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത ചിത്രമായിരുന്നു വിരാസത്. ദക്ഷിണേന്ത്യന്‍ ഗായകര്‍ക്ക് ഹിന്ദി വഴങ്ങാന്‍ ബുദ്ധിമുട്ടാണെന്നാണ് പൊതുവില്‍ പറയാറ്. എന്നാല്‍ നാല് തവണ ദേശീയ പുരസ്‌കാരം നേടിയ ചിത്രയ്ക്ക് അഞ്ചാമത്തെ പുരസ്‌കാരം ആ ചിത്രത്തിലെ ഗാനത്തിനായിരുന്നു. ജാവേദ് അക്തറിന്റെ വരികളും അനുമാലിക് സംഗീത സംവിധാനവും നിര്‍വഹിച്ച 'പായലേം ചുന്‍മുന്‍ ചുന്‍മുന്‍' കുമാര്‍ സാനുവും ചിത്രയും കൂടിയാണ് ആലപിച്ചത്.
ഒവ്വൊരു പൂക്കളുമേ...(2004)
ഓട്ടോഗ്രാഫ് എന്ന തമിഴ് ചിത്രത്തിന് ജനഹൃദയങ്ങളില്‍ വേരാഴ്ത്താന്‍ സാധിച്ചതില്‍ അതിലെ പാട്ടുകള്‍ക്കുള്ള പങ്ക് ചെറുതല്ല. വികാരങ്ങളെ നിയന്ത്രിക്കാന്‍ പാട്ടുകള്‍ക്കാവുമെന്ന് തെളിയിച്ച നിരവധി പാട്ടുകള്‍ നമുക്ക് ചുറ്റുമുണ്ട്. ഒവ്വൊരു പൂക്കളുമേ... എന്ന ഗാനം ആ കാറ്റഗറിയിലാണ്. തളര്‍ന്നുവെന്ന് തോന്നുന്ന നിമിഷം ആ പാട്ടൊന്ന് പ്ലേ ചെയ്തു നോക്കൂ...ആ മാജിക് തന്നെയാവണം അക്കൊല്ലത്തെ ദേശീയപുരസ്‌കാരം ആ ഗാനത്തിലൂടെ കെ.എസ് ചിത്രയ്ക്ക് വീണ്ടും ലഭിച്ചത്.
മലയാളത്തിന്റെ വാനമ്പാടി
1983 മുതലാണ് സംഗീതലോകത്ത് ചിത്രയുടെ സുവര്‍ണകാലമാരംഭിക്കുന്നത്. മലയാളി നെഞ്ചേറ്റിയ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ പിറന്ന കാലം കൂടിയായിരുന്നു. സംഗീതലോകത്തെ മികച്ച കൂട്ടുകെട്ടുകള്‍ പിറന്ന കാലം കൂടിയായിരുന്നു അത്. എണ്‍പതുകളിലും തൊണ്ണൂറുകളിലും പിറന്ന ആ ഗാനങ്ങളാണ് ഇന്നത്തെ തലമുറയ്ക്ക് പോലും ഏറ്റവും പ്രിയപ്പെട്ടത്. വി. ദക്ഷിണാമൂര്‍ത്തി, എം.ബി.ശ്രീനിവാസന്‍, ജോണ്‍സണ്‍, എസ്.പി. വെങ്കിടേഷ്, മോഹന്‍ സിത്താര, കെ.വി. മഹാദേവന്‍, രഘുനാഥ് സേത്ത്, ഗംഗൈ അമരന്‍, ബേംബെ രവി, ഇളയരാജ, വിദ്യാസാഗര്‍, രാജാമണി,എം.ജി. രാധാകൃഷ്ണന്‍ തുടങ്ങി നിരവധി സംഗീത സംവിധായകര്‍ക്കുവേണ്ടി ചിത്ര പാടി. യേശുദാസ്, പി. ജയചന്ദ്രന്‍, എം.ജി.ശ്രീകുമാര്‍, ഉണ്ണിമേനോന്‍, വേണുഗോപാല്‍ എന്നീ ഗായകര്‍ക്കൊപ്പം ചിത്രയുടെ ഡ്യുവറ്റ് ഹിറ്റുകള്‍ പിറന്നു.
