റാഗ് ചെയ്ത് ടോയ്‌ലറ്റ് ക്ലീനര്‍ കുടിപ്പിച്ചു; അശ്വതിയുടെ തൊണ്ട മുതല്‍ ആമാശയം വരെ പൊള്ളി നുറുങ്ങി

എടപ്പാളിലെ അശ്വതിയെ മറന്നിട്ടുണ്ടാവില്ല കേരളം. 2016-ല്‍ കര്‍ണാടക കലുബര്‍ഗിയിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ നിന്ന് മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ക്രൂര റാഗിങ്ങിന് ഇരയായി അന്നനാളത്തിന് ഗുരുതരമായി മുറിവേറ്റ് ഇന്നും വേദനയും ചികിത്സയും പേറി ജീവിക്കുന്ന പെണ്‍കുട്ടി. എട്ടു വര്‍ഷം പിന്നിട്ടിട്ടും ഇന്നുമവള്‍ക്ക് സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഴിഞ്ഞിട്ടില്ല. സ്വപ്‌നം കണ്ട ജീവിതവും വിദ്യാഭ്യാസവും തകര്‍ന്നു. വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ നിന്ന് ഇന്ന് മറ്റൊരു റാഗിംഗ് ആത്മഹത്യാ വാര്‍ത്ത കൂടി പുറത്ത് വരുമ്പോള്‍ ആ ദുരിത ജീവിതത്തെ അശ്വതി ഒരിക്കല്‍ കൂടെ ഓര്‍ത്തെടുക്കുകയാണ്.
പ്ലസ്ടുവിന് 88 ശതമാനം മാര്‍ക്കുണ്ടായിരുന്നു അശ്വതിക്ക്. പിറന്നയുടനെ അച്ഛന്‍ ഉപേക്ഷിച്ചുപോയതോടെ അമ്മ ജാനകി കൂലിപ്പണിയെടുത്തായിരുന്നു അവളുടേയും ചേച്ചിയുടേയും പഠനവും മറ്റുകാര്യങ്ങളുമൊക്കെ നോക്കിയത്. പഠനം മാത്രമാണ് ജീവിതത്തില്‍ തനിക്ക് രക്ഷപ്പെടാനുള്ള ഏക വഴിയെന്ന് തിരിച്ചറിഞ്ഞ ഈ പെണ്‍കുട്ടി പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളിലെല്ലാം മുന്‍പന്തിയിലായി. നഴ്‌സാവാന്‍ കൊതിച്ചതുകൊണ്ടുമാത്രം പ്ലസ്്ടുവിന് സയന്‍സ് ബാച്ചെടുത്തു പഠിച്ചു. അങ്ങനെയാണ് കര്‍ണാടക കലുബര്‍ഗിയിലെ അല്‍ഖമാര്‍ എന്ന നഴ്‌സിംഗ് കോളേജില്‍ ബി.എസ്.സി നഴ്‌സിങ്ങ് പഠനത്തിനെത്തിയത്. പക്ഷെ അന്ന് കോളേജ് ഹോസ്റ്റലില്‍ നിന്ന് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമായ റാഗിങ്ങിന് ഇരയാവേണ്ടി വന്നതോടെ സ്വപ്നം കണ്ട ജീവിതം സമ്മാനിച്ചത് ഇന്നും മുക്തമാവാത്ത ദുരിതവേദനയാണ്.
കോളേജിലെ സൂപ്പര്‍സീനിയേഴ്‌സായിരുന്നു റാഗിങ്ങിന് ഇരായാക്കിയത്. അവിടെ സൂപ്പര്‍സീനിയേഴ്‌സിന്റെ സപ്ലിമെന്ററി പരീക്ഷകള്‍ ജൂനിയേഴ്‌സ് എഴുതിക്കൊടുക്കണമെന്നായിരുന്നു അലിഖിത നിയമം. ഇതിന് സ്ഥാപനത്തിന്റെ സഹായവുമുണ്ടാവും. സ്ഥാപനം തന്നെ കുറച്ചുപേരെ പരീക്ഷയ്ക്കായി നിര്‍ബന്ധപൂര്‍വം തിരഞ്ഞെടുക്കും. ആ സമയത്ത് അവധിയായിരുന്നിട്ട് പോലും പരീക്ഷ എഴുതിക്കൊടുക്കണമെന്ന് കാര്യം പറഞ്ഞ് ഇവര്‍ക്ക് വീട്ടിലേക്ക് പോവാന്‍ അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ നാട്ടില്‍ പോവണമെന്ന് അശ്വതിയും കൂട്ടുകാരിയും നിര്‍ബന്ധം പിടിച്ചതോടെ രാത്രി എട്ടുപേരടങ്ങുന്ന വിദ്യാര്‍ഥിനികളുടെ സംഘം അതി ക്രൂരമായ റാഗിങ്ങിന് ഇരയാക്കുകയായിരുന്നു.
