വേഷം, നടപ്പ് ഒക്കെവെച്ച് എന്നെ അളക്കുന്നവരോട് എനിക്ക് ഒന്നും പറയാനില്ല- ദയാബായി

#ശ്വേത മേലത്ത്
ദയാബായ് | ഫോട്ടോ: പി. ജയേഷ്
ദയാബായ് | ഫോട്ടോ: പി. ജയേഷ്

കറുത്ത നിറത്തിന്റെ പേരില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് അവഹേളനം നേരിടേണ്ടിവന്നു. നിറത്തിന്റെയും വേഷത്തിന്റെയും മറ്റും പേരിലുള്ള അവഹേളനം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇത്തരം അവഹേളനം നേരിടേണ്ടിവരികയും അതിനെ പ്രതിരോധിക്കുകയും ചെയ്ത സാമൂഹികപ്രവര്‍ത്തക ദയാബായി മാതൃഭൂമി പ്രതിനിധി ശ്വേത മേലത്തുമായി സംസാരിക്കുന്നു.

ഒരു വ്യക്തിയെ കാണുമ്പോള്‍ ചിലരുടെയെങ്കിലും ഉപബോധമനസ്സില്‍ കയറിക്കൂടുന്ന കുറേ കാര്യങ്ങളുണ്ട്. മുന്നില്‍നില്‍ക്കുന്ന വ്യക്തിയുടെ നിറം, ശാരീരികഘടന, വേഷം അങ്ങനെ പലതും. ഇതൊക്കെ കൂട്ടിച്ചേര്‍ത്ത് അവര്‍ ആ വ്യക്തിയെ വിലയിരുത്തും. ആദ്യകാഴ്ചയാണ് ഇതിനടിസ്ഥാനം. എന്നാല്‍, അവര്‍ ആരാണെന്നോ ഏത് പദവിയിലുള്ളവരാണെന്നോ രണ്ടാമത് മാത്രമേ പരിഗണിക്കൂ. വേഷവിധനത്തിന്റെ പേരിലും ഒരു സ്ത്രീ എന്ന നിലയിലും തനിക്ക് ഏല്‍ക്കേണ്ടിവന്ന ദുരനുഭവങ്ങളെയും അതിനെ എങ്ങനെ നേരിടണമെന്നതിനെയും കുറിച്ച് സാമൂഹികപ്രവര്‍ത്തക ദയാബായി 'മാതൃഭൂമി'യോട് സംസാരിക്കുന്നു.

? ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് നിറത്തിന്റെ പേരില്‍ നേരിടേണ്ടവന്ന അധിക്ഷേപം അറിഞ്ഞുകാണുമല്ലോ. ഇത്തരം അനുഭവങ്ങള്‍ ദയാബായിയുടെ സാമൂഹികപ്രവര്‍ത്തന ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടോ.

= ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് ഏല്‍ക്കേണ്ടിവന്ന അധിക്ഷേപത്തെക്കുറിച്ച് അറിഞ്ഞില്ല. ഞാന്‍ കുറച്ചുദിവസമായി മധ്യപ്രദേശിലാണ്. നിറത്തിന്റെ പേരില്‍ അല്ലെങ്കിലും വേഷത്തിന്റെ പേരിലും ശരീരഘടനയുടെ പേരിലും പലസ്ഥലങ്ങളില്‍നിന്നും ദുരനുഭവങ്ങള്‍ നേരിട്ടിട്ടുണ്ട്. ഞാന്‍ നേരിട്ടിട്ടുള്ള ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഒരു പുസ്തകമാക്കാന്‍ മാത്രമുണ്ട്. ഒറ്റനോട്ടത്തില്‍ കാണുമ്പോള്‍ എങ്ങനെയാണോ തോന്നുന്നത് അതാണ് അവരെന്ന് സമൂഹം വിലയിരുത്തും. തുടര്‍ന്നുള്ള സമീപനവും അതിന്റെയടിസ്ഥാനത്തിലാണ്. തീവണ്ടിയില്‍ യാത്രചെയ്യുമ്പോള്‍ ഭിക്ഷ ചോദിച്ചുവന്ന ഒരാള്‍ എന്നോട് മാത്രം ചോദിക്കാതെ പോയ അനുഭവവുമുണ്ട്. ഞാന്‍ ഒരു സിനിമയ്ക്ക് വേണ്ടി ഒരാളെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കഥാപാത്രത്തിന് വേണ്ട മറ്റെല്ലാ ഗുണങ്ങളും ഉണ്ടായിട്ടും നിറം കറുപ്പ് എന്ന കാരണത്താല്‍ അവരെ മാറ്റിനിര്‍ത്തി.

