കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ നേട്ടം കൊയ്തത് യുപിയോ കേരളമോ? ലേഖന പരമ്പര- 2

#ഡോ.കെ.പി. വിപിന്‍ ചന്ദ്രന്‍, ഡോ. ജെ. രത്‌നകുമാര്‍
യോഗി ആദിത്യനാഥ്, പിണറായി വിജയൻ
യോഗി ആദിത്യനാഥ്, പിണറായി വിജയൻ

ചില മേഖലകളിലെങ്കിലും കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ രണ്ടു സംസ്ഥാനങ്ങളും കൈവരിച്ച നേട്ടം  പരിശോധിക്കുന്നത് യുക്തി സഹമായിരിക്കും. ഒറ്റ നോട്ടത്തില്‍ രണ്ടു സംസ്ഥാനങ്ങളും മിക്കവാറും മേഖലകളിലെല്ലാം പുരോഗതി നേടിയതായി മനസ്സിലാക്കാം. പാചക ആവശ്യങ്ങള്‍ക്കായി പുകയില്ലാത്ത  ഇന്ധനങ്ങള്‍ (ഇലക്ട്രിസിറ്റി/ഗ്യാസ്/ബയോ ഗ്യാസ്) ഉപയോഗിക്കുന്നതില്‍ കേരളം ശ്രദ്ധാര്‍ഹമായ നേട്ടം കൈവരിച്ചതായി കണക്കുകള്‍ സൂചന  നല്കുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്തെ ഏകദേശം നാലില്‍ മൂന്ന് വീടുകളിലും (72.1%) പുക മുക്തമായ പാചകവാതകമാണ് ഉപയോഗിക്കുന്നത്. ഇത് ശുദ്ധവായു പകരുന്നതിനും, മെച്ചപ്പെട്ട സൗകര്യമൊരുക്കുന്നതിനും, സമയ ലാഭവും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ സുരക്ഷയും പ്രദാനം ചെയ്യും. അതേ സമയം യു.പിയില്‍ വീടുകള്‍ വൈദ്യുതീകരിക്കുന്നതിലും മെച്ചപ്പെട്ട ശുചീകരണ മുറികള്‍ ഒരുക്കുന്നതിലും പാചകത്തിനായി മെച്ചപ്പെട്ട ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതിലും ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. പക്ഷെ, കേരളത്തിന്റെ നിലവാരത്തിലേക്കെത്താന്‍ യു.പിക്ക് ഇനിയും വളരെ ദൂരം സഞ്ചരിക്കേണ്ടതായുണ്ട്.     

ലേഖന പരമ്പരയുടെ ആദ്യ ഭാഗം വായിക്കാം-  ഉത്തര്‍പ്രദേശിന്റെയും കേരളത്തിന്റെയും വികസന താരതമ്യം യുക്തിസഹമോ?......          

കഴിഞ്ഞവർഷത്തിൽ വന്ന മാറ്റം (2015-16 മുതൽ 2019-21) 

സൂചികകൾ 

2015-16

2019-21

മാറ്റം 

2015-16

2019-21

മാറ്റം 

 

കേരളം

യു.പി

ശിശുമരണ നിരക്ക് (ആയിരത്തിന്)

5.6

4.4

-1.2

63.5

50.4

-13.1

വൈദ്യുതീകരിച്ച വീടുകൾ  (ശതമാനം)  

99.2

99.6

+0.4

72.6

91.0

+18.4

മെച്ചപ്പെട്ട കുടിവെള്ളം ലഭിക്കുന്ന വീടുകൾ (ശതമാനം)   

94.8

94.9

+0.1

98.4

99.2

+0.8

മെച്ചപ്പെട്ട ശുചീകരണ മുറികൾ  ഉള്ള വീടുകൾ  (ശതമാനം)     

98.2 

98.7

+0.5

36.4

68.8

+32.4

പാചകത്തിനായി ഇലക്ട്രിസിറ്റി/ഗ്യാസ് ഉപയോഗിക്കുന്ന വീടുകൾ  (ശതമാനം)       

57.4

72.1

+14.7

32.7

49.5

+16.8

10 വർഷത്തിലധികം  വിദ്യാഭ്യാസമുള്ള പുരുഷൻമാരുടെ  ശതമാനം  (15-49)   

72.2

77.0 

+4.8

32.9

39.3

+6.4

10  വർഷത്തിലധികം  വിദ്യാഭ്യാസമുള്ള സ്ത്രീകളുടെ  ശതമാനം (15-49) 

70.5

73.3 

+2.8

42.2

48.6

+6.4

ഭാരക്കുറവുള്ള കുട്ടികളുടെ ശതമാനം

(5 വയസ്സിൽ താഴെ)     

16.1

19.7

+3.6

39.5

32.1

-7.4

വിളർച്ചയുള്ള സ്ത്രീകളുടെ ശതമാനം

(15-19 വയസ്സ്)   