കര്‍ണാടകയില്‍ പ്രാദേശികമായി കിട്ടുന്ന ടോയ്ലെറ്റ് ക്ലീനിംഗ് ബലമായി കുടിപ്പിച്ചാണ് അന്നവര്‍ ഈ കുട്ടിയുടെ ജീവിതം തകര്‍ത്തത്. ഇതോടെ കഴുത്തുമുതല്‍ താഴോട്ട് പൊള്ളിനുറുങ്ങി. അന്നനാളത്തിനടക്കം ഗുരുതരമായി മുറിവേറ്റു. സംഭവം നടന്നിട്ട് എട്ട് വര്‍ഷം കഴിയുമ്പോഴും തീരാത്ത ആശുപത്രി വാസമാണിപ്പോഴും. അന്നനാളം ഇടക്കിടെ ചുരുങ്ങിപ്പോവും. എല്ലാ മാസവും കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തി ചികിത്സ തുടരണം. ജീവിതകാലം മുഴുവന്‍ മരുന്നും ചികിത്സയും തുടരണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനിടെ എം.എ ഫിലോസി പഠനവും നാട്ടിലെ ലൈബ്രറി ജോലിയുമൊക്കെയായി ജീവിതം തള്ളി നീക്കിയെങ്കിലും സ്വപ്‌നം കണ്ട നഴ്‌സിംഗ് പഠനം എന്നന്നത്തേക്കുമായി നിലച്ചു.
എടപ്പാളിനടുത്ത കണ്ടനാകം കോലത്ര കുന്നിലെ പാവപ്പെട്ട ദളിത് കുടുംബത്തിലെ അശ്വതിക്ക് ആ റാഗിംങ്ങ് സമ്മാനിച്ച കടുത്ത മാനസികാഘാതത്തില്‍ നിന്നും ഇന്നും പൂര്‍ണമായും മുക്തമാവാനായിട്ടില്ല. നിരാശയും ദു:ഖവും ഈ കുട്ടിയെ തള്ളിവിട്ടത് കടുത്ത ഡിപ്രഷന്‍ അവസ്ഥയിലേക്ക് കൂടിയാണ്. മിടുക്കിയായി പഠിച്ചിരുന്നവളെ ഒറ്റ റാഗിങ്ങ് കൊണ്ടെത്തിച്ചത് തീരാ ദുരിരതത്തിലേക്ക്. കോലത്ര കുന്നിലെ ചെറിയ ഓടിട്ട വീട്ടില്‍ അമ്മാവന്‍മാര്‍ക്കും അമ്മയ്ക്കുമൊപ്പമാണ് ഇപ്പോള്‍ അശ്വതിയുടെ താമസം. എഫ്.ഐ.ആര്‍ കോപ്പിയടക്കം പഴയ ഓര്‍മകളേയെല്ലാം കഴിഞ്ഞയാഴ്ച താന്‍ അഗ്നിക്കിരായിക്കെയന്ന് പറയുന്നു അശ്വതി. തനിക്ക് അങ്ങനെയൊരു ജീവിതമുണ്ടായിരുന്നുവെന്ന് ഓര്‍ക്കാന്‍ പോലും പേടിയാണെന്ന് പറയുന്നു ഈ കുട്ടി.
അന്നനാളം ചുരുങ്ങുന്നതുകൊണ്ടു തന്നെ ഇഷ്ടമുള്ള ഭക്ഷണം പോലും കഴിക്കാന്‍ പറ്റുന്നില്ല ഇപ്പോഴും. കുടുംബത്തിലോ സുഹൃത്തുക്കളുടേയോ എന്തെങ്കിലും വിവാഹത്തിനോ മറ്റോ പോയാല്‍ പോലും പേടിയോടെയല്ലാതെ ഒന്നും കഴിക്കാന്‍ പറ്റില്ല. അസുഖം വരുമ്പോള്‍ കടുത്ത വയറുവേദനയും ഛര്‍ദിയുമാണ്-എന്തുചെയ്യാനാണെന്ന് ചോദിക്കുന്നു ഈ കുട്ടി.
28 ദിവസത്തോളമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം കഴിഞ്ഞുകൂടിയത്. പ്രമുഖ സ്വകാര്യ ആശുപത്രിപോലും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് പറഞ്ഞതോടെയായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കെത്തിച്ചിരുന്നത്. ഡോക്ടര്‍മാര്‍ പോലും കയ്യൊഴിഞ്ഞിടത്ത് നിന്ന് ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും ഈ ക്രൂരതയ്ക്ക് ഉത്തരവാദികളായവര്‍ ആ കോളേജിലെ മലയാളികളായിരുന്ന വിദ്യാര്‍ഥിനികള്‍ ആയിരുന്നുവെന്നതാണ് ഏറ്റവും സങ്കടം. കേസും കോടതിയുമൊക്കയായി ആ കാലം കഴിഞ്ഞുപോയെങ്കിലും മറക്കാന്‍ കഴിയുന്നില്ല അശ്വതിക്ക് ആ ദിവസങ്ങള്‍. പിന്നീട് കോഴിക്കോട് ജെ.ഡി.ടി കോളേജ് പഠനം പൂര്‍ത്തിയാക്കാനുള്ള വഴിയൊരുക്കിയിരുന്നുവെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ അതിനും സമ്മതിക്കാതായതോടെ നഴ്‌സിങ്ങ് ഉപേക്ഷിക്കേണ്ട വന്നത്.അതിന് ശേഷമാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂര വിദ്യഭ്യാസത്തിലൂടെ എം.എ ഫിലോസഫി ചെയ്തുകൊണ്ടിരിക്കുന്നത്. റാഗിങ്ങൊക്ക കലാലയ ജീവിതത്തിലെ സ്വാഭാവിക കാര്യമാണെങ്കിലും അത് മറ്റു വ്യക്തിയെ എങ്ങനെ ബാധിക്കുന്നുവെന്ന് ആരും തിരിച്ചറിയുന്നില്ലെന്ന് പറയുന്നു ഇപ്പോള്‍ പൂക്കോട് നിന്ന് സിദ്ധാര്‍ഥന്റെ വാര്‍ത്ത കേള്‍ക്കുമ്പോഴും അശ്വതി. പലതും സാഹചര്യങ്ങളുടെ സമ്മര്‍ദം കൊണ്ട് കോംപ്രമൈസ് ആക്കേണ്ടി വരുന്നൂവെന്നും ഇവര്‍ പറയുന്നു.
അശ്വതിയുടെ കാര്യത്തില്‍ തന്നെ കേസിനായി പലപ്പോഴും കര്‍ണാടകയില്‍ പോയി വരേണ്ട അവസ്ഥയായിരുന്നു. കേസ് വിളിക്കുന്ന സമയത്ത് ചിലപ്പോള്‍ ശാരീരികമായ അവശതകൊണ്ട് പോവാന്‍ പറ്റാനും കഴിയാറില്ല. അതിനൊപ്പം വലിയ സാമ്പത്തിക ചിലവും വേണം. ഒടുവില്‍ എല്ലാം ഉപേക്ഷിച്ച് കോംപ്രമൈസിന് നില്‍ക്കുകയും ചെയ്തു. ഇന്ന് തൊഴിലുറപ്പിന് പോവുന്ന അമ്മയുടെ വരുമാനമാണ് അവര്‍ക്കുള്ളത്. അച്ഛനില്ലാത്തതിന്റെ വിഷമം അറിയിക്കാതെ അമ്മാവന്‍മാര്‍ നോക്കുന്നുണ്ടെങ്കിലും സ്വന്തം കാലില്‍ നില്‍ക്കുക എന്ന അശ്വതിയുടെ സ്വപ്‌നമാണ് ഒറ്റ റാഗിങ്ങ് കൊണ്ട് ഇല്ലാതായത്.
- എവിടെ ആന്റി റാഗിങ് സെല്ലുകള്‍
2009-ല്‍ ആയിരുന്നു ഹിമാചല്‍ പ്രദേശിലെ ടന്‍ഡ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ്് ഒന്നാം വര്‍ഷ വിദ്യാര്‍ഥി 19 വയസ്സുകാരന്‍ അമന്‍ സത്യ കച്ചാരോ റാഗിങ്ങിന തുര്‍ന്ന് മരണപ്പെട്ടത്. 2010-ല്‍ കേസില്‍ പ്രതികളായ മുതിര്‍ന്ന ക്ലാസിലെ നാല് വിദ്യാര്‍ഥികള്‍ക്ക് നാല് വര്‍ഷത്തെ ജയില്‍ ശിക്ഷയും ലഭിച്ചിരുന്നു. ഈ കേസിന് ശേഷമാണ് അമന്‍ സത്യ കച്ചാറോവിന്റെ പിതാവ് രാജേന്ദ്ര കച്ചാറോയുടെ നിരന്തര സമ്മര്‍ദത്തിന്റെ ഫലമായി കോളേജുകളില്‍ റാഗിങ്ങ് വിരുദ്ധ നിയമം കൊണ്ടുവരാന്‍ യു.ജി.സിയെ പ്രേരിപ്പിച്ചത്. മാത്രമല്ല രാജേന്ദ്രര്‍ കച്ചറോ അമന്‍ മൂവ്‌മെന്റ് എന്ന റാഗിങ്ങ് വിരുദ്ധ സന്നദ്ധ സംഘടന തന്നെ സ്ഥാപിക്കുകയും ചെയ്തു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശക്തമായ ആന്റി റാഗിങ്ങ് സെല്ലുകള്‍ ഉണ്ടാവണമെന്നാണ് 2009-ല്‍ യു.ജി.സി നല്‍കിയ നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇതൊന്നും പലയിടത്തും നടക്കുന്നില്ല. യു.ജി.സി ജോയിന്റ് സെക്രട്ടറിയാണ് നാഷണല്‍ ആന്റി റാഗിങ്ങ് പ്രോഗ്രമാന് മേല്‍നോട്ടം വഹിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററുകള്‍ പ്രത്യേകം ജീവനക്കാര്‍ എന്നിവരുമുണ്ട്. റാഗിങ്ങുമായി ബന്ധപ്പെട്ട ഹര്‍ജികള്‍, പരാതികള്‍ എന്നിവയെല്ലാം കേള്‍ക്കുന്നതും മേല്‍ നടപടിയെടുക്കുന്നതും ഈ സംവിധാനമാണ്.
പ്രിന്‍സിപ്പലും അധ്യാപക പ്രതിനിധികളും പോലീസ് ഇന്‍സ്‌പെക്ടറുമടങ്ങിയസ്ഥാപനങ്ങളിലെ റാഗിങ്ങ് വിരുദ്ധ സമിതി മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് വിദ്യാര്‍ഥികളുടെ പരാതികള്‍ പരിഗണിക്കണമെന്നാണ് യു.ജി.സി നിര്‍ദേശമെങ്കിലും ഇതൊന്നും മിക്കയിടത്തും നടപ്പിലായിട്ടില്ല. ഗുരുതരമായ പരാതികള്‍ പോലും കോളേജ് അധികൃതര്‍ പോലീസിന് കൈമാറുന്നുമില്ല. ഇതോടെ ഇരകള്‍ കൂടുതല്‍ ചൂഷണത്തിന് ഇരയാവുകയാണ്. റാഗിങ്ങ് പരാതി വിദ്യാര്‍ഥിയോ രക്ഷിതാവോ പോലീസില്‍ നല്‍കിയാലും കോളേജ് അധികൃതര്‍ രേഖാമൂലം നല്‍കിയിരിക്കണമെന്നും കേന്ദ്ര നിര്‍ദേശമുണ്ട്. ഈ നിര്‍ദേശവും പേപ്പറില്‍ മാത്രം ഒതുങ്ങുകയാണ്.ഇതോടെ വളരെ കുറച്ചുമാത്രമാണ് കാമ്പസുകളില്‍ നിന്ന് പുറത്തുവരുന്നത്. മറ്റു പലതും ഒതുക്കി തീര്‍ക്കപ്പെടുന്നു. അതില്‍ ഒടുവിലത്തെ ഉദാഹരണമാവുകയാണ് പൂക്കോട് വെറ്റിനെറി കോളേജിലെ ബി.വി.എസ്.സി വിദ്യാര്‍ഥി നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥന്റെ ആത്മഹത്യ.
ഫെബ്രുവരി 18-ന് ആണ് പൂക്കോട് വെറ്റിനറി സര്‍വകലാശലയിലെ രണ്ടാം വര്‍ഷ ബി.വി.എസ്.സി വിദ്യാര്‍ഥി സിദ്ധാര്‍ഥനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് വിദ്യാര്‍ഥികളും സീനിയേഴ്സും ചേര്‍ന്നാണ് അവനെ കൊന്നതെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കപ്പെടുന്നത്. പ്രണയ ദിനത്തില്‍ ഡാന്‍സ് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് റാഗിങ്ങിലേക്ക് കലാശിച്ചത്. വിദ്യാര്‍ഥികളുടെ മുന്നിലിട്ട് കോളേജ് നടുമുറ്റത്തു വെച്ച് നഗ്നരാക്കി ക്രൂരമായി മര്‍ദിച്ചുവെന്ന് പോലീസും ചൂണ്ടിക്കാട്ടുന്നു. ബെല്‍റ്റുകൊണ്ട് ആഞ്ഞടിച്ചും ഇലക്ട്രിക് വയര്‍ കഴുത്തില്‍ കുരുക്കിട്ടുമായിരുന്നു മര്‍ദനം. നിലത്തിട്ട് നെഞ്ചിലും വയറ്റിലുമൊക്കെ ചവിട്ടിയതിന്റെ തെളിവുകളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുറത്തുവന്നിട്ടുണ്ട്. 15-ാം തീയതി കോളേജില്‍ നിന്നും വീട്ടിലേക്ക് തിരിച്ചതായിരുന്നു സിദ്ധാര്‍ഥ്. പക്ഷെ എറണാകുളത്തെത്തിയപ്പോള്‍ വളരെ അടിയന്തര ആവശ്യം പറഞ്ഞ് സിദ്ധാര്‍ഥിനെ വിദ്യാര്‍ഥികള്‍ തിരിച്ചുവിളിക്കുകയായിരുന്നു.16 ന് കോളേജില്‍ എത്തിയത് മുതല്‍ മര്‍ദനമായിരുന്നു. ഹോസ്റ്റലിലും കുന്നിന്‍ മുകളിലെത്തിച്ചും മര്‍ദിച്ചുവെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.
കോളേജുകളിലും സ്‌കൂളുകളിലും റാഗിങ് വിരുദ്ധ സെല്ലുകളുണ്ടാക്കണമെന്നും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നെല്ലാം നിയമമുണ്ടെങ്കിലും പല ക്യാമ്പസുകളിലും ഇത് പ്രവര്‍ത്തന രഹിതമാണ്. മിക്കതും പേരിന് മാത്രമാണെന്നതാണ് സത്യം. എന്തിന് ആന്റി റാഗിങ്ങ് സെല്ലിലില്‍ ഉള്‍പ്പെട്ടവര്‍ പോലും റാഗിങ്ങിന് നേതൃത്വം കൊടുക്കുന്നുവെന്നതാണ് വിരോധോപാസം. സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് കഴഞ്ഞ ദിവസം അറസ്റ്റുചെയ്യപ്പെട്ട പ്രധാന പ്രതി അഖില്‍ പൂക്കോട് യൂണിവേസ്റ്റിയിലെ റാഗിങ്ങ് തടയാനുള്ള കോളേജ് ആന്റിറാഗിങ്ങ് സെല്‍ അംഗമായിരുന്നു. ഇതിന് പുറമെ ക്യാമ്പസ് അന്തരീക്ഷത്തിന്റേയും കോഴ്സുകളുടേയും പുതിയ കാലത്തെ മാറ്റവും ആധുനിക കാലത്തും ഇത്തരം ക്രൂരതകള്‍ വര്‍ധിക്കാന്‍ കാരണമാവുന്നുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
- എന്തൊക്കെയാണ് യു.ജി.സി നിയമപ്രകാരം റാഗിങ്ങിന്റെ പരിധിയില്‍ വരുന്നത്?
1-മാസികമായതും ശാരീരികമായും ലൈംഗികമായതുമായ പീഡനം
2-വാക്കുകള്‍ കൊണ്ടുള്ള കളിയാക്കല്‍
3-വിദ്യാര്‍ഥികട് അപമര്യാദയോടുള്ള പെരുമാറ്റം
4-അന്തസ്സിന് കോട്ടം തട്ടുന്ന തരത്തിലുള്ള പ്രവര്‍ത്തനവും വാക്കുകളുടെ ഉപയോഗവും
5-സാമ്പത്തികമായ ദുരുപയോഗം, കവര്‍ച്ച
ബലപ്രയോഗം.
- റാഗിങ്ങ് പരാതി വന്നാല്‍ കോളേജുകള്‍ ചെയ്യേണ്ടത്?
1-പ്രവേശനം കാന്‍സല്‍ ചെയ്യാം
2-ക്ലാസുകളില്‍ പ്രവേശിക്കുന്നതില്‍ നിന്നുള്ള സസ്പെന്‍ഷന്‍
3-സ്‌കോളര്‍ഷിപ്പുകളും ഫെല്ലോഷിപ്പുകളും തടഞ്ഞുവെക്കാം
4-പരീക്ഷകള്‍ പ്രാക്ടിക്കലുകള്‍ മറ്റ് മൂല്യനിര്‍ണയങ്ങള്‍ എന്നിവയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടാം
5-പരീക്ഷാ ഫലങ്ങള്‍ തടഞ്ഞുവെക്കാം
6-സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചുള്ള ദേശീയ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും
മാറ്റി നിര്‍ത്താം
7-റാഗിങ് കേസുകള്‍ മറച്ചുവെച്ചാല്‍ സ്ഥാപന മേധാവികളെയക്കം പ്രോസിക്യൂട്ട് ചെയ്യാം.
- ശിക്ഷ ഇങ്ങനെ
1-റാഗ് ചെയ്താല്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 13 വകുപ്പുകള്‍ പ്രകാരം രണ്ട് വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ
2-കുറ്റക്കാരെ പുറത്താക്കും. മൂന്ന് വര്‍ഷം വരെ മറ്റ് സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കില്ല
3-പരാതിയില്‍ നടപടിയെടുക്കാത്ത സ്ഥാപന മേധാവികള്‍ക്കെതിരേ പ്രേരണാ കുറ്റം ചുമത്തും. പരാതി അവഗണിച്ചാല്‍ പ്രതിക്ക് നല്‍കുന്ന ശിക്ഷ ലഭിക്കാം.
രാഷ്ട്രീയ പ്രവര്‍ത്തനം
ക്രിമിനല്‍ പ്രവര്‍ത്തനമായി മാറി
ഷജര്‍ഖാന്‍(സേവ് യൂണിവാഴ്സിറ്റി ഫോറം) -ക്യാമ്പസുകളുടെ അരാഷ്ട്രീയതയാണ് ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പസുകളില്‍ നടത്താന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. പഴയ കാലത്തു നിന്നും വ്യത്യസ്ഥമായി ക്യാമ്പസ് രാഷ്ട്രീയത്തിലും വ്യത്യാസം വന്നിട്ടുണ്ട്. വിദ്യാര്‍ഥികളില്‍ സാമൂഹിക ബോധം, രാഷ്ട്രീയ ബോധം-എന്നിവ വളര്‍ത്തേണ്ട ക്യാമ്പസ് രാഷ്ട്രീയം ഇന്ന് പലതിനും മറയായി മാറിപ്പോയിരിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പുതിയ കാലത്തെ രാഷ്ട്രീയ നേതൃത്വത്തിനും താല്‍പര്യമില്ലാതായി മാറി. ഒരു കാലത്ത് കലാപ്രവര്‍ത്തനങ്ങളും ബന്ധങ്ങളുടെ ഊഷ്്മളതകൊണ്ടുമെല്ലാം പൂത്തുലഞ്ഞ ക്യാമ്പസുകളില്‍ ഇന്ന് നടക്കുന്നത് മറ്റ് പലതുമാണ്. ആരാണോ ആ ക്യാമ്പസിലെ പ്രബലര്‍ അവര്‍ക്ക് വഴങ്ങി പഠനം നടത്തേണ്ട അവസ്ഥയിലേക്ക് നമ്മുടെ ക്യാമ്പസുള്‍ മാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പരാതിപ്പെടാന്‍ വിദ്യാര്‍ഥികള്‍ക്കും പേടിയാണ്. എന്ത് അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയാലും അതിന് സംരക്ഷണം നല്‍കാന്‍ രാഷ്ട്രീയം ഒരു മറയായി സ്വീകരിക്കാമെന്ന കുട്ടികളിലെ പുതിയ ബോധമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടര്‍ന്നുപോരാന്‍ കാരണം. ആന്റി റാഗിങ് സെല്ലുകള്‍കൊണ്ടോ ബോധവത്കരണം കൊണ്ടോ മാത്രം മാറ്റാവുന്നതല്ല ഇത്. പകരം പഴയ ക്യാമ്പസുകളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് നടത്തേണ്ടത്.
യു.ജി.സി പറയുന്നു, അഞ്ചുവര്‍ഷം 25 റാഗിങ് ആത്മഹത്യ-അതെ കുറിച്ച് നാളെ
Content Highlights: Raging victim Aswathi still face health issues