എത്രകൂടുതല്‍ തടവിലിടുന്നോ അത്രകൂടുതല്‍ ശക്തരാകും ; തടവറയിലെ തീപ്പന്തമായി നർഗിസ്

#ഹമീദ് ചേന്നമംഗലൂര്‍.
നര്‍ഗീസ് മൊഹമ്മദി | Photo:  AFP
നര്‍ഗീസ് മൊഹമ്മദി | Photo: AFP

ഇറാനിയന്‍ പൗരാവകാശ പ്രവര്‍ത്തകയായ നര്‍ഗേസ് മൊഹമ്മദിക്ക് സമാധാനത്തിനുള്ള ഇത്തവണത്തെ നൊബേല്‍ പുരസ്‌കാരം ലഭിച്ചപ്പോള്‍ അത്ലോകമെങ്ങും വ്യക്തിസ്വാതന്ത്ര്യത്തിനും സ്വതന്ത്രജീവിതത്തിനും വേണ്ടി പൊരുതുന്ന സ്ത്രീകള്‍ക്കുള്ള ആദരമായി. ഭര്‍ത്താവില്‍നിന്നും മക്കളില്‍നിന്നുമകന്ന് തടവറയിലെ ഏകാന്തതയില്‍ ഒരുവിധ മോചനപ്രതീക്ഷയുമില്ലാതെയാണ് നര്‍ഗേസ് കഴിയുന്നത്. ആ ആത്മബലത്തിനുള്ള അടിവരകൂടിയാണ് ഈ പുരസ്‌കാരം

Women will not give up. We are fuelled by a will to survive, whether we are inside prison or outside' -Narges Mohammadi

മുഖത്തേക്ക് സൂക്ഷിച്ചുനോക്കൂ. ക്ഷീണത്തിന്റെ നിഴലാട്ടം നന്നായുണ്ട്. 2023-ലെ നൊബേല്‍ സമാധാനപുരസ്‌കാരം ലഭിച്ച നര്‍ഗേസ് മൊഹമ്മദി എന്ന ഈ അമ്പത്തൊന്നുകാരി ക്ഷീണിതയായത് എങ്ങനെ?. പോരാട്ടവീര്യത്തിന്റെ പ്രോജ്ജ്വലമാതൃകയായ നര്‍ഗേസ് ക്ഷീണിതയാണെന്നു പറയുമ്പോള്‍ ആ ധീരപോരാളി മാനസികമായി ക്ഷീണിതയാണെന്ന വിവക്ഷ ഇവിടെയൊട്ടുമില്ല. ഒരുപക്ഷേ, ലോകത്ത് ഇന്നു ജീവിക്കുന്ന സ്ത്രീകളില്‍ മാനസികവും ബൗദ്ധികവുമായ ക്ഷീണമോ അധീരതയോ അശേഷം ബാധിച്ചിട്ടില്ലാത്ത വനിതകളില്‍ ഒന്നാംസ്ഥാനത്തുനില്‍ക്കുന്നയാളാണ് 1972 ഏപ്രില്‍ 21-ന് ഇറാനിലെ സന്‍ജാനില്‍ ജനിച്ച ഈ മഹിളാരത്‌നം. പക്ഷേ, സ്ത്രീകള്‍ക്കുനേരെയുള്ള അനീതിക്കും വിവേചനത്തിനും അടിച്ചമര്‍ത്തലിനും പേരുകേട്ട ഇറാനിലെ മതഭരണകൂടം സമ്മാനിച്ച തടവറജീവിതവും അതിനിടെ വന്നുപെട്ട ദീനങ്ങളും ഈ ആക്ടിവിസ്റ്റിന്റെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്.

നര്‍ഗേസിന് ഭര്‍ത്താവും രണ്ടുകുട്ടികളുമുണ്ട്. ഇരട്ടക്കുട്ടികള്‍. കിയാന എന്ന പെണ്‍കുട്ടിയും അലി എന്ന ആണ്‍കുട്ടിയും. അവര്‍ക്കിപ്പോള്‍ 17 വയസ്സ്. സ്വന്തം അമ്മയെ അവര്‍ കണ്ടിട്ട് എട്ടുവര്‍ഷം പിന്നിട്ടിരിക്കുന്നു. കാരണം നര്‍ഗേസ് മൊഹമ്മദി 2011 തൊട്ട് പലപ്പോഴായി ടെഹ്‌റാനിലെ എവിന്‍ എന്ന കുപ്രസിദ്ധ കാരാഗൃഹത്തിലാണ്.

നര്‍ഗേസ് ഭര്‍ത്താവിനെ കണ്ടിട്ടുമായി ഏറെവര്‍ഷങ്ങള്‍. സ്ത്രീകളുടെ ന്യായമായ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനുംവേണ്ടി, ലിംഗഭേദമെന്യേ എല്ലാവരുടെയും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി, ഇറാനില്‍ സര്‍വസാധാരണമായിത്തീര്‍ന്ന വധശിക്ഷ നിരോധിക്കുന്നതിനുവേണ്ടി, ഏകാന്തതടവ് നിര്‍ത്തലാക്കുന്നതിനുവേണ്ടി മൂന്നുപതിറ്റാണ്ടായി നിരന്തരം ശബ്ദിക്കുകയും അടരാടുകയും ചെയ്തുപോന്നിട്ടുള്ള ആ സാമൂഹികപ്രവര്‍ത്തകയുടെ ജീവിതം മിക്കപ്പോഴും ജയിലിലായിരുന്നു. ഇപ്പോഴും അതെ. പതിമ്മൂന്നുതവണ അറസ്റ്റുചെയ്യപ്പെടുകയും അഞ്ചുതവണ ശിക്ഷിക്കപ്പെടുകയും 31 വര്‍ഷത്തെ തടവിനും 154 ചാട്ടവാറടിക്കും വിധിക്കപ്പെടുകയുംചെയ്ത നര്‍ഗേസ് വിവാഹംചെയ്തത് പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകനും മതഭരണവ്യവസ്ഥയുടെ രൂക്ഷവിമര്‍ശകനുമായ റ്റാഗി റഹ്‌മാനിയെയാണ്.

1979-ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം പല കുറ്റാരോപണങ്ങളുടെപേരില്‍ 14 വര്‍ഷത്തോളം തടവില്‍ക്കഴിയേണ്ടിവന്നിട്ടുണ്ട് റഹ്‌മാനിക്ക്. 1999-ലായിരുന്നു റഹ്‌മാനിയുടെയും നര്‍ഗേസിന്റെയും വിവാഹം. അറസ്റ്റും ജയില്‍ശിക്ഷയുമടക്കമുള്ള ഭരണകൂടവേട്ട തുടരവേ രണ്ടുകുട്ടികളുള്ള അദ്ദേഹത്തിന് സങ്കടകരമായ ഒരു തീരുമാനമെടുക്കേണ്ടിവന്നു. 2012-ല്‍ അദ്ദേഹം പാരീസിലേക്ക് കുടിയേറി. 2015-ല്‍ കുട്ടികളെയും അങ്ങോട്ടുകൂട്ടി. അതോടെ റഹ്‌മാനി-നര്‍ഗേസ് കൂടിക്കാഴ്ചകള്‍ അതിവിരളമായി.

റഹ്മാനി | By VOA - https://ir.voanews.com/gallery/iran-prisoners-narges-mohammad, Public Domain, https://commons.wikimedia.org/w/index.php?curid=116750233

അവരുടെ മകന്‍ അലി, സഹോദരി കിയാനയോടൊപ്പം, അവര്‍ക്ക് എട്ടുവയസ്സുള്ളപ്പോള്‍ അവസാനമായി അമ്മയെക്കണ്ട സന്ദര്‍ഭം സി.എന്‍.എന്‍. ന്യൂസിനോട് വെളിപ്പെടുത്തിയത് ഇങ്ങനെയാണ്: '' കിയാനയ്ക്കും എനിക്കും പ്രാതലിന് അമ്മ മുട്ട പാകംചെയ്തിരുന്നു. നന്നായി പഠിക്കാന്‍ ഞങ്ങളെ ഉപദേശിച്ചു. പിന്നീട് ഗുഡ്‌ബൈ പറഞ്ഞ് ഞങ്ങളെ സ്‌കൂളിലേക്കയച്ചു. ഞങ്ങള്‍ തിരിച്ചെത്തിയപ്പോള്‍ അമ്മ പോയിക്കഴിഞ്ഞിരുന്നു.''

എവിടെപ്പോയി നര്‍ഗേസ് മൊഹമ്മദി? അനിതരസാധാരണമായ ചങ്കുറപ്പുള്ള ആ മനുഷ്യാവകാശപ്രവര്‍ത്തക സ്വന്തം വീട്ടില്‍നിന്നും കടന്നുകളയുകയായിരുന്നില്ല. അവര്‍ അറസ്റ്റുചെയ്യപ്പെടുകയായിരുന്നു. എഴുത്തിലൂടെ, പ്രസംഗത്തിലൂടെ, ആക്ടിവിസത്തിലൂടെ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിനും സ്വാതന്ത്ര്യക്കശാപ്പിനുമെതിരേ നിര്‍ഭയം സംസാരിക്കുകയും ശബ്ദമില്ലാത്തവരുടെ ധീരശബ്ദമായി മാറുകയുംചെയ്ത ആ യുവതി ഖസ്വിനിലെ ഇമാം ഖമീനി യൂണിവേഴ്‌സിറ്റിയില്‍ ഫിസിക്‌സ് ബിരുദവിദ്യാര്‍ഥിയായിരി?േക്കയാണ് മതഭരണാധികാരികളാല്‍ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ക്കുവേണ്ടി സന്ധിയില്ലാസമരം പ്രഖ്യാപിച്ച് രംഗത്തുവന്നത്.

പഠനകാലത്ത് സജീവരാഷ്ട്രീയപ്രവര്‍ത്തകയായിമാറിയ മൊഹമ്മദി 'പയാമേ ഹാജാര്‍' പോലുള്ള പരിഷ്‌കരണവാദ പ്രസിദ്ധീകരണങ്ങളില്‍ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് എഴുതുക മാത്രമല്ല, പുരുഷാധിപത്യമൂല്യങ്ങളുടെ അരമനകളില്‍ വാഴുന്ന യാഥാസ്ഥിതിക മതജന്മിത്വത്തെ മുഖംനോക്കാതെ ചോദ്യംചെയ്യുന്ന ഒരു വിദ്യാര്‍ഥിസംഘടനയ്ക്ക് രൂപംനല്‍കുകകൂടി ചെയ്തു. 2003-ല്‍ നൊബേല്‍ സമാധാനപുരസ്‌കാരം നേടിയ ഇറാന്‍കാരിയായ ഷിറിന്‍ എബാദി രൂപവത്കരിച്ച 'ഡിഫന്‍ഡേഴ്‌സ് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് സെന്റര്‍' (ഡി.എച്ച്.ആര്‍.സി.) എന്ന മനുഷ്യാവകാശ പ്രസ്ഥാനത്തില്‍ ചേര്‍ന്നു പ്രവര്‍ത്തനം തുടര്‍ന്ന നര്‍ഗേസ് പില്‍ക്കാലത്ത് അതിന്റെ ഉപാധ്യക്ഷയായി. ഡി.എച്ച്.ആര്‍.സി.യില്‍ അംഗമായതിന്റെപേരില്‍ 2009-ല്‍ മൊഹമ്മദി അറസ്റ്റുചെയ്യപ്പെട്ടു. ജാമ്യംലഭിച്ചെങ്കിലും വിദേശയാത്ര നടത്തുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തി. ജോലിചെയ്തിരുന്ന എന്‍ജിനിയറിങ് സ്ഥാപനം അവരെ പിരിച്ചുവിടുകയുംചെയ്തു.

2011-ല്‍ വീണ്ടും അവര്‍ അറസ്റ്റുചെയ്യപ്പെടുകയും കല്‍ത്തുറുങ്കിലടയ്ക്കപ്പെടുകയും ചെയ്തു. തടവുകാരായ ആക്ടിവിസ്റ്റുകളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാനുള്ള പ്രവര്‍ത്തനത്തിലേര്‍പ്പെട്ടതിന്റെ പേരിലായിരുന്നു ആ ശിക്ഷ. രണ്ടുവര്‍ഷം കഴിഞ്ഞ് ജാമ്യംകിട്ടി പുറത്തിറങ്ങിയപ്പോള്‍ വധിശിക്ഷയ്‌ക്കെതിരേയുള്ള പ്രചാരണവുമായി നര്‍ഗേസ് മുന്നോട്ടുപോയി. ഏറ്റവും കൂടുതല്‍പ്പേരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന രാജ്യമാണ് ഇസ്ലാമിക റിപ്പബ്ലിക്കായ ഇറാന്‍. 2022 ജനുവരിക്കുശേഷം മാത്രം 860 തടവുകാരെ ഇറാനിലെ മതഭരണകൂടം വധിച്ചിട്ടുണ്ട്.

വധശിക്ഷയ്‌ക്കെതിരേയുള്ള പ്രചാരണത്തിന്റെപേരില്‍ 2015-ല്‍ നര്‍ഗേസിന്റെപേരില്‍ പുതിയ കേസും അറസ്റ്റും തടവുശിക്ഷയും വന്നു. ജയിലില്‍ തിരിച്ചെത്തിയ മൊഹമ്മദി അടങ്ങിയിരുന്നില്ല. ഭരണകൂടത്തിന്റെ വ്യവസ്ഥാപിത മര്‍ദനമുറകള്‍ക്കെതിരേയും രാഷ്ട്രീയത്തടവുകാര്‍ക്ക്, പ്രത്യേകിച്ച് വനിതാ തടവുകാര്‍ക്ക് നേരെയുള്ള ലൈംഗിക ഹിംസയ്‌ക്കെതിരേയും അവര്‍ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയര്‍ത്തി. വനിതാ തടവുകാരുമായുള്ള അഭിമുഖങ്ങള്‍ചേര്‍ത്ത് 2022 നവംബറില്‍ അവര്‍ പ്രസിദ്ധീകരിച്ച വൈറ്റ് ടോര്‍ച്ചര്‍ എന്ന പുസ്തകം ഇറാനിലെ തടവറകളില്‍ വനിതാ തടവുകാര്‍ക്കുനേരെ നടക്കുന്ന ശാരീരികവും മാനസികവുമായ ക്രൂരപീഡനങ്ങളുടെ നേര്‍ചിത്രമാണ്. ഷിറിന്‍ എബാദിയുടെ അവതാരികയോടുകൂടി പുറത്തിറങ്ങിയ 272 പുറങ്ങളുള്ള ഈ ഗ്രന്ഥം മതഭരണാധികാരികളെ തെല്ലൊന്നുമല്ല രോഷംകൊള്ളിച്ചത്.

ഇറാനിലെ സ്ത്രീ തടവുകാരുമായി നർഗേസ് മൊഹമ്മദി
നടത്തിയ അഭിമുഖങ്ങളുടെ സമാഹാരമായ
WhiteTorture എന്ന പുസ്തകത്തിന്റെ കവർ

കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ മഹ്സ ജിന അമീനി എന്ന കുര്‍ദിഷ് ഇറാനിയന്‍ യുവതി ശിരോവസ്ത്രധാരണത്തിലെ 'അപാക'ത്തിന്റെപേരില്‍ മതകാര്യപോലീസിന്റെ നിഷ്ഠുരമര്‍ദനത്തിനിരയായി മരണമടഞ്ഞ സന്ദര്‍ഭത്തിലും നര്‍ഗേസ്, എവിന്‍തടവറയിലായിരുന്നു. അന്ന് ഇറാനിയന്‍ തെരുവുകളില്‍ സ്ത്രീകളടക്കമുള്ള പരസഹസ്രം പ്രതിഷേധക്കാര്‍ മതഭരണകൂടത്തിനെതിരേ മുഴക്കിയ മുദ്രാവാക്യങ്ങള്‍ എവിന്‍ ജയിലിലും അലയൊലിസൃഷ്ടിച്ചു. 'ഇസ്ലാമിക് റിപ്പബ്ലിക് മരിക്കട്ടെ' (Death to Islamic Republic) എന്നതായിരുന്നു ആ മുദ്രാവാക്യങ്ങളിലൊന്ന്.

മഹ്സ അമീനിയുടെ ദാരുണാന്ത്യത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ 2023 സെപ്റ്റംബര്‍ 16-ന് ദ ന്യൂയോര്‍ക് ടൈംസില്‍ നര്‍ഗേസ് എഴുതിയ ഒരു ലേഖനമുണ്ട്. 'അവര്‍ ഞങ്ങളെ എത്രകൂടുതല്‍ തടവിലിടുന്നോ അത്രകൂടുതല്‍ ശക്തരാകും ഞങ്ങള്‍' എന്നാണതിന്റെ തലക്കെട്ട്. എവിന്‍ ജയിലിലായിരുന്ന താനും തന്റെ സഹതടവുകാരും മഹ്സ അമീനിയുടെ മരണത്തെപ്പറ്റിയുള്ള വാര്‍ത്ത ടി.വി.യില്‍ ശ്രവിച്ചകാര്യം നര്‍ഗേസ് ലേഖനത്തില്‍ അനുസ്മരിക്കുന്നു. ''ഹിജാബ് (ശിരോവസ്ത്രം) ശരിയായി ധരിച്ചില്ലെന്നതിന്റെപേരില്‍ ഒരു യുവതിയെ മതകാര്യപോലീസ് മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവം ഞങ്ങളെ ഒരേസമയം കണ്ണീരിലാഴ്ത്തുകയും രോഷാകുലരാക്കുകയുംചെയ്തു. ദിവസങ്ങള്‍ പിന്നിടവേ ഞങ്ങളുടെ വേദനയും രോഷവും വര്‍ധിക്കുകയായിരുന്നു. ഒക്ടോബര്‍ 15-ന് എവിന്‍ തടവറയുടെ പരിസരത്ത് വെടിയൊച്ചകേട്ടസമയം ഞങ്ങള്‍ അത്യുച്ചത്തില്‍ ആ മുദ്രാവാക്യംമുഴക്കി: ഡെത്ത് ടു ഇസ്ലാമിക് റിപ്പബ്ലിക്.''

മഹ്സയുടെ കസ്റ്റഡിമരണത്തെത്തുടര്‍ന്ന് ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട വന്‍പ്രക്ഷോഭത്തിന്റെ കേന്ദ്രമുദ്രാവാക്യമായി ഉയര്‍ന്നുവന്നത് മൂന്നു പദങ്ങളാണ്. ഇംഗ്ലീഷില്‍ Woman-Life-Freedom എന്നും കുര്‍ദിഷ് ഭാഷയില്‍ ജിന്‍-ജിയാന്‍-ആസാദി എന്നും പേര്‍ഷ്യന്‍ ഭാഷയില്‍ സാന്‍-സിന്ദഗി-ആസാദി എന്നും അത് വെളിപ്പെട്ടു. 'സ്ത്രീ- ജീവിതം-സ്വാതന്ത്ര്യം' എന്ന ഈ പ്രമാണവാക്യം ജീവിതയാഥാര്‍ഥ്യമായി പരിവര്‍ത്തിപ്പിക്കാനുള്ള അവിശ്രമപരിശ്രമമത്രേ കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകളായി നര്‍ഗേസ് മൊഹമ്മദി നടത്തിക്കൊണ്ടിരിക്കുന്നത്. ആ സാമൂഹികപ്രവര്‍ത്തകയ്ക്ക് സമാധാന നൊബേല്‍ സമ്മാനിച്ച നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി അടിവരയിട്ടതും അവരുടെ ആ പ്രവര്‍ത്തനങ്ങളില്‍ത്തന്നെ.

44 വര്‍ഷംമുമ്പ് ഇറാനില്‍ നടപ്പാക്കപ്പെട്ട നിര്‍ബന്ധിത ഹിജാബ് സ്ത്രീത്വത്തിനെതിരേയുള്ള വെല്ലുവിളിയായി നര്‍ഗേസ് വിലയിരുത്തുന്നു. സമൂഹത്തിന്റെ പാതിവരുന്ന പുരുഷന്മാരുടെ ശരീരത്തില്‍ അബായയോ തലപ്പാവോ അടിച്ചേല്‍പ്പിക്കാന്‍ മതഭരണാധികാരികള്‍ മുതിരുന്നില്ല. സ്ത്രീകളെയാണ് അവര്‍ ഹിജാബുകൊണ്ടും പര്‍ദകൊണ്ടും ചദോര്‍കൊണ്ടും മൂടുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അസ്വാതന്ത്ര്യത്തിന്റെ അടയാളങ്ങളാണ് അവയെന്ന് നര്‍ഗേസ് വിശദീകരിക്കുന്നു.

അസ്വാതന്ത്ര്യത്തിന്റെ ഈ അടയാളങ്ങള്‍ 1979-നുമുമ്പുള്ള ഇറാനില്‍ ഉണ്ടായിരുന്നില്ല. പേര്‍ഷ്യന്‍ ഭാഷയില്‍ 'ഇങ്ക്വിലാബെ ഇസ്ലാമി' എന്നറിയപ്പെടുന്നതും 1978 ജനുവരി ഏഴിനും 1979 ഫെബ്രുവരി 11-നുമിടയ്ക്ക് നടന്നതുമായ ഇസ്ലാമിക വിപ്ലവത്തിനുശേഷം നടപ്പായ മതഭരണത്തിന്റെ ഉത്പന്നങ്ങളാണവ.

സെന്‍ട്രല്‍ ഏഷ്യ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായ ഡോ. സൊഹെയ്ല്‍ അഷ്റഫി ചൂണ്ടിക്കാണിക്കുന്നതുപോലെ, ഹിജാബ് ഒരു മതവഴക്കമല്ല. ഇറാനില്‍ നിയമദ്വാരാ നടപ്പില്‍വരുത്തിയ നിര്‍ബന്ധിത ഹിജാബ് (Mandatory hijab) ഒരു രാഷ്ട്രീയ ഉപകരണമാണ്. അവിടെ സ്ത്രീകളുടെ തിരഞ്ഞെടുപ്പല്ല ശിരോവസ്ത്രം. അത് ഭരണകൂടത്തിന്റെ തിരഞ്ഞെടുപ്പാണ്.

ഭരണകൂടത്തിന്റെ തിരഞ്ഞെടുപ്പ് (Choice) അനുസരിക്കാത്തതിന്റെപേരിലാണ് കഴിഞ്ഞവര്‍ഷം മഹ്സ അമീനിയെ മതപോലീസ് വകവരുത്തിയത്. ഈ ഒക്ടോബര്‍ നാലിന് ടെഹ്റാനടുത്ത് ഷൊഹാദ മെട്രോസ്റ്റേഷന് സമീപം തീവണ്ടിയില്‍വെച്ച് അമിത ഗരവന്ദ് എന്ന പതിനാറുകാരിയെ അതേ പോലീസ് ക്രൂരമായി മര്‍ദിച്ച് അബോധാവസ്ഥയിലാക്കിയതും അതേ കാരണത്താല്‍ത്തന്നെ. ഹിജാബും സ്ത്രീസമത്വവും മനുഷ്യാവകാശങ്ങളുമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മതഭരണകൂടത്തിന്റെ തിരഞ്ഞെടുപ്പിനോടൊപ്പം നില്‍ക്കാത്തതിനാലാണ് നര്‍ഗേസ് മൊഹമ്മദിയെ ഇറാന്‍ സര്‍ക്കാര്‍ നിഷ്‌കരുണം ദ്രോഹിക്കുന്നതും. നിര്‍ബന്ധിത ഹിജാബ് രാഷ്ട്രീയ ഉപകരണമാണെന്ന ഡോ. അഷ്റഫിയുടെ നിരീക്ഷണത്തിലേക്ക് നമുക്ക് തിരിച്ചുപോവാം. 'വിലായത്തെ ഫഖീഹ്' എന്നറിയപ്പെടുന്ന ഷിയാ ഇസ്ലാമിസ്റ്റ് ഭരണവ്യവസ്ഥയുടെ നിയന്ത്രണത്തിലുള്ള ഒരു 'സമ്പൂര്‍ണ ഇസ്ലാമിക സമൂഹ'ത്തിന്റെ പ്രതീകമായിട്ടാണ് ഇറാനിയന്‍ മതഭരണകൂടം ശിരോവസ്ത്രത്തെ ഉപയോഗിക്കുന്നത്. മതേതരമാകട്ടെ, മതാത്മകമാകട്ടെ ഏത് സമഗ്രാധിപത്യ ഭരണകൂടത്തിനും സമൂഹത്തെ തങ്ങളുടെ ആവശ്യങ്ങള്‍ക്കുതകുംവിധം അഴിച്ചുപണിതേ മതിയാവൂ. തങ്ങളുടെ പ്രത്യയശാസ്ത്രപരമായ അജന്‍ഡ നടപ്പാക്കാനെന്നപോലെ തങ്ങളുടെ ഭരണത്തിന് നിയമസാധുതയും ന്യായതയും ലഭിക്കാനും അതാവശ്യമാണ്. ഭരണകൂടപ്രത്യയശാസ്ത്രവും സമൂഹവും ഒരേപാതയില്‍ സഞ്ചരിക്കാത്തിടത്ത് ഭരണകൂടത്തിന് നിയമസാധുതയും പൊതുസ്വീകാര്യതയും നിര്‍മിച്ചെടുക്കേണ്ടിവരും.

വിപ്ലവാനന്തരം ആദ്യദശകത്തില്‍ (1979-'89) അയത്തുള്ള ഖമീനിയുടെ കാലത്ത് ഈ നിയമസാധുതാനിര്‍മാണത്തിന് ഉപയോഗിച്ചത് പാശ്ചാത്യസംസ്‌കാരവിരുദ്ധ ഇസ്ലാമിക വികാരങ്ങളാണ്. ഷാ ഭരണകാലത്ത് നിലനിന്ന സെക്യുലര്‍ ഐഡിയോളജിയുടെ സ്ഥാനത്ത് ഖമീനി ഇസ്ലാമിസ്റ്റ് ഐഡിയോളജി പകരംവെച്ചു. അതോടെ ഇംപീരിയല്‍ ?േസ്റ്ററ്റ് ഓഫ് ഇറാന്‍, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനായിമാറി. ഖമീനിക്ക് വിപ്ലവത്തിന്റെ 'പരമോന്നത നേതാവ്' എന്നനിലയ്ക്ക് 'ഇമാം' എന്ന പട്ടവും ലഭിച്ചു.

1989-ല്‍ ഖമീനിയുടെ നിര്യാണത്തെത്തുടര്‍ന്ന് 'പരമോന്നത നേതാവ്' എന്ന പദവിലേക്കുവന്ന അയത്തുള്ള അലി ഖാംനഇ, ഖമീനിയെ അപേക്ഷിച്ച് പൗരോഹിത്യശ്രേണിയില്‍ വളരെ താഴെനില്‍ക്കുന്ന പുരോഹിതനായിരുന്നു. അതിനാല്‍ത്തന്നെ തന്റെ മുന്‍ഗാമിക്കുലഭിച്ച സ്വീകര്യത തനിക്ക് ലഭിക്കില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ഈ ന്യൂനത പരിഹരിക്കാന്‍ ഖമീനിയില്‍നിന്ന് വ്യത്യസ്തനായി അയത്തുള്ള ഖാംനഇ പരമോന്നത നേതാവ് എന്ന പദവിക്ക് ഒരു 'കള്‍ട്ട്' പരിവേഷം ബോധപൂര്‍വം നല്‍കുകയും വളര്‍ത്തിയെടുക്കുകയും ചെയ്തു. അതോടൊപ്പം തന്റെ ഭരണത്തിന്റെ ന്യായതയും സ്വീകാര്യതയും സമൂഹത്തില്‍ ഉറപ്പിക്കുന്നതിനുള്ള തന്ത്രങ്ങളും അദ്ദേഹം മെനഞ്ഞു. അവിശ്വാസികളെയും സംശയാലുക്കളെയും വിമര്‍ശകരെയും രാഷ്ട്രശത്രുക്കളാക്കി ചിത്രീകരിച്ച് ശിക്ഷിക്കുന്നത് സമ്പൂര്‍ണ ഇസ്ലാമിക സമൂഹത്തിന്റെ ആരോഗ്യത്തിന് അനുപേക്ഷണീയമാണെന്ന ധാരണ അദ്ദേഹം ഊട്ടിയുറപ്പിച്ചു. സ്ത്രീസ്വാതന്ത്ര്യവിചാരമടക്കമുള്ള പാശ്ചാത്യമായ സര്‍വസ്വാധീനങ്ങളും ഉച്ചാടനം ചെയ്യുന്നതിന് പുരുഷപുരോഹിത വീക്ഷണത്തിലുള്ള ഇസ്ലാമിക് ജീവിതരീതി ഖാംനഇ നടപ്പാക്കി.

ആ ജീവിതരീതിയുടെ കേന്ദ്രത്തില്‍ സ്ഥാപിക്കപ്പെട്ടത് ഹിജാബാണ്. പിതൃമേധാവിത്വപരമായ ഇറാനിയന്‍ സമൂഹത്തിന്റെ അവിഭക്ത ചിഹ്നമായി ഹിജാബ് അടയാളപ്പെടുത്തപ്പെട്ടു. ഇറാന്‍ ഒരു സമ്പൂര്‍ണ ഇസ്ലാമിക രാഷ്ട്രമാണെന്നതിന്റെ അസന്ദിഗ്ധ തെളിവായി സ്ത്രീകളുടെ ശിരോവസ്ത്രം അവതരിപ്പിക്കപ്പെടുകയുംചെയ്തു. വസ്ത്രസ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള പൗരസ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് ലഭ്യമാകുന്ന ഒരു രാഷ്ട്രത്തില്‍ മതപുരോഹിതന്‍ (മതനേതാവ്) അറുപഴഞ്ചനും അപ്രസക്തനുമാകുമെന്ന് അയത്തുള്ള ഖാംനഇക്കറിയാം. ഹിജാബിന്റെ പതനം തന്റെ പതനത്തില്‍ കലാശിക്കുമെന്ന് അദ്ദേഹം മനസ്സിലാക്കുന്നു.

1979-ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഇപ്പോള്‍ ഇറാനില്‍ നടന്നുകൊണ്ടിരിക്കുന്നത് 'മഹ്സവിപ്ലവം' ആണെന്നു പറയാം. 'സ്ത്രീ-ജീവിതം-സ്വാതന്ത്ര്യം-വിപ്ലവം' എന്നും അതിനെ വിളിക്കാം. തടവറയില്‍നിന്നുകൊണ്ട് മതജന്മികളുടെ മൂക്കിനുനേരെ വിരല്‍ചൂണ്ടി സംസാരിക്കുന്ന നര്‍ഗേസ് മൊഹമ്മദിയും തടവറയ്ക്ക് വെളിയില്‍നിന്നുകൊണ്ട് നര്‍ഗേസിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന പതിനായിരങ്ങളും ആ വിപ്ലവത്തെ ജ്വലിപ്പിക്കുന്നു. ലിബറല്‍ ജീവിതരീതികള്‍ക്കുവേണ്ടി നിലകൊള്ളുന്ന സ്വതന്ത്രസമൂഹവും ഇസ്ലാമിക ജീവിതരീതികള്‍ക്കുവേണ്ടി നിലകൊള്ളുന്ന സമഗ്രാധിപത്യസമൂഹവും തമ്മിലുള്ള സംഘര്‍ഷത്തിന് സാക്ഷിയാവുകയാണ് ഇറാന്‍.

ജനാധിപത്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും ലിംഗാധിഷ്ഠിത വിവേചനത്തിന്റെ ഉന്മൂലനത്തിനുംവേണ്ടി പ്രവര്‍ത്തിക്കുന്ന നര്‍ഗേസ് മൊഹമ്മദിക്ക് ഒരുകാര്യം വ്യക്തമായറിയാം. തന്റെ രാജ്യത്ത് നടക്കുന്നത് പരസ്പരം ഒഴിച്ചുനിര്‍ത്തുന്ന രണ്ടു കാഴ്ചപ്പാടുകള്‍ തമ്മിലുള്ള സമരമാണ്. ലിബറല്‍ കാഴ്ചപ്പാടും ഇല്ലിബറല്‍ കാഴ്ചപ്പാടും തമ്മിലുള്ള സമരം. രണ്ടാമത്തേതിനെ തോല്‍പ്പിച്ചേ താനടങ്ങൂ എന്ന് നര്‍ഗേസ് വെളിപ്പെടുത്തിയത് ഇങ്ങനെ: ''ജനാധിപത്യത്തിന്റെ സാക്ഷാത്കാരത്തിനുവേണ്ടിയുള്ള പോരാട്ടം ഞാനൊരിക്കലും അവസാനിപ്പിക്കില്ല... സ്ത്രീകളുടെ വിമോചനം സാധ്യമാകുന്നതുവരെ മര്‍ദകമതഭരണകൂടത്തിന്റെ നിഷ്ഠുരവിവേചനത്തിനും സ്വേച്ഛാധിപത്യത്തിനും ലിംഗാസ്പദ അടിച്ചമര്‍ത്തലുകള്‍ക്കുമെതിരേയുള്ള അടരാട്ടം ഞാന്‍ തുടരുകതന്നെ ചെയ്യും.''

(ഒക്ടോബർ 15 മാതൃഭൂമി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Nobel peace prize winner Narges Mohammedi, social, Interview