34.3

36.3

+2.0

52.4

50.4

-2.0

ലൈംഗിക അതിക്രമത്തിനിരയായ   സ്ത്രീകളുടെ ശതമാനം (18-29 വയസ്സ്)

5.0

1.6 

-3.4

1.1

0.7

-0.4

സ്ത്രീകൾക്കെതിരെയുള്ള അതിക്രമം (ഒരു ലക്ഷത്തിന്) (2015-20)*    

54.3

55.2

+0.9

34.9

45.3

+10.4

ഉറവിടങ്ങൾ:  ദേശീയ കുടുംബാരോഗ്യ സർവ്വേ 2015-16; 2019-21; *നാഷണൽ  ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡാറ്റയിൽ നിന്ന് ടെക്നിക്കൽ ഗ്രൂപ്പ്  (2019) പ്രവചിച്ച സ്ത്രീകളുടെ എണ്ണത്തെ  ആധാരമാക്കി  ലേഖകർ തിട്ടപ്പെടുത്തിയത്.     

എന്നാല്‍, ഈ സൂചികയിലൊന്നും തന്നെ യു.പി യെ കേരളവുമായി തുലനം ചെയ്യുക എന്നത് തീര്‍ത്തും ശ്രമകരമാണ്. യു.പി ഇപ്പോള്‍ നേടിയിരിക്കുന്ന പല നേട്ടങ്ങളും കേരളം ദശാബ്ദങ്ങള്‍ക്കു മുന്‍പുതന്നെ കൈവരിച്ചു എന്നതാണ് ഇതിനുള്ള പ്രധാന വിലങ്ങുതടി. യു.പിക്ക് പല മേഖലകളിലും മുന്നോട്ടു പോകാനുണ്ട് എന്ന വസ്തുത ചൂണ്ടിക്കാണിക്കുമ്പോള്‍ തന്നെ, കുറ്റമറ്റ നയരൂപീകരണത്തിലൂടെ ധനവിനിയോഗവും, നിര്‍വ്വഹണ വിഭാഗവും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ഏതൊരു സംസ്ഥാനത്തിനും അഭിവൃദ്ധിയില്‍ എത്തിച്ചേരാന്‍  സാധിക്കുമെന്നത് സംശയാതീതമാണ്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

സ്ത്രീ സുരക്ഷയിൽ കേരളം യുപിയേക്കാൽ മുന്നിൽ

സ്ത്രീസുരക്ഷ എന്നത് പുതിയ കാലഘട്ടത്തില്‍ സര്‍ക്കാറുകള്‍ പ്രഥമ പരിഗണന നല്‍കുന്ന ഒരു വിഷയമാണ്. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 8-നും 29-നും വയസ്സിനിടയില്‍ ലൈംഗിക അതിക്രമത്തിനിരയായ സ്ത്രീകളുടെ എണ്ണം 5 ശതമാനത്തില്‍ നിന്ന് 1.6 ശതമാനമെന്ന നിലയിലേക്ക് ഗണ്യമായി കുറഞ്ഞു. എന്നിരുന്നാലും, ഇത് യു.പി യുടെ ഇപ്പോഴത്തെ നിരക്കിനേക്കാള്‍ (0.7 ശതമാനം) ഇരട്ടിയിലധികമാണ്. നാഷണല്‍  ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡാറ്റയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഈ കാലഘട്ടത്തില്‍ സ്ത്രീകള്‍ക്കെതിരായ അക്രമത്തില്‍ നാമമാത്രമായ  വര്‍ദ്ധനവാണ് (ഒരു ലക്ഷം സ്ത്രീകളില്‍ 54.3 നിന്ന് 55.2 ആയി) രേഖപ്പെടുത്തിയിരിക്കുന്നത്. യു.പിയില്‍ ഒരു ലക്ഷം സ്ത്രീകളില്‍ 34.9 സ്ത്രീകള്‍ അക്രമത്തിനിരയാകുമ്പോള്‍ അഞ്ചു വര്‍ഷം കൊണ്ട് ഇത് 45.3 എന്ന  നിരക്കിലേക്ക്  ഉയര്‍ന്നു. പ്രത്യുല്പാദന പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് (15-49) മാത്രമായി കണക്കാക്കിയിരുന്നു എങ്കില്‍ ഈ നിരക്ക് കൂടുതല്‍  സ്പുടം ചെയ്തതും  ഉയര്‍ന്നതും ആകുമായിരുന്നു. പക്ഷെ, ടെക്‌നിക്കല്‍ ഗ്രൂപ്പ് (2019) ഈ വിഭാഗത്തിലുള്ള സ്ത്രീകളുടെ എണ്ണം നല്‍കാത്തതിനാല്‍ (2015 നും 2020 നും) അത്തരത്തിലുള്ള ഒരു ശ്രമം ഇവിടെ നടത്തിയിട്ടില്ല.               