1985 മുതല്‍ 1995 വരെ പതിനൊന്ന് തവണയാണ് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം തുടര്‍ച്ചയായി ചിത്ര നേടുന്നത്. 16 തവണയാണ് ചിത്രയ്ക്ക് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. നിറക്കൂട്ടിലെ 'എന്റെ കാണാക്കുയില്‍', നഖക്ഷതങ്ങളിലെ 'മഞ്ഞള്‍ പ്രസാദവും', എഴുതാപ്പുറങ്ങളിലെ 'താലോലം പൈതല്‍ താലോലം', വൈശാലിയിലെ 'ഇന്ദുപുഷ്പം ചൂടിനില്‍ക്കും രാത്രി' , ഒരു വടക്കന്‍ വീരഗാഥയിലെ കളരിവിളക്കും മഴവില്‍ക്കാവടിയിലെ തങ്കത്തോണിയും, ഞാന്‍ ഗന്ധര്‍വനിലെ പാലപ്പൂവേയും ഇന്നലെയിലെ 'കണ്ണിന്‍ നിന്‍ മെയ്യില്‍' , കേളിയിലെ 'താരം വാല്‍ക്കണ്ണാടിയും' സാന്ത്വനത്തിലെ 'സ്വരകന്യകമാര്‍', സവിധത്തിലെ 'മൗനസ്വരമാകെ', സോപാനത്തിലെ 'പൊന്‍മേഘമേ'യും ചമയത്തിലെ 'രാജഹംസമേ'യും ഗസലിലെ 'സംഗീതമേ', പരിണയത്തിലെ 'പാര്‍വണേന്തുമുഖീ', ദേവരാഗമേയിലെ 'ശശികല ചാര്‍ത്തിയ ദീപാവലയം' എന്നീ ഗാനങ്ങള്‍ക്കായിരുന്നു യഥാക്രമം പുരസ്‌കാരം. 1999-ല്‍ അങ്ങനെ ഒരു അവധിക്കാലത്ത് എന്ന ചിത്രത്തിലെ ' പുലര്‍വെയിലും പകല്‍ മുകിലും', 2001-ല്‍ തീര്‍ത്ഥാടനത്തിലെ 'മൂളി മൂളിക്കാറ്റിനുണ്ടൊരു', 2002-ല്‍ നന്ദനത്തിലെ 'കാര്‍മുകില്‍ വര്‍ണന്റെ', 2005-ല്‍ നോട്ടത്തിലെ 'മയങ്ങിപ്പോയി' , 2016-ല്‍ കാംബോജിയിലെ 'നടവാതില്‍ തുറന്നില്ല' എന്നീ ഗാനങ്ങള്‍ക്കും പുരസ്‌കാരം ലഭിച്ചു
ദക്ഷിണേന്ത്യക്കാരുടെ ചിന്നക്കുയില്‍
ഇതരഭാഷാഗാനങ്ങളിലേക്ക് ചിത്രയ്ക്ക് എന്‍ട്രി നല്‍കുന്നത് സംഗീത സംവിധായകന്‍ ഇളയരാജയായിരുന്നു. അക്കൊല്ലം ഇളയരാജയ്ക്ക് വേണ്ടി പതിനൊന്ന് ചിത്രങ്ങളില്‍ ചിത്ര ഗാനങ്ങള്‍ ആലപിച്ചു.1985-ല്‍ തുടങ്ങിയ ആ പ്രയാണത്തിനിടെ പിറന്നത് രണ്ടായിരത്തിലധികം പാട്ടുകളും എണ്ണിയാല്‍ തീരാത്ത ബഹുമതികളുമായിരുന്നു. 1997-ല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരവും ചിത്രയെത്തേടിയെത്തി. 20 സംസ്ഥാനപുരസ്‌കാരങ്ങളാണ് ഇക്കാലയളവില്‍ മറ്റ് ഭാഷകളില്‍ ചിത്രയ്ക്ക് ലഭിച്ചത്. മലയാളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സംസ്ഥാനപുരസ്‌കാരം ലഭിച്ചത് തെലുങ്കിലായിരുന്നു. 11 തവണയാണ് ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ പുരസ്‌കാരം ചിത്രയെത്തേടിയെത്തിയത്. നാല് തവണ തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്‌കാരവും മൂന്ന് തവണ കര്‍ണാടക സര്‍ക്കാരിന്റേയും ഓരോ തവണ ഒഡിഷ സര്‍ക്കാരിന്റേയും പശ്ചിമബംഗാള്‍ സര്‍ക്കാരിന്റേയും പുരസ്‌കാരങ്ങളുമാണ് ചിത്ര കരസ്ഥമാക്കിയത്. ഇളയരാജ, എ.ആര്‍. റഹ്‌മാന്‍, എം.എസ്.വിശ്വനാഥന്‍, കീരവാണി, ഗംഗൈ അമരന്‍, ഹംസലേഖ, എസ്.പി. വെങ്കിടേഷ്, ശങ്കര്‍-ഗണേഷ്, വിദ്യാസാഗര്‍, ചന്ദ്രബോസ്, ദേവ തുടങ്ങി പ്രമുഖ സംഗീത സംവിധായകര്‍ക്ക് വേണ്ടി ചിത്ര പാടി.
