അന്ന് ആടിനെ വിറ്റ പണം ഇന്ന് ചായക്കടയിലെ വരുമാനം;ദുരിതാശ്വാസനിധിയിലേക്ക് പതിനായിരം രൂപ നൽകി സുബൈദുമ്മ

ദുരന്തഭൂമിയായ വയനാടിനെ ഒരുമനസ്സോടെ ഒരു നാടൊന്നാകെ ചേർത്തുപിടിക്കുകയാണ്. ഒരു നേരത്തെ ഭക്ഷണത്തിനായി മുണ്ടുമുറുക്കിയുടുത്ത് പണിയുന്നവർ മുതൽ കുഞ്ഞുങ്ങൾ വരെ സ്വരുക്കൂട്ടി വെച്ചതെല്ലാം നിറഞ്ഞമനസ്സോടെ പങ്കുവെയ്ക്കുന്നു. വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്കായി ചായക്കടയിൽ നിന്നുള്ള വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരിക്കുകയാണ് പള്ളിത്തോട്ടം സ്വദേശിനി സുബൈദ ഉമ്മ. ചവറ എം.എൽ.എ. സുജിത്ത് വിജയൻപിള്ള തൻ്റെ ഫെയ്സ്ബുക്കിലൂടെയാണ് സുബൈദ ഉമ്മയുടെ നന്മ ലോകത്തെ അറിയിച്ചത്.
2018-ലെ വെള്ളപൊക്കത്തിലും സുബൈദ ഉമ്മ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.അന്ന് ആടുകളെ വിറ്റ പണമാണ് നൽകിയത്. ഇപ്പോൾ തൻ്റെ ചായക്കടയിൽ നിന്നുള്ള വരുമാനമായ പതിനായിരം രൂപയാണ് നൽകിയത്. കളക്‌ടറേറ്റിലെത്തി ജില്ലാ കളക്ടർക്ക് നേരിട്ട് തുക കൈമാറുകയായിരുന്നു. പള്ളിത്തോട്ടം പോലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തിയാണ് സുബൈദ ഉമ്മ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്.
Content Highlights: elderly woman donates her income from teashop to relief fund wayanad landslide