കേരളം ഒന്നാം സ്ഥാനത്ത് യു.പി അവസാനവും

ഭരണത്തിന്റെ അടിസ്ഥാന ഘടകങ്ങളായ സാമ്പത്തിക വളര്‍ച്ച, തുല്യത, സുസ്ഥിരത എന്നീ സൂചികകളെ ആസ്പദമാക്കി തയ്യാറാക്കിയ പബ്ലിക്ക് അഫേയേഴ്‌സ് ഇന്‍ഡക്‌സില്‍ (2021) കേരളം ഒന്നാം സ്ഥാനത്തും യു.പി അവസാന സ്ഥാനവുമാണ്  നേടിയത്. ഉത്തരവാദിത്വം, നിയമ വാഴ്ച, അഴിമതിയുടെ തോത്, ശുദ്ധമായ ഊര്‍ജ്ജത്തിന്റെ വിഹിതം, ഖരമാലിന്യ സംസ്‌കരണം, പരിസ്ഥിതി മലിനീകരണം എന്നീ സമഗ്ര മേഖലകളിലെ സംസ്ഥാന സര്‍ക്കാരുകളുടെ ഫലപ്രാപ്തി തിട്ടപ്പെടുത്തിയിരിക്കുന്നു. കൂടാതെ, കേന്ദ്രാവിഷ്‌കൃത പദ്ധതികളായ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി, ദേശീയ ആരോഗ്യ ദൗത്യം, സംയോജിത ശിശുവികസന പദ്ധതി, സമഗ്രശിക്ഷാ അഭിയാന്‍, ഉച്ച ഭക്ഷണ പദ്ധതികള്‍ എന്നീ കര്‍മ്മ പദ്ധതികളുടെ വാര്‍ഷിക വിലയിരുത്തലും ഈ സൂചികയുടെ  പ്രത്യേകതയാണ്. നീതിആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യസൂചികയിലും ഏകദേശം സമാനമായ സ്ഥാനങ്ങളാണ് ഈ  സംസ്ഥാനങ്ങള്‍ക്കുള്ളത്.    

കൂടാതെ, നീതി ആയോഗും, ലോക ബാങ്കും, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും ചേര്‍ന്ന് പ്രസിദ്ധീകരിച്ച 'ഹെല്‍ത്തി സ്റ്റേറ്റ്‌സ്: പ്രോഗ്രസീവ് ഇന്ത്യ' റിപ്പോര്‍ട്ട് സംസ്ഥാനങ്ങളിലെ ആരോഗ്യസ്ഥിതിയുടെ നേര്‍സാക്ഷ്യമാണ്. ഈ രംഗത്തെ  പ്രവര്‍ത്തനങ്ങളുടെ ഇരുപത്തിനാല് സുപ്രധാന സൂചികകള്‍ ആസ്പദമാക്കി  തയാറാക്കിയ റാങ്കിങ്ങില്‍ യു.പിയുടെ സ്ഥാനം 19ാമതും കേരളത്തിന്റെത് ഒന്നാമതുമാണ്. മൊത്തം ആരോഗ്യ നിലവാരം അളക്കുന്ന ഈ സൂചികയില്‍ കഴിഞ്ഞ നാല് വര്‍ഷം തുടര്‍ച്ചയായി കേരളം ഒന്നാം സ്ഥാനത്താണ്.

ശമനമില്ലാതെ തുടരുന്ന ദാരിദ്ര്യം

കുറഞ്ഞ ദാരിദ്ര്യനിരക്ക് പലപ്പോഴും വികസനത്തിന്റെ പ്രത്യക്ഷ പ്രതിബിംബമായാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നത്. ലോകത്തെമ്പാടുമുള്ള വികസിത സമൂഹങ്ങളില്‍ ദാരിദ്ര്യത്തിന്റെ തോത് നാമമാത്രമാണ്. ദാരിദ്ര്യത്തിന്റെ ലഭ്യമായ അളവുകോലുകളില്‍ ഏത് എടുത്ത് പരിശോധിച്ചാലും ഭൂരിഭാഗം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ അവസ്ഥയും പിന്നാക്കമാണ്. ആയതിനാല്‍, യു.പിയും  ഇതില്‍ നിന്ന് ഒട്ടും വിഭിന്നമല്ല. നീതി ആയോഗിന്റെ  സുസ്ഥിര വികസന ലക്ഷ്യങ്ങളെ (2020-21) കുറിച്ചുള്ള റിപ്പോര്‍ട്ട്  പ്രകാരം യു.പിയില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ നിവസിക്കുന്ന ജനങ്ങളുടെ ശതമാനം ദേശീയ ശരാശരിയേക്കാള്‍ (21.92 ശതമാനം) വളരെ മുകളിലാണ്- 29.43 ശതമാനം . എന്നാല്‍, കേരളം  ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ വളരെ ദൂരം മുന്‍പോട്ടു പോകുകയും സംസ്ഥാനത്ത് ഇപ്പോഴത്തെ നിരക്കില്‍ 10 ശതമാനത്തില്‍ താഴെ ആളുകള്‍ (7.05 ശതമാനം) മാത്രമേ ദാരിദ്ര്യ രേഖക്ക് താഴെയുള്ളു. ദാരിദ്ര്യത്തിന്റെ തോതിനെ അളക്കാന്‍ വിദ്യാഭ്യാസം, ആരോഗ്യം, ജീവിതനിലവാരം എന്നീ ഘടകങ്ങളെ ആസ്പദമാക്കി വികസിപ്പിച്ച ഏറ്റവും നൂതനമായ സൂചികയാണ് ബഹുമുഖ ദാരിദ്ര്യ സൂചിക (Multidimensional Poverty Index). ഇത് പ്രകാരം യു.പിയില്‍ 40.80 ശതമാനം ജനങ്ങള്‍ ബഹുമുഖ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെങ്കില്‍ കേരളത്തിലേത് വെറും 1.10 ശതമാനമെന്നത് ഈ മേഖലയിലെല്ലാം  കേരളം  കൈവരിച്ച  നേട്ടങ്ങളുടെ നേര്‍സാക്ഷ്യമാണ് . 

