മന്ത്രിസഭയെ ചര്‍ച്ചാവേദിയായാക്കിയ, ജുഡീഷ്യറിയെ മാനിച്ച നെഹ്‌റു| ശശി തരൂര്‍ എഴുതുന്നു

സ്വാതന്ത്ര്യാനന്തരം ആദ്യ പതിനേഴു വര്‍ഷത്തോളം ഇന്ത്യയെന്നാല്‍ നെഹ്രുവായിരുന്നു. വൈരുധ്യങ്ങളില്‍ ഉഴറിയിരുന്ന ജവാഹര്‍ലാല്‍ നെഹ്രു... അധ്വാനിക്കുന്ന കര്‍ഷകവിഭാഗങ്ങളോട് നിഗൂഢമായ സഹാനുഭൂതി പുലര്‍ത്തിയിരുന്ന ചിന്താമൂകനും എന്നാല്‍, ആദര്‍ശവാദിയുമായ ബുദ്ധിജീവി. തികഞ്ഞ സോഷ്യലിസ്റ്റ് ബോധ്യങ്ങളുള്ള, എന്നാല്‍ പ്രത്യേകാവകാശങ്ങള്‍ ശീലിച്ച കുലീനന്‍. ഹാരോയിലും കേംബ്രിജിലും പഠിച്ച, പത്തുവര്‍ഷത്തോളം ബ്രിട്ടീഷ് ജയിലില്‍ക്കഴിഞ്ഞ ഒരു ഇംഗ്ലീഷ് ഉത്പന്നം. സന്ന്യാസതുല്യനായ മഹാത്മാഗാന്ധിയുടെ സംരക്ഷകനായിത്തീര്‍ന്ന ആജ്ഞേയവാദി. 'നെഹ്രു: ദി ഇന്‍വെന്‍ഷന്‍ ഓഫ് ഇന്ത്യ' എന്ന 2003-ലിറങ്ങിയ എന്റെ പുസ്തകത്തിനുവേണ്ടിയുള്ള ഗവേഷണത്തിനിടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ ഭരണസംവിധാനത്തിലെ തന്റെ സഹപ്രവര്‍ത്തകരെക്കുറിച്ച് അഭിമാനത്തോടെയും ഉറച്ചവിശ്വാസത്തോടെയും പറഞ്ഞത് ''നമ്മളെല്ലാം നെഹ്രുവിയന്മാരാണ്'' എന്നാണ്.
ആ വാക്കുകള്‍ക്ക് ഇരുപതുവര്‍ഷം പ്രായമാകുമ്പോള്‍, നമ്മളിന്ന് നെഹ്രുവിന്റെ 134-ാം ജന്മവാര്‍ഷികമാഘോഷിക്കുകയാണ്. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ ഇന്ന് ആ ഭരണസംവിധാനത്തില്‍ നെഹ്രുവിയന്മാരാരും ശേഷിക്കുന്നില്ല. ഭരണത്തിലിരിക്കുന്ന ബി.ജെ.പി.യും അവരുടെ അണികളും നെഹ്രുവിനെ അപമാനിക്കാനുള്ള ഒരവസരംപോലും വിട്ടുകളയുന്നില്ല, പ്രത്യേകിച്ചും സാമൂഹികമാധ്യമങ്ങളില്‍. ചെയ്തുകൂട്ടുന്നതും മറന്നുപോകുന്നതും തുടങ്ങി എല്ലാ പാപങ്ങളും അവര്‍ നെഹ്രുവിനുമേല്‍ ചാര്‍ത്തുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ക്കാലം അധികാരത്തിലിരുന്നതും പ്രഥമപ്രധാനമന്ത്രിയുമായ നെഹ്രുവിനെ നമ്മുടെ ബോധ്യങ്ങളില്‍നിന്ന് പുറത്താക്കാന്‍ ബോധപൂര്‍വമായ കൂട്ടായശ്രമം നടക്കുന്നു. തീര്‍ച്ചയായും, ചരിത്രത്തെ തിരുത്തിയെഴുതിക്കൊണ്ടുതന്നെ. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ഒരു ജനാധിപത്യ, ബഹുസ്വര, സമത്വ ഇന്ത്യക്കായി അക്ഷീണം പോരാടിയ സ്വാതന്ത്ര്യസമര സേനാനികളുടെ കൂട്ടത്തില്‍നിന്ന് നെഹ്രുവിനെ ഒഴിവാക്കിക്കൊണ്ടുള്ള കള്ളക്കഥകള്‍ ചമച്ചുകൊണ്ട്. അദ്ദേഹത്തെ സ്വന്തം പ്രധാനമന്ത്രിയുടെ വസതിയിലെ അടിക്കുറിപ്പായി ചുരുക്കിക്കൊണ്ട് വിമര്‍ശകര്‍ക്ക് ഒരുപക്ഷേ, ആശ്വാസത്തിന്റെ നെടുവീര്‍പ്പിടാനായേക്കും. ഇതോടെ അവരുടെ ദൗത്യം കഴിഞ്ഞെന്നും ഇന്ത്യക്കാര്‍ നെഹ്രുവിനെ മറന്നെന്നും അവര്‍ കരുതുന്നു.
ഇതല്ലാതെ മറ്റൊന്നും അവര്‍ക്ക് ചെയ്യാനില്ല. അതിനാവുകയുമില്ല.
പര്‍വതത്തെ കല്ലെറിഞ്ഞിട്ടെന്തു കാര്യം
നെഹ്രുവിനെ അപകീര്‍ത്തിപ്പെടുത്തുകയെന്നാല്‍ പര്‍വതത്തിനുനേരെ കല്ലെറിയുന്നതുപോലെയാണ്. ഇന്ത്യക്ക് അദ്ദേഹം നല്‍കിയ സംഭാവനകളുടെ പകിട്ടുകുറയ്ക്കാന്‍ ആര്‍ക്കുമാവില്ല. ജവാഹര്‍ലാല്‍ നെഹ്രുവിന്റെ അസാധാരണ ജീവിതവും പ്രവര്‍ത്തനങ്ങളും ഓരോ ഇന്ത്യക്കാരന്റെയും പാരമ്പര്യത്തിന്റെ ഭാഗമായിക്കഴിഞ്ഞെന്നതാണ് സത്യം. ഇന്ത്യയില്‍ അദ്ദേഹത്തിനുള്ള സ്വാധീനം ആനുകാലികമായി പുനഃപരിശോധിക്കാനാകാത്തത്രയും മഹത്താണ്. അദ്ദേഹം നിലകൊണ്ട എല്ലാറ്റിനോടും നമ്മള്‍ യോജിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ പാരമ്പര്യം, അത് നമ്മുടേതുകൂടിയാണ്. ഇന്ന് നമ്മളെന്താണോ, അതിന് നാം ഒരു മനുഷ്യനോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ കഥ നമുക്ക് കേവലം ചരിത്രം മാത്രമല്ലാതാകുന്നത്.
'ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യരാജ്യം' എന്ന പേര് ഇന്നും ഇന്ത്യക്കാര്‍ക്ക് അഭിമാനമായി തുടരുന്നുണ്ട്. ചോദ്യംചെയ്യപ്പെടാനാകാത്തവിധം ഇന്ത്യയുടെ നേതാവായ ഒരു മനുഷ്യന്റെ ശിക്ഷണത്തിലാണ് നാമത് നേടിയത്. അതുകൊണ്ടുതന്നെ ആ സ്വാതന്ത്ര്യത്തിന്റെ വെല്ലുവിളിക്കാനാകാത്തവിധമുള്ള പ്രതിരൂപവും. തടസ്സംനില്‍ക്കുന്നവരോട് രാജിഭീഷണി മുഴക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. എന്നാല്‍, അവയൊന്നും അത്രത്തോളം തീക്ഷ്ണമായിരുന്നില്ല. കോണ്‍ഗ്രസ് അതിന്റെ പ്രത്യയശാസ്ത്രപരമായ കെട്ടുറപ്പില്‍നിന്ന് അകന്നുപോകുന്നെന്നു തോന്നിയപ്പോഴൊക്കെ പാര്‍ട്ടിയെ ശരിയായ പാതയിലേക്ക് നയിക്കാന്‍ നെഹ്രു അവ ഉപയോഗിച്ചിട്ടുണ്ട്. രാജ്യത്തെ ആദ്യ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പുപോലും അങ്ങനെയുണ്ടായി. കോണ്‍ഗ്രസില്‍ പുരുഷോത്തം ദാസ് ടണ്ഠന്റെ സ്വാധീനവും പാര്‍ട്ടിയുടെ വലതുപക്ഷ ചായ്വും അന്നദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു. പിന്നീട് വീണ്ടും 1958-ല്‍ അദ്ദേഹം വിരമിക്കാനുള്ള തന്റെ ആഗ്രഹം പൊതുസദസ്സില്‍ത്തന്നെ വ്യക്തമാക്കി. ''ഈ നിരന്തര ഭാരത്തില്‍നിന്ന് മുക്തനായി, ഇന്ത്യയുടെ പ്രധാനമന്ത്രിയെന്നല്ലാതെ ഇന്ത്യയുടെ ഒരു സാധാരണപൗരനായി സ്വയംമാറാന്‍ ആഗ്രഹമുണ്ട്'' എന്നദ്ദേഹം പറഞ്ഞു. അന്ന് അദ്ദേഹത്തെ രാജിവെക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍, ജനാധിപത്യപരമായ വലിയപേര് അദ്ദേഹത്തിന് നേടാമായിരുന്നു. വികസ്വരരാജ്യങ്ങളുടെ ആദ്യ നേതാക്കളാരും അതിനുമുന്പ് സ്വമേധയാ രാജിവെച്ചിരുന്നില്ല. 1970-കള്‍വരെ അതങ്ങനെത്തന്നെ തുടര്‍ന്നിരുന്നു.
