പോറിയും പല്ലുകൊഴിഞ്ഞും ഒഴുകിത്തീര്‍ന്ന ചോര, ഹീമോഫീലിയ രോഗവുമായി പൊരുതിയ 35 വര്‍ഷങ്ങള്‍

.
.

മകന്റെ പാല്‍പ്പല്ല് കൊഴിയുമ്പോഴെല്ലാം ആധിയായിരുന്നു അമ്മ രാധയ്ക്ക്. ഓരോ പല്ല് കൊഴിച്ചിലും സമ്മാനിച്ചത് മാസങ്ങളോളമുള്ള ആശുപത്രി വാസമാണ്. വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും വീട്ടിലെ അടുപ്പെരിയാതെയുള്ള ആശുപത്രിയോട്ടം, പലവിധ ശസ്ത്രക്രിയകള്‍, ഇടക്കിടെയുള്ള രക്തം കയറ്റല്‍ എന്നിവയെല്ലാം താണ്ടി 36-ാം വയസ്സിലെത്തി നില്‍ക്കുകയാണ് ഇന്ന് വടകര ചോറോട് സ്വദേശിയായുള്ള വിദേശിന്റെ ജീവിതം. രക്തം കട്ടപ്പിടിക്കാത്ത ഹീമോഫീലിയ രോഗം അടിസ്ഥാന വിദ്യാഭ്യാസം മാത്രമല്ല ഒന്നുറങ്ങാനും വെള്ളം കുടിക്കാനും കഴിക്കാനുമുള്ള വിദേശിന്റെ ജൈവികമായ ആവശ്യങ്ങളെ കൂടിയാണ് ഇല്ലാതാക്കി കൊണ്ടിരിക്കുന്നത്. ഇനി ജീവൻ നിലനിൽക്കണമെങ്കിൽ വെല്ലൂരിൽ പോയി ഒപ്പറേഷൻ നടത്തണമെന്നാണ് കോഴിക്കോട് മെഡിക്കൽകോളേജിലെ ഡോക്ടർമാർ പറഞ്ഞിരിക്കുന്നത് അതിനായി സർക്കാരിന്റെ കനിവ് കാത്തിരിക്കുകയാണ് വിദേശും അമ്മയും.

മകന്‍ മുട്ടിട്ടിഴയുമ്പോഴും പാല്‍പ്പല്ല് കൊഴിയുമ്പോഴും പൊടിയുന്ന ചോര പൊടുന്നനെ രക്തപ്രവാഹമാകുന്നത് വേദനയും ആധിയുമാണാദ്യനാളുകള്‍ രാധയ്ക്ക് സമ്മാനിച്ചത്. പിന്നീട് ആശുപത്രി അവര്‍ക്ക് രണ്ടാം വീടായി. മാസങ്ങളോളമുള്ള ആശുപത്രി വാസം കാരണം മൂന്നാം ക്ലാസ്സിലേ പഠിപ്പു നിര്‍ത്തേണ്ടി വന്നു വിദേശിന്. 36 വയസ്സായിട്ടും അക്ഷരം നന്നായി കൂട്ടിയെഴുതാനോ വായിക്കാനോ പോലും അറിയില്ല. ഹീമോഫീലിയ എന്ന രോഗാവസ്ഥ നിഴല്‍ വീഴ്ത്തിയ ജീവിതത്തില്‍ അക്ഷരവും ആഹാരവും എന്തിന് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാന്‍ കഴിയുന്നതുപോലും ആര്‍ഭാടമാണ് വിദേശിന്. അത്രമാത്രം ശരീരത്തിന്റെ ഘടനയെയും പ്രവര്‍ത്തനത്തെയും ആകപ്പാടെ താറുമാറാക്കി കഴിഞ്ഞു ഈ രോഗം. 'പരസഹായമില്ലാതെ കിടക്കാനോ ഇരിക്കാനോ പറ്റില്ല, തല മേല്‍പ്പോട്ടാക്കി ഇരുന്നാണ് ഉറക്കം. നേരാം വണ്ണം ഭക്ഷണം കഴിക്കാനോ വെള്ളം കുടക്കാനോ പോലും പറ്റില്ല. വേദന സഹിച്ച് സഹിച്ച്, വേദനയേതാ മരവിപ്പേതാ കടച്ചിലേതാ എന്ന അവസ്ഥിലാണെന്ന് പറയുന്നു വിദേശ്.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