പ്രശ്‌നങ്ങള്‍ നിരവധി; പരിഹാരം ശ്രമകരം

ജനസംഖ്യാ പരിവര്‍ത്തനത്തില്‍ സംസ്ഥാനങ്ങള്‍ രണ്ടു തട്ടിലായതിനാല്‍ അവ സംസ്ഥാനത്തിന്റെ വ്യത്യസ്ത മേഖലകളില്‍ സൃഷ്ട്ടിക്കുന്ന പ്രത്യാഘാതങ്ങളും വിഭിന്നമായിരിക്കും. ജനസംഖ്യാ പരിവര്‍ത്തന ഫലമായി ആകെ ജനസംഖ്യയില്‍ കുട്ടികളുടെ ശതമാനം ക്രമാനുഗതമായി കുറഞ്ഞു വരുമ്പോള്‍ വിദ്യാഭാസ മേഖലയിലടക്കം സൃഷ്ട്ടിച്ച പ്രതിസന്ധികള്‍ നമ്മള്‍ കണ്ടതാണ്. സംസ്ഥാനത്ത് കുറച്ചു വര്‍ഷങ്ങളായി പൊതുവിദ്യാഭ്യാസത്തില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടെങ്കില്‍ കൂടി, ആകെ കുട്ടികളുടെ എണ്ണത്തില്‍ വന്ന ഇടിവ് ഇതിന്റെ പ്രത്യക്ഷ സൂചകമാണ്. അതേസമയം, യു.പിയില്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിതോടൊപ്പം, അവരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവിനനുസരിച്ച് കൂടുതല്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കേണ്ടതായി വരും. കേരളത്തില്‍ വരും വര്‍ഷങ്ങളില്‍ തൊഴില്‍ സേനയിലുണ്ടാകുന്ന കുറവും യുവജനതയുടെ കുടിയേറ്റ പ്രവണതകളും സംസ്ഥാനത്ത് ഉത്പാദനമേഖലകളില്‍ എന്തെല്ലാം പ്രതിസന്ധികളാണ് സൃഷ്ട്ടിക്കുന്നത് എന്ന് സസൂക്ഷ്മം നിരീക്ഷിക്കേണ്ടതായി വരും. ഇത് യു.പി അടക്കമുള്ള സംസ്ഥാനങ്ങളിലെ അവിദഗ്ധ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരമൊരുക്കും. ഇപ്പോള്‍ തന്നെ അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുന്ന മേഖലകളും വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ തൊഴിലിടങ്ങളും ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ കൈയടക്കിയേക്കാം. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വൃദ്ധജനങ്ങളും അവരുടെ സംരക്ഷണവും സാമൂഹിക സുരക്ഷയും വെല്ലുവിളി ഉയര്‍ത്തുന്ന മേഖലകളാണ്. നീതി ആയോഗിന്റെ കണക്കുകള്‍ പ്രകാരം കേരളത്തിന്റെ തൊഴിലില്ലായ്മ നിരക്ക് 10.4 ശതമാനവും  യു.പിയിലെത് ദേശീയ ശരാശരിയ്ക്ക് തുല്യമായ 6.2 ശതമാനമാണ്. തൊഴിലില്ലായ്മ കേരളത്തെപ്പോലെ യൂ.പിക്കും പ്രശ്‌നങ്ങള്‍ സൃഷ്ട്ടിക്കുന്നുണ്ടെങ്കിലും, വയോജനങ്ങളുടെ സംരക്ഷണം മുഖ്യധാരാ വിഷയമാകാന്‍  സംസ്ഥാനത്തിന് കൂടുതല്‍  സമയം വേണ്ടിവരും.  

കേരളത്തിൽ തൊഴിലില്ലായ്മ നിരക്ക് 10.4 ശതമാനവും  യു.പിയിലത് ദേശീയ ശരാശരിയ്ക്ക് തുല്യമായ 6.2 ശതമാനവുമാണ്. 

