റാഗിങ് വൃക്ക തകര്‍ത്തു; 22-ാം വയസ്സില്‍ അഞ്ച് ഡയാലിസിസ് | പരമ്പര 3

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഒറ്റ രാത്രി, തന്റെ ജീവിതം മാറ്റിമറിച്ച ആ റാഗിങ് ദിനത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തൃശ്ശൂരിലെ രാഗേഷിന്(യഥാർഥ പേരല്ല) ഇന്നും പേടിയാണ്. 22-ാമത്തെ വയസ്സില്‍ ആ ചെറുപ്പക്കാരന് കോട്ടയം നാട്ടകം പോളിടെക്‌നിക്കിലെ റാഗിങ് ക്രൂരത സമ്മാനിച്ചത് വൃക്കയ്ക്ക് തകരാര്‍ സംഭവിച്ചത് മൂലമുള്ള അഞ്ച് ഡയാലിസുകള്‍.  നന്നേ പാവപ്പെട്ട കുടുംബം, കുഞ്ഞ് വീട്. എത്രയും പെട്ടെന്ന് മെച്ചപ്പെട്ട ജോലി ലഭിച്ചാല്‍ അച്ഛന് ഒരു കൈ സഹായമാകാമെന്ന് കരുതിയാണ് രാഗേഷ് 2017-ല്‍ കോട്ടയത്തെ നാട്ടകം പോളിടെക്‌നിക്ക് കോളേജില്‍ പ്രവേശനം നേടിയത്. പോളിയിലെ 18 പേരായിരുന്നു ഹോസ്റ്റലില്‍. ഒന്‍പത് സീനിയര്‍ വിദ്യാര്‍ഥികളും ഒന്‍പത് ജൂനിയര്‍ വിദ്യാര്‍ഥികളും.

ആദ്യമൊക്കെ വലിയ സൗഹൃദം കാണിച്ചിരുന്ന സീനിയര്‍ വിദ്യാര്‍ഥികള്‍ പക്ഷെ പെട്ടന്നായിരുന്നു ഏറ്റവും വലിയ ക്രൂരന്‍മാരായതെന്ന് പറയുന്നു രാഗേഷ്. അതിന്റെ ഏറ്റവും ഭീകര ദിനമായി 2017 ഡിസംബര്‍ രണ്ട് മാറുകയും ചെയ്തു. വീട്ടില്‍ പോകാനിരുന്ന രാഗേഷിനേയും സംഘത്തേയും രാത്രി സിനിമയ്ക്ക് പോവാം എന്ന് പറഞ്ഞാണ് ഹോസ്റ്റലില്‍ നിര്‍ത്തിച്ചത്. പക്ഷെ പിന്നീട് സിനിമയ്ക്ക് പോവുന്നില്ലെന്നറിയിച്ചതോടെ പിറ്റേന്ന് വീട്ടില്‍ പോവാമെന്ന് കരുതി അവിടെതന്നെ കഴിഞ്ഞുകൂടി-ആ രാത്രി കാളരാത്രിയായിരുന്നുവെന്ന് രാഗേഷ് പറയുന്നു.

രാത്രിയായപ്പോള്‍ ഓരോരുത്തരേയും സീനിയര്‍ വിദ്യാര്‍ഥികളെത്തി പ്രത്യേകം മുറിയില്‍ കൊണ്ടുപോയി നഗ്നരാക്കി നിര്‍ത്തി. ജൂനിയര്‍ കുട്ടികളുടെ നഗ്നത കണ്ട് ബാക്കിയുള്ള ഒന്‍പത് സീനിയര്‍ വിദ്യാര്‍ഥികളും പുറത്ത് നിന്നുള്ള മറ്റൊരാളും ചിരിച്ച് ആസ്വദിക്കുന്ന കാഴ്ചയാണ് രാഗേഷിനെ മുറിയിലേക്കെത്തിക്കുമ്പോള്‍ അവന്‍ കണ്ടത്. പിന്നെ നിലത്ത് കൈകുത്തി നിര്‍ത്തിച്ച ശേഷം നൂറ് തവണ പുഷ് അപ് ചെയ്യിപ്പിച്ചു. വീണപ്പോള്‍ ചവിട്ടി എഴുന്നേല്‍പിച്ചു. അതിന് ശേഷം ഒറ്റക്കാലില്‍ കൈ തൊഴുതുപിടിച്ച് നിര്‍ത്തിച്ചു. അപ്പോഴേക്കും എല്ലാവരും തളര്‍ന്നുപോയെന്ന് പറയുന്നു രാഗേഷ്. തളര്‍ന്നപ്പോള്‍ നിലത്ത് കിടന്ന് നീന്താന്‍ പറഞ്ഞു. പിന്നീട് വലിച്ചെഴുന്നേല്‍പ്പിച്ച് വീണ്ടും ഒറ്റക്കാലില്‍ നിര്‍ത്തിച്ചു. നിലത്ത് വീണവരെ മലര്‍ത്തിക്കിടത്തി എന്നിട്ട് ഇരുതുടയിലും ഓരോരുത്തരായി കയറി നിന്ന് അലറി വിളിച്ച് ചിരിച്ചു.

മുറിയുടെ നടുവിലിട്ട മേശയിലേക്ക് ഒറ്റക്കാലില്‍ ചാടിക്കയറാന്‍ നിര്‍ബന്ധിക്കുകയായിരുന്നു അടുത്ത പരിപാടി. കയറുന്നവരെല്ലാം നിലത്തേക്ക് വീണു. കയറിക്കഴിഞ്ഞവരെ നിലത്തേക്ക് ഒറ്റക്കാലില്‍ ചാടിയിറങ്ങാന്‍ നിര്‍ബന്ധിച്ചു. ഒടുവില്‍ തളര്‍ന്ന് വീണവരെ അവര്‍ ചെയ്തത് മുറിയോട് ചേര്‍ന്നുള്ള അലമാരയ്ക്കുള്ളിലേക്ക് കുത്തികയറ്റി വാതിലടക്കുകയായിരുന്നു. അവിടെ നിന്നും പുറത്ത് കേള്‍ക്കാത്ത വിധം പാട്ടുപാടാന്‍ പറഞ്ഞു. രണ്ട് മണിയോടെ എല്ലാവരും ഛര്‍ദിച്ചു. വെള്ളം ചോദിച്ചപ്പോള്‍ നിലത്തിട്ട് വലിച്ചു-വിറച്ചുകൊണ്ട് ആ ദിവസത്തെ ഓര്‍ത്തുകൊണ്ട് രാഗേഷ് പറയുന്നു.

വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥൻ ആൾക്കൂട്ടവിചാരണയ്ക്ക് ഇരയായി ഹോസ്റ്റലിൽ ആത്മഹത്യചെയ്ത കേസിൽ പ്രതികളായ രഹാൻ ബിനോയിയെയും ആകാശിനെയും കല്പറ്റ ഡിവൈ.എസ്.പി. ടി.എൻ. സജീവന്റെ നേതൃത്വത്തിൽ വെറ്ററിനറി കോളേജിനുസമീപത്തെ കുന്നിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ

വെളുപ്പിന് രണ്ടരയോടെ ബാത്ത്‌റൂമില്‍ കൊണ്ടുപോയി രണ്ട് ബക്കറ്റ് വെള്ളം വീണ്ടും തലയിലൊഴിച്ച് മുറിയിലിട്ട് പൂട്ടി. ശേഷം നാല് മണിയോടെ വീണ്ടും മുറിയിലെത്തി നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചു. മദ്യപിച്ച് സംഭവിച്ചതാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു പദ്ധതി. പിറ്റേന്ന് രാവിലെ രക്ഷപ്പെട്ട് വീട്ടിലെത്തിയതിന് ശേഷവും റാഗിങ് വിവരം രാഗേഷ് പുറത്ത് പറഞ്ഞിരുന്നില്ല.തല്‍ക്കാലം ഒരു ഡോക്ടറെ കാണിച്ച് രണ്ട് ഗുളിക കഴിച്ചു. വീട്ടിലെത്തിയപ്പോള്‍ കളിച്ചത് മൂലം ഭയങ്കര മസില്‍ വേദനയാണെന്ന് കള്ളം പറഞ്ഞു. പക്ഷെ പിറ്റെ ദിവസം ആവുമ്പോഴേക്കും മറ്റൊരു കുട്ടിയുടെ പരാതിയില്‍ പോളിടെക്‌നിക്കിലെ ക്രൂരതയുടെ വിവരം വാര്‍ത്തകളില്‍ വന്നിരുന്നു. അപ്പോഴും താന്‍ റാഗിങിന് ഇരയായി എന്ന വിവരം രാഗേഷ് പറഞ്ഞിരുന്നില്ല. പിറ്റേന്ന്  ഭയങ്കര ശരീര വേദനയെ തുടര്‍ന്ന് അച്ഛനേയും കൂട്ടി ആശുപത്രിയില്‍ പോയി. പക്ഷെ ആശുപത്രിയില്‍ എത്തുമ്പോഴേക്കും ബോധം കെട്ട് വീണു. തുടര്‍ന്ന് ഡോക്ടറോടാണ് സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞത്. അപ്പോഴേക്കും രാഗേഷിന്റെ കേള്‍വി ശക്തിക്ക് തകരാര്‍ സംഭവിക്കുകയും വൃക്കയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ ഐ.സി.യുവിലുമായി.

ഹോസ്റ്റല്‍ വാര്‍ഡനും അധ്യാപകര്‍ക്കും പോലീസുകാര്‍ക്കുമെല്ലാം പോളിയിലെ റാഗിങ് വിവരങ്ങള്‍ അറിയാമായിരുന്നുവെങ്കിലും ആരും ഒന്നും പുറത്ത് പറഞ്ഞിരുന്നില്ലെന്നും രാഗേഷ് ചൂണ്ടിക്കാട്ടുന്നു. സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ രണ്ട് വര്‍ഷമെങ്കിലും വേണ്ടി വരുമെന്നാണ് അന്ന് ഡോക്ടര്‍മാര്‍ വിധി പറഞ്ഞത്. അഞ്ചു തവണയാണ് രാഗേഷ് ഡയാലിസിസിന് വിധേയനായത്. അമിതമായി വ്യായാമം ചെയ്യിപ്പിച്ചതിനൊപ്പം മദ്യം കഴിച്ചതാണ്  വൃക്കകളെ തകരാറിലാക്കാന്‍ കാരണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്.

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ഇന്ന് നടന്നതും താന്‍ അന്ന് അനുഭവിച്ചതും സമാനമായ സംഭവമാണെന്നും മരണത്തില്‍ നിന്ന് പോലും ഭാഗ്യം കൊണ്ടായിരുന്നു രക്ഷപ്പെട്ടതെന്നും ഇന്ന് രാഗേഷ് പറയുന്നു. ഏഴ് വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും അതിന്റെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവിക്കുന്നുണ്ട് ഈ ചെറുപ്പക്കാരന്‍. വൃക്കയ്ക്കുണ്ടായ തകരാര്‍ മൂലം ക്രിയാറ്റിനില്‍ അളവിലൊക്കെ വലിയ മാറ്റമുണ്ടാകുന്നു. അതുകൊണ്ടു തന്നെ ചികിത്സ തുടരുന്നുമുണ്ട്.

സംഭവത്തിന് ശേഷം കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരേ നടപടി സ്വീകരിക്കാനായത് രാഗേഷ് നടത്തിയ ശക്തമായ നിയമപരോട്ടം കൊണ്ടാണ്. കോടതിക്ക് പുറത്ത് നിന്ന് സെറ്റില്‍മെന്റിന് നിരവധി തവണ സമ്മര്‍ദമുണ്ടായെങ്കിലും നിയമ നടപടി സ്വീകരിക്കുമെന്ന് ഉറച്ച തീരുമാനത്തിലായിരുന്നു രാഗേഷ്. സംഭവം നടന്നത് 2017 ഡിസംബര്‍ മാസത്തിലായിരുന്നുവെങ്കിലും 2023 മാര്‍ച്ചിലാണ് ഒമ്പത് പേരേയും ശിക്ഷിച്ചുകൊണ്ട് കോടതി വിധി വന്നത്. ഒമ്പത് പേര്‍ക്കും രണ്ട് വര്‍ഷം തടവും ഓരോരുത്തരില്‍ നിന്നും 12000 രൂപ പിഴയുമായിരുന്നു വിധി.

പുലിക്കോടന്‍ നാരായണന്‍ | ഫയല്‍ ഫോട്ടോ:  സി.ബിജു
  • നമുക്ക് അധികാരത്തിന് മുന്നില്‍ മുട്ടുമടക്കാത്ത അധ്യാപകരുമുണ്ടായിരുന്നു

ആര്‍ക്കാണോ ഒരു സ്ഥാപനത്തില്‍ ഭൂരിപക്ഷം ആ സംഘടനയ്ക്ക് വഴങ്ങി ജോലി ചെയ്യേണ്ട അവസ്ഥയാണ് ഇന്നത്തെ കാംപസുകളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം. ഇത് റാഗിങും ആള്‍ക്കൂട്ട മര്‍ദനവും പോലുള്ള പ്രശ്നങ്ങള്‍ തുടരാനും അവസാനിക്കാതിരിക്കാനും കാരണമാകുന്നുണ്ട്. അല്ലാത്തപക്ഷം തങ്ങളുടെ ഭാവി തന്നെ അവതാളത്തിലാവുമെന്ന് അവര്‍ക്ക് നന്നായി അറിയുകയും ചെയ്യാം. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് സര്‍വകലാശാലയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട വൈസ് ചാന്‍സിലര്‍ വി.സി ശശീന്ദ്രന്റെ പ്രതികരണം അക്കാര്യം അന്വര്‍ഥമാക്കുന്നതാണ്.

സംഘടനയിലുള്ളവരുടെ ധാര്‍ഷ്ട്യമാണ് പൂക്കോട്ടെ  സംഭവത്തിന് കാരണമെന്നും താന്‍ നിസ്സഹായനായിരുന്നുവെന്നുമായിരുന്നു വൈസ് ചാന്‍സിലര്‍ ഡോ.എം.ആര്‍ ശശീന്ദ്ര നാഥിന്റെ തുറന്നു പറച്ചില്‍. ഈയൊരു സഹാചര്യത്തില്‍ അടിയന്തരാവസ്ഥക്കാലത്ത് കോഴിക്കോട് ആര്‍.ഇ.സി (ഇന്നത്തെ എന്‍.ഐ.ടി)-യില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജന്റെ  കേസിന് നിര്‍ണായകമായ അന്നത്തെ ആര്‍.ഇ.സി പ്രിന്‍സിപ്പള്‍ പ്രൊഫ. കെ.ബഹാവുദ്ദീനെ ഓര്‍ക്കാതെ വയ്യ.

രാജന്‍ അടക്കമുള്ള വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത വിവരം ഹോസ്റ്റലിന്റെ ആക്ടിങ് വാര്‍ഡനായിരുന്ന ഗണിതാധ്യാപകന്‍ ഡോ.മുരളീധരന്‍ അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കളെ ബഹാവുദ്ദീന്‍ രജിസ്റ്റേര്‍ഡ് ആയി യഥാസമയം വിവരം അറിയിച്ചു. തുടര്‍ന്ന് അതില്‍ ഒരു വിദ്യാര്‍ഥിയെ ക്യാമ്പില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വിദ്യാര്‍ഥിയുടെ പിതാവിന് കഴിഞ്ഞിരുന്നുവെങ്കിലും എറണാകുളത്ത് താമസിച്ചിരുന്ന രാജന്റെ പിതാവ് ഈച്ചരവാരിയര്‍ അന്വേഷിച്ചറിഞ്ഞ് കക്കയം ക്യാമ്പിലെത്തിയിട്ടും രാജനെ കാണാന്‍ കഴിഞ്ഞിരുന്നില്ല.

രാജന്‍ കേസുമായി ബന്ധപ്പെട്ട് കെ.കരുണാകരന്‍ ഹൈക്കോടതിയില്‍ നിന്നും പുറത്ത് വരുന്നു| ഫയല്‍ ഫോട്ടോ: മാതൃഭൂമി

ഇതിനിടെ രാജന്റെ പിതാവ് ഈച്ചരവാരിയര്‍, തടങ്കലില്‍ ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളെ കോടതിയില്‍ ഹാജരാക്കാനുള്ള ഹേബിയസ് കോര്‍പ്പസ് ഹര്‍ജി 1977 മാര്‍ച്ച് 25-നു ഫയല്‍ ചെയ്തു. കോഴിക്കോട് പോലീസ് സൂപ്രണ്ട് ആയിരുന്ന ലക്ഷ്മണ, ഡി.ഐ.ജി. ജയറാം പടിക്കല്‍, ആഭ്യന്തര മന്ത്രി കെ. കരുണാകരന്‍, എസ്.ഐ. പുലിക്കോടന്‍ നാരായണന്‍ തുടങ്ങിയവരൊക്കെ കേസിന്റെ ഭാഗമായി. എന്നാല്‍ കക്കയത്ത് പോലീസ് ക്യാമ്പ് പ്രവര്‍ത്തിച്ചിട്ടില്ലെന്നും വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നുമായിരുന്നു അന്ന് സര്‍ക്കാര്‍ കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. പക്ഷെ സ്വന്തം വിദ്യാര്‍ഥികളെ അന്വേഷിച്ച് തന്റെ ഔദ്യോഗിക കാറില്‍ കക്കയത്തുള്ള വിദ്യുച്ഛക്തി വകുപ്പ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പോലീസ് ക്യാമ്പില്‍ എത്തിയ പ്രിന്‍സിപ്പാളിന്റെ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി സര്‍ക്കാരിന്റെ വാദം തള്ളിക്കളഞ്ഞു.

കേസ് വിചാരണയ്ക്ക് വന്നപ്പോള്‍ ബഹാവുദ്ദീന് നേരെ ഭയങ്കരമായ സമ്മര്‍ദമായിരുന്നു പോലീസില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും സര്‍ക്കാരില്‍ നിന്നുമെല്ലാമുണ്ടായത്. അന്ന് ബഹാവുദ്ദീന്‍ മൊഴിമാറ്റിയിരുന്നുവെങ്കില്‍ ആ കേസ് തള്ളിപ്പോവുമായിരുന്നു. എന്നാല്‍ ജീവന്‍ പോയാലും ശരി താന്‍ മൊഴിമാറ്റില്ലെന്നും കണ്ടകാര്യം പറയുമെന്നുമായിരുന്നു ബഹാവുദ്ദീന്റെ മൊഴി. അന്ന് കെ.എം. ബഹാവുദ്ദീന്റെ അധികാരത്തിന് മുന്നില്‍ തലകുനിക്കാതേയുള്ള നിലപാടുകള്‍ കോടതിയെ സ്വാധീനിക്കുകയും, രാജന്റെ കൊലപാതകം തെളിയാന്‍ കാരണമാവുകയും ചെയ്തു.

വിദ്യാര്‍ഥികളെ പ്രിന്‍സിപ്പാളിനെ അറിയിക്കാതെ കസ്റ്റഡിയിലെടുത്ത വിവരം, പ്രിന്‍സിപ്പാള്‍ കോളേജ് മാനേജ്മെന്റിനേയും വിദ്യാഭ്യാസവകുപ്പിനേയും വിദ്യാര്‍ഥികളുടെ രക്ഷാകര്‍ത്താക്കളേയും അറിയിച്ചിട്ടുണ്ടായിരുന്നു എന്നതും തെളിവായി. ഇതോടെ രാജനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല എന്നു വാദിച്ച പ്രതികള്‍ പിന്നീട് മൊഴിമാറ്റി. കക്കയം പോലീസ് ക്യാമ്പില്‍ വെച്ച് രാജന്‍ കൊല്ലപ്പെട്ടുവന്ന് പോലീസിന് സമ്മതിക്കേണ്ടി വന്നു. രാജന്‍ മരിച്ചിട്ടില്ലെന്നാണ് കരുണാകരന്‍ ആദ്യം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. രാജനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് നിയമസഭയില്‍ പറഞ്ഞു-ഇത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കരുണാകരന്റെ രാജിക്ക് തന്നെ കാരണമാവുകയും ചെയ്തു.

വയനാട്ടിൽ സമരക്കാർക്കെതിരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചപ്പോൾ.
  • യു.ജി.സി പറയുന്നു അഞ്ചു വര്‍ഷം; 25 റാഗിങ്ങ് ആത്മഹത്യകള്‍

നിയവും ശിക്ഷയും ശക്തമാവുമ്പോഴും റാഗിങ് മൂലം അഞ്ചു വര്‍ഷം കൊണ്ട് രാജ്യത്ത് 25 ആത്മഹത്യകള്‍ നടന്നുവെന്നാണ് യു.ജി.സി നല്‍കിയ വിവരാവകാശ നിയമപ്രകാരം വ്യക്തമാക്കുന്നത്. 2018 ജനുവരി ഏഴ് മുതല്‍ 2023 ജൂണ്‍ 25 വരേയുള്ള കണക്കുകളാണ് യു.ജി.സി പുറത്തുവിട്ടത്. 2018-ല്‍ എട്ട്, 2019-ല്‍ രണ്ട്, 2020-ല്‍ രണ്ട്, 2022-ല്‍ നാല്, 2023-ല്‍ ഒന്‍പത് മരണങ്ങളാണുണ്ടായത്. മഹാരാഷ്ട്ര, തമിഴ്നാട് (നാലുവീതം), ഒഡിഷ (മൂന്ന്), ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തെലങ്കാന (രണ്ടുവീതം), ഛത്തീസ്ഗഢ്, ഹിമാചല്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, പഞ്ചാബ് (ഒന്നുവീതം)-എന്നിങ്ങനെയാണ് കണക്കുകള്‍. റാഗിങ് മറച്ചുവെച്ചാല്‍ കോളേജുകളുടേയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും അംഗീകാരം റദ്ദ് ചെയ്യുമെന്ന കര്‍ശന നിര്‍ദേശം നേരത്തെ തന്നെ യു.ജി.സി സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും ഇതിനെയൊന്നും വകവെക്കാതെയാണ് മിക്ക സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനം. പലതും സ്ഥാപന അധികൃതര്‍ തന്നെ ഒതുക്കി തീര്‍ക്കുകയും ചെയ്യുന്നതായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കോഴിക്കോട് മുക്കത്തെ സ്വകാര്യ കോളേജില്‍ ഈയടുത്ത് നടന്നത്.

കോളേജിലെത്തുമ്പോള്‍ വന്ന ഹെയര്‍സ്‌റ്റൈലിന്റെ പേരിലായിരുന്നു ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ മിഥിലാജിനെ 2023 ജൂലായ് 19-ാം തീയതി സീനിയേഴ്‌സ് കൂട്ടം കൂടി റാഗ് ചെയ്തത്. മര്‍ദനത്തില്‍ മൂക്കിന്റെ പാലം പൊട്ടുകയും കണ്ണിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ചോരവാര്‍ന്ന് അവശനിലയിലായ മിഥിലാജിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചാണ് പിന്നീട് ചികിത്സ തുടര്‍ന്നത്. കാംപസിലേക്ക് കാര്‍ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് നടന്ന വാക്കേറ്റമായിരുന്നു റാഗിങില്‍ കലാശിച്ചത്. രക്ഷിതാക്കള്‍ നിയമനപടികളുമായി പോവുമെന്നാണ് അന്ന് അറിയിച്ചിരുന്നതെങ്കിലും കേസ് കോംപ്രമൈസ് ആക്കി തീര്‍ത്തുവെന്നാണ് കോളേജ് അധികൃതര്‍ നല്‍കുന്ന വിവരം. കുട്ടിയോട് സംസാരിക്കാനോ മറ്റോ അധികൃതര്‍ സമ്മതിച്ചുമില്ല.

  • കുട്ടികളോടൊപ്പം മദ്യപിക്കുന്ന അധ്യാപകരും പേരിന് മാത്രമായ വാര്‍ഡന്‍മാരും

കേരളത്തിലെ കാംപസുകളില്‍ ജനാധിപത്യമല്ല മൃഗാധിപത്യമാണ് നടക്കുന്നതെന്ന് പറഞ്ഞത് പൂക്കോട് വെറ്റിനറി സര്‍വകലാശാല മുന്‍ വി.സി കൂടിയായ ബി.അശോക് ഐ.എ.എസാണ്. അധ്യാപകര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സില്‍ വിദ്യാര്‍ഥികളെ വിളിച്ചുവരുത്തി മദ്യപാന സദസ്സ് നടത്തുന്ന അധ്യാപകരുണ്ടെന്നും അതിനെതിരേ നടപടിയെടുക്കേണ്ട ആവശ്യം വന്നിട്ടുണ്ടെന്നുമായിരുന്നു ബി.അശോകിന്റെ വെളിപ്പെടുത്തല്‍. അധ്യാപകരും മുതിര്‍ന്ന വിദ്യാര്‍ഥികളും തമ്മിലുള്ള ഈ അവിശുദ്ധ കൂട്ടുകെട്ടിനേക്കുറിച്ച് നേരത്തേ റാഗിങ്ങിന് ഇരയായവരും ചൂണ്ടിക്കാട്ടുന്നുണ്ട്.

