എന്തുകൊണ്ട് ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാർഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചു?

#അഡ്വ. ആര്‍. വി. ഗ്രാലന്‍
ഷഹബാസ് | Photo: By Special Arrangement
ഷഹബാസ് | Photo: By Special Arrangement

സഹപാഠിയുടെ കൊലപാതകത്തില്‍ ആരോപണ വിധേയരായ വിദ്യാര്‍ഥികള്‍ വെള്ളിമാട്കുന്നിലെ ഒബ്സര്‍വേഷന്‍ ഹോമില്‍ പത്താംക്ലാസ് പരീക്ഷ എഴുതി. ഇവരെ പരീക്ഷ എഴുതിക്കുന്നതിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. പ്രതികള്‍ക്ക് എന്ന് മാത്രമല്ല വിചാരണ നേരിടുന്നവര്‍ക്കും ഇനി കുറ്റം തെളിഞ്ഞ് ശിക്ഷിക്കപ്പെട്ടവര്‍ക്ക് പോലും തിരുത്തലിന് അവസരം നല്‍കി വരുന്ന ക്രിമിനല്‍ നീതിന്യായവ്യവസ്ഥ ആണ് നമ്മുടെ രാജ്യത്തിന്റേത്. ''കുറ്റം സങ്കലനം ശിക്ഷ സമം അവരിലെ കളങ്കം തുടച്ച് നീക്കി സമൂഹത്തിലേക്ക് വീണ്ടും തിരിച്ചാനയിക്കണം''-മഹാത്മാഗാന്ധിയുടെ ഈ സന്ദേശത്തില്‍ അധിഷ്ടിതമായ 'റീഫോര്‍മേറ്റീവ്' ശിക്ഷാ രീതിയാണ് നാം പിന്തുടരുന്നത്.

എന്തുകൊണ്ട് പരീക്ഷ എഴുതാന്‍ അനുവദിച്ചു?

 വിദ്യാര്‍ഥിയുടെ ഭാവി ജീവിതത്തില്‍ നിര്‍ണ്ണായകമാണ് പത്താം ക്ലാസ് പരീക്ഷാ സര്‍ട്ടിഫിക്കറ്റ്. പരീക്ഷ എഴുതാനുള്ള അവസരം കുറ്റാരോപിതര്‍ക്ക് നല്‍കുന്നില്ലെങ്കില്‍ നാം നിയമവാഴ്ച്ചയുള്ളിടത്താണ് കഴിയുന്നത് എന്ന് പറയാന്‍ സാധിക്കില്ല. അതിനുപരി ഇവിടെ കുറ്റാരോപണം മാത്രമാണ് ഉള്ളത്. അന്വേഷണം, തെളിവുശേഖരണം, കുറ്റപത്രം സമര്‍പ്പിക്കല്‍, വിചാരണ എന്നീ ഘട്ടങ്ങള്‍ ബാക്കി. കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ കുടുംബത്തിന്റെ തീരാവേദനയ്ക്ക് ഒപ്പം നില്‍ക്കുമ്പോഴും കൊലയാളികളെ കല്ലെറിഞ്ഞ് കൊല്ലണം എന്ന് മുറവിളി കൂട്ടുന്നവരെ സമൂഹം തിരസ്‌ക്കരിക്കണം.

നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടി- ജുവനൈല്‍ ജസ്റ്റിസ് നിയമം 2015

പതിനെട്ട് വയസ്സിന് താഴെയായിരിക്കുന്നവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് സാധാരണ ക്രിമിനല്‍ കോടതികള്‍ അല്ല. ഏക ന്യായാധിപനുള്ള മജിസ്ട്രേറ്റ് കോടതിയില്‍ അല്ല ഇവരെ ഹാജരാക്കുന്നത്. സ്ത്രീകള്‍ കൂടി നിര്‍ബന്ധമായും അംഗങ്ങള്‍ ആയിട്ടുള്ളതും മാനസിക - സാമൂഹ്യ - നിയമ വിഷയങ്ങളില്‍ പ്രാവീണ്യം നേടിയിട്ടുള്ളവരും കൂടിച്ചേര്‍ന്നുള്ള ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ കേസ് വിളിക്കും. ക്രൂരമായ കുറ്റങ്ങള്‍ ചെയ്ത് കേസില്‍ മാത്രമേ പ്രഥമ വിവര റിപ്പോര്‍ട്ട് ഉണ്ടാകൂ. ഇവിടെ പ്രതി എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ല. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളെ എങ്ങനെ സമൂഹത്തിലെ നിയമവുമായി ഇണക്കാന്‍ ചെയ്യാവുന്നത് അത്രയും ബോര്‍ഡ് മുന്‍കൈ എടുത്ത് നടപ്പാക്കുന്നു. 

ജാമ്യക്കാര്‍ ഇല്ലെങ്കില്‍ പോലും ജാമ്യം നല്‍കാം. കഴിയാവുന്ന അത്രയും പേരെ മാതാപിതാക്കള്‍ക്ക് അല്ലെങ്കില്‍ ഉറ്റവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി തിരികെ വീട്ടിലേക്ക് അയക്കുന്നു. ഒഴിച്ചു കൂടാനാവാത്ത സാഹചര്യങ്ങളില്‍ ഒബ്സര്‍വേഷന്‍ ഹോമില്‍ താമസിപ്പിക്കുന്നു. ദീര്‍ഘമായ നടപടിക്രമങ്ങളുടെ അന്ത്യത്തില്‍ കുട്ടി കുറ്റം ചെയ്തതായി തെളിഞ്ഞാലും ലഘുവായ ശിക്ഷയേ അനുശാസിക്കുന്നുള്ളൂ. ഏതെങ്കിലും സന്നദ്ധ സംഘടനയുടെ കൂടെ മാതൃക പ്രവര്‍ത്തി പരിശീലനത്തിന് നിശ്ചിത കാലത്തേക്ക് വിട്ടേക്കാം. നല്ല നടപ്പിന് നിര്‍ദ്ദേശിച്ച് വിട്ട കുട്ടിയെ നിരീക്ഷിക്കുക. എന്നാല്‍ ക്രൂരമായ കുറ്റം കുട്ടി ചെയ്തെന്ന് കണ്ടെത്തിയാല്‍ വേണമെങ്കില്‍ 16 വയസ്സ് പൂര്‍ത്തിയായ, നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിയെ ക്രിമിനല്‍ കോടതിയിലാണ് വിചാരണ ചെയ്യേണ്ടതെന്ന് ബോര്‍ഡിന് നിശ്ചയിച്ച് ട്രാന്‍സ്ഫര്‍ ചെയ്യാം.

കാരാഗൃഹ വാസത്തില്‍ പോലും പഠനം തുടരാന്‍ അവകാശം

ജയിലില്‍ നിന്നും ഓണ്‍ലൈനില്‍ പഠിതാവിന് വേണ്ട സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കാം എന്ന് കോളേജിന്റെ പ്രിന്‍സിപ്പാള്‍ കോടതിക്ക് മറുപടി നല്‍കിയത് വഴിത്തിരിവായത് കഴിഞ്ഞ വര്‍ഷമാണ്. വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചവര്‍ക്കും പഠനം തുടരാന്‍ അവകാശമുണ്ടെന്ന് ഹെക്കോടതിയുടെ ഡിവിഷന്‍ ബഞ്ചാണ് നിരീക്ഷിച്ചത്. പട്ടാക്ക സുരേഷ് ബാബു വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (2024 (1) KHC 55) ) ലെ വിധിന്യായത്തിന്റെ ചുവടുപിടിച്ച് സമാന വിഷയങ്ങള്‍ പിന്നെയും കേരള ഹൈക്കോടതി തീര്‍പ്പാക്കി. കോളേജ് വിദ്യാഭ്യാസ ഘട്ടത്തില്‍ പോലും ഈ അവകാശം നമ്മുടെ നീതിന്യായവ്യവസ്ഥ അനുവദിച്ച് നല്‍കുന്നുണ്ടെങ്കില്‍ കുറ്റാരോപിതരായ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിച്ചത് അവര്‍ക്ക് തെറ്റ് ചെയ്ത് പോയിട്ടുണ്ടെങ്കില്‍ തിരുത്താനുള്ള ജീവിതാവസരങ്ങളുടെ തുടക്കമായി കാണാം.

Content Highlights: Kerala Students Write Exam Despite Murder Charges