കേരളം പല മേഖലകളിലും ഔന്നത്യത്തിലായതിനാല്‍ ഇവിടെയൊക്കെ മുന്നോട്ടുള്ള പ്രയാണം ദുഷ്‌കരമായിരിക്കും എന്നതാണ് അനുഭവം. ഉദാഹരണമായി, കഴിഞ്ഞ രണ്ട് കനേഷുമാരികളില്‍ (2001, 2011) സാക്ഷരതാ നിരക്കില്‍ കേരളം നേടിയത്  3.1 ശതമാനത്തിന്റെ (90.86 ശതമാനത്തില്‍ നിന്ന് 93.91 ശതമാനത്തിലേക്ക്) നാമമാത്രമായ വര്‍ദ്ധനവ് മാത്രമാണ്. അതേ സമയം, യു.പിയുടെ സാക്ഷരതാ നിരക്കില്‍ 13.5 ശതമാനത്തിന്റെ (56.27 ശതമാനത്തില്‍ നിന്ന് 69.72 ശതമാനത്തിലേക്ക്) പ്രകടമായ വര്‍ദ്ധനവ് കാണാന്‍ സാധിക്കും. അതായത്, ചുരുങ്ങിയ താഴെക്കിടയില്‍ നില്‍ക്കുന്ന സൂചികകളുടെ നിരക്കില്‍ പുരോഗതി ആയാസരഹിതമാണെങ്കില്‍, പിന്നീടുള്ള നേട്ടങ്ങള്‍ മന്ദഗതിയില്‍ മാത്രമായിരിക്കും. ഈ പ്രവണത പട്ടികയില്‍ നല്‍കിയിരിക്കുന്ന കേരളത്തിലെ ഭൂരിഭാഗം സൂചികകളുടെ കാര്യത്തിലും (ശിശുമരണ നിരക്ക്, വൈദ്യുതീകരണം, ശുദ്ധജല ലഭ്യത) അര്‍ത്ഥവത്താണ്. ഇവിടെ കേരളം നേരിടാന്‍ പോകുന്ന സുപ്രധാന വെല്ലുവിളി നേടിയ നേട്ടങ്ങള്‍ നിലനിര്‍ത്തുക എന്നതും, പിന്നാക്കം നില്ക്കുന്ന മേഖലകള്‍ പുതിയ തലത്തിലേക്ക് എത്തിക്കുക എന്നതുമാണ് .

                     

ഇതില്‍ നിന്നു കേരളം, സുരക്ഷിതമായ തീരങ്ങളില്‍ എത്തിപ്പെട്ടു എന്ന് വിവക്ഷിക്കാന്‍ സാധ്യമല്ല. കുട്ടികളുടെ ഭാരക്കുറവിന്റെ തോതിലും സ്ത്രീകളുടെ ഇടയിലുള്ള വിളര്‍ച്ചയുടെ കാര്യത്തിലും കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍  വര്‍ദ്ധനവുണ്ടായി. ഇത് ആരോഗ്യരംഗത്ത് സംസ്ഥാനം കെട്ടിപ്പടുത്ത സുശക്തമെന്നു കരുതുന്ന ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളില്‍ ചിലതുമാത്രമാണ്. ഇങ്ങനെ സംസ്ഥാനത്തിന്റെ വ്യത്യസ്ത രംഗത്ത് നേരിടുന്ന  വെല്ലുവിളികള്‍ കണ്ടെത്തി പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടു നീങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ചെറിയ  തോതില്‍  ആണെങ്കില്‍ കൂടി,  മുകളില്‍ സൂചിപ്പിച്ച രണ്ടു സൂചികകളിലും യു.പി നേട്ടം കൈവരിച്ചു  എന്നതും ശ്രദ്ധേയമാണ് (പട്ടിക ).

2005 മുതല്‍ 2020 വരെയുള്ള 15 വര്‍ഷക്കാലയളവില്‍  നെല്‍കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതിയില്‍ കേരളത്തിൽ 30 ശതമാനത്തിന്റെ കുറവ്. നാളികേരം കൃഷിചെയ്യുന്ന ഭൂമിയുടെ വിസ്തൃതിയില്‍ 15 ശതമാനത്തിന്റെയും ഉത്പാദനത്തില്‍ 23 ശതമാനത്തിന്റെയും കുറവ് പ്രകടമാണ്.