പ്രധാനമന്ത്രി എന്ന നിലയില്‍
പ്രധാനമന്ത്രിയെന്ന നിലയില്‍, രാജ്യത്തിന്റെ ശൈശവാവസ്ഥയിലുള്ള ജനാധിപത്യ സ്ഥാപനങ്ങളെ വളര്‍ത്തിയെടുത്തത് നെഹ്രുവാണ്. എക്കാലവും തുല്യരില്‍ മുമ്പനായിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. രാജ്യത്തെ ആചാരപരമായ പദവികള്‍ മാത്രമായിട്ടുകൂടി രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളോട് വലിയ ആദരവു പുലര്‍ത്തി. പ്രോട്ടക്കോള്‍ പ്രകാരം അവര്‍ തനിക്കു മുന്നിലാണെന്നത് മറക്കാന്‍ ഒരിക്കലും പൊതുജനങ്ങളെ അദ്ദേഹം അനുവദിച്ചതുമില്ല. ജനാധിപത്യപരമായ ഇടപെടലുകളും നടപടികളുമില്ലാതെ വ്യര്‍ഥമായി തുടര്‍ന്നിരുന്ന ഒരു റിപ്പബ്ലിക്കിനെ നിലനിര്‍ത്താന്‍ വെറും ഭരണഘടനയുടെ സാന്നിധ്യംകൊണ്ടു മാത്രമാവില്ലെന്ന് നെഹ്രു വിശ്വസിച്ചു. അതുകൊണ്ട് അദ്ദേഹം തന്റെ നയങ്ങള്‍ വിശദീകരിച്ചും അവരുടെ അഭിപ്രായങ്ങള്‍ തേടിയും മുഖ്യമന്ത്രിമാര്‍ക്ക് രണ്ടാഴ്ചയിലൊരിക്കല്‍ കത്തുകളെഴുതി. പ്രാധാന്യമുള്ള എല്ലാ കാര്യങ്ങളും ചര്‍ച്ചചെയ്യാനുള്ള വേദിയായി മന്ത്രിസഭയെ മാറ്റിയെടുത്തു. എന്നാല്‍, ജുഡീഷ്യറിയില്‍നിന്ന് സ്വയം അകലംപാലിക്കുകയും അതിന്റെ പവിത്രതയെ മാനിക്കുകയും ചെയ്തു. ജനാധിപത്യത്തിന്റെ കരുത്തിന് ശക്തമായ പ്രതിപക്ഷമുണ്ടാകണമെന്ന ബോധ്യമുള്ളതിനാല്‍ സ്വയം തന്നെയും തന്റെ സര്‍ക്കാരിനെയും പാര്‍ലമെന്റില്‍ ക്രോസ് വിസ്താരത്തിന് വിധേയനാക്കി. ഭരണഘടനാവിദഗ്ധന്‍ ഗ്രാന്‍വില്‍ ഓസ്റ്റിന്റെ വാക്കുകള്‍പ്രകാരം '1950-ന് സര്‍ദാര്‍ പട്ടേലിന്റെ മരണത്തിനുശേഷം നെഹ്രുവിന്റെ ഉദാരീകരണമല്ലാതെ മറ്റൊന്നും അദ്ദേഹത്തിന്റെ ഏകപക്ഷീയമായ ഭരണത്തിനു തടസ്സമായിരുന്നില്ല.'
