കർണാടക കാമ്പസിൽ റാഗിങ്ങിൽ അന്നനാളം പൊളളിയ അശ്വതിക്ക് പറയാനുള്ളത് | പരമ്പര 1

ഫയൽ ചിത്രം
ഫയൽ ചിത്രം
നിയമവും ശിക്ഷയും കടുത്തതാണെങ്കിലും റാഗിങ്ങ് എന്ന പ്രാകൃത വിനോദം ഇന്നും നിര്‍ബാധം തുടർന്നുവരുന്നുണ്ട് നമ്മുടെ കലാലയങ്ങളില്‍. വളരെ ചുരുക്കം മാത്രം പുറത്ത് വരുന്നു. പലതും ഒതുക്കി തീര്‍ക്കപ്പെടുന്നു. ഇക്കാലത്തിനിടയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടവരും ഇന്നും ദുരിതം അനുവഭവിക്കുന്നവരുമേറെ. ഒറ്റ റാഗിങ്ങ് കൊണ്ട് ജീവിതം തന്നെ മാറിപ്പോയവരുണ്ട്. മാനസികമായി തളര്‍ന്ന് പഠനവും ഭാവിയും ഉപേക്ഷിച്ചവരുണ്ട്. എന്നിട്ടും ഈ ആള്‍കൂട്ട വിചാരണയ്ക്ക് അയവില്ല. വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ ബി.വി.വി.എസ്.സി വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശി സിദ്ധാര്‍ഥന്റെ ആത്മഹത്യയോട് കൂടി റാഗിങ്ങ് ഒരിക്കല്‍ കൂടെ ചര്‍ച്ചയാവുകയാണ്. എന്താണ് നമ്മുടെ കുട്ടികള്‍ക്ക് സംഭവിക്കുന്നത്. റാഗിങ്ങിന്റെ മാനസികാവസ്ഥയെന്ത് 'കൊല്ലുന്ന കാംപസ് വിചാരണ' - അന്വേഷണം.

എടപ്പാളിലെ അശ്വതിയെ മറന്നിട്ടുണ്ടാവില്ല കേരളം. 2016-ല്‍ കര്‍ണാടക കലുബര്‍ഗിയിലെ സ്വകാര്യ നഴ്‌സിംഗ് കോളേജില്‍ നിന്ന് മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ക്രൂര റാഗിങ്ങിന് ഇരയായി അന്നനാളത്തിന് ഗുരുതരമായി മുറിവേറ്റ് ഇന്നും വേദനയും ചികിത്സയും പേറി ജീവിക്കുന്ന പെണ്‍കുട്ടി. എട്ടു വര്‍ഷം പിന്നിട്ടിട്ടും ഇന്നുമവള്‍ക്ക് സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഴിഞ്ഞിട്ടില്ല. സ്വപ്നം കണ്ട ജീവിതവും വിദ്യാഭ്യാസവും തകര്‍ന്നു. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ നിന്ന് ഇന്ന് മറ്റൊരു റാഗിങ് ആത്മഹത്യാ വാര്‍ത്ത കൂടി പുറത്ത് വരുമ്പോള്‍ ആ ദുരിത ജീവിതത്തെ അശ്വതി ഒരിക്കല്‍ കൂടെ ഓര്‍ത്തെടുക്കുകയാണ്.