കൃഷിയിൽ വ്യത്യസ്ത വെല്ലുവിളികൾ

യു.പിയിലെ  കാര്‍ഷിക സമ്പദ്വ്യവസ്ഥയും  കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന ഭീഷണിയും, വിളനാശവും, ഉല്പാദന ക്ഷമതയിലുള്ള ഇടിവും, വില തകര്‍ച്ചയും, ഋണബാധ്യതയും കര്‍ഷകരുടെ ജീവിതം ദുസ്സഹമാക്കി. യുപി ജനസംഖ്യയുടെ  60 ശതമാനത്തിലധികം ആളുകളുടെ  ഉപജീവന മാര്‍ഗ്ഗവും സംസ്ഥാനത്തിന്റെ  മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ നാലിലൊന്ന് സംഭാവന ചെയ്യുന്നതും കാര്‍ഷിക മേഖലയാണ്. എന്നാല്‍, കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ സ്ഥിതിയും ഒട്ടും വിഭിന്നമല്ല. ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ  സ്ഥിതിവിവരക്കണക്കുകള്‍  പ്രകാരം 2005 മുതല്‍ 2020 വരെയുള്ള 15 വര്‍ഷക്കാലയളവില്‍  നെല്‍കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതിയില്‍ കേരളത്തിൽ 30 ശതമാനത്തിന്റെ കുറവ് വന്നിരിക്കുന്നു. നാളികേരം കൃഷിചെയ്യുന്ന ഭൂമിയുടെ വിസ്തൃതിയില്‍ 15 ശതമാനത്തിന്റെയും ഉത്പാദനത്തില്‍ 23 ശതമാനത്തിന്റെയും കുറവ് പ്രകടമാണ്. ഇത് സംസ്ഥാനത്തിന്റെ ഭക്ഷ്യ സ്വയം പര്യാപ്തത എന്ന ചിരകാല സ്വപ്നങ്ങള്‍ക്ക് മങ്ങല്‍ ഏല്‍പ്പിക്കുക മാത്രമല്ല കാര്‍ഷിക വൃത്തിയിലെ തൊഴില്‍ സാദ്ധ്യതകളും അന്യാധീനമാക്കും. എന്നാല്‍, റബ്ബര്‍കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതി വര്‍ദ്ധിച്ചുവെങ്കിലും ഉത്പാദനം മൂന്നിലൊന്നായി കുറഞ്ഞു. ഉയര്‍ന്ന കൂലി, തൊഴിലാളികളുടെ ദൗര്‍ലഭ്യം, ഇടനിലക്കാരുടെ ചൂഷണം, കാര്‍ഷിക ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ച, കാലാവസ്ഥ സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങള്‍ എന്നിങ്ങനെ കേരളത്തിലെ കാര്‍ഷിക  മേഖല നേരിടുന്ന ആശങ്കകള്‍  നിരവധിയാണ്.    

നിഗമനങ്ങള്‍     

യു.പിയും കേരളവും തമ്മിലുള്ള വികസന ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുമ്പോള്‍ രണ്ടു സംസ്ഥാനങ്ങളുടെയും സാമൂഹിക-സാമ്പത്തിക രംഗവും, വികസന കാഴ്ചപ്പാടുകളും, സംസ്ഥാന രൂപീകരണങ്ങള്‍ക്ക് ശേഷമുണ്ടായ സാംസ്‌കാരിക  മുന്നേറ്റങ്ങളും  വിഭിന്നമാണെന്നുള്ള തത്വം മനസ്സില്‍ സൂക്ഷിക്കേണ്ടതാണ്. യു.പിയില്‍ ജാതി രാഷ്ട്രീയത്തിന് അമിത പ്രാധാന്യം നല്‍കിയത് പല  മേഖലകളില്‍  തിരിച്ചടിയായപ്പോള്‍ കേരളത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ മാനവവികസനത്തിന് ഊന്നല്‍ നല്‍കി. ഇത്  സംസ്ഥാനത്തിന്റെ മാനവിക വികസന സൂചികയിലെ പ്രകടനത്തിന് ഊടും പാവും നല്കി. അതിലുപരിയായി, അത്തരം സാമൂഹിക മാറ്റങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായിരുന്നു കേരളത്തിലേത് എന്ന് വേണം ധരിക്കാന്‍. 

സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ പ്രവര്‍ത്തനങ്ങള്‍ ജാതിവ്യവസ്ഥയെയും അനാചാരങ്ങളെയും ഉച്ഛാടനം ചെയ്തു. ഭൂപരിഷ്‌കരണ നയത്തിലൂടെ ജന്മി-കുടിയാന്‍ വ്യവസ്ഥ അവസാനിപ്പിക്കാന്‍ സാധിച്ചത് നാഴികകല്ലായി മാറി. 

