ലിജോയുടെ ഏറ്റവും മികച്ച സിനിമ; 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന് അഭിനന്ദന പ്രവാഹം

nanpakal nerathu mayakkam
nanpakal nerathu mayakkam

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തിയ ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന് മികച്ച അഭിപ്രായം. കഴിഞ്ഞ ദിവസമാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ലിജോ ജോസിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണിതെന്നും മമ്മൂട്ടിയുടെ പ്രകടനം അതിനോഹരമാണെന്നും ഡെലിഗേറ്റുകള്‍.  

നന്‍ പകല്‍ നേരത്ത് മയക്കം' ആദ്യ പ്രദര്‍ശനത്തില്‍ തന്നെ കണ്ടു; നമ്മുടെ കാലത്തെ ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരില്‍ ഒരാളെന്ന് ലിജോ ജോസ് പല്ലിശ്ശേരിയെ അടയാളപ്പെടുത്തുന്ന സിനിമ; മഹാ നടന്റെ അസാധ്യ പ്രകടനം! പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത ആഗ്രഹിച്ചു  തന്നെയാണ് ചിത്രത്തിന് കയറിയതെങ്കിലും പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു മമ്മൂട്ടി-ലിജോ-ഹരീഷ് ടീമിന്റെ ചലച്ചിത്ര വിരുന്ന്. പേരന്‍പ്, കര്‍ണന്‍ തുടങ്ങിയ ചിത്രങ്ങളുടെ ചായാഗ്രാഹകന്‍ തേനി ഈശ്വര്‍, നന്‍ പകല്‍ നേരത്ത് മയക്ക' ത്തിന്റെ ദൃശ്യങ്ങളെ അതിമനോഹരമാക്കി. ടാഗോര്‍ തിയേറ്ററില്‍ നിറഞ്ഞു കവിഞ്ഞിരുന്ന് സിനിമ കണ്ട പ്രേക്ഷകരുടെ മനസ് നിറച്ച ചലച്ചിത്രാനുഭവം- കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ് കുറിച്ചു. 

നന്‍പകല്‍ നേരത്തെ മയക്കം കണ്ടു. ലിജോയുടെ ഏറ്റവും മികച്ച സിനിമ ഇതാണെന്ന് തോന്നി. തിരക്കഥാകൃത്ത് ഹരീഷിനെയും മയക്കത്തിന്റെ നായകന്‍ മമ്മൂട്ടിയെയും പ്രത്യേകം അഭിനന്ദിക്കാതെ വയ്യ!- സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു. 

റിസര്‍വേഷന്‍ ചെയ്ത ആളുകള്‍ക്ക് പോലും സിനിമ കാണാന്‍ സാധിക്കാതെ വന്നതോടെ പ്രദര്‍ശന വേദിയായ ടാഗോര്‍ തിയേറ്ററില്‍ സംഘര്‍ഷമുണ്ടായി. ഡെലിഗേറ്റുകളില്‍ ചിലര്‍ തിയേറ്ററിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പോലീസും ഡെലിഗേറ്റുകളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഏറെ പണിപ്പെട്ടാണ് പോലീസ് ആളുകളെ നിയന്ത്രിച്ചത്. കൂടുതല്‍ പോലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.

ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ തിങ്കളാഴ്ച വൈകുന്നേരം 3:30-നായിരുന്നു നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍. ഷോ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ തിയേറ്ററിന് മുന്നില്‍ ആളുകള്‍ വരി നിന്ന് തുടങ്ങിയിരുന്നു. ഇതിനിടെ റിസേര്‍വ് ചെയ്യാത്തവരെ കയറ്റിവിടുന്നുണ്ടെന്ന പരാതികള്‍ വരി നിന്നിരുന്ന ഡെലിഗേറ്റുകള്‍ ഉയര്‍ത്തിയിരുന്നു.

സിനിമയുടെ പ്രദര്‍ശനം ആരംഭിച്ചതോടെ റിസേര്‍വ് ചെയ്ത ഡെലിഗേറ്റുകള്‍ക്കും പ്രവേശനം അനുവദിക്കാത്തതോടെയാണ് ടാഗോര്‍ തീയേറ്ററിന് മുന്നില്‍ സംഘര്‍ഷവും പ്രതിഷേധവും അരങ്ങേറിയത്. ഇതിനിടെ തിയേറ്ററിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പോലീസ് ഇടപെടുകയായിരുന്നു.

ഇതോടെ 'പോലീസ് ഗോ ബാക്ക്' മുദ്രാവാക്യങ്ങളോടെ തിയേറ്ററിന് മുന്നില്‍ ഡെലിഗേറ്റുകള്‍ സംഘംചേര്‍ന്നു. പ്രതിഷേധം കനത്തതോടെ ഡെലിഗേറ്റുകളില്‍ നിന്ന് രണ്ട് പ്രതിനിധികളെ സംഘാടകരുമായി ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. നന്‍പകല്‍ നേരത്ത് മയക്കം എന്ന എന്ന ചിത്രം കാണാന്‍ തിയേറ്ററിനുള്ളില്‍ കയറാന്‍ സാധിക്കാത്തവര്‍ക്ക് വേണ്ടി ഒരു ഷോ കൂടി അനുവദിക്കണമെന്നാണ് ഡെലിഗേറ്റുകളുടെ ആവശ്യം. ചര്‍ച്ചയ്ക്ക് ശേഷം അനുകൂല തീരുമാനം സംഘാടകരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമായി തന്നെ തുടരുമെന്ന് പ്രതിഷേധക്കാര്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.


 

Content Highlights: nanpakal nerathu mayakkam IFFK mammootty lijo jose pellissery movie