റേഷനരിയുടെ കഞ്ഞി വെള്ളം കൊണ്ട് വയറു നിറയ്ക്കുന്നൊരു ഉമ്മ, വിഷമഴയില്‍ ഉരുകിപ്പോയ ജീവിതങ്ങള്‍

'പടച്ചോനെ ഓര്‍ത്തിട്ടാ ഞമ്മള് ചത്ത് കളയാത്തത് '...റസിയുമ്മ മുഖം പൊത്തി വിങ്ങിപ്പൊട്ടി. നീരുവന്ന് വീര്‍ത്ത വിരലുകള്‍ക്കിടയിലൂടെ വേദന ഒലിച്ചിറങ്ങി. നിറം മങ്ങി നരച്ച തലയിലെ തട്ടത്തില്‍ ആ കണ്ണീരുപ്പ് അമര്‍ത്തി തുടച്ചു. ചുവന്ന കണ്ണാഴങ്ങളില്‍ ഇനിയും ഉണങ്ങാത്ത മുറിവിന്റെ വേദനകാണാം. അടുപ്പിലെ കഞ്ഞി പാത്രത്തില്‍ നിന്നും പൊടുന്നനെ ഉയര്‍ന്ന ആവി അവരുടെ മുഖം മറച്ചു.
ചുറ്റിലും കണ്ണോടിച്ചപ്പോള്‍ പണ്ടെങ്ങോ ആളൊഴിഞ്ഞ വീട്ടിലെ അടുക്കളയ്ക്ക് സമാനമാണവിടം. അടുപ്പിന് അരികിലായുള്ള മസാലപ്പൊടികളുടെ പാത്രങ്ങള്‍ എല്ലാം കാലി. തട്ടിന് മുകളിലെ പാത്രങ്ങളിലാകെ ചിലന്തി വല. റേഷനരി സൂക്ഷിക്കുന്ന സഞ്ചിയും കാലിയാകാറായി. ഞങ്ങള്‍ക്കിടയിലെ നിശ്ശബ്ദതയില്‍ അരി തിളയ്ക്കുന്ന ശബ്ദം മാത്രം. റസിയുമ്മകഞ്ഞി രണ്ട് പാത്രങ്ങളിലായി ഒഴിച്ചു.കറപിടിച്ച ഉപ്പ് പാത്രം പുറത്തെടുത്തപ്പോള്‍ വലിയൊരു പാറ്റ, ഇരുട്ടില്‍ എവിടെയോ അത് മറഞ്ഞു. പാത്രത്തില്‍ അവശേഷിച്ച ഉപ്പ് കൈകൊണ്ട് വടിച്ചെടുത്ത് കഞ്ഞിയിലേക്കിട്ടു.
ചലനമറ്റുപോയ ഇരുപത്തിനാലുകാരി അസിരിഫയും ഇരുപത്തിയാറുകാരന്‍ അര്‍ഷാദും ഉമ്മയെ കാത്ത് കിടക്കുന്നുണ്ട്. ഇരുട്ടു മൂടിയ മുറിയിലെ ഉമ്മയുടെ കാലനക്കം അസിരിഫ വേഗം തിരിച്ചറിഞ്ഞു. ഉമ്മായ്ക്ക്ക് മാത്രം അറിയാവുന്ന ഭാഷയില്‍ അവള്‍ എന്തൊക്കെയോ ശബ്!ദമുണ്ടാക്കി. അര്‍ഷാദിന് അതും സാധിക്കില്ല. കാഴ്ച്ചയും സംസാരശേഷിയും ചലനവും നഷ്ട്ടമായ രണ്ട് ജീവനുകള്‍ മാത്രമാണ് ഇരുവരും.അവരെ ചേര്‍ത്തിരുത്തി ഊതി തണുപ്പിച്ച കഞ്ഞി ഓരോ സ്പൂണായി കൊടുത്തു.
എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്തിറങ്ങിയ മണ്ണിലെ ജീവിക്കുന്ന രക്തസാക്ഷികളാണ് റസിയയും ആ രണ്ട് മക്കളും. തുച്ഛമായ പെന്‍ഷനിലാണ് ജീവിതം മുന്നോട്ടു പോകുന്നത്. എന്നാലിപ്പോള്‍ പെന്‍ഷന്‍മുടങ്ങിയിട്ട് ആറുമാസമായി. ഇരകളായമഹാഭൂരിപക്ഷം ദരിദ്ര കുടുംബങ്ങള്‍ക്കും ആകെയുള്ള ആശ്വാസം സൗജന്യമായി ലഭിക്കുന്ന മരുന്നുകളും പെന്‍ഷനുമാണ്. പാതിയറ്റ ആ ജീവിതങ്ങളുടെ സമാശ്വാസങ്ങള്‍ക്ക് മുകളിലാണ് സര്‍ക്കാര്‍ ചുവപ്പുനാടകൊണ്ട് വല കെട്ടുന്നത്.
റസിയ ഉമ്മയുടെ ജീവിതം ആയിരങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ ആഴം കാണിക്കും. അടുക്കളയിലെ കാലിയായ പാത്രങ്ങളും അരിക്കലവും ഇനിയും സര്‍ക്കാര്‍ കാണുന്നില്ലെങ്കില്‍ മറ്റൊരു മഹാ ദുരന്തത്തിന് കൂടെ കാസര്‍ക്കോട് സാക്ഷിയാകും... പാതി പ്രാണനായ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ വയറൊട്ടി വിശന്നു വീണേക്കാം. വിഷം കലര്‍ന്ന മണ്ണില്‍ അവശേഷിച്ച ശ്വാസവും ദീര്‍ഘനിശ്വാസമെടുത്തേക്കാം...
പെയ്തിറങ്ങിയ വിഷമഴ
ബളാപ്പാടി എന്ന കാസര്‍ക്കോടന്‍ ഉള്‍ഗ്രാമത്തിലേക്ക് പത്തൊന്‍പതാം വയസ്സിലാണ് നാസറിന്റെ കൈപിടിച്ച് റസിയ എത്തുന്നത്. മലമുകളിലെ കശുമാവിന്‍ തോട്ടങ്ങള്‍ക്ക് നടുവിലായി ചെറിയ ഒരു വീട്. ജീവിതത്തിന്റെ എല്ലാ നിറങ്ങളും പൂവിടുമെന്ന പ്രതീക്ഷയില്‍ ദിവസങ്ങള്‍ കടന്നുപോയി. കീടനാശിനിയില്‍ നനഞ്ഞു നില്‍ക്കുന്ന കശുമാവിന്‍ തോട്ടങ്ങള്‍ ആദ്യമൊക്കെ കൗതുകമായി. ശാരീരിക അസ്വസ്ഥതകള്‍ അലട്ടിയപ്പോഴും അവയിലേക്ക് വിരല്‍ ചൂണ്ടാനുള്ള അറിവ് ഉണ്ടായില്ല.
ജീവിത വഴികളില്‍ അഞ്ച് മക്കള്‍ കൂട്ടായി വന്നു. മൂന്നാമനായ അര്‍ഷാദിനും നാലാമത്തെ കുട്ടി അസരിഫയ്ക്കും ജനിച്ചു ദിവസങ്ങള്‍ക്കകം കണ്ട അസ്വാഭാവികത ആദ്യമൊന്നും കാര്യമാക്കിയില്ല. മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് തന്റെ മക്കളുടെ ജീവിതത്തിനേറ്റ മുറിവ് റസിയ തിരിച്ചറിഞ്ഞത്. കീടനാശിനികള്‍ സ്വപ്‌നങ്ങളും കാര്‍ന്ന് തിന്നെന്ന യാഥാര്‍ഥ്യം കരയാനാവാത്തവിധം ഉള്ളുപൊള്ളിച്ചു.
ചികിത്സക്ക് വലിയ സാധ്യതകള്‍ ഇല്ലെന്ന് അന്നേ ഡോക്റ്റര്‍ അടിവരയിട്ടതാണ്. ഇരുട്ട് കയറിയ കണ്ണുകളും ചലനമറ്റ ശരീരവുമായി രണ്ട് മക്കള്‍ ഒരുപോലെ വളര്‍ന്നു. തുടര്‍ച്ചയായ അപസ്മാരം ഇരുവരെയും നിഴലുപോലെ പിന്തുടര്‍ന്നു. ചെറിയ നടവഴി മാത്രമുള്ള കുന്നില്‍ മുകളിലെ വീട്ടില്‍ നിന്ന് ആശുപത്രിയില്‍ പോകുന്നതും വലിയ പ്രതിസന്ധിയായി.
മക്കളുടെ അവശേഷിച്ച ജീവനും നഷ്ടമാകുമെന്ന ഘട്ടത്തിലാണ് വീടുമാറാന്‍ തീരുമാനിച്ചത്. പാതിവെന്ത ജീവനുകളുമായി മലറിയങ്ങുമ്പോഴും പേരറിയാത്ത കീടനാശിനികള്‍ തോട്ടങ്ങളില്‍ തളിച്ചിരുന്നു.
ഒടുങ്ങാത്ത ദുരിതക്കയങ്ങള്‍
നീലേശ്വരം ശാസ്താംപാറയില്‍ മനുഷ്യസ്‌നേഹിയായ ഒരാള്‍ ആറുസെന്റ് സ്ഥലവും ഒരു ചെറിയ വീടും കൊടുത്തു. വലിയ കരിങ്കല്‍ പാറക്ക് മുകളില്‍ തറയില്ലാതെ കെട്ടിയ വീട്ടിലേക്ക് മഴപെയ്താല്‍ വെള്ളം കിനിഞ്ഞിറങ്ങും. നീര്‍ച്ചാലുകളായി ഇരച്ചെത്തുന്ന മഴവെള്ളം ഇന്ന് ജീവിതത്തെയാകെ വെല്ലുവിളിക്കുന്നുണ്ട്. ഹൃദ്രോഗം ഭര്‍ത്താവിന്റെ ജീവനെടുത്തപ്പോള്‍ എല്ലാ അര്‍ത്ഥത്തിലും തനിച്ചായി.
ബീഡി കമ്പനിയിലെ ചെറിയ ജോലിയാണ് അഞ്ച് മക്കളുടെ വിശപ്പകറ്റിയത്. പ്രായമായ മറ്റ് മക്കള്‍ അവരുടെ ജീവിത വഴികളില്‍ സഞ്ചരിച്ചപ്പോള്‍ റസിയയും ചലനമറ്റ രണ്ടു ജീവനുകളും തനിച്ചായി. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്കും ഉമ്മ വേണം. അവരുടെ ശരീരവും കാഴ്ച്ചയും ശബ്ദവും ആ ഉമ്മയാണ്. അവരെ തനിച്ചാക്കി വീടുവിട്ട് ഇറങ്ങിയ കാലം ഓര്‍ക്കുന്നില്ല. ഇരുവര്‍ക്കുമിടയിലെ ഒറ്റ നിഴലായി എപ്പോഴും ഉണ്ടാകണം. ഒരു ജോലിക്കും പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്.
വിശപ്പിന് കീഴ്‌പ്പെടാതെ ജീവിച്ചത് റേഷനരിയും പെന്‍ഷനും ഉള്ളതുകൊണ്ടാണ്. അക്കാലത്തിനിടക്ക് റസിയക്കുമുന്നില്‍ കാലം വീണ്ടും ക്രരൂരമായി. മറ്റ് അസുഖങ്ങള്‍ക്കൊപ്പം ഗര്‍ഭപാത്രത്തിലെ മുഴ ജീവന് ഭീഷണിയാകുന്ന അവസ്ഥയിലെത്തി. സ്വരുക്കൂട്ടി വച്ചതെല്ലാം ഓപ്പറേഷനും മറ്റ് ചികിത്സാ ചിലവിനുമായി.'ഇന്ന് ഒരു രൂപ എന്റെ കൈയിലില്ല', എന്നു പറയുമ്പോള്‍ പിടയ്ക്കുന്ന ഹൃദയതാളം അവരുടെ കണ്ണാഴങ്ങളില്‍ നനവ് പടര്‍ത്തി. ആ വേദന കാണാതിരിക്കാന്‍ തട്ടം മുഖത്തേക്ക് വലിച്ചിട്ടു.കാഴ്ച്ച പോലും കരുണ കാണിക്കാത്ത മക്കളെ നോക്കി വേദനയോടെ കഞ്ഞി ഊട്ടി.
വിശപ്പിന്റെ ആഴം
ആറുമാസത്തെ കടമുണ്ട് പലചരക്കുകടയില്‍. പറ്റ് കൂടിയപ്പോള്‍ ഒന്നും വാങ്ങാതായി. റേഷനരിയുടെ കഞ്ഞി മാത്രമാണ് ഇപ്പോള്‍ ആമാശയം നിറയ്ക്കുന്നത്. മലയാളികള്‍ ഓണമുണ്ടപ്പോഴും ആ ഉമ്മ വറ്റില്ലാത്ത കഞ്ഞിയാണ് കുടിച്ചുറങ്ങിയത്. ഇനി എത്ര നാള്‍ എന്ന ചോദ്യം ഇടക്കിടെ അവര്‍ എന്നോട് ആവര്‍ത്തിച്ചു, സര്‍ക്കാരിനെ പോലെ കേട്ട ഭാവം നടിക്കാതെ ഞാനും ഇരുന്നു.
ഓണത്തിനെങ്കിലും പെന്‍ഷന്‍ തരണമെന്ന ആവശ്യം ഉയര്‍ന്നു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സിവില്‍ സ്റ്റേഷന് മുന്നില്‍ ഇലയിട്ട് സമരം നടത്തി. പ്രാണനില്‍ വിഷം വിളമ്പിയവര്‍ ആ മനുഷ്യരെയൊന്നും കണ്ടതേയില്ല.റസിയ ഉമ്മയെ പോലുള്ള നൂറുകണക്കിന് അമ്മമാര്‍ തങ്ങളുടെ ജീവിതമാകെ ഇരകളാക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്കുവേണ്ടി സമര്‍പ്പിച്ചവരാണ്. അവരെയാണ് അന്നം കൊടുക്കാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വെല്ലുവിളിക്കുന്നത്.
ചുറ്റിലും നടക്കുന്നത് ഒന്നും തിരിച്ചറിയാന്‍ സാധിക്കാത്ത രണ്ട് ജീവനുകള്‍ ശാസ്താംപാറയിലെ ആ വീട്ടിലുണ്ട്. അവര്‍ക്കിപ്പോള്‍ വിശക്കുന്നുണ്ട്. അതൊന്നു പറയാന്‍ പോലും ഇരുവര്‍ക്കുമാവില്ല... വിശപ്പ് ചെറിയ അനുഭവമല്ല സാറെ..
Content Highlights: Endosulfan crisis in kasargod