സാമൂഹിക പരിഷ്കരണങ്ങൾ, ഗൾഫ് കുടിയേറ്റം, ഭൂപരിഷ്കരണം

സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ പ്രവര്‍ത്തനങ്ങള്‍ ജാതിവ്യവസ്ഥയെയും അനാചാരങ്ങളെയും ഒരു പരിധിവരെ ഉച്ഛാടനം ചെയ്യാന്‍ സാധിച്ചു. ഭൂപരിഷ്‌കരണ നയത്തിലൂടെ ജന്മി-കുടിയാന്‍ വ്യവസ്ഥ അവസാനിപ്പിക്കാന്‍ സാധിച്ചത് കേരള വികസനത്തിന്റെ നാഴികകല്ലായി മാറി. എഴുപതുകളില്‍ ആരംഭിച്ച ഗള്‍ഫ് കുടിയേറ്റവും തുടര്‍ന്ന് വന്ന ഗള്‍ഫ് പണത്തിന്റെ കുത്തൊഴുക്കും സമ്പദ്വ്യവസ്ഥക്ക് ഉത്തേജനം പകര്‍ന്നു. കേരളത്തിന്റെ ഗള്‍ഫ് ബന്ധം സംസ്ഥാനത്തിന്റെ ആളോഹരി വരുമാനം, ശരാശരി ഉപഭോഗ ചെലവ്, കുടുംബങ്ങളുടെ ആസ്തി, മാനവവികസന സൂചികയിലെ പ്രകടനം എന്നിവയെ സ്വാധീനിച്ചതായി പഠനങ്ങള്‍ അടിവരയിടുന്നു. ഇത് കേരളത്തെ  ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുന്നിലെത്തിക്കുന്ന ചാലക ശക്തിയായി പ്രവര്‍ത്തിച്ചു എന്ന് നിസ്സംശയം കരുതാം. കൂടാതെ കേരളത്തിലെ ഒട്ടുമിക്ക കുടുംബങ്ങളിലെയും ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ എന്നിവ ഒരു പരിധി വരെ കുറയ്ക്കാന്‍ ഗള്‍ഫ് പണത്തിനായി. കൂടാതെ, സംസ്ഥാനം  നടപ്പാക്കിയ സാക്ഷരതാ പ്രവര്‍ത്തനങ്ങളും, ജനകീയാസൂത്രണം മുതലായ  പദ്ധതികള്‍ ഗ്രാമീണ കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണകരമായി മാറി. കേരളത്തിന്റെ വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ ഉയര്‍ന്ന പൊതുനിക്ഷേപം മാനവവികസന സൂചികയിലും, സുസ്ഥിര വികസന സൂചികയിലും സംസ്ഥാനത്തെ മുന്നിലെത്തിച്ചു. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി ഘടനാമാറ്റം, തൊഴിലുകളും, ഉത്പാദനവുമില്ലാത്ത നഗരവത്കരണം, ഉപഭോഗ അസമത്വം തുടങ്ങിയവ ഉയര്‍ത്തുന്ന വെല്ലുവിളികളെ ചെറുതായി കാണാന്‍ സാധിക്കില്ല. ഇവയെല്ലാം സംസ്ഥാനത്തിന്റെ വികസനത്തിന്റെ സുസ്ഥിരതയെ നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരിക്കും. 

യുപി വിഭജനം സഹായിക്കുമോ

യു.പിയിലെ വികസന പിന്നാക്കാവസ്ഥയ്ക്ക് കാരണം കൃത്യമായ വികസന കാഴ്ചപ്പാടിന്റെ അഭാവവും പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതില്‍ കാണിക്കുന്ന ഇച്ഛാശക്തിയില്ലായ്മയുമാണ്. സംസ്ഥാനത്തിന്റെ വലിപ്പവും ഭരണപരമായ പ്രതിബന്ധങ്ങള്‍ സൃഷ്ട്ടിക്കുന്നു എന്ന് വേണം ന്യായമായും കരുതാന്‍. യു.പി സംസ്ഥാനത്തെ രണ്ടോ, മൂന്നോ സംസ്ഥാനങ്ങളായി (പൂര്‍വാഞ്ചല്‍, ബുന്തല്‍ ഖണ്ഡ്, യു.പി എന്നിങ്ങനെ) വിഭജിക്കുന്നത് ഭരണവ്യവസ്ഥയുടെ കാര്യക്ഷമതയെ ഉയര്‍ത്താനും ആരോഗ്യ-ജനസംഖ്യാ സൂചികകള്‍ മെച്ചപ്പെടുത്താനും സംസ്ഥാനത്തെ സഹായിച്ചേക്കാം. ഉദാഹരണമായി, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളുടെ രൂപവത്കരണം ഈ സംസ്ഥാനങ്ങളെ അവരുടെ മാതൃ സംസ്ഥാനത്തേക്കാള്‍ ഒട്ടു മിക്ക സൂചികകകളിലും മുന്നിലെത്തിച്ചു എന്ന് സ്ഥിതിവിവരക്കണക്കുകള്‍ സൂചന നല്‍കുന്നു. ഇത്  യു.പി പോലെ ജനബാഹുല്യമുള്ള ഒരു സംസ്ഥാനത്തിന്റെ വിഭജനത്തിന് ശക്തിപകരുന്ന പ്രസാദാത്മക വാദങ്ങളാണ്.