ജനാധിപത്യവും ജനങ്ങളും
നെഹ്രുവിന്റെ ലക്ഷ്യം ജനാധിപത്യത്തെ വിലമതിക്കുന്നവരാക്കി ഇന്ത്യക്കാരെ മാറ്റിത്തീര്‍ക്കുക എന്നതായിരുന്നു. കാരണം, ലോകത്ത് ഒരു ജനതയ്ക്കും ജനാധിപത്യത്തിന്റെ കാര്യത്തില്‍ സവിശേഷമായ അവകാശവാദമില്ലെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. തങ്ങളെത്തന്നെ ഭരിക്കുന്ന രീതിയില്‍ അവര്‍ സാഹചര്യങ്ങള്‍ക്കൊത്തുയരേണ്ടതുണ്ടെന്നും അദ്ദേഹം കരുതി. ജനാധിപത്യസ്വഭാവം ഒട്ടുമില്ലാത്ത ഇന്ത്യയുടെ മണ്ണില്‍ ജനാധിപത്യം സ്ഥാപിക്കുക എന്നത് ഒരു പുറംമിനുക്കല്‍ മാത്രമായിരിക്കുമെന്ന് അംബേദ്കറെപ്പോലെ നെഹ്രുവിനും തോന്നിയിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന മൂന്നു പൊതുതിരഞ്ഞെടുപ്പുകളിലും അക്കാര്യം തെളിഞ്ഞുകണ്ടു.
1957-ഓടെ, തിരഞ്ഞെടുപ്പിനെ ഒരു വിദ്യാഭ്യാസ പ്രക്രിയയായി കണ്ടുകൊണ്ട് 'ഇന്ത്യയിലെ 37 കോടി ജനങ്ങള്‍ക്കുള്ള സര്‍വകലാശാല' എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. മാധവന്‍ കെ. പാലാട്ട് എഴുതിയതുപോലെ 'താനൊരു സ്‌കൂള്‍ മാസ്റ്ററെ'പ്പോലെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ജവാഹര്‍ലാല്‍ സമ്മതിച്ചിരുന്നു. ഒപ്പം മൂന്നാം പൊതുതിരഞ്ഞെടുപ്പില്‍ ഒരു പ്രൊഫസറെപ്പോലെ ലക്ചറിങ് നടത്തിയതിന് അദ്ദേഹം ജനങ്ങളോട് ക്ഷമ ചോദിക്കുകയും ചെയ്തു.നിരന്തരമായ ഈ 'ലക്ചറിങ്', ഭാവിയില്‍ ജനാധിപത്യം തിരഞ്ഞെടുപ്പ് എന്ന ഏക പ്രക്രിയയിലേക്ക് ഒതുങ്ങുന്ന രീതിയില്‍ നേര്‍ത്തുപോയേക്കാമെന്ന സംഭ്രാന്തി അദ്ദേഹത്തെ പിടികൂടിയതിന്റെ ഫലമായിരുന്നെന്ന് ഇപ്പോള്‍ നമ്മുടെ കണ്‍മുന്നില്‍ മറനീക്കി പുറത്തുവരുന്നുണ്ട്.
തിരഞ്ഞെടുപ്പല്ല അന്തിമ ലക്ഷ്യം
രാഷ്ട്രീയ നേതാക്കള്‍, അധികാരം കിട്ടിയാല്‍ ജനങ്ങളില്‍നിന്ന് അകലാനും ഹതഭാഗ്യരായ തങ്ങളുടെ വോട്ടര്‍മാരോടുള്ള ഉത്തരവാദിത്വം മറക്കാനുമുള്ള സാധ്യത അദ്ദേഹം മുന്‍കൂട്ടി ചിന്തിച്ചിരുന്നു. തിരഞ്ഞെടുപ്പിനെ ഒരു ലക്ഷ്യത്തിലേക്കുള്ള മാര്‍ഗമായിട്ടാണ് ജവാഹര്‍ലാല്‍ കണ്ടിരുന്നത്. അത് പൊതുജനങ്ങള്‍ക്കിടയില്‍ അര്‍ഥപൂര്‍ണമായ ചര്‍ച്ചകളെ ഉത്തേജിപ്പിക്കുന്നതും ആത്മാര്‍ഥതയും ഉത്തരവാദിത്വബോധവുമുള്ള വ്യക്തികളെ അധികാരസ്ഥാനത്ത് എത്തിക്കാനുതകുന്നതുമാകണം. അല്ലാതെ തിരഞ്ഞെടുപ്പ് ഒരു കേവലലക്ഷ്യം മാത്രമായാല്‍, അത് ജനാധിപത്യത്തെ ജീര്‍ണിപ്പിക്കുകയും ഫലത്തില്‍ 'തിരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യം' (പ്രശസ്തമായ V-dem ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യന്‍ ജനാധിപത്യത്തെ വിശേഷിപ്പിക്കുന്നത്) ആക്കി അതിനെ മാറ്റുകയും ചെയ്യുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
എന്താണ് ഭാരതം
ഭാരത് മാതാ കീ ജയ് എന്ന വിജയഭേരി (ഭാരതമാതാവിന്റെ വിജയം) നെഹ്രുവിനെ അലോസരപ്പെടുത്തിയിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് വളരെ മുമ്പുതന്നെ, വന്‍ ജനാവലി അങ്ങനെ ആര്‍ത്തുവിളിച്ചുകൊണ്ട് നെഹ്രുവിനെ അഭിവാദ്യംചെയ്തപ്പോള്‍, അതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചിരുന്നു.