വിദേശും അമ്മ രാധയും | ഫോട്ടോ: അരുണ്‍ നിലമ്പൂര്‍

ഉടനടി ഒരു ശസ്ത്രക്രിയയക്ക് വിധേയനാക്കിയില്ലെങ്കില്‍  ജീവന്‍ വരെ അപകടത്തിലാവും. സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന മൂന്നര ലക്ഷം രൂപയുടെ ഇഞ്ചക്ഷനിലാണ് രോഗത്തിന് അല്‍പമെങ്കിലും ശമനം വന്നത്. അതിനി ഏതാനും മാസം കൂടിയേ സൗജന്യമായി ലഭിക്കൂ എന്നോര്‍ക്കുമ്പോള്‍ വിദേശിനേക്കാള്‍ ആധികയറുന്നത് അമ്മ രാധക്കാണ്.

പറഞ്ഞു തുടങ്ങിയാല്‍ നിവൃത്തികേടിന്റെയും നിസ്സഹായതയുടെയും ഒരു വലിയ ഭാണ്ഡക്കെട്ടു തന്നെ അഴിച്ചുവെക്കാനുണ്ട് രാധയ്ക്ക്. ചുമടെടുത്ത് തന്റെ തലച്ചോറിലെ ഞരമ്പു ദ്രവിച്ചു തുടങ്ങിയതും ഭര്‍ത്താവിന്റെ സ്്ട്രോക്കുമൊന്നും രാധയെ വലിയ രീതയില്‍ അലട്ടുന്ന കാര്യങ്ങളല്ല. ഉറക്കവും സ്വസ്ഥതയും നഷ്ടപ്പെടുന്നത് മകനനുഭവിക്കുന്ന വേദന കാണുമ്പോഴാണ്. ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാനോ ഭക്ഷണം നല്ല രീതിയില്‍ കഴിക്കാനോ പറ്റാതെ വേദന കടിച്ചു പിടിച്ചുള്ള മകന്റെ ഇരുന്നുറക്കം കാണുമ്പോള്‍ രാധയുടെ ഉള്ളം കലങ്ങും. തങ്ങളുടെ കാലശേഷം മകനാരുണ്ടാകുമെന്ന ആധി തന്നെയുണ്ട് അവര്‍ക്ക് ഓരോ ദിനവും ഉള്ളമുരുകിക്കരയാന്‍ . അതിനിടെ സ്വന്തം തലച്ചോറിലെ ഞരമ്പിന്റെ പ്രശ്നമോ ഭര്‍ത്താവിന്റെ സ്ട്രോക്കോ രാധയെ ആധികൊള്ളിക്കുന്ന വിഷയമല്ലാതായി.



പത്ത് കൊല്ലം മുമ്പ് കാലിന്റെ എല്ല് പൊട്ടിയതോടെയാണ് വിദേശിന്റെ ജീവിതം കൂടുതല്‍ ദുരിതങ്ങളിലേക്ക് വഴിമാറുന്നത്. ഹീമോഫീലിയ രോഗമാണ് എല്ലുപൊട്ടല്‍ പോലും വിദേശിന്റെ അതിജീവനത്തെ ബുദ്ധിമുട്ടിലാക്കുന്നത്. വെല്ലൂരില്‍ വെച്ച് നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്താല്‍ ലക്ഷങ്ങളുടെ ചിലവിലായിരുന്നു ശസ്ത്രക്രിയ. പൊട്ടിയ എല്ല് കമ്പിയിട്ട് നേരെയാക്കിയെങ്കിലും ആ ശസ്ത്രക്രിയ കഴിഞ്ഞതോടെ വലതു കാലിന്റെ നീളം കുറഞ്ഞു. രണ്ടിഞ്ചു കനമുള്ള ചെരുപ്പ് കാലിലിട്ടാണ് ആ നീള വ്യത്യാസത്തെ മറികടക്കുന്നത്. അതിനു ശേഷം നടക്കുമ്പോഴൊക്കെ തെന്നി വീഴും. ഹീമോഫീലിയ രോഗിയായതിനാല്‍ ഓരോ ചെറിയ തെന്നിവീഴലും ഇടുപ്പിലെ അസ്ഥിക്കും വയറിനും സമ്മര്‍ദ്ദമുണ്ടാക്കി, അത് രക്ത സ്രാവത്തിലെത്തിച്ചു. രക്തം കെട്ടി കെട്ടി വയറില്‍ വലിയ മുഴ രൂപപ്പെട്ടു. ഈ മുഴകാരണമാണ് ഭക്ഷണവും വെള്ളവുമെത്തുമ്പോഴേക്കും വയര്‍ നിറഞ്ഞതായി അനുഭവപ്പെടാന്‍ കാരണം . നീണ്ടു നിവര്‍ന്ന് കിടക്കാനും പറ്റാതായി. മുഴ നീക്കം ചെയ്യാനായി വെല്ലൂരിൽ വെച്ച് ലക്ഷങ്ങൾ വില വരുന്ന ശസ്ത്രക്രിയ അടിയന്തിരമായി ചെയ്യണമെന്നാണ് മെഡിക്കൽകോളേജിലെ ഡോക്ടർമാർ മുന്നോട്ടു വെച്ചിരിക്കുന്ന നിർദേശം.

