ഞങ്ങളുടെ സമാധാന ജീവിതം എന്ന് തിരിച്ച് കിട്ടും?'; മണിപ്പൂരിലേക്കുള്ള യാത്രയില്‍ കണ്ടത്

ബുള്‍ഡോസറുകള്‍ ഇന്ത്യയില്‍ പുതിയ കാലത്ത് അധികാരത്തിന്റെ അടയാളമാണ്. അധികാരിയ്ക്ക് തെറ്റ് എന്ന് തോന്നുന്നതിനെ പാടെ പിഴുതെറിയാനുള്ള ആയുധം. ഉത്തര്‍പ്രദേശില്‍ തുടങ്ങി മധ്യപ്രദേശും ഡല്‍ഹിയും ഉത്തരാഖണ്ഡും അസമും കടന്ന് അധികാരത്തിന്റെ ബുള്‍ഡോസര്‍ കൈകള്‍ നീളുന്നു. അങ്ങനെയൊരു ബുള്‍ഡോസറിന്റെ വരവില്‍ നിന്നാണ് മണിപ്പൂരിന്റെ സമീപകാല ഏറ്റുമുട്ടലിന്റെ ചരിത്രം ആരംഭിക്കുന്നത്.
2023 ഫെബ്രുവരി 20.
മണിപ്പൂര്‍ ചുരാചന്ദ്പൂര്‍ ജില്ലയിലെ കൊച്ചു ഗ്രാമമായ കെ.സൊങ്ജാങ്ങിലേയ്ക്ക് ബുള്‍ഡോസറുകളുമായി ഒരു പടയെത്തി. പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ആറ് ബുള്‍ഡോസറുകളും. സംരക്ഷിത വനഭൂമി കയ്യേറിയാണ് താമസിക്കുന്നത് എന്ന് പറഞ്ഞ് 16 കുടുംബങ്ങളെ ഗ്രാമത്തില്‍ നിന്ന് കുടിയിറക്കി. അവരുടെ വീടുകള്‍ തകര്‍ത്തു. വീട്ടുസാധനങ്ങള്‍ എടുത്തുമാറ്റാനുള്ള സാവകാശം പോലും അനുവദിക്കാതെ എല്ലാം തകര്‍ത്തെറിഞ്ഞെന്നാണ് ഗ്രാമീണര്‍ ആരോപിക്കുന്നത്. കുക്കി വിഭാഗക്കാരായ 16 കുടുംബങ്ങളും ആരാധന നടത്തുന്ന ക്രിസ്ത്യന്‍ പള്ളിയും ബുള്‍ഡോസര്‍ തകര്‍ത്തു. അനധികൃതമായി കയ്യേറിയ സ്ഥലത്താണ് നിങ്ങള്‍ താമസിക്കുന്നത്, ഒഴിയണം എന്ന് കാട്ടി വനം വകുപ്പ് രണ്ട് തവണ ഗ്രാമമുഖ്യന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ വനം വകുപ്പിന്റെ കണ്ടെത്തല്‍ നിഷേധിച്ച ഗ്രാമീണര്‍ക്ക് പിന്നീട് ഒരു മുന്നറിയിപ്പും നല്‍കാതെ ഒഴിപ്പിക്കുകയാണുണ്ടായത്. ഈ സംഭവം കെ.സൊങ്ജാങ്ങ് ഗ്രാമത്തിലെ 16 കുക്കി കുടംബങ്ങളിലോ അവരുടെ അയല്‍ ഗ്രാമങ്ങളിലോ മാത്രമല്ല എതിര്‍വികാരമുണ്ടാക്കിയത്. സംസ്ഥാനത്താകമുള്ള കുക്കി വിഭാഗക്കാര്‍ പ്രതിഷേധമുയര്‍ത്തി. വലിയ സംഘം ജനക്കൂട്ടം കുക്കി സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് പത്തിന് സ്വാധീന മേഖലകളിലെല്ലാം പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തി. കുക്കി ഭൂരിപക്ഷ ജില്ലയായ കാങ്‌പോക്പിയില്‍ മാര്‍ച്ച് അക്രമാസക്തമായി. ഇതേത്തുടര്‍ന്ന് പലയിടത്തും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉടലെടുത്തു.
തങ്ങളുടെ വിഭാഗത്തില്‍പ്പെട്ട 16 കുടുംബങ്ങളെ കുടിയിറക്കി വീടുകള്‍ ബുള്‍ഡോസര്‍ വെച്ച് തകര്‍ത്തു എന്ന ഒറ്റപ്പെട്ട ഒരു സംഭവമല്ല കുക്കികളാകെ തെരുവിലിറങ്ങാന്‍ കാരണം. അടുത്തകാലത്തായി ഉടലെടുത്ത വലിയൊരു ഭീഷണി വാതിലില്‍ വന്ന് മുട്ടുന്നു എന്ന ഭയമാണ് പ്രതിഷേധത്തിന്റെ അടിസ്ഥാനം. മ്യാന്‍മര്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് കുക്കി വിഭാഗക്കാര്‍ മണിപ്പൂരിലേയ്ക്ക് കുടിയേറി പുതിയ ഗ്രാമങ്ങള്‍ സ്ഥാപിക്കുന്നു എന്ന ആരോപണം കുറച്ച് മാസമായി മെയ്‌തെയ് വിഭാഗക്കാര്‍ സജീവമായി ഉന്നയിക്കുന്നുണ്ട്. മുഖ്യമന്ത്രി എന്‍.ബിരേന്‍ സിംഗ് തന്നെയാണ് ഈ ആരോപണത്തിന്റെ പ്രധാന പ്രചാരകന്‍. കുക്കികള്‍ താമസിക്കുന്ന മലയോര ജില്ലകളില്‍ വീടുവീടാന്തരം സര്‍വ്വേ നടത്തി അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ നടപടിയെടുക്കും എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് എന്‍ആര്‍സി നടപ്പിലാക്കണം എന്ന ആവശ്യം സമാന്തരമായി തീവ്ര മെയ്‌തെയ് സംഘടനകളും ഉന്നയിച്ചു. മാത്രമല്ല മറ്റ് ചില ഗൗരവമായ ആരോപണങ്ങളും കുക്കികള്‍ക്കെതിരെ സര്‍ക്കാര്‍ തലത്തില്‍ തന്നേയും മെയ്‌തെയ് വിഭാഗക്കാരായും പ്രചരിപ്പിച്ചു. സംരക്ഷിത വനഭൂമി കയ്യേറി കുക്കികള്‍ വ്യാപകമായി അവകാശം സ്ഥാപിക്കുന്നു, പോപ്പി കൃഷി ഉള്‍പ്പെടെ ചെയ്ത് കുക്കികള്‍ മയക്കുമരുന്ന തീവ്രവാദം നടപ്പിലാക്കുന്നു എന്നിവയാണ് അനധികൃത കുടിയേറ്റം നടത്തി ജനസംഖ്യ വര്‍ധിപ്പിക്കുന്നു എന്ന ആരോപണത്തിനൊപ്പം പ്രചരിപ്പിക്കപ്പെട്ട കഥകള്‍. ഒറ്റപ്പെട്ട സംഭവങ്ങളുണ്ട് എങ്കില്‍ അതിനെ ചൂണ്ടിക്കാട്ടുന്നതിന് പകരം കുക്കി വിഭാഗത്തെയാകെ സംശയത്തിന്റെ നിഴലിലാക്കി, വേട്ടയാടി കുലം നശിപ്പിക്കാനുള്ള ഇടപെടലാണ് നടക്കുന്നത് എന്ന് വ്യക്തമാക്കിയാണ് കുക്കി സംഘടനകള്‍ തെരുവിലിറങ്ങിയത്. ഇന്ന് 16 കുടുംബമെങ്കില്‍ നാളെ കുക്കികളെല്ലാം ഈ ദുരനുഭവം നേരിടേണ്ടി വരും എന്ന് കുക്കികള്‍ക്കിടയില്‍ പ്രചരിക്കപ്പെട്ടു. ആ പ്രചാരണം കാട്ടുതീയായി പടര്‍ന്ന് വലിയ പ്രതിഷേധമായി മാര്‍ച്ച് പകുതിയോടെ അലയടിച്ചു. അതൊരു തുടക്കം മാത്രമായിരുന്നു. മെയ്‌തെയ്കളെ എസ്.ടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവും അതേത്തുടര്‍ന്ന് മെയ് മൂന്നിന് നടന്ന പ്രതിഷേധവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അരങ്ങേറിയ കലാപവും ആഭ്യന്തര യുദ്ധമായിത്തന്നെ പരിണമിച്ചിരിക്കുന്നു. നൂറ്റി അന്‍പതോളം മനുഷ്യര്‍ വെറുപ്പിന്റെ യുദ്ധത്തില്‍ വെടിവെച്ചും തീക്കൊളുത്തിയും കഴുത്തറുത്തുമെല്ലാം കൊല്ലപ്പെട്ടു. നമ്മുടെ രാജ്യത്തെ ഒരു സംസ്ഥാനം മാനസികമായി വിഭജിക്കപ്പെട്ടു. മണ്ണ് കൂടി വിഭജിച്ച് കിട്ടാനായി തോക്കെടുത്ത് പോരാടുകയാണ് അവരിപ്പോള്‍.