തമിഴ്‌നാട് സര്‍ക്കാരിന്റെ സംസ്ഥാനപുരസ്‌കാരം ചിത്രയെത്തേടിയെത്തിയത് നാല് തവണയാണ്. ഏറ്റവും കൂടുതല്‍ സംസ്ഥാനപുരസ്‌കാരം(തമിഴ്‌നാട്) പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ പിന്നണിഗായികയും ചിത്രയാണ് (ഒന്നാമത് എസ്.ജാനകി- 6 പാട്ടുകള്‍). 1988 (വിവിധ ഗാനങ്ങള്‍), 1990-ല്‍ ചിന്നപൊണ്ണു താന്‍(വൈകാശി പൊറന്താച്ച്), 1995-ല്‍ കണ്ണാളനേ...(ബോംബെ),2004- ഒവ്വൊരു പൂക്കളുമേ (ഓട്ടോഗ്രാഫ്) എന്നീ ഗാനങ്ങള്‍ക്കായിരുന്നു പുരസ്‌കാരം.
1990-മുതല്‍ 93 വരെ നാല് തവണ തുടര്‍ച്ചയായി ചിത്ര പുരസ്‌കാരം നേടി. കലികി ചിലകല കൊലികി (സീതാരാമ്മയ്യ ഗരി മനവരാലു), എന്തൊരു മഹാനുഭാവുലു (രാജേശ്വരി കല്യാണം), ആകാശന സുരയുഡു (സുന്ദരകാണ്ഡ), വേണുവൈ വെച്ചനു(മാതൃ ദേവോ ഭവ) എന്നീ ഗാനങ്ങള്‍ക്കായിരുന്നു പുരസ്‌കാരം. പിന്നീട് 1996 മുതല്‍ 1999 വരെ തുടര്‍ച്ചയായി നാല് തവണയും, 2004,2009, 2014 വര്‍ഷങ്ങളിലും ചിത്ര പുരസ്‌കാരം നേടി
1996-ല്‍ ഹേളി കോകിലേ...എന്ന ഗാനത്തിനാണ് കന്നടയില്‍ ആദ്യ സംസ്ഥാന പുരസ്‌കാരം ചിത്രയെത്തേടിയെത്തുന്നത്. പിന്നീട് 2000-ലും 20004 ലും ചിത്ര പുരസ്‌കാരം നേടി. 1993-ല്‍ ആശ എന്ന ചിത്രത്തിലെ 'മോ കന്നുരേ..' എന്ന ഗാനത്തിനാണ് ഒഡിഷ സര്‍ക്കാരിന്റെ സംസ്ഥാനപുരസ്‌കാരം ചിത്രയ്ക്ക് ലഭിക്കുന്നത്.