മുഴ വന്ന് വീങ്ങിയ വിദേശിന്റെ വയര്‍ഭാഗം

നിലവില്‍ മൂന്നരലക്ഷം രൂപയുടെ സൗജന്യ ഇഞ്ചക്ഷന്‍ സര്‍ക്കാരില്‍ നിന്ന് കിട്ടിത്തുടങ്ങിയതോടെയാണ് മുഴകൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ക്ക് ശമനം വന്നതും ആഹാരവും വെള്ളവും കുറച്ചെങ്കിലും അകത്താക്കാനുള്ള അവസ്ഥയിലേക്കെത്തുന്നതും. ആറ് മാസത്തേക്കുള്ള സൗജന്യ ഇഞ്ചക്ഷനുള്ള അനുമതി മാത്രമാണ് നിലവില്‍ ഉള്ളത്. ആ അനുമതി തന്നെ ഹീമോഫീലിയ കോഴിക്കോട് ചാപ്റ്റര്‍ പ്രവര്‍ത്തകരായ സാദിഖിന്റെയും അനുപമയുടെയും മെഡിക്കല്‍ കോളേജിലെ ചില ഡോക്ടര്‍മാരുടെയുംമെല്ലാം ശ്രമഫലമായി സര്‍ക്കാരില്‍ നിന്ന് ലഭിച്ചതാണ്. ജീവിത കാലം മുഴുവന്‍ ഈ ഇഞ്ചക്ഷന്‍ ലഭിച്ചാലേ തന്റെ മകന്‍ ജീവിച്ചിരിക്കുകയുള്ളൂ എന്ന് സങ്കടപ്പെടുന്നു രാധ. എല്ലാറ്റിനും പുറമെ കൂനില്‍മേല്‍ കുരുവെന്ന പോല്‍ മറ്റൊരു ശസ്ത്രക്രിയയുടെ കൂടി ആവശ്യം കൂടി വന്നുചേര്‍ന്നിരിക്കുകയാണ് വിദേശിന്. പത്ത് വർഷം മുൻപ് കാലിലിട്ട കമ്പിയും പൊട്ടിയ എല്ലുമൊക്കെ ദ്രവിച്ചു തുടങ്ങിയതിനാല്‍ ഉടനടി ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആ കമ്പി ഊരിമാറ്റിയില്ലെങ്കില്‍ കാല് മുറിച്ചു കളയേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ശസ്ത്രക്രിയ കാരണമുള്ള കാലിന്റെ നീളക്കുറവ് അടിവശം കട്ടിയുള്ള പ്രത്യേക ചെരുപ്പ് ഉപയോഗിച്ചാണ് ബാലന്‍സ് ചെയ്യുന്നത്‌

വീട്ടിലെ അടുപ്പ് പോലും എരിയിക്കാന്‍ അവസരം കിട്ടാതെ പിറന്നു വീണ ദിനം മുതല്‍ മകനെയും കൊണ്ട് തുടങ്ങിയ ആശുപത്രി യാത്രയാണ് രാധയുടേത്.  കേള്‍ക്കുന്നവനെ സംബന്ധിച്ച് രക്തം കട്ടപ്പിടിക്കാത്ത നിസ്സാര രോഗം മാത്രമാണ് ഹീമോഫീലിയ. എന്നാല്‍ ഈ രോഗത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് തന്റെ മകനെന്ന് വിദേശിന്റെ ദുരിതങ്ങളത്രയും വിശദീകരിച്ച് അമ്മ രാധ സാക്ഷ്യപ്പെടുത്തുന്നു.

