പട്ടാളനിയമം പ്രഖ്യാപിച്ച് സ്വന്തം കുഴിതോണ്ടി; പുറത്താക്കലിന്റെ വക്കിൽ ദക്ഷിണകൊറിയന്‍ പ്രസിഡന്റ്

#സിസി ജേക്കബ്
യുൻ സുക് യോൾ | Photo: AFP
യുൻ സുക് യോൾ | Photo: AFP

ഡിസംബർ രണ്ടിന് ദക്ഷിണകൊറിയൻസമയം രാത്രി 11-ന് ടെലിവിഷനിലൂടെ പ്രസിഡന്റ് യുൻ സുക് യോൾ രാജ്യത്തെ അഭിസംബോധനചെയ്തു. രാജ്യത്ത് അടിയന്തരപട്ടാളനിയമം പ്രഖ്യാപിച്ചു. പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി ഓഫ് കൊറിയ (ഡി.പി.കെ.) രാജ്യവിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു, ഉത്തരകൊറിയൻ കമ്യൂണിസ്റ്റുകളുമായി സഹകരിക്കുന്നു; കാര്യങ്ങൾ നേരേയാക്കാൻ പട്ടാളനിയമം പ്രഖ്യാപിക്കുന്നു. 1987-നുശേഷം ആദ്യമായി ദക്ഷിണകൊറിയയിൽ പട്ടാളനിയമം പ്രഖ്യാപിക്കാൻ യുൻ പറഞ്ഞ യുക്തി അതായിരുന്നു.

പട്ടാളവും പോലീസും പാർലമെന്റിന്റെ കാവലേറ്റെടുത്തു. പട്ടാളാധിപത്യത്തിന്റെ ഭൂതകാലം ഓർമ്മയുള്ള ദക്ഷിണകൊറിയക്കാർ പ്രതിഷേധിച്ചു. ഡി.പി.കെ. അതിനു നേതൃത്വംനൽകി. ഡി.പി.കെ. നേതാവ് ലീ ജെ മ്യുങ്ങിന്റെ നേതൃത്വത്തിൽ എം.പി.മാർ പട്ടാളത്തെ മറികടന്ന് പാർലമെന്റ് മന്ദിരത്തിൽ കയറി. അടിയന്തരയോഗംചേർന്ന് പട്ടാളനിയമത്തിനെതിരേ വോട്ടുചെയ്തു. ദക്ഷിണകൊറിയൻ പാർലമെന്റിന്റെ അധോസഭയായ നാഷണൽ അസംബ്ലിയിലെ 300 എം.പി.മാരിൽ ഭരണപക്ഷത്തെ പത്തുപേരുൾപ്പെടെ 190 പേർ പ്രഖ്യാപനത്തിനെതിരേ വോട്ടുചെയ്തു. ഭൂരിപക്ഷം എതിർത്താൽ പട്ടാളനിയമം പിൻവലിക്കണമെന്നാണ് ഭരണഘടനാചട്ടം. യുൻ സുക് യോളിന് നിയമം പിൻവലിക്കേണ്ടിവന്നു. ആറുമണിക്കൂർമാത്രമായിരുന്നു പട്ടാളനിയമത്തിന്റെ ആയുസ്സ്. പക്ഷേ, അത് യുൻ സുക് യോളിന്റെ രാഷ്ട്രീയ ആയുസ്സെടുത്തു. അത്‌ പൂർണമായി നടപ്പാകാൻ ചില നടപടിക്രമങ്ങൾമാത്രം ഇനി ബാക്കി.

രാജ്യത്തിന് സായുധഭീഷണിയുണ്ടാവുകയോ ജനത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സിവിലിയൻ സർക്കാരിനു കഴിയാതെവരുകയോ ചെയ്യുന്നസാഹചര്യത്തിൽ പട്ടാളനിയമം പ്രഖ്യാപിക്കാം എന്നാണ് ദക്ഷിണകൊറിയൻ ഭരണഘടനയിലെ വ്യവസ്ഥ. ഇത്തരം ഒരുഭീഷണിയും ഇല്ലാതിരിക്കെ, പ്രതിപക്ഷത്തെ പഴിചാരി സാങ്കല്പികഭീഷണി പറഞ്ഞ് പട്ടാളത്തെയിറക്കിയ യുൻ രാജിവെക്കണമെന്ന് പൊതുജനവും പ്രതിപക്ഷവും ആവശ്യപ്പെട്ടു. പ്രതിപക്ഷം യുന്നിനെതിരേ ഇംപീച്ച്‌മെന്റ് പ്രമേയംകൊണ്ടുവന്നു. പക്ഷേ, പട്ടാളനിയമപ്രഖ്യാപനത്തെ എതിർത്തെങ്കിലും ഭരണകക്ഷിയായ പീപ്പിൾ പവർ പാർട്ടി (പി.പി.പി.) യുന്നിന്റെ ഇംപീച്ച്‌മെന്റിനെ ആദ്യം അനുകൂലിച്ചില്ല. പ്രതിപക്ഷം വിട്ടുകൊടുത്തില്ല. ശനിയാഴ്ച വീണ്ടും ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചു. ഇത്തവണ പി.പി.പി.യിലെ 12 പേർ പ്രതിപക്ഷത്തിനൊപ്പം നിന്നു. 85-നെതിരേ 204 വോട്ടിന് പ്രമേയം പാസായി. പ്രസിഡന്റിന്റെ അധികാരം തത്കാലത്തേക്ക് പ്രധാനമന്ത്രി ഹാൻ ഡക്ക് സൂവിനു കൈമാറി.

പക്ഷേ, യുന്നിനെ അധികാരത്തിൽനിന്നു നീക്കുന്നതിന്റെ ആദ്യപടിയേ ആയിട്ടുള്ളൂ. ഇനി ശ്രദ്ധയത്രയും ഭരണഘടനാകോടതിയിലാണ്. യുന്നിനെ അധികാരത്തിൽനിന്നു പുറത്താക്കണോ അതോ ഇംപീച്ച്‌മെന്റ് തള്ളി അധികാരം പുനഃസ്ഥാപിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഭരണഘടനാകോടതിയാണ്. അതിന് 180 ദിവസമുണ്ട്. കോടതി നീക്കുകയോ യുൻ രാജിവെക്കുകയോ ചെയ്താൽ 60 ദിവസത്തിനുള്ളിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കണം.

ഭരണഘടനാകോടതി ഇംപീച്ച്‌മെന്റ് അംഗീകരിച്ചാൽ ഈ വിധിനേരിടുന്ന രണ്ടാം ദക്ഷിണകൊറിയൻ പ്രസിഡന്റാകും യുൻ. അഴിമതിക്കും അധികാരദുർവിനിയോഗത്തിനും 2017-ൽ പുറത്തായ പാർക്ക് ഗ്വെൻ ഹൈയാണ് ആദ്യത്തെയാൾ. അന്ന് രാജ്യത്തിന്റെ പ്രോസിക്യൂട്ടർ ജനറൽ യുൻ സുക് യോളായിരുന്നു എന്നത് വൈരുധ്യം. എന്നാൽ, റോ മുൻ ഹ്യുൻ എന്ന മറ്റൊരു പ്രസിഡന്റിന്റെ ഇംപീച്ച്‌മെന്റ് രണ്ടുമാസത്തെ ആലോചനയ്ക്കുശേഷം ഭരണഘടനാകോടതി തള്ളിക്കളഞ്ഞ ചരിത്രമുണ്ട്. 2004-ലായിരുന്നു അത്. പ്രസിഡന്റ് പാലിക്കേണ്ട രാഷ്ട്രീയനിഷ്പക്ഷത റോ പാലിച്ചില്ല എന്നതായിരുന്നു ഇംപീച്ച്‌മെന്റിനു കാരണം. ഭരണഘടനാകോടതിവിധിയോടെ അധികാരത്തിൽ തിരിച്ചെത്തിയ റോ ഭരണകാലം മുഴുവൻ തികച്ചാണ് പടിയിറങ്ങിയത്.

അഭിഭാഷകനായിത്തുടങ്ങി പ്രോസിക്യൂട്ടർ ജനറൽ പദവിയിൽവരെയെത്തിയ യുൻ, പ്രസിഡന്റാകുംവരെ മറ്റു രാഷ്ട്രീയപദവികളൊന്നും വഹിച്ചിട്ടില്ലായിരുന്നു. 2021 മാർച്ചിൽ അദ്ദേഹം പ്രോസിക്യൂട്ടർ ജനറൽ സ്ഥാനം രാജിവെച്ചു. 2022 മാർച്ചിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചു. ഡി.പി.കെ. സ്ഥാനാർഥിയായ ലീയെ നേരിയ ഭൂരിപക്ഷത്തിനു തോൽപ്പിച്ച് പ്രസിഡന്റായി. വലതുപക്ഷക്കാരനും യാഥാസ്ഥിതികനുമായ യുന്നിന്റെ പ്രതിച്ഛായ പെട്ടെന്നു മങ്ങി. യുന്നിന്റെകീഴിൽ ഉത്തര-ദക്ഷിണ കൊറിയ സംഘർഷം മൂർച്ഛിച്ചു. സ്ത്രീവിരുദ്ധനെന്ന് അറിയപ്പെടുന്ന യുന്നിന്റെ ഭാര്യയെ ചുറ്റിപ്പറ്റിയും ആരോപണങ്ങളുയർന്നു. അടുത്തവർഷത്തെ ബജറ്റുതുകയെച്ചൊല്ലി പ്രതിപക്ഷവുമായി ഭിന്നതയുടലെടുത്തു. ഇതെല്ലാം കത്തിനിൽക്കുമ്പോഴായിരുന്നു പട്ടാളനിയമപ്രഖ്യാപനം. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും ഒരിക്കൽപ്പോലും യുന്നിന്റെ പാർട്ടിക്ക് പാർലമെന്റിൽ ഭൂരിപക്ഷം കിട്ടിയില്ല. ഇക്കൊല്ലം ഏപ്രിലിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഡി.പി.കെ.യാണ് വൻവിജയം നേടിയത്. അതും യുന്നിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തി. അഞ്ചുവർഷമാണ് ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ കാലാവധി. ഇനിയും മൂന്നുവർഷം യുന്നിനു ബാക്കിയുണ്ട്. അപ്പോഴാണ് പട്ടാളനിയമപ്രഖ്യാപനത്തിന്റെപേരിൽ അടിതെറ്റിവീണത്.

Content Highlights: if the impeachment gets approved yoon suk yeol to be second president facing impeachment