കതിര്‍ മണ്ഡപത്തില്‍ നിന്ന് നേരേ സിനിമാ തിയേറ്ററിലേക്ക്

തിരുവനന്തപുരം: സുരഭിയുടെ കഴുത്തില്‍ ഇക്കുറി ഡെലിഗേറ്റ് പാസിനൊപ്പം താലിമാലയുമുണ്ടായിരുന്നു. പാമ്പള്ളിയുടെ കണ്ണില്‍ പുതുജീവിതത്തിന്റെ വെള്ളിത്തിളക്കവും. ആറുവര്‍ഷം മുന്‍പ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍വെച്ച് പരിചയപ്പെട്ട യുവസംവിധായകനായ പാമ്പള്ളിയും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ഉദ്യോഗസ്ഥയായ സുരഭിയുമാണ് ഞായറാഴ്ച വിവാഹിതരായത്.
കല്ലമ്പലത്തെ കതിര്‍മണ്ഡപത്തില്‍നിന്ന് അവര്‍ നേരെ പോന്നത് ടാഗോറിലെ മേള വേദിയിലേക്ക്. വിവാഹവേഷത്തില്‍ത്തന്നെ ടാഗോറിലെത്തിയ പെണ്ണിനെയും ചെക്കനെയും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തും സെക്രട്ടറി സി.അജോയും ചേര്‍ന്ന് സ്വീകരിച്ചു. ഐ.എഫ്.എഫ്.കെ. ലോഗോ പതിച്ച കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ച ശേഷം ദമ്പതിമാര്‍ നേരേ സിനിമ കാണാനായി തിയേറ്ററിലേക്ക്.
രണ്ട് ദേശീയ അവാര്‍ഡുകളുള്‍പ്പെടെ നേടിയ ജസരി ഭാഷയിലുള്ള 'സിന്‍ജാര്‍' എന്ന സിനിമയുടെ സംവിധായകനായ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ പാമ്പള്ളി, 2017-ലെ മേളയ്ക്കിടെയാണ് കല്ലമ്പലം സ്വദേശി സുരഭിയെ പരിചയപ്പെടുന്നത്. അടുത്തതവണ കണ്ടുമുട്ടുമ്പോള്‍ പാമ്പള്ളി 60ലേറെ അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച തന്റെ സിനിമയായ 'സിന്‍ജാറു'മായി 'ഒഫീഷ്യ'ലായാണ് മേളയ്ക്ക് എത്തിയത്. ഐ.എഫ്.എഫ്.കെ. കാര്യമൊന്നുമറിയാത്ത വീട്ടുകാര്‍ നിശ്ചയിച്ച കല്യാണ തീയതിയും മേളയ്ക്കിടയിലെതന്നെയായി. പാസെടുത്തെങ്കിലും ഇക്കുറി മേള മുടങ്ങുമല്ലോ എന്ന സങ്കടം 'ലോര്‍ഡ് ഓഫ് ആന്‍ഡ്' കണ്ട് ഇരുവരും തീര്‍ത്തു.
Content Highlights: pampally director, marriage, international film festival of Kerala, IFFK 2022