മണിപ്പൂരില്‍
''എവിടേയ്ക്കാണ്? എന്തിന് പോകുന്നു?''
ഇംഫാലില്‍ നിന്ന് കാങ്‌പോക്പിയിലേയ്ക്കുള്ള യാത്രയില്‍ ഈ ചോദ്യം ഏഴ് തവണ കേട്ടു.''സേനാപതിയിലേയ്ക്കാണ്. അധ്യാപകരാണ്.'' എന്ന മറുപടിയില്‍ തൃപ്തി തോന്നിയ ആള്‍ക്കൂട്ടം വാഹനത്തിന് മുന്നില്‍ നിന്ന് മാറിത്തന്നു. കൊയ്‌റങ്കിയിലും സെക്മയിലും പക്ഷേ തടഞ്ഞുവെക്കപ്പെട്ടു. ആധാര്‍ കാര്‍ഡ് കൂടി പരിശോധിച്ച് വാഹനത്തിലെ ബാഗും തുറന്ന് നോക്കി ബോധ്യപ്പെട്ട ശേഷം മാത്രമാണ് സ്ത്രീകളുടെ വലിയ സംഘം ഞങ്ങളെ മുന്നോട്ട് പോകാന്‍ അനുവദിച്ചത്. ഈ രണ്ടിടത്ത് മാത്രമല്ല, എല്ലായിടത്തും സ്ത്രീകളാണ് തടഞ്ഞത്. മെയ്‌തെയ് വിഭാഗക്കാരായ സ്ത്രീകള്‍. വഴിയോരത്ത് താല്‍ക്കാലിക കേന്ദ്രങ്ങള്‍ സ്ഥാപിച്ച് റോഡില്‍ മരക്കഷ്ണങ്ങളും കല്ലും വീപ്പകളുമെല്ലാം വെച്ച് തടസ്സമുണ്ടാക്കി രാപകല്‍ വ്യത്യാസമില്ലാതെ വാഹന പരിശോധന നടത്തുകയാണ് ഇക്കൂട്ടര്‍. അവരുടെ ആരുടേയും മുഖത്ത് ചിരിയും അനുകമ്പയും കാണാന്‍ പറ്റിയില്ല. സഹജീവികളെ സംശയത്തോടെ മാത്രം നോക്കുന്ന ആള്‍ക്കൂട്ടം മണിപ്പൂരിന്റെ തെരുവില്‍ ക്രമസമാധാനം കയ്യിലെടുത്ത് എല്ലാം നിയന്ത്രിക്കുന്നതിന്റെ കാഴ്ച. യാത്രയുടെ ലക്ഷ്യം കാങ്‌പോക്പി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളാണ് എന്ന സത്യം ആ ആള്‍ക്കൂട്ടങ്ങളോട് പറഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷേ മണിപ്പൂരില്‍ നിന്ന് തിരിച്ച് വന്ന് ഈ ലേഖനം എഴുതാന്‍ പറ്റുമായിരുന്നില്ല. കാങ്‌പോക്പി കുക്കി ഭൂരിപക്ഷ ജില്ലയാണ്. അവിടവുമായി ഒരു ബന്ധവും ആഗ്രഹിക്കുന്നില്ല മെയ്‌തെയ്കള്‍. ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരേയും അവര്‍ ലക്ഷ്യമിടുന്നു.
ഏഴിടത്ത് തടയപ്പെട്ട് ഏറെ സമയമെടുത്ത് യാത്ര തുടരുകയാണ്. കാങ്‌പോക്പി ജില്ലയുടെ പ്രവേശന കവാടം ദൂരെക്കാണാം. പൂഴിച്ചാക്കുകള്‍ അട്ടിവെച്ച അവ്യക്തമായ കാഴ്ചയ്ക്ക് മുന്‍പേ തന്നെ മറ്റൊരു ആള്‍ക്കൂട്ടത്തെ കണ്ടു. അഞ്ച് വാഹനങ്ങളടങ്ങിയ ആര്‍മി സംഘത്തെ നടുറോട്ടില്‍ തടഞ്ഞ് വെച്ചിരിക്കുന്നു മെയ്‌തെയ് സ്ത്രീകള്‍. എന്നിട്ടവര്‍ റോഡില്‍ കസേരയിട്ടിരിക്കുന്നു. വശത്തെ വഴിയില്‍ ആളെ നിര്‍ത്തി പരിശോധിച്ച് മാത്രം മറ്റ് സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടുന്നു. ഗ്രാമങ്ങളില്‍ ഏറ്റുമുട്ടലുണ്ടായാല്‍ തടയാന്‍ ആര്‍മിയും അസം റൈഫിളും സിആര്‍പിഎഫും പോലീസുമെല്ലാമെത്തും. എന്നാല്‍ ആ സമയത്ത് കലാപകാരികളെ രക്ഷിക്കാനായി ഇങ്ങനെ സ്ത്രീകളുടെ സംഘം റോഡ് ഉപരോധിക്കും. ആയുധധാരികളായ 12 പേരെ ഇടയ്ക്ക് സേന കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ വലിയ സംഘം സ്ത്രീകള്‍ സേനയെ വളഞ്ഞ് പ്രതിരോധം തീര്‍ത്ത് ആ 12 പേരെയും മോചിപ്പിച്ചത് രണ്ടാഴ്ച മുന്‍പാണ്. ഇപ്പോള്‍ തൊട്ടടുത്ത ഏതോ ഗ്രാമത്തില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. ആര്‍മിയെ വഴിതടയാന്‍ കാരണമതാണ് എന്ന് സഹയാത്രികനായ അമോം തോംബ സിംഗ് വിലയിരുത്തിപ്പറഞ്ഞു. അധികം സമയം അവിടെ നില്‍ക്കാതെ അനുമതി ലഭിച്ചപ്പോള്‍ യാത്ര തുടര്‍ന്നു. കാങ്‌പോക്പി അതിര്‍ത്തി മുന്നില്‍ കാണാം.
യുദ്ധ ഭൂമിയിലേത് പോലൊരു അതിര്‍ത്തി. കവാടത്തിന് ചുറ്റിലും പൂഴിച്ചാക്കുകള്‍ കൊണ്ട് സുരക്ഷിത കേന്ദ്രങ്ങള്‍ തീര്‍ത്തിരിക്കുന്നു സേന, എന്നിട്ടവിടെ കാവല്‍ നില്‍ക്കുന്നു. യൂണിഫോമിലുള്ള സൈനികര്‍ക്ക് അധികം അകലെയല്ലാതെ പാന്റ്‌സും ഷര്‍ട്ടുമിട്ട യുവാക്കള്‍ തോക്കുമായി നില്‍ക്കുന്നത് കാണുന്നു. കുക്കി പോരാളികളാണവര്‍. 'കുക്കി ലാന്‍ഡി'ന് വേണ്ടി പോരാടുന്നവര്‍. ഈ വഴിയില്‍ ഇരുവശത്തും ഗ്രാമങ്ങളും അടുത്തടുത്ത് വീടുകളുമുണ്ട്. പക്ഷേ, അവയെല്ലാം ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ടവയാണ്. വെടിവെപ്പും തീയിടലുമെല്ലാം പേടിച്ച് ഈ ഭാഗത്തെ മെയ്‌തെയ്, കുക്കി വിഭാഗക്കാര്‍ വീടുപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി. നാഗ വിഭാഗത്തിലുള്ളവരും നേരത്തേ നേപ്പാളില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരും സുരക്ഷിതരായി കഴിയുന്നുണ്ട്.
