'അടിസ്ഥാന പൗരബോധമില്ലേ?'; വിമാനത്തിന്റെ നടവഴി തടഞ്ഞ് ചീട്ടുകളി, രൂക്ഷവിമർശനം | VIDEO

വീഡിയോയിൽ നിന്ന് | Photo: Instagram:mahaveergandhi
വീഡിയോയിൽ നിന്ന് | Photo: Instagram:mahaveergandhi

ദിവസങ്ങൾക്ക് മുമ്പാണ് തായ്‌ലൻഡിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിൽ നൃത്തംചെയ്ത ഒരുകൂട്ടം ഇന്ത്യൻ സഞ്ചാരികൾക്കെതിരേ രൂക്ഷവിമർനം ഉയർന്നത്. ചിലർ ഇതിനെ "നാണക്കേട്" എന്നും അടിസ്ഥാന പൗരബോധം ഇല്ലാത്ത പ്രവൃത്തിയെന്നുമാണ് വിമർശിച്ചത്.  ഇപ്പോഴിതാ, വിമാനത്തിലെ നടവഴി ചീട്ടുകളിക്കാനുള്ള സ്ഥലമാക്കി മാറ്റിയ ചിലരാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ. 

വിമാനത്തിലെ ഇടനാഴിയിൽ സീറ്റുകൾക്കിടെ ഷാൾ കെട്ടിയാണ് ഇവരുടെ ചീട്ടുകളി. മൂന്നുപേരെയാണ് ദൃശ്യങ്ങളിൽ കാണാനാകുന്നത്. ഇവരുടെ അടുത്ത് ഇരിക്കുന്ന ഒന്ന് രണ്ട് പേർ വീഡിയോ എടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ, സംഭവം വൈറലായതോടെ ഇവർക്കെതിരേ വലിയ തോതിൽ വിമർശനമുയർന്നു. 

മറ്റ് യാത്രക്കാരോട് എത്ര ദയയില്ലാതെയാണ് ഇവർ പെരുമാറുന്നത് എന്ന് ചിലർ കമന്റ് ബോക്സിൽ എഴുതി. പൗരബോധമില്ലാത്ത പ്രവൃത്തിയാണിത്. ആർക്കെങ്കിലും ശുചിമുറി ഉപയോ​ഗിക്കണമെങ്കിൽ എന്തുചെയ്യുമെന്നും ആളുകൾ ചോദിക്കുന്നുണ്ട്. വിവരവും വിദ്യാഭ്യാസവുമില്ലാത്തവർ എന്നും കമന്റുകളുണ്ട്. എയർലൈൻ സ്റ്റാഫ് എന്തുചെയ്യുകയായിരുന്നുവെന്ന് ചിലർ ചോദ്യം ഉന്നയിച്ചപ്പോൾ അവർ വളരെ മര്യാദയുള്ളവരായി നിന്നിട്ടുണ്ടാകാം എന്നും വിമാനത്തിൽ മറ്റ് യാത്രക്കാർ എന്തുചെയ്യുകയായിരുന്നുവെന്നും ചോദ്യങ്ങൾ ഉയർന്നു. 
 

Content Highlights: Indian tourists playing cards in a plane aisle spark outrage