'വിദ്യാര്‍ഥി രാഷ്ട്രീയം തരം താഴുന്നു, കണ്ണില്‍ ചോരയില്ലാത്തവരെ ഉത്പാദിപ്പിക്കുന്നു'

#ഹമീദ് ചേന്നമംഗലൂര്‍
പ്രതീകാത്മക ചിത്രം |AP
പ്രതീകാത്മക ചിത്രം |AP

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കക്ഷിരാഷ്ട്രീയം വിലക്കണമെന്ന് ന്യായാസനങ്ങള്‍ അഭിപ്രായപ്പെട്ടപ്പോള്‍ അതിനെതിരേ തത്പരക്ഷികള്‍ ഉയര്‍ത്തിപ്പോന്ന ചില വാദങ്ങളുണ്ട്. നിലവിലുള്ള വിദ്യാര്‍ഥിരാഷ്ട്രീയം വിലക്കപ്പെട്ടാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വര്‍ഗീയ, മതമൗലിക ശക്തികള്‍ പിടിമുറുക്കും എന്നതാണ് ഒരു വാദം. ഇതുകേട്ടാല്‍ തോന്നുക ഇപ്പോള്‍ നമ്മുടെ പാഠശാലകളെല്ലാം വര്‍ഗീയ-മതമൗലികതാ മുക്തമാണെന്നാണ്. രാജ്യത്തുള്ള എല്ലാ വര്‍ഗീയ, മതമൗലിക പ്രസ്ഥാനങ്ങളുടെയും വിദ്യാര്‍ഥിസംഘടനകള്‍ ചിരകാലമായി നമ്മുടെ കലാലയങ്ങളില്‍ സക്രിയമാണെന്നതാണ് നേര്. കോടതിയുടെ വിമര്‍ശനത്തിന് പാത്രീഭവിച്ച രാഷ്ട്രീയ പ്രയോഗങ്ങള്‍ക്ക് തടയിട്ടതുകൊണ്ടുമാത്രം പുതുതായി ഒരു വര്‍ഗീയ ശക്തിയും പാഠശാലകളിലേക്ക് കയറിവരാന്‍ ഇനി പുറത്ത് ബാക്കി നില്‍ക്കുന്നില്ല.

18 വയസ്സ് തികഞ്ഞവര്‍ക്ക് വോട്ടവകാശമുള്ള നാട്ടില്‍ ആ പ്രായം പിന്നിട്ട വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയം അരുതെന്നു പറയുന്നത് വിവരക്കേടാണ് എന്നതാണ് മറ്റൊരു വാദം. സമ്മതിദാനാവകാശമുള്ള വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയംപാടില്ലെന്ന് ആരും പറയുന്നില്ല. കലാലയങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പരിശീലന കേന്ദ്രങ്ങളാക്കരുത് എന്നേ മറുപക്ഷം ആവശ്യപ്പെടുന്നുള്ളൂ. കാംപസിന് വെളിയില്‍ ഇഷ്ടമുള്ള രാഷ്ട്രീയപ്പാര്‍ട്ടികളില്‍ വിദ്യാര്‍ഥികള്‍ പ്രവര്‍ത്തിച്ചുകൊള്ളട്ടെ.

കലാലയ രാഷ്ട്രീയവിലക്ക് അരാഷ്ട്രീയവാദപരമാണ് എന്നതത്രേ മൂന്നാമത്തെ വാദം. രാഷ്ട്രീയം സമം കക്ഷിരാഷ്ട്രീയം (പാര്‍ട്ടി പൊളിറ്റിക്‌സ്) എന്ന പിഴച്ച ധാരണയില്‍നിന്നാണ് ഈ വാദം ജനിക്കുന്നത്. ഒരാള്‍ രാഷ്ട്രീയക്കാരനാകാന്‍ അയാള്‍ക്ക് ഏതെങ്കിലും പ്രത്യേക പാര്‍ട്ടിയില്‍ അംഗത്വമോ അനുഭാവിത്വമോ വേണ്ടതില്ല എന്ന ലളിത സത്യം എന്തിന് നാം കാണാതിരിക്കണം?

