1880 മുതല്‍ തുടങ്ങുന്ന ചരിത്രം; ധാരാവിയുടെ പുനരധിവാസത്തില്‍ മറയുന്നത് എന്തെല്ലാം?

#കെ.വി. രാജേഷ്

ധാരാവി: ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ചേരിപ്രദേശം. മുംബൈ നഗരത്തിലെ പാവങ്ങളുടെ താമസസ്ഥലം മാത്രമല്ലിത്; പ്രതിവര്‍ഷം 8200 കോടി രൂപയുടെ വിറ്റുവരവുള്ള ചെറുകിട വ്യവസായമേഖലകൂടിയാണ്. ധാരാവിയുടെ മുഖം മാറ്റാന്‍ പതിറ്റാണ്ടുകളായി പദ്ധതികള്‍ പലത് വന്നെങ്കിലും നടപ്പായില്ല. ഭാവി വ്യക്തമല്ലെങ്കിലും ഇപ്പോള്‍ പുതിയൊരു വികസന, പുനരധിവാസ പദ്ധതിക്ക് ഇവിടെ തുടക്കം കുറിച്ചിരിക്കുന്നു മുംബൈ മഹാനഗരത്തിന്റെ ഹൃദയഭാഗത്ത് പാവപ്പെട്ടവര്‍ കൂട്ടത്തോടെ ചേക്കേറുന്ന ഒരു പ്രദേശമുണ്ട്, ധാരാവി. ഏകദേശം 2.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ലോകത്തിലെത്തന്നെ ഏറ്റവും വലിയ ചേരികളിലൊന്ന്. ഒരുകാലത്ത് അധോലോക സങ്കേതമായിരുന്ന ധാരാവിയുടെ പേരുകേട്ടാല്‍പോലും പുറംലോകം വിറച്ചിരുന്നു. സിനിമകള്‍ പെരുപ്പിച്ചുവെച്ച ഭീകരതയ്ക്കപ്പുറം ഇവിടെയിപ്പോള്‍ അത്ര ഭയക്കാനൊന്നുമില്ലെന്നതാണ് സത്യം. പത്തുലക്ഷത്തിലധികംപേര്‍ ഈ ചേരിയില്‍ അധിവസിക്കുന്നുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍. വന്നുംപോയുമിരിക്കുന്ന കുടിയേറ്റ തൊഴിലാളികളാണധികവും. അതുകൊണ്ടുതന്നെ കൃത്യമായ കണക്കുകണ്ടെത്തുക ദുഷ്‌കരമാണ്. ചില സന്നദ്ധ സംഘടനകള്‍ നടത്തിയ കണക്കെടുപ്പില്‍ എട്ടര ലക്ഷംപേരെ കണ്ടെത്തിയിരുന്നു. അങ്ങനെ നോക്കിയാല്‍ ഒരേക്കര്‍ സ്ഥലത്ത് താമസിക്കുന്നത് 1,500 പേര്‍.

ചേരികളുടെ ലോകം

ലോകത്തെ നഗരജനതയുടെ നാലിലൊന്നും അധിവസിക്കുന്നത് ചേരികളിലാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഇത് അതിവേഗം കൂടിവരുന്നു. 1990-കളില്‍ വികസ്വര രാജ്യങ്ങളിലെ ചേരികളില്‍ താമസിച്ചിരുന്നത് 68.9 കോടി പേരായിരുന്നു. 2014-ലിത് 88 കോടിയിലെത്തിയെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. നഗരങ്ങളില്‍ ജനസംഖ്യയുടെ പകുതിയും താമസിക്കുന്ന ഇത്തരം പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നാമമാത്രമാണ്. നൂറുകണക്കിനുപേര്‍ക്ക് ഉപയോഗിക്കാനായി ഒരു കക്കൂസ് മാത്രമാണുണ്ടാവുക. പലതും തോടുകളിലേക്കോ ജലാശയങ്ങളിലേക്കോ തുറന്ന് പ്ലാസ്റ്റിക് ഷീറ്റുകള്‍കൊണ്ട് മറച്ചുണ്ടാക്കിയവ. ശുദ്ധജലം കിട്ടാക്കനിയാണ്. വിദ്യാഭ്യാസ, ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ പേരിനുമാത്രം. നിന്നുതിരിയാനിടമില്ലാത്ത ഒറ്റമുറിയിലൊതുങ്ങുന്നതാണ് കുടുംബങ്ങള്‍. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം ജനസംഖ്യയില്‍ മൂന്നാമതാണ് ധാരാവി. പത്തുലക്ഷത്തോളം പേര്‍. പാകിസ്താനിലെ കറാച്ചിക്കടുത്തുള്ള ഒറാങ്കി ചേരിയാണ് മുന്നില്‍. 24 ലക്ഷംപേര്‍ ഇവിടെ അധിവസിക്കുന്നുവെന്നാണ് കണക്ക്. മെക്‌സിക്കോസിറ്റിക്കടുത്തുള്ള സിയുദാഡ് നെസയാണ് 12 ലക്ഷം പേരുമായി രണ്ടാമത്.ഏത് വെല്ലുവിളിയെയും പോരാടി അതിജീവിക്കുന്നവരാണ് ധാരാവിക്കാര്‍. എന്തിനെയും നേരിടാനുള്ള നെഞ്ചുറപ്പാണ് അവരുടെ ബലം. ഇതാണ് പുറംലോകത്തെ ഭയപ്പെടുത്തുന്നതും. എന്നാല്‍ ഒന്നിനോടും പരിഭവമില്ലാതെ, ലഭിക്കുന്നതുകൊണ്ട് സന്തോഷത്തോടെ കഴിയുന്നു അവര്‍.

ചരിത്രം

1880 മുതല്‍ തുടങ്ങുന്നു ധാരാവിയുടെ ചരിത്രം. കടലിടുക്കും ചതുപ്പുകളും കണ്ടലുകളും നിറഞ്ഞ പ്രദേശം. തുടക്കത്തില്‍ കോളികളെന്നറിയപ്പെടുന്ന മീന്‍പിടിത്തക്കാരുടെതായിരുന്നു ധാരാവി. അവര്‍ മാഹിം കടലിടുക്കിലും ചതുപ്പുകളിലും മീന്‍പിടിച്ച് ഉപജീവനം നടത്തി. സര്‍ക്കാര്‍ ഭൂമിയായ ചതുപ്പുകളിലേക്ക് മുംബൈയുടെ വികസനക്കുതിപ്പിന്റെ അവശിഷ്ടങ്ങള്‍ നിറഞ്ഞുകൊണ്ടിരുന്നു. കണ്ടലുകള്‍ക്കിടയില്‍ മണ്ണും മലവും പ്ലാസ്റ്റിക്കും മറ്റുമാലിന്യങ്ങളുമടിഞ്ഞ് ധാരാവിയിലെ ചതുപ്പുകള്‍ നിലമായി. അതിജീവനം തേടി മറ്റുസംസ്ഥാനങ്ങളില്‍നിന്നെത്തിയവര്‍ നടപ്പാലങ്ങള്‍കൊണ്ടിവിടെ ജീവിതം പടുത്തുകെട്ടി.

സൗരാഷ്ട്രയില്‍നിന്നുള്ള മണ്‍പാത്ര നിര്‍മാണക്കാരായ കുംഭാരകള്‍, പലഹാരങ്ങളും തുകലുത്പന്നങ്ങളുമുണ്ടാക്കി തമിഴ്നാട്ടുകാര്‍, കരകൗശല വസ്തുക്കളുണ്ടാക്കിയും വസ്ത്രങ്ങള്‍ തുന്നിയും ഉത്തര്‍പ്രദേശുകാര്‍... അങ്ങനെ ധാരാവി വളര്‍ന്നുകൊണ്ടിരുന്നു. മതങ്ങള്‍ക്കും ജാതിഭേദങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കുമപ്പുറം വാണിജ്യതലസ്ഥാനമായ മുംബൈയില്‍ ജീവനോപാധി തേടിയെത്തുന്ന കുടിയേറ്റക്കാരെ ധാരാവി നെഞ്ചിലേറ്റി സംരക്ഷിച്ചു. അങ്ങനെ വൈവിധ്യമാര്‍ന്ന സമൂഹങ്ങള്‍ തോളോടുതോള്‍ ചേര്‍ന്ന് ധാരാവിയെന്ന 'പ്രത്യേക മേഖല' വികസിക്കുകയായിരുന്നു. മറ്റിടങ്ങളില്‍നിന്ന് വ്യത്യസ്തമായി ധാരാവി സാക്ഷരതയില്‍ ഏറെ മുന്നിലാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 69 ശതമാനം.

സമ്പന്നമായ ചേരി

ചാളകളും ഒറ്റമുറി വീടുകളും നിറഞ്ഞ ധാരാവി ഇന്ത്യന്‍ സമ്പദ്ഘടനയിലും നിര്‍ണായകസ്ഥാനം വഹിക്കുന്നു. മുംബൈയുടെ പ്രധാന കയറ്റുമതി വരുമാനം ഒരുങ്ങുന്നത് ധാരാവിയില്‍നിന്നാണ്. പ്രത്യേക സാമ്പത്തികമേഖലകളൊരുക്കി വ്യവസായ സംരംഭങ്ങള്‍ വളര്‍ത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോടികള്‍ ചെലവിടുന്ന കാലമാണിത്. സര്‍ക്കാര്‍ പദ്ധതികളോ പണമോ ഇല്ലാതെ, പ്രത്യേക സാമ്പത്തിക മേഖലയെന്ന കാഴ്ചപ്പാടുകള്‍ ഉരുത്തിരിയുംമുന്‍പേ ധാരാവി ചെറുകിട വ്യവസായങ്ങളുടെ ഒരു കേന്ദ്രമായി വളര്‍ന്നിരുന്നു.

5000 വ്യവസായശാലകളും 15,000-ത്തിലധികം ഒറ്റമുറി ഫാക്ടറികളുമുണ്ടിവിടെ. തുകല്‍ വ്യവസായമാണ് ഏറ്റവും സജീവം. ആഗോള ബ്രാന്‍ഡുകള്‍ക്കായി ഇവിടെനിന്ന് ബാഗുകളും ചെരുപ്പും ബെല്‍റ്റുകളും മറ്റും നിര്‍മിച്ചുനല്‍കുന്നു. കയറ്റുമതിയും സജീവം. പരമ്പരാഗത കളിമണ്‍, വസ്ത്ര നിര്‍മാണശാലകളും ധാരാവിയില്‍ സുലഭം. സാറ, എച്ച് ആന്‍ഡ് എം പോലുള്ള ബ്രാന്‍ഡുകള്‍ക്കടക്കം ഇവിടെ ഉത്പാദനം നടക്കുന്നുണ്ട്. ഇഡ്ഡലി കച്ചവടം മുതല്‍ സര്‍ജിക്കല്‍ ത്രെഡ് വരെ നീളുന്ന ചെറുകിട കുടില്‍ വ്യവസായങ്ങളാണ് ധാരാവിയുടെ നട്ടെല്ല്. രാജ്യത്തെ മാലിന്യ വസ്തുക്കളുടെ പുനരുപയോഗ സാധ്യതകള്‍ പുഷ്ടിപ്പെടുന്ന പ്രധാന കേന്ദ്രംകൂടിയാണിത്. മുംബൈയുടെ 60 ശതമാനം മാലിന്യവും സംസ്‌കരിക്കപ്പെടുന്നത് ധാരാവിയിലാണ്. ധാരാവിക്കാരുടെ ഈ കഠിനപ്രയത്‌നമില്ലെങ്കില്‍ മുംബൈ മാലിന്യത്തില്‍ മുങ്ങുമായിരുന്നുവെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകയായ ദേബി ഗോയങ്ക അഭിപ്രായപ്പെട്ടത്. ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗത്തിനായി ധാരാവിയില്‍നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കടക്കം ദിവസവും കയറ്റിപ്പോകുന്നു. ഏറ്റവും പാവപ്പെട്ടവര്‍ അധിവസിക്കുന്നതാണ് ധാരാവിയെങ്കിലും ഇവിടത്തെ വാര്‍ഷിക വിറ്റുവരവ് 8,200 കോടി രൂപയോളം (100 കോടി ഡോളര്‍) വരുമെന്നാണ് കണക്ക്. മൂന്നുലക്ഷത്തോളം പേര്‍ കയറ്റുമതിമേഖലയ്ക്കായി ഇവിടെ പണിയെടുക്കുന്നു. പലരുടെയും അധ്വാനത്തിന് തുച്ഛമായ കൂലിയാണുള്ളത്. അസംഘടിത വ്യവസായമാണ് ധാരാവിയില്‍ കേന്ദ്രീകരിച്ചിട്ടുള്ളത്. പലതും രജിസ്റ്റര്‍ ചെയ്തിട്ടുതന്നെയില്ല.

വികസന നിര്‍ദേശങ്ങള്‍, പദ്ധതികള്‍

ധാരാവിയെ മാറ്റിയെടുക്കാന്‍ അരനൂറ്റാണ്ടിലധികമായി ശ്രമമുണ്ടെങ്കിലും കാര്യമായ പദ്ധതികളൊന്നും ഇതുവരെ നടപ്പായിട്ടില്ല. 1985-ല്‍ രാജീവ് ഗാന്ധി മുംബൈയുടെ ഭവനപദ്ധതികള്‍ക്കായി 100 കോടി രൂപ അനുവദിച്ചു. ഈ തുകയുടെ മൂന്നിലൊന്ന് ധാരാവിക്കായിരുന്നു. പദ്ധതിക്കുകീഴില്‍ 27 ഫഌറ്റ് സമുച്ചയങ്ങളൊരുക്കിയെങ്കിലും ധാരാവിയുടെ ഭവനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ മതിയായതായിരുന്നില്ല അത്. മഹാരാഷ്ട്രയിലെ ചേരികള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ ലക്ഷ്യമിട്ട് 1995-ല്‍ ചേരിപുനരധിവാസ അതോറിറ്റി നിലവില്‍വന്നു. അതോറിറ്റിയുടെ കണക്കുപ്രകാരം നഗരജനസംഖ്യയുടെ 48 ശതമാനവും ചേരികളിലധിവസിക്കുന്നു. മുംബൈയുടെ മൊത്തം വിസ്തൃതിയുടെ 24 ശതമാനമാണ് ഈ ചേരികളുടെത്. 1995 മുതല്‍ 2004 വരെ അതോറിറ്റിക്കു കീഴില്‍ 86 ഭവനപദ്ധതികള്‍ വന്നു. ധാരാവിയുടെ ഉള്‍പ്രദേശങ്ങളിലേക്കു കടന്നുചെല്ലാന്‍ ഈ പദ്ധതികള്‍ക്കായില്ല. ധാരാവിയിലെ വ്യവസായ യൂണിറ്റുകളാണ് ഇവയ്ക്കു വിലങ്ങുതടിയാകുന്നത്.

മതിയായ അഴുക്കുചാല്‍ സംവിധാനമോ ശുദ്ധജലലഭ്യതയോ ഇല്ലാതെ വീര്‍പ്പുമുട്ടുന്ന ധാരാവിയുടെ പുനര്‍നിര്‍മാണവും നവീകരണവും അനിവാര്യതയാണ്. 2019-ല്‍ പടര്‍ന്നുപിടിച്ച കോവിഡ് മഹാമാരി ഉയര്‍ത്തിയ വെല്ലുവിളി ഇതിന് അടിവരയിടുന്നു. 1997-ല്‍ മുകേഷ് മേത്ത എന്ന ഇന്തോ അമേരിക്കന്‍ ആര്‍ക്കിടെക്ട് ധാരാവി വികസനത്തിനായി ഒരു രൂപരേഖ അവതരിപ്പിച്ചു. എല്ലാവര്‍ക്കും നല്ല താമസസൗകര്യം, ഷോപ്പിങ് കോംപ്ലക്‌സുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിങ്ങനെ അടിസ്ഥാനസൗകര്യങ്ങളൊരുക്കി ധാരാവിയെ ടൗണ്‍ഷിപ്പായി വികസിപ്പിക്കുന്നതാണ് പദ്ധതി. 2004-ല്‍ ഇതിന് അംഗീകാരമായെങ്കിലും 20 വര്‍ഷം പിന്നിടുമ്പോഴും എങ്ങുമെത്തിയിട്ടില്ലെന്നതാണ് സത്യം. ചേരിനിവാസികളെ പുനരധിവസിപ്പിച്ച് നഗരത്തിന്റെ ഈ ഹൃദയഭാഗം വ്യാപാരവാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയെന്നതാണ് പദ്ധതിയുടെ കാതല്‍. എന്നാല്‍ അന്നംതരുന്ന മണ്ണുവിട്ടുപോകാന്‍ പലരും ഒരുക്കമല്ല.

ലക്ഷ്യം റിയല്‍ എസ്റ്റേറ്റ്

ധാരാവിയോടു ചേര്‍ന്നാണ് ബി.കെ.സി. എന്നറിയപ്പെടുന്ന ബാന്ദ്ര കുര്‍ള ടെര്‍മിനസ്. ആധുനിക മുംബൈയില്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ആസ്ഥാനം. ഇതിനടുത്തുള്ള ധാരാവിയിലെ ഭൂമിയുടെ മൂല്യം അളക്കാനാവാത്തതാണ്. പ്രധാന റിയല്‍ എസ്റ്റേറ്റ് പോയിന്റായി ഇവിടം വികസിപ്പിക്കാനാണ് ഇപ്പോഴത്തെ ശ്രമങ്ങള്‍. ചേരിയൊഴിയുമ്പോള്‍ ആ സ്ഥലത്തിന്റെ മൂല്യത്തില്‍ 30 മുതല്‍ 40 വരെ ശതമാനം വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്. ആകെയുള്ള 740 ഏക്കറില്‍ 600 ഏക്കറിലാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. വികസനം ആവശ്യമാണെങ്കിലും അത് ഇവിടത്തെ സമ്പദ്വ്യവസ്ഥയിലുണ്ടാക്കുന്ന മാറ്റം ധാരാവിക്കാരില്‍ ആശങ്കപടര്‍ത്തുന്നതാണ്. ഈ ആശങ്കകള്‍ പരിഹരിക്കപ്പെടാത്തതാണ് വികസനപദ്ധതികള്‍ വഴിമുട്ടിപ്പോകുന്നതിന്റെ പ്രധാന കാരണവും.
മഹാരാഷ്ട്ര സര്‍ക്കാരിനു പങ്കാളിത്തമുള്ള പ്രത്യേക സംയുക്തസംരംഭം രൂപപ്പെടുത്തി, അതിനുകീഴിലാണ് ഇപ്പോഴത്തെ നവീകരണവും പുനരധിവാസപദ്ധതിയും ആസൂത്രണംചെയ്യുന്നത്. 80 ശതമാനം പങ്കാളിത്തം കരാര്‍ കമ്പനിക്കും 20 ശതമാനം സര്‍ക്കാരിനുമായിരിക്കും. ആകെ 23,000 കോടി രൂപയാണ് പ്രതീക്ഷിതചെലവ്. ധാരാവിയില്‍ 2000-ത്തിനുമുന്‍പ് കൈവശരേഖയുള്ളവരെയാണ് പുനരധിവസിപ്പിക്കുക. ആകെ 59,165 കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്നാണ് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് അറിയിച്ചിട്ടുള്ളത്. ഇതില്‍ 46,191 പേര്‍ ധാരാവിക്കാരാണ്. 12,974 കുടുംബങ്ങള്‍ ധാരാവിക്കു പുറത്തുനിന്നുള്ളവരും. പുനരധിവാസത്തിന് അര്‍ഹതയില്ലാത്തവരെ പുറത്താക്കില്ല. ഇവര്‍ക്ക് വാടകയ്ക്ക് വീടുകള്‍ ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. റെയില്‍വേയില്‍നിന്നു ലഭ്യമാക്കുന്ന 47.5 ഏക്കറിലായിരിക്കും ആദ്യഘട്ടത്തില്‍ പുനരധിവാസം. റെയില്‍വേ ഭൂമി ഉപയോഗിക്കുന്നതിന് മഹാരാഷ്ട്ര സര്‍ക്കാരും റെയില്‍വേ മന്ത്രാലയവും കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതില്‍നിന്നുള്ള ലാഭത്തിന്റെ 0.21 ശതമാനം മന്ത്രാലയത്തിനു ലഭിക്കും. സമാനമായ കരാറുകള്‍ തുടര്‍ന്നും ഉണ്ടാകുമെന്നാണ് വിവരം.

ധാരാവിയിലെ സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടുകൊണ്ടുപോകാനും പദ്ധതി ലക്ഷ്യംവെയ്ക്കുന്നുണ്ട്. ഇവയ്ക്കുവേണ്ട അടിസ്ഥാനസൗകര്യങ്ങളെല്ലാം ഒരുക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. നിലവില്‍ നല്‍കുന്ന വീടിന്റെ നാലുമടങ്ങ് തറവിസ്തൃതിയിലാകും പുതിയ വീട് ലഭിക്കുകയെന്നാണ് കരാറില്‍ പറയുന്നത്.

കരാര്‍ അദാനി ഗ്രൂപ്പിന്

ധാരാവി പുനര്‍നിര്‍മാണത്തിന് അദാനി ഗ്രൂപ്പിനാണു കരാര്‍ ലഭിച്ചിട്ടുള്ളത്. പ്രാരംഭഘട്ടത്തില്‍ അദാനി ഗ്രൂപ്പ് 5069 കോടി രൂപ നിക്ഷേപിക്കണം. ഏഴുവര്‍ഷംകൊണ്ടു പുനരധിവാസപരിപാടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് കരാറില്‍ പറയുന്നതെങ്കിലും ഏകദേശം 15 വര്‍ഷമെങ്കിലും എടുക്കുമെന്നാണ് ഗ്രൂപ്പ് വൃത്തങ്ങള്‍ പറയുന്നത്. ധാരാവിയുടെ കുറച്ചു സ്ഥലത്ത് ഫഌറ്റ്, വാണിജ്യസമുച്ചയം എന്നിവ വികസിപ്പിച്ച് വില്‍ക്കാന്‍ അദാനി ഗ്രൂപ്പിന് അനുവാദമുണ്ട്. അതിലൂടെ ലഭിക്കുന്ന തുകയാണ് അദാനിയുടെ ലാഭം. ഏഴുവര്‍ഷംകൊണ്ട് പുനരധിവാസം പൂര്‍ത്തിയാക്കാനും 17 വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനും ലക്ഷ്യമിടുന്നു.

വെല്ലുവിളി

ലോകത്തിലെത്തന്നെ ഏറ്റവും വലിയ ചേരിവികസനപദ്ധതിയാണ് നടപ്പാക്കാന്‍ പോകുന്നത്. നിലവിലെ കണക്കുപ്രകാരം 17 വര്‍ഷംകൊണ്ട് ഒരുകോടി ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കണം. ഇതില്‍ 70 മുതല്‍ 80 വരെ ലക്ഷം ചതുരശ്ര അടി പുനരധിവാസത്തിനും രണ്ടുമുതല്‍ മൂന്നുവരെ ലക്ഷം ചതുരശ്ര അടി വാണിജ്യാവശ്യങ്ങള്‍ക്കുമാണ്. വളരെ വലിയ ജനസംഖ്യയും വാണിജ്യപ്രവര്‍ത്തനങ്ങളും ആഴത്തില്‍ പടര്‍ന്നുകിടക്കുന്ന പ്രദേശമാണിത്. വര്‍ഷങ്ങളായി നിലനിന്നുപോരുന്ന സംസ്‌കാരം ഒറ്റദിവസംകൊണ്ട് പറിച്ചുനടാനോ തൂത്തെറിയാനോ കഴിയില്ല. ഇതു നടപ്പാക്കുന്നതിന് സാധ്യമായ വഴികള്‍ കണ്ടെത്തേണ്ടതുണ്ട്. സാമൂഹികമായ ചര്‍ച്ചകളിലൂടെയും ബോധവത്കരണത്തിലൂടെയും സമവായം കണ്ടെത്തിവേണം മുന്നോട്ടുപോകാന്‍. അതുകൊണ്ടുതന്നെ പദ്ധതി നടപ്പാക്കുക അത്ര എളുപ്പമാകില്ല.

പദ്ധതിനടത്തിപ്പിലേക്കു കടക്കുമ്പോള്‍ പ്രതിഷേധം ശക്തമാകുമെന്ന് അദാനി ഗ്രൂപ്പും സൂചിപ്പിക്കുന്നു. താമസക്കാരെ ബോധവത്കരിച്ച് പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാണ് നീക്കം. ധാരാവിയിലെ ജീവിതസാഹചര്യങ്ങള്‍ നഷ്ടപ്പെടുമെന്നതാണ് പ്രധാന ആശങ്ക. ഇതാണ് നടത്തിപ്പിലെ പ്രധാന വെല്ലുവിളിയും. കുടുംബങ്ങള്‍ക്കൊപ്പം ചെറുകിട സംരംഭങ്ങളും തുടര്‍ന്നുപോകാന്‍ സംവിധാനമുണ്ടാക്കേണ്ടതുണ്ട്. മണ്‍പാത്രനിര്‍മാണക്കാര്‍ക്ക് ബഹുനിലക്കെട്ടിടങ്ങളിലേക്കുമാറി മുന്നോട്ടുപോകാന്‍ കഴിയില്ല. അസംഘടിതവ്യവസായങ്ങളാണ് അധികവുമെന്നതിനാല്‍ പുനരധിവസിക്കപ്പെടുമ്പോള്‍ ഇവയുടെ ഭാവി എങ്ങനെയായിരിക്കുമെന്ന് സംരംഭകര്‍ ഭയക്കുന്നു. പുനരധിവാസം ധാരാവിയുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരം നഷ്ടപ്പെടുത്തുമെന്ന ആശങ്കയും ശക്തമായി നിലനില്‍ക്കുന്നു.   

(മാതൃഭൂമി ജി.കെ ആന്‍ഡ് കറണ്ട് അഫയേര്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനം)

Content Highlights: Mumbai slum residents redevelopment plan