പോറിയും പല്ലുകൊഴിഞ്ഞും കാല്‍തെന്നി വീണും ചോര ഒഴുകിത്തീര്‍ന്നപ്പോഴെല്ലാം രക്തം നല്‍കാനെത്തിയത് അറിയുന്നവരും അറിയാത്തവരുമായ കുറെ നാട്ടുകാരാണ്. നാട്ടിലെ ഒട്ടുമിക്ക ബി പോസിറ്റീവുകാരുടെയും രക്തം ഇന്നവനിലോടുന്നുണ്ട്. 'പല തവണകളായുള്ള ശസ്ത്രക്രിയ്ക്കും ചിക്തസയ്ക്കുമൊക്കെയായി നാട്ടുകാരും കുടുംബക്കാരും പാര്‍ട്ടിക്കാരുമെല്ലാം അവരുടെ കഴിവിന്റെ പരമാവധി സഹായിച്ചു. ഇനിയും അവരെയൊന്നും ബുദ്ധിമുട്ടിക്കുക വയ്യ', കണ്ണില്‍ നിന്ന് ഒരുനീര്‍ തുള്ളിപോലും ഉരുണ്ട് താഴേക്കു വീഴാത്തവിധം നിസ്സഹായത ഘനീഭവിച്ചു പോയി രാധയുടെ മുഖത്ത്.  

വീടിനു മുന്നില്‍ വിദേശും അച്ഛനും അമ്മയും



ഈ നീണ്ട 36 വര്‍ഷവും ഹീമോഫീലിയയെ അതിജീവിച്ചുള്ള വിദേശിന്റെ പരക്കം പാച്ചിലില്‍ ഒപ്പമോടിയത് അമ്മയാണ്. തലയിലെ ഞരമ്പുകള്‍ ക്ഷയിച്ച് അമ്മയ്ക്കും ആരോഗ്യപ്രശ്നങ്ങള്‍ വന്നു തുടങ്ങി. അച്ഛന് സ്ട്രോക്കും വന്നു. തങ്ങളുടെ കാലം കഴിഞ്ഞാല്‍ ഇനി മകനാരുണ്ട് എന്ന് രാധയും ഭര്‍ത്താവും ആധി കൊള്ളുമ്പോള്‍ വേദന തിന്ന് ഇനിയുമെനിക്ക് ജീവിക്കേണ്ടെന്ന് ഒരു വശത്ത് നിന്ന് മകനും പറയും. എങ്കിലും പ്രതീക്ഷയുടെ ഒരു തരിവെട്ടമെങ്കിലും മിന്നുമ്പോള്‍ മൂവരും ആനന്ദം കൊള്ളും. ലൈഫ് മിഷന്‍ വഴി ലഭിച്ച വീട് ഈ മൂന്നംഗ കുടുംബത്തിന് അത്തരമൊരാനന്ദമായിരുന്നു. വീല്‍ച്ചെയര്‍ സൗഹൃദമായ തരത്തിലാണ് അത് പണിയുന്നത്. വിദേശിന്റെ വികലാംഗ പെന്‍ഷനിലും ഭര്‍ത്താവിന്റെ ക്ഷേമ പെന്‍ഷനും മൂലം കിട്ടുന്ന മൂവായിരം രൂപയിലാണ് ഈ മൂന്നംഗ കുടുംബം ഇപ്പോള്‍ ജീവിക്കുന്നത്.  

Name:Videsh PK
Account no:520101024169761
IFSC Code:UBIN0918130
Phone No: 95392 54159, 90482 00490

Content Highlights: Survival story of Hemophilia patient Videsh and his mother radha, nileena Atholi,social,seeks help