ഇരട്ടി പവർ, ഇരട്ടി പഞ്ച്; നെയ്യാറ്റിൻകര ഗോപൻ... 'ചാലാ ഡെയ്ഞ്ചറസ്' | Aaraattu Review

ആറാട്ടിൽ മോഹൻലാൽ | ഫോട്ടോ: www.facebook.com|ActorMohanlal|photos
ആറാട്ടിൽ മോഹൻലാൽ | ഫോട്ടോ: www.facebook.com|ActorMohanlal|photos

റാട്ട് എന്ന് കേൾക്കുമ്പോൾ എല്ലാവരുടേയും മനസിലേക്ക് വരുന്ന ഒരു ചിത്രമുണ്ട്. ചെണ്ടമേളവും കൊമ്പന്മാർ അണിനിരക്കുന്ന എഴുന്നെള്ളത്തും ആൾക്കൂട്ടവുമെല്ലാമുള്ള ഉത്സവത്തിന്റേതായ ഒരു ചിത്രം. പലപ്പോഴും ആഘോഷിക്കുക എന്നതിനുള്ള മറുവാക്കായി പോലും ആറാട്ട് ഉപയോ​ഗിക്കാറുണ്ട്. അത്തരത്തിൽ ഉത്സവാന്തരീക്ഷം നിറഞ്ഞ ചിത്രമാണ് ബി ഉണ്ണിക്കൃഷ്ണൻ-ഉദയ്കൃഷ്ണ- മോഹൻലാൽ ടീമിന്റെ നെയ്യാറ്റിൻകര  ​ഗോപന്റെ ആറാട്ട്.

വർണാഭമാണ് ഓരോ രം​ഗവും. ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ നേരത്തെ പറഞ്ഞ ആ ഉത്സവാന്തരീക്ഷമാണ് സ്ക്രീനിൽ. പാട്ട്, ഡാൻസ്, കോമഡി, മാസ് ഡയലോ​ഗുകൾ, സംഘട്ടനങ്ങൾ എന്നിവയെല്ലാം അടുക്കിവെച്ചുണ്ടാക്കിയ രണ്ടേമുക്കാൽ മണിക്കൂർ പാക്കേജാണ് ആറാട്ട്. പാലക്കാട്ടെ ഒരു ​ഗ്രാമത്തിലേക്ക് വരുന്ന ​ഗാനഭൂഷണം നെയ്യാറ്റിൻകര ​ഗോപനും അയാൾക്ക് ചുറ്റുമുള്ള ആളുകളും സംഭവവികാസങ്ങളും ചേർന്നാണ് സിനിമയെ മുന്നോട്ടുനയിക്കുന്നത്.

ആഘോഷമായി കാണേണ്ട ചിത്രമാണ് ആറാട്ട്. ഓരോ ഫ്രെയിമിലും മാസ് എന്ന ഘടകം കൊണ്ടുവരാൻ സംവിധായകനും തിരക്കഥാകൃത്തും ശ്രമിച്ചിട്ടുണ്ട്. നടൻ എന്നതിലുപരി മോഹൻലാലിലെ സൂപ്പർ താര പ്രഭാവത്തെയാണ് ചിത്രം ചൂഷണം ചെയ്തിരിക്കുന്നത്. ആരാധകർക്ക് ഇഷ്ടപ്പെടുന്ന മോഹൻലാലിനെ അവതരിപ്പിക്കുന്നതിൽ ബി ഉണ്ണികൃഷ്ണനും ഉദയ്കൃഷ്ണനും വിജയിച്ചിട്ടുണ്ട്. അതേസമയം തന്നെ മറ്റുകഥാപാത്രങ്ങളുടെ പ്രാധാന്യം കുറഞ്ഞിട്ടുമില്ല.

ഒരുപാട് നടീനടന്മാരുടെ സാന്നിധ്യമുണ്ടെങ്കിലും അവർ ആരൊക്കെയാണെന്ന് കൃത്യമായി പ്രേക്ഷകന് മനസിലാകുന്നുണ്ട്. അതായത് ഓരോരുത്തരും ചെയ്യേണ്ടതെന്തെന്ന് കൃത്യമായി പറഞ്ഞുകൊടുത്തിട്ടുണ്ടെന്ന് സാരം. മുഴുനീള കഥാപാത്രങ്ങൾ മുതൽ ചെറിയ രം​ഗത്തിൽ വരുന്നവർ വരെ ഇതിൽപ്പെടുന്നു. ഒരു ആക്ഷൻ മസാല ചിത്രമെന്നതിൽക്കവിഞ്ഞ് ഒരുഘട്ടത്തിൽ ത്രില്ലർ മൂഡിലേക്ക് കൂടി ചെല്ലുന്നുണ്ട് ചിത്രം.

​ഗാനഭൂഷണം നെയ്യാറ്റിൻകര ​ഗോപനായി മോഹൻലാലിന്റെ നിറഞ്ഞാട്ടമാണ് ചിത്രത്തിലുടനീളം. ഊർജ്ജസ്വലതയോടെ നൃത്തം ചെയ്യുന്ന, മെയ് വഴക്കത്തോടെ സംഘട്ടനരം​ഗങ്ങൾ ചെയ്യുന്ന താരത്തെ ചിത്രത്തിൽ കാണാം. സിദ്ദിഖ്, വിജയരാഘവൻ, ശ്രദ്ധ ശ്രീനാഥ്, രവികുമാർ, അശ്വിൻ, ലുക്മാൻ, ശ്രദ്ധ ശ്രീനാഥ്, രചന നാരായണൻകുട്ടി, ഡോ. റോണി തുടങ്ങി എല്ലാവരും അവരവരുടെ റോൾ ഭം​ഗിയായി ചെയ്തു. നെടുമുടി വേണു, കോട്ടയം പ്രദീപ് എന്നിവരുടെ അവസാന ചിത്രമെന്ന നിലയിലും ആറാട്ട് ഓർമിക്കപ്പെടും. ഇടയ്ക്ക് അതിഥിയായെത്തി എ.ആർ. റഹ്മാനും പ്രേക്ഷകരെ ഇളക്കിമറിക്കുന്നുണ്ട്.

വിജയ് ഉല​ഗനാഥിന്റെ ചടുലമായ ഛായാ​ഗ്രഹണവും രാഹുൽരാജിന്റെ സം​ഗീതവിഭാ​ഗവും ചേർന്ന് ആറാട്ടിന്റെ പവർ ഇരട്ടിപ്പിക്കുന്നുണ്ട്. ചുരുക്കത്തിൽ ആട്ടവും പാട്ടുമെല്ലാമായി എല്ലാം മറന്ന് ആഘോഷിച്ച് കണ്ടറിയാനുള്ള എനർജറ്റിക് ചിത്രമാണ് നെയ്യാറ്റിൻകര ​ഗോപന്റെ ആറാട്ട്.

Content Highlights: Aaraattu Review, mohanlal, b unnikrishnan, neyyattinkara gopante aaraattu

Content Highlights: