മകന്‍ കൊല്ലപ്പെട്ടു, 'അമന്‍ മൂവ്‌മെന്റു'മായി പിതാവ്; റാഗിങ് വിരുദ്ധ നിയമത്തിന്റെ പിറവി | പരമ്പര 2

രാജേന്ദ്ര കച്ചറോ, റാഗിങ്ങിനിടെ മരിച്ച അമന്‍ സത്യ കച്ചാറോ
രാജേന്ദ്ര കച്ചറോ, റാഗിങ്ങിനിടെ മരിച്ച അമന്‍ സത്യ കച്ചാറോ

2009-ല്‍ ആയിരുന്നു ഹിമാചല്‍ പ്രദേശിലെ ഡോ.രാജേന്ദ്രപ്രസാദ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന 19 വയസ്സുകാരന്‍ അമന്‍ സത്യ കച്ചാരോ റാഗിങ്ങിനെ തുടര്‍ന്ന് മരണപ്പെട്ടത്. പഠനത്തില്‍ മിടുക്കനായിരുന്നു അമന്‍. പക്ഷെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചത് മൂലം തലയ്‌ക്കേറ്റ ഗുരുതരമായ പരിക്ക് മരണത്തിലേക്ക് നയിക്കുകയായിരുന്നു. അമന്റെ മരണം തകര്‍ത്തു കളഞ്ഞത് ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു. നാല് വിദ്യാര്‍ഥികളായിരുന്നു കേസിലെ പ്രതികള്‍. ഈ സംഭവം വലിയ കോളിളക്കമാണ് അന്ന് രാജ്യത്തുണ്ടാക്കിയത്. പ്രതിഷേധത്തിന് മുന്‍പന്തിയില്‍ അമന്റെ പിതാവ് ഹരിയാനക്കാരന്‍ രാജേന്ദ്ര കച്ചാരോ തന്നെയായിരുന്നു. സര്‍ക്കാരിന് വലിയ സമ്മര്‍ദമുണ്ടായി. ഇതോടെയാണ് യു.ജി.സിക്ക് പിന്നീട് റാഗിങ് വിരുദ്ധ നിയമം തന്നെ കൊണ്ടുവരേണ്ടി വന്നത്.

2010-ല്‍ അമന്‍ സത്യ കച്ചാരോവിന്റെ റാഗിങ് കേസില്‍ ഉള്‍പ്പെട്ട  മുതിര്‍ന്ന ക്ലാസിലെ നാല് വിദ്യാര്‍ഥികള്‍ക്ക് നാല് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. ഒപ്പം പിഴയും. ജയില്‍ ശിക്ഷയ്ക്ക് ശേഷം എം.ബി.ബി.എസ് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ പ്രതികള്‍ ഹിമാചല്‍ യൂണിവേഴ്സിറ്റിയെ സമീപിച്ചിരുന്നു. എന്നാല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയാലും സര്‍ക്കാര്‍ ജോലിക്ക് അര്‍ഹരായിരിക്കില്ലെന്ന നിര്‍ദേശം വെച്ചാണ് അവര്‍ക്ക് പിന്നീട് എം.ബി.ബി.എസ് പഠിക്കാനുള്ള സഹായം സര്‍ക്കാര്‍ ചെയ്തത്. ഈ കേസിന് ശേഷം  അമനിന്റെ ഓര്‍മയ്ക്കായി പിതാവ് രാജേന്ദ്ര കച്ചാറോ അമന്‍ മൂവ്മെന്റ് എന്ന റാഗിങ് വിരുദ്ധ സന്നദ്ധ സംഘടന തന്നെ സ്ഥാപിച്ചു. രാജ്യത്തെമ്പാടുമുള്ള റാഗിങിന് ഇരയാവുന്നവരെ സഹായിക്കുകയായിരുന്നു സന്നദ്ധ സംഘടനയുടെ ലക്ഷ്യം. ഇതിന് വലിയ പ്രതികരണമാണ് ലഭിച്ചത്. അങ്ങനെ രാജേന്ദ്ര കച്ചാരോ റാഗിങ്ങിനെതിരേയുള്ള രാജ്യത്തിന്റെ പ്രധാന മുഖമായും മാറി.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

റാഗ് ചെയ്യുന്ന ആന്റി റാഗിങ്ങുകാര്‍

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശക്തമായ ആന്റി റാഗിങ് സെല്ലുകള്‍ ഉണ്ടാവണമെന്നാണ് 2009-ല്‍ യു.ജി.സി സ്ഥാപനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇതൊന്നും കാമ്പസുകളിൽ നടക്കുന്നില്ല. യു.ജി.സി ജോയിന്റ് സെക്രട്ടറിയാണ് നാഷണല്‍ ആന്റി റാഗിങ്ങ് പ്രോഗ്രമിന് മേല്‍നോട്ടം വഹിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററുകള്‍ പ്രത്യേകം ജീവനക്കാര്‍ എന്നിവയെല്ലാം ഇതിനായുണ്ട്. റാഗിങ്ങുമായി ബന്ധപ്പെട്ട ഹര്‍ജികള്‍, പരാതികള്‍ എന്നിവയെല്ലാം കേള്‍ക്കുന്നതും മേല്‍ നടപടിയെടുക്കുന്നതും ഈ സംവിധാനമാണ്. (ആന്റി റാഗിങ് ടോള്‍ഫ്രീ നമ്പര്‍-1800 180 5522 (24x 7) 

പ്രിന്‍സിപ്പലും അധ്യാപക പ്രതിനിധികളും പോലീസ് ഇന്‍സ്പെക്ടറുമടങ്ങിയ സ്ഥാപനങ്ങളിലെ റാഗിങ് വിരുദ്ധ സമിതി മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് വിദ്യാര്‍ഥികളുടെ പരാതികള്‍ പരിഗണിക്കണമെന്നാണ് യു.ജി.സിയുടെ പ്രധാന നിര്‍ദേശം. എന്നാല്‍ ഗുരുതരമായ പരാതികള്‍ പോലും കോളേജ് അധികൃതര്‍ പോലീസിന് കൈമാറുന്നില്ല. ഇതോടെ വേട്ടക്കാര്‍ കൂടുതൽ ശക്തരാവുകയും ഇരകള്‍ കൂടുതല്‍ ചൂഷണത്തിന് വിധേയരാവുകയും ചെയ്യുന്നു. റാഗിങ് പരാതി വിദ്യാര്‍ഥിയോ രക്ഷിതാവോ പോലീസില്‍ നല്‍കിയാലും കോളേജ് അധികൃതര്‍ രേഖാമൂലം നല്‍കിയിരിക്കണമെന്നും കേന്ദ്ര നിര്‍ദേശമുണ്ട്. ഈ നിര്‍ദേശവും പേപ്പറില്‍ മാത്രം ഒതുങ്ങുകയാണ്.

ഇതോടെ വളരെ കുറച്ച് കേസുകള്‍ മാത്രമാണ് കാമ്പസുകളില്‍ നിന്ന് പുറത്തുവരുന്നത്. മറ്റു പലതും ഒതുക്കി തീര്‍ക്കപ്പെടുന്നു. ചിലത് നിസ്സഹായതകൊണ്ട്, മറ്റ് ചിലത് പേടികൊണ്ട്. അതില്‍ ഒടുവിലത്തെ ഉദാഹരണമാവുകയാണ് വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ബി.വി.എസ്.സി വിദ്യാര്‍ഥി നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥന്റെ ആത്മഹത്യ.

ഫെബ്രുവരി 18-ന് ആണ് സിദ്ധാര്‍ഥനെ കോളേജിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് വിദ്യാര്‍ഥികളും സീനിയേഴ്‌സും ചേര്‍ന്നാണ് അവനെ കൊന്നതെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. പ്രണയ ദിനത്തില്‍ ഡാന്‍സ് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആള്‍ക്കൂട്ട മര്‍ദനത്തിലേക്ക് കലാശിച്ചത്. വിദ്യാര്‍ഥികളുടെ മുന്നിലിട്ടും കോളേജ് നടുമുറ്റത്തു വെച്ചും നഗ്‌നനാക്കിയും ക്രൂരമായി മര്‍ദിച്ചുവെന്നാണ് മൊഴിയെടുത്ത കോളേജിലെ ആന്റി റാഗിങ് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നത്.

ബെല്‍റ്റുകൊണ്ട് ആഞ്ഞടിച്ചും ഇലക്ട്രിക് വയര്‍  കഴുത്തില്‍ കുരുക്കിട്ടുമായിരുന്നു മര്‍ദനം. നിലത്തിട്ട് നെഞ്ചിലും വയറ്റിലുമൊക്കെ ചവിട്ടിയതിന്റെ തെളിവുകളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുറത്തുവന്നിട്ടുണ്ട്. ഒപ്പം  മൂന്ന് ദിവസത്തോളം ഭക്ഷണം കഴിക്കാത്തതിന്റെ ലക്ഷണവും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടിരുന്നു. ഫെബ്രുവരി 15-ാം തീയതി കോളേജില്‍ നിന്നും വീട്ടിലേക്ക് തിരിച്ചതായിരുന്നു സിദ്ധാര്‍ഥന്‍. പക്ഷെ എറണാകുളത്തെത്തിയപ്പോള്‍ വളരെ അടിയന്തര ആവശ്യം പറഞ്ഞ് സിദ്ധാഥനെ സുഹൃത്തുക്കളില്‍ ഒരാള്‍ തിരിച്ചു വിളിക്കുകയായിരുന്നു. 16 ന് കോളേജില്‍ എത്തിയത് മുതല്‍ മര്‍ദനമായിരുന്നു. ഹോസ്റ്റലിലും കുന്നിന്‍ മുകളിലെത്തിച്ചും മര്‍ദിച്ചുവെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഒപ്പം പുറത്ത് പറഞ്ഞാല്‍ ഇതായിരിക്കും ഗതിയെന്ന് മറ്റുള്ളവരെ ഭീഷണിപ്പെടുത്തി. മാത്രമല്ല ഉറങ്ങിക്കിടക്കുന്നവരെ വിളിച്ചെഴുന്നേല്‍പ്പിച്ച് വരെ നിര്‍ബന്ധിച്ച് സിദ്ധാര്‍ഥനെ മര്‍ദിപ്പിച്ചു. മുറിയിലെ വെള്ളം തുടപ്പിക്കുകയും ചെയ്തുവെന്നും ആന്റി റാഗിങ് സെല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. കോളേജിലെ ആന്റി റാഗിങ് സെല്ലിലില്‍ ഉള്‍പ്പെട്ടവര്‍ പോലും റാഗിങിന് നേതൃത്വം കൊടുത്തുവെന്നതാണ് വിരോധോഭാസം. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്യപ്പെട്ട പ്രധാന പ്രതി അഖില്‍ പൂക്കോട് യൂണിവേസ്റ്റിയിലെ റാഗിങ് തടയാനുള്ള കോളേജ് ആന്റിറാഗിങ് സെല്‍ അംഗമായിരുന്നു. 

എന്തൊക്കെയാണ് യു.ജി.സി നിയമപ്രകാരം റാഗിങിന്റെ പരിധിയില്‍ വരുന്നത്?

  • മാനസിക, ശാരീരിക, ലൈംഗിക പീഡനം
  • വാക്കുകള്‍ കൊണ്ടുള്ള കളിയാക്കല്‍
  • വിദ്യാര്‍ഥികളോട് അപമര്യാദയോടെയുള്ള പെരുമാറ്റം
  • അന്തസ്സിന് കോട്ടം തട്ടുന്ന തരത്തിലുള്ള പ്രവര്‍ത്തനവും വാക്കുകളുടെ ഉപയോഗവും
  • സാമ്പത്തികമായ ദുരുപയോഗം, കവര്‍ച്ച, ബലപ്രയോഗം.


കുട്ടിക്കളിയല്ല റാഗിങ്

റാഗിങ് പരാതി വന്നാല്‍ കോളേജുകള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യണമെന്നാണ് യു.ജി.സി നിര്‍ദേശിക്കുന്നത്.

  1. വിദ്യാര്‍ഥിയുടെ പ്രവേശനം കാന്‍സല്‍ ചെയ്യാം
  2. ക്ലാസുകളില്‍ പ്രവേശിക്കുന്നതില്‍ നിന്ന്  സസ്‌പെന്‍ഷന്‍
  3. സ്‌കോളര്‍ഷിപ്പുകളും ഫെല്ലോഷിപ്പുകളും തടഞ്ഞുവെക്കാം
  4.  പരീക്ഷകള്‍ പ്രാക്ടിക്കലുകള്‍ മറ്റ് മൂല്യ നിര്‍ണയങ്ങള്‍ എന്നിവയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടാം
  5.  പരീക്ഷാ ഫലങ്ങള്‍ തടഞ്ഞുവെക്കാം
  6. സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചുള്ള ദേശീയ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താം
  7. റാഗിങ് കേസുകള്‍ മറച്ചുവെച്ചാല്‍ സ്ഥാപന മേധാവികളെയടക്കം പ്രോസിക്യൂട്ട് ചെയ്യാം.


ശിക്ഷ ഇങ്ങനെ

  •  റാഗ് ചെയ്താല്‍ ഏറ്റവും കുറഞ്ഞത് രണ്ട് വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ
  • കുറ്റക്കാരെ പുറത്താക്കും. മൂന്ന് വര്‍ഷം വരെ മറ്റ് സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കില്ല
  • പരാതിയില്‍ നടപടിയെടുക്കാത്ത സ്ഥാപന മേധാവികള്‍ക്കെതിരേ പ്രേരണാ കുറ്റം ചുമത്തും.
  • പരാതി അവഗണിച്ചാല്‍ പ്രതിക്ക് നല്‍കുന്ന ശിക്ഷ ലഭിക്കാം.


റാഗിങ് വൃക്ക തകര്‍ത്തു 22-ാം വയസ്സില്‍, അഞ്ച് ഡയാലിസിസ്- അതെ കുറിച്ച് നാളെ

പരമ്പര ആദ്യ ഭാഗം: കർണാടക കാമ്പസിൽ റാഗിങ്ങിൽ അന്നനാളം പൊളളിയ അശ്വതിക്ക് പറയാനുള്ളത്. 
 


 

Content Highlights: series on campus ragging