ആരോഗ്യമുള്ള അമ്മമാരും കുഞ്ഞുങ്ങളുമെവിടെ? ആദിവാസിയുടെ ഭക്ഷ്യക്കൊട്ടയിൽ എന്തുണ്ട് / Part 4

#നീനു മോഹൻ
Representational image
Representational image

പണിയന് ചപ്പെന്നാൽ (ഇലക്കറികൾ) വായിൽ വെള്ളംപൊടിയും - കരിന്താൾ, മുടുങ്ങ, മുരിങ്ങ, പൊന്നാങ്കണ്ണി, തക്കാളിമുളക് ചപ്പ്, മുരിക്കിന്റെ ഇളംചപ്പ്, വേലിച്ചീര, കുമ്പളത്തിന്റെ ചപ്പ്, പങ്കിത്താള്. കാന്താരിമുളക്‌ ചതച്ചിട്ട് ഉപ്പുമിട്ടിളക്കി വേവിച്ച് അടുപ്പത്തുനിന്ന് വാങ്ങിവെക്കുമ്പോൾ ഇത്തിരി വെളിച്ചെണ്ണ തൂകിയെടുത്താൽ ചപ്പായി. ഓപ്പഞണ്ടും കുണ്ടുഞണ്ടുമെന്ന് വയലിൽ കാണുന്ന രണ്ടിനം ഞണ്ടുകളെ വിളിക്കും. ഒരിനം കക്കയായ നൂഞ്ചി, മീനാണെങ്കിൽ പരൽക്കണ്ണി, ആരൽ, കല്ലേമുട്ടി, തോട, കടുവ, ചേറ്മീൻ, പരൽ... മീനും ഞണ്ടും ചുട്ടോ കറിയാക്കിയോ കഴിക്കാം. കിഴങ്ങാണെങ്കിൽ നൂറക്കിഴങ്ങും കവിലയും നാരക്കിഴങ്ങും. മസാലകളില്ല. പണ്ടായിരുന്നേൽ വല്ലിയായി കിട്ടിയ നെല്ല് കുത്തിയെടുത്ത് കഞ്ഞിയുണ്ടാകും. വെള്ളംപോലും കളയാതെ കുടിച്ചുതീർക്കും.

റേഷനരിച്ചോറും കടലയും അമൃതം പൊടിയും കൊണ്ട് സമീകൃതാഹാരശീലങ്ങളെക്കുറിച്ച് ബോധവത്കരിക്കാൻ വരുന്ന അധികൃതർ ഏറ്റവും ചുരുങ്ങിയ തോതിൽ അറിഞ്ഞിരിക്കേണ്ട പണിയരുടെ ഭക്ഷണവൈവിധ്യമാണിത്. ഗവേഷകനായ എം.കെ. രതീഷ് നാരായണൻ പ്രസിദ്ധീകരിച്ച പഠനപ്രകാരം, പശ്ചിമഘട്ടത്തിന്റെ ഭാഗമായ വയനാട്ടിൽ അധിവസിക്കുന്ന പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങൾ 224 ഇനം പച്ചക്കറിയിനങ്ങളെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. 40 ഇനം കൂണുകൾ, 84 ഇനം ഇലക്കറികൾ, 62 ഇനം പഴങ്ങളും വിത്തുകളും അവരുടെ ഭക്ഷണത്തിന്റെ ഭാഗമായിരുന്നു.

Content Highlights: Problems Faced by Paniyar in kerala

Continue reading