1985 ല്‍ എസ്.പി. വെങ്കിടേഷാണ് ചിത്രയെ ബോളിവുഡിലേക്ക് കൂട്ടിയത്. എന്നാല്‍ ആദ്യഹിന്ദിഗാനങ്ങള്‍ റിലീസായില്ല. പിന്നീട് 1991ല്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് ചിത്ര ഹിന്ദി സിനിമയിലേക്കെത്തുന്നത്. ഏകദേശം 200 ഓളം ഗാനങ്ങള്‍ ചിത്ര ബോളിവുഡിന് വേണ്ടി ഇതിനോടകം പാടി. എസ്.പി. ബാലസുബ്രഹ്‌മണ്യം, കുമാര്‍ സാനു, ഹരിഹരന്‍, ഉദിത് നാരായണന്‍, സോനു നിഗം, വിനോദ് റാത്തോഡ്, കെ.കെ., ഷാന്‍ തുടങ്ങിയ മുന്‍നിര ഗായകര്‍ക്കൊപ്പം ചിത്ര ഗാനങ്ങള്‍ ആലപിച്ചു. 1995 ല്‍ എ.ആര്‍. റഹ്‌മാന്റെ സംഗീതത്തില്‍ ബോംബെയ്ക്ക് വേണ്ടി ആലപിച്ച കെഹനാ ഹി ക്യാ എന്ന ഗാനം ചിത്രയുടെ ഏറ്റവും വലിയ ബോളിവുഡ്ഹിറ്റായി.
1997 ല്‍ വിരാസത് എന്ന സിനിമയിലെ പായലേം ചുന്‍ മുന്‍ എന്ന ഗാനത്തിന് ദേശീയ പുരസ്‌കാരവും നേടി. ഹിന്ദിഗാനം പാടി ദക്ഷിണേന്ത്യയില്‍ നിന്നൊരു ഗായിക ദേശീയ പുരസ്‌കാരം നേടുന്നത് ആദ്യമായിരുന്നു. ഇപ്പോഴും ആ നേട്ടം ചിത്രയ്ക്ക് മാത്രം സ്വന്തം. യെ ഹസീന്‍ വാദിയാം ( ചിത്രം: റോജ), യാരോം സുന്‍ ലോ സരാ (ചിത്രം: രംഗീല), രാത് കാ നഷാ( ചിത്രം: അശോക), കോയി മില്‍ ഗയാ ( ചിത്രം: കോയി മില്‍ ഗയാ), തും ബിന്‍ ജിയാ ജായാ കൈസേ (ചിത്രം: തും ബിന്‍)...തുടങ്ങിയ ഗാനങ്ങള്‍ എക്കാലത്തേയും ഹിറ്റുകളായി. കൂടാതെ ചിത്ര ആലപിച്ച ഹിന്ദി ആല്‍ബങ്ങളില്‍ പിയാ ബസന്തിയിലെ ഗാനങ്ങള്‍ എടുത്തുപറയേണ്ടവയാണ്. ആ ആല്‍ബത്തിന്റെ റിലീസിന് ശേഷം ഉത്തരേന്ത്യയില്‍ ചിത്ര അറിയപ്പെട്ടിരുന്നത് തന്നെ പിയാ ബസന്തി ചിത്ര എന്നായിരുന്നു. സിനിമകള്‍ക്ക് വേണ്ടി മാത്രമല്ല സിനിമേതര ആല്‍ബങ്ങള്‍ക്കും ടെലിവിഷന്‍ പരിപാടികള്‍ക്കും വേണ്ടി ചിത്ര ഗാനങ്ങള്‍ ആലപിച്ചു.
മികച്ച പിന്നണി ഗായികയ്ക്കുള്ള ഹൗസ് ഓഫ് കോമണ്‍സില്‍വെച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ആദരവേറ്റ് വാങ്ങുന്ന ആദ്യ ഇന്ത്യന്‍ വനിത ചിത്രയാണ്. സംഗീതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് നല്‍കി വരുന്ന രാഷ്ട്രപതി അവാര്‍ഡ് (2018),എട്ട് ഫിലിംഫെയര്‍ അവാര്‍ഡ്, ഓണററി ഡോക്ടറേറ്റ് എന്നിവകൂടാതെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ദേശീയ പുരസ്‌കാരങ്ങളും ഈ അതുല്യപ്രതിഭയെ തേടിയെത്തി
Content Highlights: KS chithra, awards and honors, happy birthday, chithra songs, chithra hindi songs, tamil songs