ഇംഫാലില്‍ വഴി തടഞ്ഞത് മെയ്‌തെയ് സ്ത്രീകളായിരുന്നുവെങ്കില്‍ കാങ്‌പോക്പിയില്‍ കുക്കി യുവാക്കളാണ് തെരുവ് കയ്യടക്കിയിരിക്കുന്നത്. പാന്റ്‌സിന്റെ പോക്കറ്റിനടുത്ത് വാക്കി ടോക്കി തൂക്കിയിട്ട് ഒരു ചെറുപ്പക്കാരന്‍ ഞങ്ങളുടെ വാഹനം തടഞ്ഞ് അടുത്ത് വന്നു. അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പിലേയ്ക്കാണ് എന്ന മറുപടിയില്‍ അവന്‍ തൃപ്തനായിരുന്നു. പിന്നേയും പലയിടത്തും വഴി തടയപ്പെട്ടതിലും ആശ്ചര്യപ്പെടുത്തിയത് കുക്കി യുവാക്കളാണ്. വലിയ തോക്കുകളുമായി നിരവധി യുവാക്കള്‍ വഴി നീളെ റോന്ത് ചുറ്റുന്നു. ബൈക്കിലും ചെറിയ ചരക്കു വാഹനങ്ങളിലുമെല്ലാം അവരെക്കണ്ടു. കവലയില്‍, ബസ് സ്‌റ്റോപ്പുകളിലെല്ലാം അവര്‍ കൂട്ടം കൂടി നിന്ന് എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു. എന്തിന് പോലീസ് സ്‌റ്റേഷനുകളുടെ ഗേറ്റില്‍ വരെ ആയുധധാരികളായ കുക്കികള്‍. കുക്കികള്‍ക്കും മെയ്‌തെയ്കള്‍ക്കും നാഗകള്‍ക്കുമിടയിലെല്ലാം പതിറ്റാണ്ടുകളായി സായുധ സംഘങ്ങളുണ്ട്. അവരില്‍ മിക്കവരുമായും സര്‍ക്കാര്‍ സമാധാന കരാറിലും ഏര്‍പ്പെട്ടിട്ടുണ്ട്. പുതിയ സംഘര്‍ഷം ഉടലെടുക്കും വരെ ഇക്കൂട്ടര്‍ പൊതു ഇടങ്ങളില്‍ തോക്കുമായി അധികം വരാറില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളെല്ലാം കീഴ്‌മേല്‍ മറിഞ്ഞു. എതിര്‍ വിഭാഗത്തോട് ഏതെങ്കിലും വിധത്തില്‍ പരസ്യമായി അനുകമ്പ പ്രകടിപ്പിക്കുന്ന കുക്കികളും മെയ്‌തെയ്കളും സ്വന്തം കുലത്തിലെ സായുധ സംഘങ്ങളാല്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ വരെ അരങ്ങേറുന്നു. ആയുധമാണ് ഇപ്പോള്‍ ഇവിടങ്ങളിലെല്ലാം സംസാരിക്കുന്നത് എന്നത് കൊണ്ട് തന്നെ സമാധാന ജീവിതം അല്‍പം അകലെയാണ് എന്ന് തോന്നി.
ഇംഫാല്‍ കാങ്‌പോക്പി, ബിഷ്ണുപൂര്‍ ചുരാചന്ദ്പൂര്‍ ജില്ലാ അതിര്‍ത്തികള്‍ ഇപ്പോള്‍ വെറുപ്പിന്റെ യുദ്ധ കേന്ദ്രങ്ങള്‍. ഇംഫാലിലെ ഈസ്റ്റ്, വെസ്റ്റ് ജില്ലകളും ബിഷ്ണുപൂരും മെയ്‌തെയ് ഭൂരിപക്ഷ മേഖലയും കാങ്‌പോക്പി, ചുരാചന്ദ്പൂര്‍ എന്നിവ കുക്കി ഭൂരിപക്ഷ ജില്ലകളുമാണ്. ഈ ജില്ലകളില്‍ താമസിച്ച ന്യൂനപക്ഷ വിഭാഗങ്ങള്‍ അവരവരുടെ ഭൂരിപക്ഷ മേഖലകളിലേയ്ക്ക് അടിച്ചോടിക്കപ്പെട്ടു. പ്രതിരോധിക്കാന്‍ ശ്രമിച്ചവര്‍ കൊല്ലപ്പെടുകയും ചെയ്തു. മെയ്‌തെയ് ഭൂരിപക്ഷ ജില്ലകളില്‍ കുക്കികളുടെ വീടുകളും സ്‌കൂള്‍ ഉള്‍പ്പെടെയുള്ളസ്ഥാപനങ്ങളും കത്തിക്കപ്പെട്ടു. ചുരാചന്ദ്പൂരിലുണ്ടായിരുന്ന മെയ്‌തെയ് വീടുകള്‍ ബോംബ് വെച്ച് പോലും തകര്‍ക്കപ്പെട്ടു. ബുള്‍ഡോസറുകള്‍ ഇടിച്ച് നിരത്തിയ വീടുകളും ഏറെ. ജീവിതകാലത്തെ സമ്പാദ്യം മുഴുവന്‍ കത്തിയൊരു പുകച്ചുരുളായി മാറിപ്പോയത് കണ്ട് മാനസികമായി തകര്‍ന്ന മനുഷ്യരിപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഇരു വിഭാഗങ്ങളിലുമായി രണ്ടായിരത്തിലധികം വീടുകള്‍ സമ്പൂര്‍ണമായി തകര്‍ക്കപ്പെട്ടു. മറ്റ് സ്ഥാപനങ്ങള്‍ വേറെ. നമ്മുടെ നാട്ടില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളെല്ലാം നടക്കുമ്പോള്‍ വീടുകള്‍ അക്രമിക്കപ്പെടാറില്ലേ? അതെല്ലാം ഒരു പക്ഷേ കുറച്ച് ജനല്‍ച്ചില്ലുകള്‍ തകര്‍ക്കപ്പെടുകയോ ഒരു ബോംബെറിഞ്ഞ് പരിഭ്രാന്തി പരത്തുകയോ ഒക്കെയായിരിക്കും പലപ്പോഴും. എന്നാല്‍ മണിപ്പൂരിലതല്ല കണ്ടത്. ഇനിയൊരിക്കലും ഉപയോഗിക്കാന്‍ കഴിയരുത് എന്ന് കരുതിക്കൂട്ടി തകര്‍ത്ത് തരിപ്പണമാക്കിക്കളഞ്ഞിട്ടുണ്ട് വീടുകളും ആരാധനാലയങ്ങളും. ഇത്രയും കാലം സഹോദരങ്ങളെപ്പോലെ കഴിഞ്ഞ ജനതയ്ക്കിടയില്‍ വെറുപ്പ് എത്രത്തോളം അടിഞ്ഞ് കൂടിയിട്ടുണ്ട് എന്ന് ബോധ്യപ്പെടുത്തിത്തന്നു ഓരോ കാഴ്ചയും.
മേയ് മൂന്ന്, നാല്, അഞ്ച്
ഇപ്പോഴത്തെ അതിരൂക്ഷമായ അവസ്ഥയ്ക്ക് വെള്ളവും വളവുമായത് മാര്‍ച്ച് 27ന് മണിപ്പൂര്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയാണ്. മെയ്‌തെയ് വിഭാഗത്തെ എസ്.ടി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി ഒരു ശുപാര്‍ശ നാലാഴ്ചയ്ക്കകം കേന്ദ്ര സര്‍ക്കാരിന് അയയ്ക്കണം എന്ന് കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. അസാധാരണമായ വിധിയായിരുന്നു അത്. ഏതെങ്കിലും വിഭാഗത്തെ എസ്.ടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിക്കാനുള്ള നിയമപരമായ അവകാശം ഇന്ത്യയില്‍ കോടതികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇല്ല. പാര്‍ലമെന്റില്‍ മാത്രം നിക്ഷിപ്തമായ ആ അധികാരത്തെ മറികടക്കാന്‍ ശ്രമിക്കുന്നുവെന്ന് തോന്നിക്കും വിധമാണ് ഹൈക്കോടതി ഈ വിധി പ്രസ്താവിച്ചത്. കുക്കികള്‍ക്കും നാഗകള്‍ക്കും ഇടയില്‍ ഒരു തീപ്പൊരി വിതറാന്‍ വിധി കാരണമായി. മെയ്‌തെയ്കളെ എസ്.ടി പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ അവര്‍ക്ക് മലയോരത്ത് ഭൂമി സ്വന്തമാക്കാനും അവിടെ ഗ്രാമങ്ങള്‍ പണിയാനും കഴിയും. അത്തരമൊരു സ്ഥിതി വന്നാല്‍ ഭൂമിയും അവിടുത്തെ അവകാശങ്ങളും നഷ്ടപ്പെടും എന്ന ഭയം മണിപ്പൂരിലെ അദിവാസി വിഭാഗങ്ങളില്‍ പടര്‍ന്നു. ആ ഭയം വലിയ പ്രതിഷേധമായി മെയ് മൂന്നിന് അലയടിക്കുകയായിരുന്നു. നാഗകളും കുക്കികളും താമസിക്കുന്ന മലയോര ജില്ലാ ആസ്ഥാനങ്ങളില്‍ സമാധാന റാലികള്‍ നടന്നു. സമാധാന റാലികള്‍ക്കിടയില്‍ തോക്കും പിടിച്ച് കുക്കി പോരാളികള്‍ നിരന്നിരുന്നു എന്നതും കാണാം. മിക്കയിടത്തും സമാധാനപരമായിത്തന്നെ റാലി നടന്നു. എന്നാല്‍ ചുരാചന്ദ്പൂരില്‍ വലിയ അക്രമം പൊട്ടിപ്പുറപ്പെട്ടു. ആ അക്രമമാണ് സംസ്ഥാനത്താകെ വ്യാപിച്ചത്. അക്രമ സംഭവങ്ങളില്‍ നിന്ന് നാഗ വിഭാഗക്കാര്‍ മാറിനിന്നു.
ചുരാചന്ദ്പൂരിലെ മെയ്‌തെയ് ഗ്രാമങ്ങളിലേയ്ക്ക് നൂറ് കണക്കിന് കുക്കികള്‍ ഇരച്ചെത്തി. കൊള്ളയും തീവെപ്പും നടന്നു. ഇതേ ജില്ലയില്‍ 16 കുക്കി കുടുംബങ്ങളുടെ വീട് സര്‍ക്കാര്‍ പൊളിച്ച് കളഞ്ഞത് പോലെ മെയ്‌തെയ് കുടുംബങ്ങളുടെ വീടുകള്‍ കുക്കികള്‍ ജെസിബി വെച്ച് നിരപ്പാക്കി. നിങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ വെച്ച് ചെയ്താല്‍ ഞങ്ങള്‍ സ്വയമേ തന്നെ ചെയ്ത് കാണിക്കും എന്ന പ്രഖ്യാപനമായിരുന്നു അത്. മെയ്‌തെയ്കള്‍ ജീവനും കൊണ്ട് സമീപ ജില്ലയായ ബിഷ്ണുപൂരിലേയ്ക്ക് ഓടി രക്ഷപ്പെട്ടു. സാധാരണ ഗതിയില്‍ മണിപ്പൂരില്‍ ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടായാല്‍ ആ സ്ഥലത്ത് തന്നെ തീരാറാണ് പതിവ് എന്നാല്‍ ഇപ്രാവശ്യം അത് അങ്ങനെ ഒടുങ്ങിയില്ല. കയ്യില്‍ അത്യാവശ്യം പണമുള്ള കുക്കികളില്‍ പലരും ഇംഫാലില്‍ സ്ഥലം വാങ്ങി വീടുവെച്ചും സ്‌കൂളും മറ്റ് സ്ഥാപനങ്ങളും നടത്തി ജീവിക്കുന്നുണ്ടായിരുന്നു. അവരെല്ലാം ആക്രമിക്കപ്പെട്ടു. മെയ് മൂന്ന്, നാല്, അഞ്ച് തീയതികളില്‍ കുക്കി ഭൂരിപക്ഷ പ്രദേശത്ത് നിന്നും മെയ്‌തെയ്കളും മെയ്‌തെയ് ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് കുക്കികളും ആട്ടിയോടിക്കപ്പെട്ടു, പലരും കൊല്ലപ്പെട്ടു. അതിക്രൂരമായ ആക്രമണമായിരുന്നു. വീടുകളും കടകളുമെല്ലാം കൊള്ളയടിച്ച ശേഷം കത്തിച്ച് നാമാവശേഷമാക്കി. പ്രതിരോധിക്കാന്‍ ശ്രമിച്ചവരില്‍ ചിലരെ വെടിവെച്ചും കത്തിച്ചും കൊന്നു. ഏറ്റവുമൊടുവില്‍ തലയറുത്ത് കൊന്ന സംഭവം വരെ അരങ്ങേറി. ഇരു ഭാഗത്തും ആള്‍നാശം സംഭവിച്ചു എന്ന് മാത്രമല്ല നൂറ് കണക്കിന് പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. മുന്നൂറിലധികം ദുരിതാശ്വാസ ക്യാമ്പുകളിലായി അന്‍പതിനായിരത്തോളം പേര്‍ രണ്ട് മാസമായി കഴിയുന്നു. ക്യാമ്പിലെത്തിയ മനുഷ്യര്‍ എല്ലാം നഷ്ടപ്പെട്ടവരാണ്. വീടും, സമ്പാദ്യവും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും വരെ നഷ്ടപ്പെട്ടവര്‍.
കുക്കികളില്‍ പല ഉപ വിഭാഗങ്ങളുണ്ട്. എന്നാല്‍ എല്ലാവരും ക്രിസ്ത്യന്‍ മതാചാരം പിന്തുടരുന്നു. മെയ്‌തെയ്കളില്‍ മഹാ ഭൂരിപക്ഷവും ഹിന്ദുക്കളാണ്. മെയ്‌തെയ് സത്വം അടിസ്ഥാനപ്പെടുത്തിയുള്ള സനാമഹികളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും അടങ്ങുന്നതാണ് മെയ്‌തെയ്കള്‍. മെയ് മൂന്ന് മുതല്‍ അഞ്ച് വരെ നടന്ന അക്രമ സംഭവങ്ങളില്‍ മെയ്‌തെയ് വിഭാഗത്തിലെ ക്രിസ്ത്യന്‍ പള്ളികള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. മെയ്‌തെയ്കള്‍ക്കിടയില്‍ അടുത്ത കാലത്തായി വളര്‍ന്ന മത വിദ്വേഷം ഈ ആക്രമണത്തിന് കാരണമായി എന്ന വിലയിരുത്തലുണ്ട്. മെയ്‌തെയ് ക്രിസ്ത്യാനികള്‍ അടുത്തിടെ ഇംഫാലില്‍ വലിയ റാലി നടത്തുകയും ശക്തികാണിക്കുകയും ചെയ്തിരുന്നു. ക്രിസ്ത്യന്‍ ജനസംഖ്യ വര്‍ധിക്കുന്നതില്‍ അസ്വസ്ഥതയുണ്ടായിരുന്ന മെയ്‌തെയ്കളിലെ ഒരു വിഭാഗം തന്നെ കിട്ടിയ അവസരത്തിന് മെയ്‌തെയ് ക്രിസ്ത്യാനികളുടെ പള്ളികള്‍ പൊളിച്ച് കത്തിച്ചു എന്ന് ഇംഫാലിലൂടെയുള്ള യാത്രയില്‍ പലരും ചൂണ്ടിക്കാട്ടി. ഇരുന്നൂറിലധികം പള്ളികളും പത്തോളം ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടു.
ഭൂമി, അധികാരം
മെയ്‌തെയ്കള്‍ക്കും കുക്കികള്‍ക്കും പുറമെ നാഗ വിഭാഗക്കാരും ഏറെയുണ്ട് മണിപ്പൂരില്‍. എസ്.ടി പട്ടികയില്‍ ഉള്‍പ്പെട്ട നാഗകളും കുക്കികളും മലയോര മേഖലകളില്‍ താമസിക്കുന്നു. മെയ്‌തെയ്കള്‍ ഇംഫാല്‍, ബിഷ്ണുപൂര്‍ തുടങ്ങിയ താഴ്വാര പ്രദേശങ്ങളിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. 1949ല്‍ ഇന്ത്യയുടെ ഭാഗമായ മണിപ്പൂര്‍ 1956ല്‍ കേന്ദ്ര ഭരണ പ്രദേശമായി. പിന്നേയും വര്‍ഷങ്ങള്‍ കഴിഞ്ഞ് 1972 ജനുവരി 21ന് സംസ്ഥാനമായി മാറി. ആദ്യം മുതല്‍ക്കേ സായുധ സംഘങ്ങളുടെ സജീവമായ സാന്നിധ്യം ഉണ്ടായിരുന്നു മണിപ്പൂരില്‍. അന്‍പത് ശതമാനത്തോളം ആദിവാസി ജനതയുള്ളതിനാല്‍ അവരുടെ ജീവിതവും സംസ്‌കാരവുമെല്ലാം സംരക്ഷിക്കാന്‍ സജീവമായ ഇടപെടല്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായി, പ്രത്യേക പരിഗണന നല്‍കുകയാണ് ചെയ്തത്.
ഭരണഘടനയുടെ 371 സി വകുപ്പ് മണിപ്പൂരിന് സവിശേഷമായ പരിഗണന നല്‍കുന്നതാണ്. മലയോര പ്രദേശത്ത് നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എമാരെ ഉള്‍പ്പെടുത്തി ഒരു സമിതിയുണ്ടാക്കി ആ മേഖലയിലെ ഭൂമി ഉള്‍പ്പെടുന്ന വിഷയത്തില്‍ സജീവമായ ഇടപെടല്‍ നടത്താന്‍ ഈ വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. 1960ലെ മണിപ്പൂര്‍ ലാന്‍ഡ് റവന്യു ആന്‍ഡ് റിഫോംസ് ആക്ടും ആദിവാസികളുടെ ഭൂമിയ്ക്ക് സംരക്ഷണം നല്‍കുന്നു. 60 അംഗ മണിപ്പൂര്‍ നിയമസഭയില്‍ കുക്കി, നാഗ വിഭാഗങ്ങളില്‍ നിന്നായി മലയോരത്തെ 19 എംഎല്‍എമാരുണ്ട്. ഇവര്‍ മാത്രം ഉള്‍പ്പെടുന്ന ഹില്‍ ഏരിയ കമ്മിറ്റിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ മെയ്‌തെയ് വിഭാഗത്തിന് മലയോര മേഖലയില്‍ ഭൂമി വാങ്ങാന്‍ കഴിയു. എന്നാല്‍ കുക്കി വിഭാഗത്തിനും നാഗകള്‍ക്കും മെയ്തി ഭൂരിപക്ഷ മേഖലയില്‍ ഭൂമി വാങ്ങുന്നതിന് നിയമപരമായ തടസ്സങ്ങളില്ല. മെയ്‌തെയ് വിഭാഗത്തിലെ വ്യക്തികള്‍ക്ക് സ്വന്തം പേരില്‍ ഭൂമിയുണ്ട്. പക്ഷേ, കുക്കികള്‍ക്ക് സമൂഹമായി ജീവിക്കുന്നവരാണ്. മലയോരത്തെ കുക്കി ഗ്രാമങ്ങളില്‍ ഗ്രാമ മുഖ്യനാണ് ഭൂമിയുടെ അവകാശി. അദ്ദേഹം വീതിച്ച് നല്‍കുന്ന സ്ഥലത്ത് കുടുംബങ്ങള്‍ക്ക് ജീവിക്കുകയും കൃഷി നടത്തുകയും ചെയ്യാമെന്നതാണ് ആ സമുദായത്തിലെ രീതി. സമ്പന്നരായ കുറച്ച് കുക്കി സമുദായക്കാര്‍ മെയ്‌തെയ് ഭൂരിപക്ഷ മേഖലകളില്‍ സ്വന്തം പേരില്‍ സ്ഥലം വാങ്ങി വീട് വെച്ച് താമസിക്കുന്നുണ്ട്. ഇംഫാല്‍, ബിഷ്ണുപൂര്‍ തുടങ്ങിയ ജില്ലകളിലാണ് കുക്കികള്‍ ഇങ്ങനെ എത്തിയത്. നിലവിലെ അവസ്ഥ പ്രകാരം കുന്നില്‍ മുകളിലെ ഭൂമിയില്‍ സമ്പൂര്‍ണമായ അവകാശം കുക്കികളും നാഗകളും ഉള്‍പ്പെടുന്ന ആദിവാസി ജനവിഭാഗത്തിനുണ്ട്. എന്നാല്‍ ഭൂമിയുടെ 90 ശതമാനവും കുക്കികളും നാഗകളും കൈവശം വെയ്ക്കുന്നു, ഭൂരിപക്ഷ ജനതയായ മെയ്‌തെയ്കള്‍ക്ക് വെറും 10 ശതമാനം ഭൂമി മാത്രമേയുള്ളു എന്ന ആക്ഷേപമാണ് മെയ്‌തെയ്കളിലെ തീവ്ര വിഭാഗം ഉന്നയിക്കുന്നത്. മണിപ്പൂരിലെ ഏറ്റവും വികസിതമായ നഗരപ്രദേശങ്ങളിലാണ് മെയ്‌തെയ് ജനത ജീവിക്കുന്നത്. എന്നാല്‍ കുക്കികളും നാഗകളും ജീവിക്കുന്ന മലയോരങ്ങളില്‍ പലയിടത്തും വികസനമെത്തിയിട്ടില്ല എന്നത് കാണാം. ഇപ്പോഴത്തെ പ്രത്യേക ഘട്ടത്തില്‍ മെയ്‌തെയ്കള്‍ കുക്കികളേയും നാഗകളേയും ഒരുമിച്ച് എതിര്‍ക്കുന്നില്ല. കുക്കികളെ മാത്രം തിരഞ്ഞ് പിടിച്ച് പഴിപറയുകയാണ് ചെയ്യുന്നത്.
60 അംഗ നിയമസഭയില്‍ 40 പേരും എല്ലാ കാലത്തും മെയ്തി വിഭാഗത്തില്‍ നിന്നാണ്. ബാക്കിയുള്ള സംവരണ സീറ്റില്‍ നിന്ന് മാത്രം കുക്കി, നാഗ വിഭാഗക്കാര്‍ വരും. അതുകൊണ്ട് അധികാരം കേന്ദ്രീകരിക്കപ്പെടുന്നത് മെയ്തികളിലാണ് എന്ന് കാണാം. എന്നാല്‍ പഠിക്കാന്‍ മിടുക്കു കാണിക്കുന്ന കുക്കി വിഭാഗക്കാര്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജോലികളില്‍ പ്രധാന പദവിയില്‍ ഇരിക്കുന്നുമുണ്ട്. മെയ്‌തെയ്കളെ എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം മണിപ്പൂരില്‍ ശക്തമാകുന്നത് 2012 മുതലാണ്. ഭൂരിപക്ഷ ജനവിഭാഗത്തിന് കുറേക്കൂടി ഭൂമിയില്‍ അവകാശം വേണം എന്നതാണ് ഈ ആവശ്യത്തിന് അടിസ്ഥാനമായി മെയ്‌തെയ് സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്. അന്ന് മുതല്‍ തന്നെ കുക്കികളും നാഗകളും എതിര്‍ത്ത വിഷയത്തില്‍ അപ്പോള്‍ ഹൈക്കോടതിയുടെ ഇടപെടലുണ്ടാകുകയും അതേ സമയം തന്നെ കുക്കികളെ അനധികൃത കുടിയേറ്റക്കാരായും മയക്കു മരുന്ന് വ്യാപാരികളും വനം കയ്യേറ്റക്കാരുമായി ചിത്രീകരിച്ച് അപരവത്ക്കരണം നടത്തിയതാണ് ഇപ്പോഴത്തെ പ്രശ്‌നത്തെ സങ്കീര്‍ണമാക്കിയത്.
മാര്‍ച്ച് 27ന് പുറപ്പെടുവിച്ച വിധിയില്‍ മണിപ്പൂര്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് പറഞ്ഞത് മെയ്‌തെയ്കളെ എസ്.ടി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശ നാലാഴ്ചയ്ക്കകം കേന്ദ്ര സര്‍ക്കാരിന് നല്‍കാനാണ്. അസാധാരണ വിധിയെന്ന് നിയമ വിദഗ്ധര്‍ ഉള്‍പ്പെടെ ഇതിനെ ചൂണ്ടിക്കാട്ടുന്നു. കാരണം ഭരണഘടനയുടെ 342 (2) അനുഛേദപ്രകാരം ഒരു വിഭാഗത്തെ എസ്.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനോ ഒഴിവാക്കാനോയുള്ള അധികാരം പാര്‍ലമെന്റിനാണ്. ഇത്തരം നയപരമായ കാര്യത്തില്‍ കോടതികള്‍ക്ക് എങ്ങനെയാണ് തീര്‍പ്പ് കല്‍പ്പിക്കാനാകുക എന്ന ചോദ്യം കുക്കി സംഘടനകള്‍ ഉയര്‍ത്തുന്നു. മെയ്‌തെയ് വിഭാഗത്തെ എസ്.ടി പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ അവര്‍ക്ക് മലയോര മേഖലയില്‍ ഭൂമി സ്വന്തമാക്കാന്‍ കഴിയും. രാഷ്ട്രീയ അധികാരം ഏറിയ പങ്കും കയ്യാളുന്ന മെയ്തികള്‍ മലനിരകളിലേയ്ക്ക് കൂടി ആ അധികാരം വ്യാപിപ്പിച്ചാല്‍ ഭൂമിയും സംസ്‌കാരവും തന്നെ നഷ്ടപ്പെടും എന്ന് കുക്കികളും നാഗകളും ഭയന്നു. ആ ഭയപ്പാടാണ് മെയ് മൂന്നിന് പ്രതിഷേധമായി അലയടിച്ചത്.
അനിശ്ചിതത്വങ്ങളുടെ ക്യാമ്പ്
''സഹായത്തിനായുള്ള ഒരു കരച്ചില്‍ എല്ലാ സഹോദരീ സഹോദരന്‍മാരുടേയും കുഞ്ഞുങ്ങളുടേയും മുഖത്ത് ഞാന്‍ കണ്ടു.'' എന്നായിരുന്നു ദുരിതാശ്വാസ ക്യാമ്പുകളിലെ ജനങ്ങളെ കണ്ട് സംസാരിച്ച ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞത്. ഈ വാക്കുകള്‍ വാസ്തവമാണ്. കാങ്‌പോക്പി, മൊയ്‌റാങ്ങ്, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, ബിഷ്ണുപൂര്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പോയപ്പോള്‍ അക്കാര്യം ബോധ്യപ്പെട്ടു. പല തൊഴിലെടുത്ത് കഷ്ടപ്പെട്ട് ജീവിതം കരുപ്പിടിപ്പിച്ച മനുഷ്യര്‍ എല്ലാം നഷ്ടപ്പെട്ട് അനിശ്ചിതമായി ക്യാമ്പില്‍ കഴിയേണ്ട അവസ്ഥ. നമ്മുടെ കേരളം അടുത്ത കാലത്ത് സാക്ഷ്യം വഹിച്ച വലിയ ദുരന്തം പ്രളയമായിരുന്നല്ലോ. എന്നാല്‍ പ്രളയ ശേഷം ആഴ്ചകള്‍ കൊണ്ട് തന്നെ മഹാഭൂരിപക്ഷം ആളുകള്‍ക്കും വീടുകളിലേയ്ക്ക് മടങ്ങാന്‍ സാധിച്ചു. പ്രളയജലം സര്‍വ്വതും നശിപ്പിച്ച വീടുകളില്‍ വീണ്ടും താമസം തുടങ്ങാന്‍ ജനം ഒറ്റക്കെട്ടായി കൈകോര്‍ത്തിറങ്ങിയ കാഴ്ചയുമുണ്ടായി. നമ്മുടെ ഓര്‍മകള്‍ക്ക് ഇപ്പോഴും നടുക്കം സമ്മാനിക്കുന്ന ആ പ്രളയനാളുകളേക്കാള്‍ എത്രയോ ആഴത്തില്‍ തറഞ്ഞ മനുഷ്യ നിര്‍മ്മിത ദുരന്തമാണ് മണിപ്പൂരില്‍ ഇപ്പോള്‍ സംഭവിക്കുന്നത്. ഈ ജനങ്ങളെല്ലാം ആഭ്യന്തര അഭയാര്‍ത്ഥികളായി മാറിയിട്ട് രണ്ട് മാസമായി. പ്രളയജലം പോലെ ഇരച്ചെത്തിയ ആള്‍ക്കൂട്ടം കൊള്ളയടിച്ച്, അടിച്ച് തകര്‍ത്ത് കത്തിച്ച്, ബുള്‍ഡോസര്‍ കയറ്റിയിറക്കി ഇല്ലാതാക്കിയ വീട് ഈ മനുഷ്യരുടെ ഓര്‍മകള്‍ക്ക് കനം കൂട്ടുന്നു. നാളെയെക്കുറിച്ചുള്ള ചിന്തകള്‍ കണ്ണുനീരായി ഇറ്റിവീഴുന്നു.
വംശീയമായ ഏറ്റുമുട്ടലിനും കൊലയ്ക്കും മാത്രമേ ഇവിടെ മനുഷ്യര്‍ക്കിടയില്‍ വേര്‍തിരിവുള്ളു. ദുരിതാശ്വാസ ക്യാമ്പിലെ മനുഷ്യര്‍ക്കെല്ലാം, കുക്കികള്‍ക്കും മെയ്‌തെയ്കള്‍ക്കും ഒരേ കഥയാണ് പറയാനുള്ളത്. കൊള്ളയടിക്കപ്പെട്ടതിന്റെ, വീട് നഷ്ടപ്പെട്ടതിന്റെ, എല്ലാമെല്ലാം പൊയ്‌പ്പോയതിന്റെ കഥ.
'' വീട്ടില് പോയാല്‍ അവര് വെടിവെക്കും'' എന്ന് പറഞ്ഞു കാങ്‌പോക്പിയിലെ കുക്കി ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ലെം സെലിഗിലോ എന്ന കുട്ടി. അവനും കൂട്ടുകാരും കാരംസ് കളിക്കുകയായിരുന്നു. തൊട്ടപ്പുറം ക്യാമ്പിലെ ചെറു മൈതാനിയില്‍ സെലിഗിലോയുടെ അതേ പ്രായത്തിലുള്ള കുറേപ്പേര്‍ വോളിബോള്‍ കളിക്കുന്നു. വേറെ ചിലരത് നോക്കി നില്‍ക്കുന്നു. കളികളുടെയെല്ലാം സന്തോഷത്തിനപ്പുറമൊരു വലിയ വിഷാദം അവിടെ പരന്നതായി തോന്നി.
''ഞങ്ങളെ കത്തിക്കാന്‍ വന്നതായിരുന്നു അവര്. രക്ഷപ്പെടുത്തിയത് കുക്കികള് തന്നെയാ'' എവിടുന്നൊക്കെയോ വന്ന വലിയ ആള്‍ക്കൂട്ടം വീടിന് തീവെച്ച് വിറളിപൂണ്ട് പിന്നേയും ആളുകളെ തിരഞ്ഞ് കൊല്ലാനോങ്ങി നടക്കുമ്പോള്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി തങ്ങളെ രക്ഷിച്ച അയല്‍ക്കാരെക്കുറിച്ച് പറഞ്ഞപ്പോള്‍ മൊയ്‌റാങ്ങ് ക്യാമ്പിലെ ഒയ്‌നാം ജമുന ദേവി കരഞ്ഞുകൊണ്ടേയിരുന്നു. മെയ് നാലിലെ ഞെട്ടുന്ന ഓര്‍മയേക്കുറിച്ച് ക്യാമ്പിലെ ബെഞ്ചിലിരുന്ന് അഞ്ച് മിനുട്ടോളം പറഞ്ഞു ജമുന ദേവി. അതില്‍ പാതി നേരവും കരച്ചിലായിരുന്നു.
മൊയ്‌റാങ്ങ് കോളേജിലെ കമ്യൂണിറ്റി സെന്റെര്‍ ദുരിതാശ്വാസ ക്യാമ്പായി മാറിയ ദിവസം ഇവിടെയെത്തിയ സന തോംബി. '' എല്ലാം നഷ്ടപ്പെട്ടു, ഞങ്ങളുടെ സമാധാന ജീവിതം എന്ന് തിരിച്ച് കിട്ടും? ഇനി എപ്പഴെങ്കിലും പഴയ പോലെ ജീവിക്കാന്‍ പറ്റുമോ? എല്ലാം പോയില്ലെ?'' അവരുടെ വാക്കുകളില്‍ മണിപ്പൂര്‍ അടയാളപ്പെടുത്തപ്പെട്ടു. സനയുടെ ഹോട്ടല്‍ കലാപകാരികള്‍ കത്തിച്ച് കളഞ്ഞതാണ്. ഇങ്ങനെ ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ട മനുഷ്യര്‍ക്കിടയില്‍ അവരുടെ സങ്കടത്തിനിടയില്‍ ഓരോ ദിവസവും കടന്നു പോകുന്നു ക്യാമ്പുകളില്‍. ഉറ്റവരെ നഷ്ടപ്പെട്ടും പഠനവും കളിചിരികളും നഷ്ടമായും മണിപ്പൂരിലെ കുട്ടികള്‍ ക്യാമ്പുകളിലുണ്ട്. തോക്കിന്റെ ഭാഷയില്‍ സംസാരിക്കുന്ന മനുഷ്യര്‍ ഈ കുരുന്നുകളെ ഏത് വഴിയില്‍ നടത്തുമെന്നതാണ് ഉയരുന്ന വലിയ ചോദ്യം. പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരമുണ്ടാകാതെ ദുരിതാശ്വാസ ക്യാമ്പിലെ മനുഷ്യര്‍ക്ക് വീടുകളിലേയ്ക്ക് തിരികെ യാത്ര സാധ്യമല്ല. കുക്കി അഭയാര്‍ത്ഥികള്‍ കുക്കി ഭൂരിപക്ഷ മേഖലയിലും മെയ്‌തെയ് അഭയാര്‍ത്ഥികള്‍ മെയ്‌തെയ് ഭൂരിപക്ഷ മേഖലയിലും വരും കാലത്ത് പുതിയ ഗ്രാമങ്ങള്‍ തീര്‍ത്ത് ജീവിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. അതായത് ഇത്രയും കാലത്തെ ജീവിതത്തില്‍ നിന്ന് ഭീകരമായ ഒരു പറിച്ച് നടല്‍.
നേതൃത്വം, ആയുധം
മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും കുക്കികളുടെ അനധികൃത കുടിയേറ്റം, കുക്കികള്‍ വനഭൂമി കയ്യേറുന്നു, കുക്കികള്‍ മയക്കുമരുന്ന് ഭീകരവാദം നടത്തുന്നു, കുക്കികള്‍ ലഹരിയായ പോപ്പി കൃഷി നടത്തുന്നു എന്നീ ആരോപണങ്ങളാണ് മെയ്‌തെയ് വിഭാഗം ഉന്നയിക്കുന്നത്. സംസ്ഥാനത്ത് എന്‍ആര്‍സി നടപ്പിലാക്കി കുടിയേറ്റക്കാരെ തിരിച്ചറിയണം എന്നും മെയ്‌തെയ് ലിപ്പൂണ്‍ ഉള്‍പ്പെടെയുള്ള തീവ്ര സംഘടനകള്‍ ആവശ്യപ്പെടുന്നു. മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ കുക്കികള്‍ കുറ്റക്കാരാണ് എന്ന തരത്തില്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിംഗ് പലതവണ പ്രസ്താവനകള്‍ നടത്തുകയും ഒഴിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേയ്ക്ക് സര്‍ക്കാര്‍ നീങ്ങുകയും ചെയ്തത് കുക്കികളെ പ്രകോപിപ്പിച്ചു. മാത്രമല്ല മാര്‍ച്ച് പത്തിന് നടന്ന പ്രതിഷേധത്തിന് പിന്നാലെ ചില കുക്കി സായുധ സംഘങ്ങളുമായുള്ള സമാധന ഉടമ്പടി ബിജെപി സര്‍ക്കാര്‍ റദ്ദ് ചെയ്തതും സ്ഥിതി സങ്കീര്‍ണമാക്കി. സമാധാനത്തിന്റെ ഭാഷയില്‍ സംസാരിക്കുന്നതിന് പകരം ഏറ്റുമുട്ടിത്തന്നെ മുന്നോട്ട് പോകാം എന്ന സന്ദേശം കുക്കികള്‍ക്ക് നല്‍കുകയായിരുന്നു യഥാര്‍ത്ഥത്തില്‍ ബിരേന്‍ സിംഗ് അന്ന് ചെയ്തത്. നിയമ വിരുദ്ധമായി നടക്കുന്നതെല്ലാം കുക്കി എന്ന ഒരു വിഭാഗത്തിന്റെയാകെ തലയില്‍ കെട്ടിവെച്ച് അപരവത്ക്കരണം നടത്തുകയാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മെയ്‌തെയ്കളെന്ന് കുക്കികള്‍ ഉറച്ച് വിശ്വസിച്ച് തുടങ്ങി.
കുക്കികളില്‍ ചിലര്‍ മലയോരത്ത് പോപ്പി കൃഷി നടത്തുന്നുണ്ട്. എന്നാല്‍ അതില്‍ പലര്‍ക്കും കൃഷിയ്ക്കായി ഫണ്ട് നല്‍കുന്നതും ഇതുമായി ബന്ധപ്പെട്ട കച്ചവടം നടത്തുന്നതും മെയ്‌തെയ് വിഭാഗത്തിലെ വന്‍കിടക്കാരാണ് എന്നത് മണിപ്പൂരില്‍ പരസ്യമായ രഹസ്യമാണ്. അനധികൃത കുടിയേറ്റം നടക്കുന്നു എങ്കില്‍ അത് തടയേണ്ടത് സര്‍ക്കാരല്ലേ, അതിന് നടപടിയെടുക്കാതെ കുക്കികളെ എന്തിന് പഴിക്കുന്നു എന്ന ചോദ്യം കുക്കി സംഘടനകളില്‍ നിന്ന് ഉയരുന്നു. അന്‍പത് വര്‍ഷം പഴക്കമുള്ള ഗ്രാമങ്ങള്‍ പോലും അനധികൃത കുടിയേറ്റം എന്ന് പറഞ്ഞ് സര്‍ക്കാര്‍ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന ഗുരുതര ആരോപണവും കുക്കികള്‍ ഉന്നയിച്ചു. ചുരുക്കത്തില്‍ വലിയ തോതില്‍ അപരവത്ക്കരണം നടക്കുന്നതിനിടയില്‍ തന്നെ മണ്ണും മണ്ണിലെ അവകാശങ്ങളും നഷ്ടപ്പെടും എന്ന ചിന്തയിലാണ് കുക്കികള്‍ തെരുവിലിറങ്ങിയത്. കുക്കികള്‍ എല്ലാ ഭീകര പ്രവര്‍ത്തനവും നടത്തി ഭൂരിപക്ഷ ജന സമൂഹമാകാന്‍ പോകുന്നു എന്ന പ്രചാരണം മെയ്‌തെയ് വിഭാഗത്തില്‍ ഗൂഡ സംഘങ്ങള്‍ ബോധപൂര്‍വ്വം നടത്തി. ഈ രണ്ട് വിഭാഗത്തിനിടയിലും മാസങ്ങളായി പ്രചരിച്ച വിഷലിപ്തമായ കഥകള്‍ ഒടുവില്‍ പൊട്ടിത്തെറിയില്‍ കലാശിക്കുകയായിരുന്നു. ഈ അവസരം കുക്കികളിലേയും മെയ്‌തെയ്കളിലേയും സായുധ സംഘങ്ങള്‍ ഉപയോഗിപ്പെടുത്തി. അവര്‍ ഗ്രാമങ്ങള്‍ ആക്രമിച്ചു. ഇപ്പോള്‍ കുക്കി മെയ്‌തെയ് അതിര്‍ത്തി ഗ്രാമങ്ങളിലാകെ ബങ്കറുകളാണ്. അത്യാധുനിക തോക്കുകള്‍ ഉപയോഗിച്ച് രാജ്യാതിര്‍ത്തികളിലെന്ന പോലെ അവര്‍ യുദ്ധം ചെയ്യുന്നു.
ഒരു മണിപ്പൂര്‍ ഒരു ഭരണം, കുക്കിലാന്‍ഡ്
ഇനിയൊരിക്കലും ഒന്നിച്ച് ജീവിക്കാന്‍ പറ്റാത്ത വിധം മെയ്‌തെയ്കളുമായി അകന്നു എന്ന് കുക്കി വിഭാഗം വ്യക്തമാക്കുന്നു. അത്‌കൊണ്ട് പ്രത്യേക ഭരണ സംവിധാനം വേണം എന്ന ഉറച്ച ആവശ്യത്തിലേയ്ക്ക് അവരെത്തി. ഈ ആവശ്യം ഉന്നയിച്ച് പത്ത് കുക്കി എംഎല്‍എമാര്‍ കേന്ദ്ര സര്‍ക്കാരിന് നിവേദനവും നല്‍കി. പത്തില്‍ ഏഴ് പേരും ബിജെപി എംഎല്‍എമാരാണ്. രണ്ട് പേര്‍ ബിരേന്‍ സിംഗ് സര്‍ക്കാരിലെ മന്ത്രി പദവിയിലിരിക്കുന്നവര്‍. പ്രത്യേക ഭരണം സംവിധാനം എന്നത് കൊണ്ട് കുക്കികളിലെ സായുധ സംഘങ്ങള്‍ ഉദ്ദേശിക്കുന്നത് പുതിയ സംസ്ഥാനം തന്നെയാണ്. കുക്കികള്‍ക്ക് മാത്രമായി കുക്കി ലാന്‍ഡ് എന്ന സങ്കല്‍പ്പം അവര്‍ക്കുണ്ട്. ആ സങ്കല്‍പ്പം സാധ്യമാക്കാനുള്ള നല്ല അവസരമായി ഇപ്പോഴത്തെ കലാപത്തെ സായുധ സംഘങ്ങള്‍ ഉപയോഗപ്പെടുത്തുന്നു.
എന്നാല്‍ മണിപ്പൂരിനെ വിഭജിക്കാന്‍ അനുവദിക്കില്ല, ഒറ്റഭരണമുള്ള സംസ്ഥാനമായി മണിപ്പൂര്‍ തുടരണം എന്ന് മെയ്‌തെയ് വിഭാഗവും ആവശ്യപ്പെടുന്നു. ഒറ്റ സംസ്ഥാനമായി തുടരുകയും മലയോരത്ത് സ്ഥലംവാങ്ങി ജീവിക്കാന്‍ വേണ്ടി എസ്.ടി പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക എന്നതാണ് മെയ്‌തെയ്കളുടെ ആഗ്രഹം. അതിനുവേണ്ടി മെയ്തകളിലും സായുധ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഈ രണ്ട് ആശയങ്ങള്‍ക്കും ആവശ്യത്തിനുമായാണ് മണിപ്പൂരിലെ ജനങ്ങള്‍ ഇപ്പോള്‍ തോക്കെടുത്ത് ചേരിതിരഞ്ഞ് യുദ്ധം ചെയ്യുന്നത്. കോടതി വിധികൊണ്ട് തീര്‍ക്കാവുന്നതിലും എത്രയോ വലിയ പ്രശ്‌നമായി വളര്‍ന്നു കഴിഞ്ഞു മണിപ്പൂരിലെ വംശവിദ്വേഷം.
പ്രധാനമന്ത്രിയുടെ മൗനം ,ബിരേന്‍ സിംഗിന്റെ നാടകങ്ങള്‍
മെയ്‌തെയ്കളെ സഹായിക്കുന്ന തരത്തില്‍ പലപ്പോഴും മുഖ്യമന്ത്രി ബിരേന്‍ സിംഗ് ഇടപെട്ടിട്ടുണ്ട്. അതുകൊണ്ടാണ് ബിരേന്‍ സിംഗുള്ള സമാധാന കമ്മിറ്റിയിലേയ്ക്ക് ഞങ്ങളില്ല എന്ന് പറഞ്ഞ് കുക്കികള്‍ പിന്‍വാങ്ങിയത്. രണ്ടാമതും മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം മെയ്‌തെയ്കളുടെ സംരക്ഷകനായി അവതരിക്കാന്‍ നന്നായി ശ്രമിക്കുന്നുണ്ട് ബിരേന്‍ സിംഗ് എന്ന് കാണാം. നാല്‍പത് സീറ്റുള്ള മെയ്‌തെയ് മേഖലയില്‍ സമ്പൂര്‍ണ ആധിപത്യം നേടാന്‍ കഴിഞ്ഞാല്‍ എല്ലാ കാലവും അതൊരു ഉറച്ച വോട്ട് ബാങ്കായി നിലനില്‍ക്കും എന്ന് ബിരേന്‍ സിംഗ് വിലയിരുത്തിക്കാണണം. മണിപ്പൂരിനെ സമാധാനത്തിലേയ്ക്ക് നയിക്കുന്നതില്‍ സമ്പൂര്‍ണ പരാജയമായി ബിരേന്‍ സിംഗിന്റെ ബിജെപി സര്‍ക്കാര്‍ മാറി എന്ന് നിസ്സംശയം പറയാം.
മണിപ്പൂരിലൂടെ സഞ്ചരിക്കുമ്പോള്‍ ഇംഫാലില്‍ മാത്രമേ സാധാരണ ജനജീവിതം കുറച്ചെങ്കിലും അനുഭവപ്പെട്ടുള്ളു. മറ്റെല്ലായിടത്തും കര്‍ഫ്യൂവോ അല്ലെങ്കില്‍ ജനങ്ങള്‍ തന്നെ നടപ്പിലാക്കുന്ന കര്‍ഫ്യൂവോ ആണ്. ക്രമസമാധാനം ആകെ തകര്‍ന്ന് തരിപ്പണമായിട്ടും ഒരു കുലുക്കവുമില്ലാതിരുന്ന ബിരേന്‍ സിംഗ് ഒരു ദിവസം രാജിക്കൊരുങ്ങുന്നതും വലിയ കൂട്ടം മെയ്‌തെയ് സ്ത്രീകളെത്തി ബിരേന്‍ സിംഗിനെ തടയുന്നതും കണ്ടു. നാടകമായിരുന്നു അതെല്ലാമെന്ന് വ്യക്തം.
ഒരു അതിര്‍ത്തി സംസ്ഥാനം കത്തിയെരിഞ്ഞ് ജനത ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭിയം തേടിയിട്ടും സമാധാനത്തിനായി പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ല എന്നത് ആശ്ചര്യത്തോടെ കാണുന്നുണ്ട് മണിപ്പൂരിലെ ജനങ്ങള്‍. ബിരേന്‍ സിംഗിനെ ഇഷ്ടമുള്ള ഇംഫാലിലെ മെയ്‌തെയ് യുവാവ് മോറിസ് പറഞ്ഞത് പ്രധാനമന്ത്രിയുടെ മൗനത്തേക്കുറിച്ച് നിങ്ങള്‍ എഴുതണം എന്നാണ്. അനിശ്ചിതമായി നാട് അരക്ഷിതാവസ്ഥയിലൂടെ കടന്ന് പോകുമ്പോള്‍ ഭൂരിപക്ഷ വിഭാഗത്തില്‍ നിന്ന് പോലും സമാധാനത്തിനായുള്ള ആഗ്രഹം മുളച്ച് പൊന്തുന്നുണ്ട് എന്ന് കാണാം മോറിസിന്റെ വാക്കുകളില്‍.
മോദി പറഞ്ഞത്
കലാപം തുടങ്ങി രണ്ടര മാസത്തിന് ശേഷം മാത്രം പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിനെ കുറിച്ച് സംസാരിച്ചു. അതിന് കാരണമായ സംഭവം ലോകമാകെയുള്ള മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നതാണ്. മണിപ്പൂരില്‍ സംഘര്‍ഷം കൊടുമ്പിരികൊണ്ട മെയ് നാലിന് കൊടും ക്രൂരത അരങ്ങേറി. കാങ്‌പോക്പി ജില്ലയില്‍ കുക്കികള്‍ താമസിക്കുന്ന ബിപൈനം ഗ്രാമത്തിലേയ്ക്ക് മെയ്‌തേയ് വിഭാഗത്തിലെ അക്രമികള്‍ ഇരച്ചു കയറി. ഗ്രാമീണരില്‍ മഹാഭൂരിപക്ഷവും ജീവനും കൊണ്ട് കാട്ടിലേയ്ക്ക് ഓടി രക്ഷപ്പെട്ടു. അക്രമികള്‍ സാധനങ്ങളെല്ലാം തല്ലിപ്പൊളിച്ച് വീടുകള്‍ക്ക് തീയിട്ടു.
ആസമയത്ത് അവിടെ നിന്ന് രക്ഷപ്പെടാന്‍ കഴിയാതിരുന്ന കുക്കി കുടുംബങ്ങളിലുള്ളവര്‍ അതിക്രൂരമായ അതിക്രമങ്ങള്‍ക്ക് ഇരയായി. ഇവരെ തൗബാല്‍ പോലീസ് രക്ഷപ്പെടുത്തിയതാണ്. എന്നാല്‍ പോലീസ് സ്‌റ്റേഷനിലേയ്ക്കുള്ള യാത്രയ്ക്കിടെ മെയ്‌തെയ് അക്രമികള്‍ വാഹനം തടഞ്ഞ് കുക്കികളെ പുറത്തിറക്കി ആക്രമിച്ചു.
യുവതികളോട് വസ്ത്രങ്ങളഴിക്കാന്‍ ആള്‍ക്കൂട്ടം ആവശ്യപ്പെട്ടു. തടയാന്‍ ശ്രമിച്ച ഒരു യുവതിയുടെ സഹോദരനേയും അച്ഛനേയും ഇരുമ്പ് ദണ്ട് കൊണ്ട് തലയ്ക്കടിച്ച് ആ യുവതിയുടെ മുന്നില്‍ വെച്ച് തന്നെ കൊലപ്പെടുത്തി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, 20 ഉം നാല്പതും വയസ്സുള്ള രണ്ട് സ്ത്രീകളെ വിവസ്ത്രരാക്കി പൊതുമധ്യത്തിലൂടെ നടത്തിയ ശേഷം സമീപത്തെ വയലിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു.
മെയ് 18ന് പരാതി നല്‍കിയിട്ടും കേസില്‍ പോലീസ് നടപടി സ്വീകരിച്ചത് ക്രൂരതയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് ശേഷം മാത്രം. അതിക്രമത്തിനിരയായതില്‍ ഒരു യുവതി കാര്‍ഗിലിലും ശ്രീലങ്കയിലും ഇന്ത്യയ്ക്കായി പോരാടിയ സൈനികന്റെ ഭാര്യ. ബിപൈനം ഗ്രാമത്തില്‍ മാത്രം എട്ട് സ്ത്രീകള്‍ ബലാത്സംഗത്തിനിരയായതായി ചുരാചന്ത്പൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കുക്കി വനിതകള്‍ വ്യക്തമാക്കുന്നു. കുക്കി സ്ത്രീയെ വിവസ്ത്രയാക്കി തീക്കൊളുത്തി കൊന്ന മരവിപ്പിക്കുന്ന സംഭവവും അരങ്ങേറി മെയ് നാലിന് മണിപ്പൂരില്‍.
ഇംഫാലില്‍ നിന്ന് മടങ്ങുന്നതിന് തൊട്ടുമുന്‍പാണ് റിന്‍സി സിസ്റ്ററുമായി സംസാരിച്ചത്. വയനാട്ടുകാരിയായ സിസ്റ്റര്‍ ആറ് വര്‍ഷം റോമിലായിരുന്നു. ശേഷം ഇന്‍ഡോറില്‍ എത്തി അവിടെ നിന്നാണ് മണിപ്പൂരിലേയ്ക്ക് വന്നത്. കലാപം തുടങ്ങുന്നതിന് രണ്ടാഴ്ച മുന്‍പ് മാത്രം മണിപ്പൂരിലെത്തിയ സിസ്റ്ററിന് ഇന്റെര്‍നെറ്റില്ലാത്ത ദിവസങ്ങള്‍ പുതിയ അനുഭവമാണ്. നാട്ടിലെ വിവരങ്ങളൊന്നും വലുതായറിയാതെ താമസ സ്ഥലവും അവിടുത്തെ ആളുകളും മാത്രമായി രണ്ട് മാസം നീങ്ങി. സര്‍വ്വതും നഷ്ടപ്പെട്ട മനുഷ്യര്‍ക്ക് മുന്നില്‍ റിന്‍സി സിസ്റ്ററുടെ അനുഭവത്തിന് കാഠിന്യം കുറവാണ് എങ്കിലും 30 ലക്ഷത്തോളം മനുഷ്യരിങ്ങനെ പലവിധ കുഴപ്പങ്ങളിലൂടെ കടന്നു പോകുന്നു, നമ്മുടെ മണിപ്പൂരില്‍. അതുകൊണ്ട് സമാധാനം തളിര്‍ക്കണം. തോക്കല്ല, സ്‌നേഹത്തിന്റെ വാക്കാണ് വിജയിക്കേണ്ടത്.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: manipur and current situation