2016-ല്‍ കര്‍ണാടകയിലെ സ്വകാര്യ നഴ്‌സിങ് കോളേജില്‍ ടോയ്‌ലറ്റ് ക്ലീനര്‍ നിര്‍ബന്ധിച്ച് കുടിക്കേണ്ടിവന്ന അശ്വതിയും ആ അധ്യാപക വിദ്യാര്‍ഥി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇരയായിരുന്നു. സീനിയര്‍ വിദ്യാര്‍ഥികളുടെ പരീക്ഷ എഴുതിക്കൊടുക്കാന്‍പോലും അധ്യാപകര്‍തന്നെ നിര്‍ബന്ധിച്ചതുകൊണ്ടായിരുന്നു അന്നത്തെ ക്രൂരതയ്ക്ക് അശ്വതിക്ക് ഇരയാകേണ്ടിവന്നത്. ഇതിനായി സര്‍ട്ടിഫിക്കറ്റുകളും മറ്റും പിടിച്ചുവെക്കുകയും പരീക്ഷയെഴുതിക്കൊടുക്കാതെ വീട്ടില്‍ പോയാല്‍ വലിയ ഫൈന്‍ അടക്കേണ്ടിവരുമെന്ന് പറഞ്ഞ് നിര്‍ബന്ധിക്കുകകൂടി ചെയ്തു. മാത്രമല്ല, കോളേജുകളില്‍ പേരിന് മാത്രമാണ് വാര്‍ഡന്‍മാരെന്നും റാഗിങ്ങുണ്ടെന്ന് അറിഞ്ഞാല്‍പോലും അവർ പുറത്തുപറയുന്നില്ലെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

ബി.അശോക് 

യു.ജി.സിയുടെ മറ്റ് നിര്‍ദേശങ്ങള്‍

1-ആന്റി റാഗിങ് കമ്മിറ്റി, ആന്റി റാഗിങ്ങ് സ്‌ക്വാഡ് എന്നിവയുടെ പ്രവര്‍ത്തനം സജീവമാണെന്ന് വിലയിരുത്തുകയും റാഗിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ബോധവത്കരണം നടത്തുകയും വേണം.

2-ഒന്നാംവര്‍ഷ പ്രവേശനത്തിന് മുമ്പ് പോലീസ്, ഹോസ്റ്റല്‍ വാര്‍ഡന്‍, അധ്യാപകര്‍, മാതാപിതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ സംയുക്ത യോഗം വിളിക്കുകയും റാഗിങ്ങിനെതിരേയുള്ള നടപടികളേക്കുറിച്ച് വിശദീകരിക്കുകയും വേണം.

3-ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍നിന്ന് പുറത്തുപോവുന്നതിന് മുന്‍പ് അധികൃതരുടെ അനുവാദം വാങ്ങണം. കാന്റീന്‍, മെസ്, ജിംനേഷ്യം എന്നിവിടങ്ങളിലെല്ലാം പോവുമ്പോള്‍ നിശ്ചിത കാലത്തേക്കുവരെയെങ്കിലും നിരീക്ഷണമുണ്ടാവണം.

4-ഹെല്‍പ് ലൈന്‍ നമ്പര്‍, സ്ഥാപനത്തിലെ അധികൃതരെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ എന്നിവ വിദ്യാര്‍ഥികുടെ താമസകേന്ദ്രങ്ങളില്‍ സ്ഥാപിക്കണം.

5-റാഗിങ് നടക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്ന സ്ഥാപനങ്ങള്‍, ആളൊഴിഞ്ഞ വഴികള്‍, സ്ഥലങ്ങള്‍, മുറികള്‍ എന്നിവിടങ്ങളില്‍ കാമറ നിരീക്ഷണം ഉറപ്പാക്കണം.

6-വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിന്റേയും സ്വകാര്യസ്ഥാപനങ്ങളുടേയും വിവരങ്ങള്‍ പോലീസിന് കൈമാറണം.

7-റാഗിങ് സംബന്ധിച്ച പരാതി വിദ്യാര്‍ഥിയോ മാതാപിതാക്കളോ പോലീസിന് നേരിട്ട് നല്‍കിയാലും  സ്ഥാപന മേധാവിയും പരാതിനല്‍കാന്‍ ബാധ്യസ്ഥനാണ്.

വന്യമൃഗങ്ങള്‍പോലും ചെയ്യാന്‍ മടിക്കുന്നതാണ് പൂക്കോട്ട് നടന്നത്- ജസ്റ്റിസ് കെമാല്‍ പാഷ

ജസ്റ്റിസ് കെമാല്‍ പാഷ

പൂക്കോട് വെറ്റിനറി കോളേജില്‍ നടന്നത് വന്യമൃഗങ്ങള്‍ പോലും  ചെയ്യാന്‍ മടിക്കുന്ന ക്രൂരതയാണ്. വന്യമൃഗങ്ങള്‍ വിശക്കുമ്പോള്‍ മാത്രം ആവര്‍ക്ക് ആവശ്യമുള്ളത് കഴിച്ച് ബാക്കിയുള്ളത് ഉപേക്ഷിച്ച് പോവും. എന്നാല്‍, അവരേപ്പോലും നാണിപ്പിക്കുന്ന തരത്തിലാണ് പൂക്കോട് നടന്ന സംഭവം. സിദ്ധാര്‍ഥനെ മര്‍ദിച്ച് രക്തദാഹം  തീര്‍ത്തിട്ടുപോലും അക്രമിക്കൂട്ടങ്ങള്‍ മര്‍ദനം നിര്‍ത്തിയില്ലെന്നാണ് കേട്ടത്. ഉറങ്ങിക്കിടക്കുന്നവരെ പോലും വിളിച്ചുണര്‍ത്തി ആ കുട്ടിയെ മര്‍ദിക്കാന്‍ നിര്‍ബന്ധിച്ചു. ഒരു തുള്ളി വെള്ളം പോലും കൊടുക്കാതെയുള്ള മര്‍ദനം എത്ര ക്രൂരമാണ്. ഇത് ഒരു പൂക്കോട് വെറ്ററിനിറി കോളേജില്‍ മാത്രം അവസാനിക്കുന്നതല്ല. ഇത്തരം അക്രമിക്കൂട്ടങ്ങള്‍ കണ്ടുപഠിക്കുന്നത് അവരേക്കാള്‍ വലിയ അക്രമിക്കൂട്ടങ്ങളെയാണ്. അതുകൊണ്ടുതന്നെ അതിലപ്പുറം  പ്രതീക്ഷിക്കുകയും വേണ്ട. സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടത് കാംപസുകളില്‍നിന്ന് രാഷ്ട്രീയം നിരോധിക്കുകയാണ്. അല്ലാത്തപക്ഷം ഇത്തരം വാര്‍ത്തകള്‍കേട്ട് നമ്മള്‍ ഇനിയും നടുങ്ങേണ്ടിവരും. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ഞാന്‍ കുറ്റം പറയുന്നില്ല. ആരാണോ പ്രബലര്‍ അവരുടെ അപ്രമാദിത്വമായിരിക്കും ആ  കാംപസില്‍. അവര്‍ക്ക് വഴങ്ങി പഠിക്കേണ്ട വിദ്യാര്‍ഥികളും അവര്‍ക്ക് വഴങ്ങി ജോലിചെയ്യേണ്ട അധ്യാപകരുമെല്ലാം എന്തൊരു നിസ്സഹായാവസ്ഥയിലാണ്. അതാണ് ഞാന്‍ പറഞ്ഞത് കലാലയങ്ങളില്‍നിന്ന് രാഷ്ട്രീയം നിരോധിക്കണമെന്ന്. വിദ്യാര്‍ഥി രാഷ്ട്രീയമില്ലാത്തിടത്ത് മറ്റുപലതും സംഭവിക്കുമെന്നൊക്കെ പറയുന്നത് വെറുതെയാണ്. ഇതിലും വലുതൊന്നും സംഭവിക്കാനില്ലല്ലോ. പൂക്കോട് ഈ വിദ്യാര്‍ഥിയെ മര്‍ദിക്കുന്നത് കണ്ടുനിന്ന വിദ്യാര്‍ഥികളും  അറിഞ്ഞിട്ടും പുറത്തു പറയാതെനിന്ന അധ്യാപകരും ഡീനുമെല്ലാം പ്രതിയാണ്. എല്ലാവരേയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണം''

-റാഗിങ്ങിന്റെ മനഃശാസ്ത്രം നാളെ വായിക്കാം

പരമ്പര ആദ്യ ഭാഗം- കർണാടക കാമ്പസിൽ റാഗിങ്ങിൽ അന്നനാളം പൊളളിയ അശ്വതിക്ക് പറയാനുള്ളത് 


പരമ്പര രണ്ടാംഭാഗം- മകന്‍ കൊല്ലപ്പെട്ടു, 'അമന്‍ മൂവ്‌മെന്റു'മായി പിതാവ്; റാഗിങ് വിരുദ്ധ നിയമത്തിന്റെ പിറവി

 

Content Highlights: series on campus ragging