ഇന്ത്യയെ കണ്ടെത്തല്‍ എന്ന പുസ്തകത്തില്‍ ജവാഹര്‍ലാല്‍ എഴുതുന്നു: 'ഇന്ത്യ എന്നത് അവര്‍ അതിനെപ്പറ്റി എങ്ങനെയാണോ ചിന്തിക്കുന്നത് അതെല്ലാമാണെന്ന് ഞാന്‍ പറയും. പക്ഷേ, ഇന്ത്യയെന്നത് അതിലും എത്രയോ ഉപരിയാണ്. ഇന്ത്യയിലെ പര്‍വതങ്ങളും നദികളും അതേപോലെ വനങ്ങളും അന്നംതരുന്ന വിശാലമായ പാടങ്ങളും എല്ലാം നമുക്ക് പ്രിയപ്പെട്ടതാണ്. പക്ഷേ, അത്യന്തികമായി പരിഗണിക്കപ്പെടേണ്ടത് ഇന്ത്യയിലെ ജനങ്ങളെയാണ്. എന്നെയും അവരെയും പോലെയുള്ള ഈ വിശാലഭൂപ്രദേശമാകെ പരന്നുകിടക്കുന്നവര്‍. ഭാരതമാതാവ് അഥവാ മദര്‍ ഇന്ത്യ എന്നത് തീര്‍ച്ചയായും ഈ ലക്ഷോപലക്ഷം ജനങ്ങളാണ്.'
ജനങ്ങളല്ലാതെ മറ്റാര്
നെഹ്രുവിനെ സംബന്ധിച്ച് അപകോളനീകരണം എന്നതിനര്‍ഥം, ഇന്ത്യന്‍ വൈവിധ്യങ്ങളുടെ ഒരേയൊരു ചുമതലക്കാരും ഇന്ത്യയുടെ ഭാവി എന്താകണമെന്ന കാര്യത്തില്‍ അന്തിമമായി തീര്‍പ്പുകല്പിക്കേണ്ടവരും ഇന്ത്യയിലെ ജനങ്ങളായ നമ്മള്‍ തന്നെയാണ് എന്ന തിരിച്ചറിവ് ഉണ്ടാവുക എന്നതാണ്. പൗരന്മാര്‍ രാഷ്ട്രീയാധികാരത്തിന്റെ ഊര്‍ജസ്രോതസ്സായി നിലക്കൊള്ളുന്നതും ഈ വസ്തുത അവരെ എപ്പോഴും ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നതുമായ ഒരു രാഷ്ട്രം കെട്ടിപ്പടുത്ത്, ആ ഇന്ത്യയില്‍ ഓരോ വ്യക്തിത്വത്തിന്റെയും പൊതു ഇടം സംരക്ഷിച്ച് അതുവഴി ഇന്ത്യയുടെ വൈവിധ്യങ്ങളെ സുരക്ഷിതമാക്കാനാണ് നെഹ്രു ശ്രമിച്ചത്. അതായിരുന്നു ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ഇന്ത്യയെക്കുറിച്ചുള്ള ദര്‍ശനം. അദ്ദേഹത്തിന്റെ വിയോഗത്തിന് ആറുപതിറ്റാണ്ടുകള്‍ക്കിപ്പുറവും കോടിക്കണക്കിന് ഇന്ത്യക്കാര്‍ അദ്ദേഹമുള്‍ക്കൊണ്ട രാഷ്ട്രമൂല്യങ്ങളില്‍ അഭിമാനിക്കുന്നു. അതുയര്‍ത്തിപ്പിടിക്കുന്നു. അതുതന്നെയാണ് അദ്ദേഹത്തിന്റെ ന്യായീകരണവും.
Content Highlights: The importance of being Nehru, Shashi Tharoor, significance of Nehru, children's day