അറിയപ്പെടാത്തൊരു വംശഹത്യ | പണിയ ജീവിതത്തെ കുറിച്ച് അന്വേഷണ പരമ്പര

#നീനു മോഹന്‍
വര : ദ്വിജിത്ത്
വര : ദ്വിജിത്ത്

സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസിവിഭാഗമായ പണിയര്‍ വംശനാശത്തെ നേരിടുകയാണ്. പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം അപകടകരമാംവിധം കുറയുന്നു. മരിക്കുന്നവരില്‍ നാലിലൊരാള്‍ക്ക് പ്രായം അമ്പതില്‍ താഴെയാണ്. 1960-കളിലാണ് രാജ്യത്ത് ഇതിന് തുല്യമായ മരണനിരക്ക് ഉണ്ടായിരുന്നത്. മദ്യാസക്തിയും ജനിതകരോഗങ്ങള്‍ക്കുമൊപ്പം സാമൂഹികമായി മാറ്റിനിര്‍ത്തുന്ന സംവിധാനങ്ങളുമാണ് ഇതിനുകാരണം. ഒരു പതിറ്റാണ്ടുമുമ്പുമുതല്‍ത്തന്നെ പട്ടികവര്‍ഗവകുപ്പ് ഈ കാര്യങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, നിഷ്‌ക്രിയരായി നിശ്ശബ്ദമായ ഒരു വംശഹത്യക്ക് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാരും സംവിധാനങ്ങളും. പണിയരെക്കുറിച്ച് മാതൃഭൂമി നടത്തിയ പഠനത്തിലൂടെ...

''എല്ലാവരും മരിച്ചുപോയി, എങ്ങനെയൊക്കെയോ... അതോണ്ട് ചെമ്മി (മൂപ്പന്‍) ഇല്ല, മരിപ്പുവന്നാല്‍ വേറെ ഊരില്‍നിന്നു ചെമ്മിയെ വിളിക്കും...'' -മനുഷ്യന് സാധ്യമായ ഏറ്റവും തീവ്ര നിസ്സംഗതയില്‍നിന്നാണ് കോക്കുഴി മൂപ്പന്‍ പണിയകോളനിയിലെ ബാലന്‍ സംസാരിച്ചത്. ഒരു വലിയകുടുംബമെന്നോണം കഴിയുന്ന ഊരില്‍ വാര്‍ധക്യമെത്തും മുമ്പേ സമപ്രായക്കാരായിരുന്ന ഒട്ടേറെപ്പേര്‍ മരിച്ചു. പുകയിലയും ചവച്ച് അടുത്തിരുന്ന ഞേണനും തലകുലുക്കി, -തന്റെ അച്ഛനായിരുന്നു ഊരിലെ അവസാനത്തെ ചെമ്മി. ലഹരിയുടെ മയക്കത്തില്‍ അയാള്‍ വീണ്ടും നിശ്ശബ്ദനായി. ബാലന്റെയും ഞേണന്റെയും വാക്കുകള്‍ പണിയരുടെ പതിറ്റാണ്ടുകളായുള്ള അനുഭവങ്ങളുടെ തുടര്‍ച്ചയാണ്. ആദിവാസികള്‍ക്കിടയിലെ പിന്നാക്കക്കാരായ പണിയര്‍, നരവംശപരമായി ഏറെ പ്രാധാന്യമുള്ള വിഭാഗം, വംശനാശത്തിന്റെ വക്കിലാണ്. അമ്പതെത്തുംമുമ്പേ പുരുഷന്മാരില്‍ വലിയൊരു ശതമാനം മരിക്കുന്നു. വയനാട്ടിലെ പണിയരുടെ ആയുര്‍ദൈര്‍ഘ്യവുമായി ബന്ധപ്പെട്ട് മാതൃഭൂമി നടത്തിയ പഠനത്തില്‍, മരിക്കുന്ന പണിയരില്‍ 25.6 ശതമാനത്തിനും അമ്പതുവയസ്സില്‍ താഴെയാണ് പ്രായം. ദേശീയ ശരാശരിപ്രകാരം 17.19 ശതമാനംപേര്‍ മാത്രമാണ് അമ്പത് വയസ്സിനുമുമ്പ് മരിക്കുന്നത്.

Content Highlights: paniya tribe, social, series

Continue reading