വേണ്ടത് കക്ഷ്യതീതരാഷ്ട്രീയം

കക്ഷിരാഷ്ട്രീയത്തിനുപകരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വളരേണ്ടത് കക്ഷ്യതീത രാഷ്ട്രീയമാണ്. ബൗദ്ധിക രാഷ്ട്രീയത്തിന്റെ മറുപേരാണ് കക്ഷ്യതീത രാഷ്ട്രീയം. കക്ഷി രാഷ്ട്രീയം സംഘട്ടാത്മക രാഷ്ട്രീയമാണെങ്കില്‍ ബൗദ്ധികരാഷ്ട്രീയം സംവാദാത്മക രാഷ്ട്രീയാണ്. കക്ഷ്യതീത സംവാദാത്മക രാഷ്ട്രീയത്തിനേ വിദ്യാര്‍ഥികളെ അസങ്കുചിതമായ ജനാധിപത്യാവബോധത്തിലേക്ക് നയിക്കാന്‍ കഴിയൂ. ഒരു പാര്‍ട്ടിയുടെയും ഉപകരണമല്ലാതെ പ്രവര്‍ത്തിക്കാനും സ്വതന്ത്രമായി രാഷ്ട്രീയ വിചിന്തനം നടത്താനും വിദ്യാര്‍ഥിസമൂഹത്തിന് സാധിക്കണം. നിലവിലുള്ള ബാഹ്യ നിയന്ത്രിത വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ അത് സാധ്യമല്ല. അപര ആശയങ്ങളെയും അപര രാഷ്ട്രീയ പ്രതിനിധാനങ്ങളെയും ഹിംസാത്മകമായി എതിരിടുക എന്ന തത്ത്വവും പ്രയോഗവുമാണ് കലാലയരാഷ്ട്രീയത്തില്‍ ദീര്‍ഘകാലമായി നിലവിലുള്ളത്. ഫലമോ, നമ്മുടെ വിദ്യാര്‍ഥിരാഷ്ട്രീയം ധൈഷണിക വീരന്മാരെ സൃഷ്ടിക്കുന്നതിനുപകരം ക്രൂരന്മാരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

മുകളില്‍ പറഞ്ഞ തത്ത്വത്തിലും പ്രയോഗത്തിലും പൊളിച്ചെഴുത്ത് കൂടിയേതീരൂ. ജനങ്ങളാല്‍ അംഗീകരിക്കപ്പെട്ട ഭരണഘടനയുള്ള രാജ്യത്ത് ആ ഗ്രന്ഥത്തിന്റെയും അനുശാസിക്കുന്ന നിയമ വ്യവസ്ഥയുടെയും അടിസ്ഥാനത്തില്‍ വേണം കലാലയ രാഷ്ട്രീയം മുന്നോട്ടുപോകാന്‍. ഭരണ കൂടമോ കലാലയ നടത്തിപ്പുകാരോ വിദ്യാര്‍ഥികളുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുന്നുണ്ടെങ്കില്‍ അതിനെതിരേ നിയമാനുസൃത പ്രതിഷേധമുറകളും നടപടികളും അവലംബിക്കുകയാണ് വിദ്യാര്‍ഥിപ്രസ്ഥാനങ്ങള്‍ ചെയ്യേണ്ടത്.

പകരം, നിയമം കൈയിലെടുത്ത് പ്രതിയോഗികളെ നേരിടുമ്പോള്‍ വിദ്യാര്‍ഥി രാഷ്ട്രീയം പേശീബല രാഷ്ട്രീയമായി തരം താഴുന്നു. ജനാധിപത്യപരമല്ല, ഗുണ്ടാധിപത്യപരമാണ് പേശീബല രാഷ്ട്രീയം. അത് കണ്ണില്‍ ചോരയില്ലാത്തവരെ ഉത്പാദിപ്പിക്കാനേ ഉതകൂ. അതുപേക്ഷിക്കേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു.

ജനങ്ങളാല്‍ അംഗീകരിക്കപ്പെട്ട ഭരണഘടനയുള്ള രാജ്യത്ത് ആ ഗ്രന്ഥത്തിന്റെയും അനുശാസിക്കുന്ന നിയമ വ്യവസ്ഥയുടെയും അടിസ്ഥാനത്തില്‍ വേണം കലാലയ രാഷ്ട്രീയം മുന്നോട്ടുപോകാന്‍

Content Highlights: students politics, apolitics,Hameed Chennamangaloor