പ്ലസ്ടുവിന് 88 ശതമാനം മാര്‍ക്കുണ്ടായിരുന്നു അശ്വതിക്ക്. പിറന്നയുടനെ അച്ഛന്‍ ഉപേക്ഷിച്ചുപോയതോടെ അമ്മ ജാനകി കൂലിപ്പണിയെടുത്തായിരുന്നു അവളുടേയും ചേച്ചിയുടേയും പഠനവും മറ്റുകാര്യങ്ങളുമൊക്കെ നോക്കിയത്. പഠനം മാത്രമാണ് ജീവിതത്തില്‍ തനിക്ക് രക്ഷപ്പെടാനുള്ള ഏക വഴിയെന്ന് തിരിച്ചറിഞ്ഞ ഈ പെണ്‍കുട്ടി പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളിലെല്ലാം മുന്‍പന്തിയിലായി. നഴ്സാവാന്‍ കൊതിച്ചതുകൊണ്ടുമാത്രം പ്ലസ്്ടുവിന് സയന്‍സ് ബാച്ചെടുത്തു പഠിച്ചു. അങ്ങനെയാണ് കര്‍ണാടക കലുബര്‍ഗിയിലെ അല്‍ഖമാര്‍ എന്ന നഴ്സിംഗ് കോളേജില്‍ ബി.എസ്.സി നഴ്സിങ്ങ് പഠനത്തിനെത്തിയത്. പക്ഷെ അന്ന് കോളേജ് ഹോസ്റ്റലില്‍ നിന്ന് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമായ റാഗിങ്ങിന് ഇരയാവേണ്ടി വന്നതോടെ സ്വപ്നം കണ്ട ജീവിതം സമ്മാനിച്ചത് ഇന്നും മുക്തമാവാത്ത ദുരിതവേദനയാണ്.

കോളേജിലെ സൂപ്പര്‍സീനിയേഴ്സായിരുന്നു റാഗിങ് ചെയ്തത്. അവിടെ സൂപ്പര്‍സീനിയേഴ്സിന്റെ സപ്ലിമെന്ററി പരീക്ഷകള്‍ ജൂനിയേഴ്സ് എഴുതിക്കൊടുക്കണമെന്നായിരുന്നു അലിഖിത നിയമം. ഇതിന് സ്ഥാപനത്തിന്റെ സഹായവുമുണ്ടാവും. സ്ഥാപനം തന്നെ  കുറച്ചുപേരെ പരീക്ഷയ്ക്കായി നിര്‍ബന്ധപൂര്‍വം തിരഞ്ഞെടുക്കും. ആ സമയത്ത് അവധിയായിരുന്നിട്ട് പോലും പരീക്ഷ എഴുതിക്കൊടുക്കണമെന്ന കാര്യം പറഞ്ഞ് ഇവര്‍ക്ക് വീട്ടിലേക്ക് പോവാന്‍ അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ നാട്ടില്‍ പോവണമെന്ന് അശ്വതിയും കൂട്ടുകാരിയും നിര്‍ബന്ധം പിടിച്ചതോടെ രാത്രി എട്ടുപേരടങ്ങുന്ന വിദ്യാര്‍ഥിനികളുടെ സംഘം അതി ക്രൂരമായ റാഗിങ്ങിന് ഇരയാക്കുകയായിരുന്നു.

കര്‍ണാടകയില്‍ പ്രാദേശികമായി കിട്ടുന്ന ടോയ്‌ലെറ്റ് ക്ലീനിംഗ് ബലമായി കുടിപ്പിച്ചാണ് അന്നവര്‍ ഈ കുട്ടിയുടെ ജീവിതം തകര്‍ത്തത്. ഇതോടെ കഴുത്തുമുതല്‍ താഴോട്ട് പൊള്ളിനുറുങ്ങി. അന്നനാളത്തിനടക്കം ഗുരുതരമായി മുറിവേറ്റു. സംഭവം നടന്നിട്ട്  എട്ട് വര്‍ഷം കഴിയുമ്പോഴും തീരാത്ത ആശുപത്രി വാസമാണിപ്പോഴും. അന്നനാളം ഇടക്കിടെ ചുരുങ്ങിപ്പോവും. എല്ലാ മാസവും കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തി ചികിത്സ തുടരണം. ജീവിതകാലം മുഴുവന്‍ മരുന്നും ചികിത്സയും തുടരണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.  ഇതിനിടെ എം.എ ഫിലോസി പഠനവും നാട്ടിലെ ലൈബ്രറി ജോലിയുമൊക്കെയായി ജീവിതം തള്ളി നീക്കിയെങ്കിലും സ്വപ്നം കണ്ട നഴ്സിംഗ് പഠനം എന്നന്നത്തേക്കുമായി നിലച്ചു.

എടപ്പാളിനടുത്ത കണ്ടനാകം കോലത്ര കുന്നിലെ പാവപ്പെട്ട ദളിത് കുടുംബത്തിലെ അംഗമായ അശ്വതിക്ക് ആ റാഗിംങ്ങ് സമ്മാനിച്ച കടുത്ത മാനസികാഘാതത്തില്‍ നിന്നും ഇന്നും പൂര്‍ണമായും മുക്തമാവാനായിട്ടില്ല. നിരാശയും ദു:ഖവും ഈ കുട്ടിയെ തള്ളിവിട്ടത് കടുത്ത ഡിപ്രഷന്‍ അവസ്ഥയിലേക്ക് കൂടിയാണ്. മിടുക്കിയായി പഠിച്ചിരുന്നവളെ ഒറ്റ റാഗിങ്ങ് കൊണ്ടെത്തിച്ചത് തീരാ ദുരിരതത്തിലേക്ക്. കോലത്ര കുന്നിലെ ചെറിയ ഓടിട്ട വീട്ടില്‍ അമ്മാവന്‍മാര്‍ക്കും അമ്മയ്ക്കുമൊപ്പമാണ് ഇപ്പോള്‍ അശ്വതിയുടെ താമസം. എഫ്.ഐ.ആര്‍ കോപ്പിയടക്കം പഴയ ഓര്‍മകളേയെല്ലാം അവൾ കഴിഞ്ഞയാഴ്ചയാണ് അഗ്‌നിക്കിരയാക്കിയത്.  തനിക്ക് അങ്ങനെയൊരു ജീവിതമുണ്ടായിരുന്നുവെന്ന് ഓര്‍ക്കാന്‍ പോലും പേടിയാണ് അവൾക്ക്

 

അന്നനാളം ചുരുങ്ങുന്നതുകൊണ്ടു തന്നെ ഇഷ്ടമുള്ള ഭക്ഷണം പോലും കഴിക്കാന്‍ പറ്റുന്നില്ല ഇപ്പോഴും. കുടുംബത്തിലോ സുഹൃത്തുക്കളുടേയോ എന്തെങ്കിലും വിവാഹത്തിനോ മറ്റോ പോയാല്‍ പോലും പേടിയോടെയല്ലാതെ ഒന്നും കഴിക്കാന്‍ പറ്റില്ല. അസുഖം വരുമ്പോള്‍ കടുത്ത വയറുവേദനയും ഛര്‍ദിയുമാണ്-അശ്വതി പറയുന്നു.  

28 ദിവസത്തോളമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം കഴിഞ്ഞുകൂടിയത്. പ്രമുഖ സ്വകാര്യ ആശുപത്രിപോലും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് പറഞ്ഞതോടെയായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കെത്തിച്ചിരുന്നത്. ഡോക്ടര്‍മാര്‍ പോലും കയ്യൊഴിഞ്ഞിടത്ത് നിന്ന് ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും ഈ ക്രൂരതയ്ക്ക് ഉത്തരവാദികളായവര്‍ ആ കോളേജിലെ മലയാളികളായിരുന്ന വിദ്യാര്‍ഥിനികള്‍ ആയിരുന്നുവെന്നതാണ് ഏറ്റവും സങ്കടം. കേസും കോടതിയുമൊക്കയായി ആ കാലം കഴിഞ്ഞുപോയെങ്കിലും മറക്കാന്‍ കഴിയുന്നില്ല അവൾക്കാ ആ ദിവസങ്ങള്‍. പിന്നീട് കോഴിക്കോട് ജെ.ഡി.ടി കോളേജ് പഠനം പൂര്‍ത്തിയാക്കാനുള്ള വഴിയൊരുക്കിയിരുന്നുവെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ അതിനും സമ്മതിക്കാതായതോടെ നഴ്സിങ്ങ് ഉപേക്ഷിക്കേണ്ടി വന്നു. അതിന് ശേഷമാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂര വിദ്യഭ്യാസത്തിലൂടെ എം.എ ഫിലോസഫി ചെയ്തുകൊണ്ടിരിക്കുന്നത്.  

കേസിനായി പലപ്പോഴും കര്‍ണാടകയില്‍ പോയി വരേണ്ട അവസ്ഥയായിരുന്നു. കേസ് വിളിക്കുന്ന സമയത്ത് ചിലപ്പോള്‍ ശാരീരികമായ അവശതകൊണ്ട് പോവാനും കഴിയാറില്ല. അതിനൊപ്പം വലിയ സാമ്പത്തിക ചിലവും വേണം. ഒടുവില്‍ എല്ലാം ഉപേക്ഷിച്ച് വിട്ടുവീഴ്ച ചെയ്തു. ഇന്ന് തൊഴിലുറപ്പിന് പോവുന്ന അമ്മയുടെ വരുമാനമാണ് അവര്‍ക്കുള്ളത്. അച്ഛനില്ലാത്തതിന്റെ വിഷമം അറിയിക്കാതെ അമ്മാവന്‍മാര്‍ നോക്കുന്നുണ്ടെങ്കിലും സ്വന്തം കാലില്‍ നില്‍ക്കുക എന്ന അശ്വതിയുടെ സ്വപ്നമാണ് ഒറ്റ റാഗിങ്ങ് കൊണ്ട് ഇല്ലാതായത്. ഇത് എടപ്പാളിലെ അശ്വതിയിലോ തിരുവന്തപുരത്തെ സിദ്ധാര്‍ഥിലോ അവസാനിക്കുന്നതല്ല. 

രാഷ്ട്രീയ പ്രവര്‍ത്തനം ക്രിമിനല്‍ പ്രവര്‍ത്തനമായി മാറി

"ക്യാമ്പസുകളുടെ അരാഷ്ട്രീയതയാണ് ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പസുകളില്‍ നടത്താന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. പഴയ  കാലത്തു നിന്നും വ്യത്യസ്ഥമായി ക്യാമ്പസ് രാഷ്ട്രീയത്തിലും വ്യത്യാസം വന്നിട്ടുണ്ട്. വിദ്യാര്‍ഥികളില്‍  സാമൂഹിക ബോധം, രാഷ്ട്രീയ ബോധം എന്നിവ വളര്‍ത്തേണ്ട ക്യാമ്പസ് രാഷ്ട്രീയം ഇന്ന് പലതിനും മറയായി മാറിപ്പോയിരിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പുതിയ കാലത്തെ രാഷ്ട്രീയ നേതൃത്വത്തിനും താത്പര്യമില്ലാതായി മാറി. ആരാണോ ആ ക്യാമ്പസിലെ പ്രബലര്‍ അവര്‍ക്ക് വഴങ്ങി പഠനം നടത്തേണ്ട അവസ്ഥയിലേക്ക് നമ്മുടെ ക്യാമ്പസുള്‍ മാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പരാതിപ്പെടാന്‍ വിദ്യാര്‍ഥികള്‍ക്കും പേടിയാണ്. എന്ത് അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയാലും അതിന് സംരക്ഷണം നല്‍കാന്‍ രാഷ്ട്രീയം ഒരു മറയായി സ്വീകരിക്കാമെന്ന കുട്ടികളിലെ പുതിയ ബോധമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടര്‍ന്നുപോരാന്‍ കാരണം."- ഷാജര്‍ഖാന്‍(സേവ് യൂണിവാഴ്‌സിറ്റി ഫോറം)
 
എവിടെ ആന്റി റാഗിങ്ങ് സെല്ലുകള്‍, എന്തുകൊണ്ട് അധികൃതര്‍ കണ്ണടയ്ക്കുന്നു. അതെ കുറിച്ച് നാളെ.

Content Highlights: feature on ragging issues in campus