Photo : http://uphome.gov.in/maps-of-up.htm

ഇതുപോലെ തന്നെ, ജനസംഖ്യയുടെ ക്രമാതീതമായ വളര്‍ച്ചയും സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും സമ്മര്‍ദ്ദം  സൃഷ്ട്ടിക്കും എന്നത് എഴുതിത്തള്ളാന്‍ കഴിയാത്ത  വസ്തുതയാണ്. ടെക്നിക്കല്‍ ഗ്രൂപ്പിന്റെ (2019) ഏറ്റവും പുതിയ ജനസംഖ്യാ പ്രവചന കണക്കുകള്‍ പ്രകാരം 2026 ആകുമ്പോഴേക്കും ഉത്തര്‍പ്രദേശിന്റെ ജനസംഖ്യ 24.3 കോടിയായും 2036-ല്‍ ഇത് 25.9 കോടിയായും ഉയരാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഈ പ്രവചനം വിശ്വസിക്കാമെങ്കില്‍ അടുത്ത കാല്‍ നൂറ്റാണ്ടിലും ഉത്തര്‍ പ്രദേശിന്റെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് (30.2%) ദേശീയ നിരക്കിനേക്കാള്‍ (25.6 ശതമാനം) ഉയര്‍ന്നു നില്‍ക്കും. യു.പി ഉള്‍പ്പെട്ട ഹിന്ദി മേഖല  മുഴുവന്‍ (ബീമാരു സംസ്ഥാനങ്ങള്‍) വികസന സൂചികകളില്‍ സമാന സ്വഭാവമാണ്. അതുപോലെ, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന മുതലായ സംസ്ഥാനങ്ങളും വികസന സൂചികയില്‍ ഏകദേശം  സമാന സ്വഭാവം  കാത്തുസൂക്ഷിക്കുന്നു.  

മുകളില്‍ സൂചിപ്പിച്ചതു പോലെ ഡാറ്റയുടെ സഹായത്തോടെ ചില വികസന താരതമ്യങ്ങള്‍ നടത്താമെങ്കിലും വികസനത്തിലെ അടിസ്ഥാന പ്രശ്‌നങ്ങളെ തിരിച്ചറിയാന്‍ കൂടുതല്‍ വിശാലമായ അന്വേഷണം ആവശ്യമായി വരും. ഇക്കണോമെട്രിക് മോഡലുകളുടെ സഹായത്താല്‍ രണ്ടു സംസ്ഥാനങ്ങളുടെ സൂചികകള്‍ കൃത്യമായി ക്രമപ്പെടുത്തിയാല്‍ (Standardize) താരതമ്യം കൂടുതല്‍  യുക്തിസഹമാകും. വികസന മാതൃകകള്‍ തുലനം ചെയ്താല്‍ കേരളം നേടിയെടുത്ത മാനവിക വികസന സൂചികകള്‍ക്കൊപ്പമെത്താന്‍ യൂ.പിക്ക്   നാലു ദശാബ്ദക്കാലമെങ്കിലും അധികമായി  വേണ്ടി വരും എന്ന് പൊതുവില്‍  കണക്കാക്കപ്പെടുന്നു. വരും  വര്‍ഷങ്ങളിലെ വികസനം കഴിഞ്ഞ ദശാബ്ദങ്ങളെക്കാള്‍ ത്വരിത ഗതിയിലായതിനാല്‍ അടുത്ത കാല്‍ നൂറ്റാണ്ടിനുള്ളില്‍ യു.പി ഈ നേട്ടത്തിലേക്ക്  എത്തിയാലും  അത്ഭുതപ്പെടാനില്ല. കേരളവും വ്യത്യസ്ഥ മേഖലകളില്‍  നേരിടുന്ന വെല്ലുവിളികള്‍ക്ക്  പരിഹാര0  കണ്ടെത്തേണ്ടതായി വരും.  ഒരു പ്രദേശത്തിന്റെ അല്ലെങ്കില്‍ രാജ്യത്തിന്റെ വികസന പുരോഗതിയ്ക്കായി  സാമ്പത്തിക വളര്‍ച്ചയും മാനവിക വികസന രംഗത്തെ പുരോഗതിയും സമുന്വയിപ്പിച്ചുള്ള  പാത പിന്‍തുടരുകയാണ് ഏറ്റവും അഭികാമ്യ0. യു.പി നിയമസഭാ തെരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നു വന്ന സംസ്ഥാനങ്ങളുടെ വികസന താരതമ്യ ചര്‍ച്ചകള്‍ വളരെ അര്‍ത്ഥപൂര്‍ണ്ണമാണ്. തങ്ങളുടെ ശക്തിയും, പരിമിതികളും തിരിച്ചറിഞ്ഞ്  വേണ്ട തിരുത്തലുകള്‍  വരുത്തിയാല്‍ സംസ്ഥാനങ്ങളുടെതു മാത്രമല്ല രാജ്യത്തിന്റെപോലും  ഭാവി ശോഭനമാകുമെന്ന് പ്രത്യാശിക്കാം.

(ഡോ.ജെ. രത്‌നകുമാര്‍ ന്യൂഡെല്‍ഹിയിലെ സ്പീക്കേഴ്‌സ് റിസേര്‍ച്ച് ഇനിഷ്യേറ്റീവ് സെല്ലിലെ റിസേര്‍ച്ച് ഫെല്ലോയും, ഡോ.കെ.പി. വിപിന്‍ ചന്ദ്രന്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവണ്‍മെന്റ് വനിതാ കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ്  പ്രൊഫസറുമാണ്).

Content Highlights: