'വെറുപ്പുളവാക്കുന്ന കാര്യം'; യൂട്യൂബർ രൺവീര്‍ അല്ലാബാദിയയ്ക്കുവേണ്ടി ഹാജരായത് ജ. ചന്ദ്രചൂഡിന്റെ മകൻ

രണ്‍വീര്‍ അല്ലാബാദിയ, അഭിനവ് ചന്ദ്രചൂഡ്‌
രണ്‍വീര്‍ അല്ലാബാദിയ, അഭിനവ് ചന്ദ്രചൂഡ്‌

ന്യൂഡല്‍ഹി: 'ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്' എന്ന യുട്യൂബ് ഷോയ്ക്കിടെ അശ്ലീല പരാമര്‍ശം നടത്തിയ യുട്യൂബറും പോഡ്കാസ്റ്ററുമായ രണ്‍വീര്‍ അല്ലാബാദിയയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ചൊവ്വാഴ്ച സുപ്രീം കോടതി നടത്തിയത്. മാതാപിതാക്കളെ അപമാനിച്ചെന്നും രണ്‍വീറിന്റെ മനസിലെ വൃത്തികേടാണ് പുറത്തുവരുന്നതെന്നും കോടതി പറഞ്ഞു. ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാമെന്ന് കരുതരുതെന്ന് പറഞ്ഞ കോടതി എന്തുതരം പരാമര്‍ശമാണ് നടത്തിയത് എന്നതിനെ കുറിച്ച് ബോധ്യമുണ്ടോ എന്നും ചോദിച്ചിരുന്നു.

രണ്‍വീര്‍ അല്ലാബാദിയക്കുവേണ്ടി ഹാജരായത് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ മകന്‍ അഭിനവ് ചന്ദ്രചൂഡ് ആയിരുന്നു. രണ്‍വീര്‍ നടത്തിയ പരാമർശങ്ങളിൽ വ്യക്തിപരമായി തനിക്കും വിഷമമുണ്ടെന്ന് അഭിനവ് കോടതിയിൽ പറഞ്ഞു. എന്നാൽ, അത് ക്രിമനല്‍ നടപടിക്രമങ്ങളുടെ പരിധിയില്‍ വരുമോയെന്നതാണ് ചോദ്യമെന്ന് അഭിവന് പറഞ്ഞു. അപൂര്‍വ അറോറെ കേസടക്കം ചില ഉദാഹരണവും അഭിനവ് ഉയര്‍ത്തിക്കാട്ടി.

താങ്കള്‍ ഈ വൃത്തികെട്ട സംസാരത്തെ അംഗീകരിക്കുന്നുണ്ടോ എന്ന് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. യുട്യൂബറുടെ ഇത്തരം പരാമര്‍ശമല്ലാതെ മറ്റെന്തിനെയാണ് അസഭ്യമെന്ന് പറയുകയെന്നും മനസ്സിലെ വൃത്തികേടാണ് യുട്യൂബ് ഷോയിലൂടെ അയാള്‍ ഛര്‍ദിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം പ്രയോഗം നടത്തി ചീപ് പബ്ലിസിറ്റിയാണോ അയാള്‍ ലക്ഷ്യമിട്ടതെന്നും കോടതി ചോദിച്ചു. 

ഡി.വൈ ചന്ദ്രചൂഡ്, അഭിനവ് ചന്ദ്രചൂഡ്‌

തന്റെ കക്ഷി പലതരത്തിലുള്ള ഭീഷണി നേരിന്നുണ്ടെന്ന് അഭിഷേക് കോടതിയെ അറിയിച്ചു. അത് സ്‌റ്റേറ്റ് നോക്കിക്കോളുമെന്നും ഇത്തരക്കാരെ പിന്തുണക്കരുതെന്നും അഭിനവ് ചന്ദ്രചൂഡിനോട് ആവശ്യപ്പെട്ടു. അല്ലാബാദിയുടെ അമ്മ ഡോക്ടറാണെന്നും ഇവര്‍ക്ക് പോലും ഭീഷണി ഫോണ്‍കോളുകളും മറ്റുമെത്തുകയാണെന്നും അഭിനവ് ചൂണ്ടിക്കാട്ടി. എന്നാല്‍, ഇയാളുടെ പ്രവൃത്തികൾ മൂലം രക്ഷിതാക്കളേക്കൂടി പ്രയാസത്തിലാക്കിയിരിക്കുകയാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു.

മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ മകനായ അഭിനവ് ചന്ദ്രചൂഡ് പിതാവിന്റെ കാലത്ത് സുപ്രീംകോടതിയില്‍ ഒരു കേസിലും ഹാജരായിട്ടുണ്ടായിരുന്നില്ല. മുന്‍ ചീഫ് ജസ്റ്റിസും ദീര്‍ഘകാലം ചീഫ് ജസ്റ്റിസ് പദവയില്‍ തുടരുകയും ചെയ്തിരുന്ന വൈ.വി ചന്ദ്രചൂഡാണ് അഭിനവിന്റെ മുത്തച്ഛന്‍.

ബെംഗളൂരു നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയില്‍നിന്ന് നിയമബിരുദം കരസ്ഥമാക്കിയ അഭിനവ് സ്റ്റാന്‍ഫര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് മാസ്റ്റര്‍ ബിരുദം നേടിയത്. തുടര്‍ന്ന്, ബോംബെ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുവരികയായിരുന്നു.

Content Highlights: Meet Ranveer Allahbadia's lawyer Abhinav Chandrachud