? കേരളത്തില്‍ മാത്രമാണ് ഈ വിവേചന കാഴ്ചപ്പാട് നിലനില്‍ക്കുന്നതെന്ന് തോന്നിയിട്ടുണ്ടോ.

= കേരളത്തില്‍നിന്നും മറ്റു സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടെയുള്ള കേരളീയരില്‍നിന്നുമാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളത്. മധ്യപ്രദേശില്‍നിന്ന് കേരളത്തിലേക്ക് വരുന്ന വഴി ട്രെയിനില്‍ എനിക്ക് ഒരു അനുഭവമുണ്ടായി. എന്റെ മുന്നില്‍ ദമ്പതിമാര്‍ ഇരിക്കുന്നുണ്ടായിരുന്നു. വളരെ പുച്ഛഭാവത്തോടെ അവര്‍ എന്നെ നോക്കി. തുടര്‍ന്ന് അയാള്‍ സ്ത്രീയോട് പറഞ്ഞു. 'നോക്കെടീ ഒരു സാധനം'. ഒരു മനുഷ്യന്റെ മുഖമാണ് മുന്നിലെന്ന് പോലും നോക്കാതെ അവര്‍ എന്നെ അഭിസംബോധന ചെയ്തത് 'സാധനം' എന്നായിരുന്നു. ആ സമയം ഞാന്‍ എന്തോ ഇംഗ്ലീഷില്‍ എഴുതുകയായിരുന്നു അപ്പോള്‍ വന്ന കമന്റ് 'ഇംഗ്ലീഷ് ഒക്കെ അറിയാം' എന്നായിരുന്നു. ഇത്തരത്തിലുള്ള മനോഭാവമാണ് മാറേണ്ടത്. നമ്മള്‍ മനുഷ്യരാണ് എന്ന മനോഭാവമാണ് വളര്‍ത്തിയെടുക്കേണ്ടത്. 2015 ഡിസംബര്‍ 17-ന് സ്ത്രീത്വത്തെ അപമാനിച്ച് ബസില്‍ നിന്നുവരെ ഇറക്കിവിട്ട ഒരു അനുഭവമുണ്ടായിരുന്നു.

അവസാനം റോഡില്‍ ഇറക്കിവിട്ട കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് മാപ്പ് നല്‍കിയാണ് ആ കേസ് അവസാനിപ്പിച്ചത്.

? ഇത്തരക്കാരോട് എന്താണ് പറയാനുള്ളത്

= വേഷം, നടപ്പ് അതൊക്കെ വെച്ച് എന്നെ അളക്കുന്നവരോട് എനിക്ക് ഒന്നും പറയാനില്ല. 1980 കാലഘട്ടത്തില്‍ 40 വയസ്സുള്ളപ്പോഴാണ് ഞാന്‍ മധ്യപ്രദേശില്‍ ആദിവാസികള്‍ക്കൊപ്പം അഞ്ച് രൂപയ്ക്ക് കൂലിവേല ചെയ്തത്. നമ്മുടെ നിറമോ സൗന്ദര്യമോ ഒന്നുമല്ല മനസ്സിലെ നന്മയും വ്യക്തിത്വവുമാണ് മുഖ്യം..

? കേരളത്തില്‍നിന്ന് ഇത്തരം കാര്യങ്ങളില്‍ മധ്യപ്രദേശ് വേറിട്ടുനില്‍ക്കുന്നതായി തോന്നിയിട്ടുണ്ടോ

= കേരളത്തിലാണ് ഇത്തരം ചിന്താഗതികള്‍ കൂടുതലെന്ന് ഞാന്‍ പറഞ്ഞില്ലേ. അതിനുള്ള കാരണമിതാണ്. മധ്യപ്രദേശില്‍ ഉയര്‍ന്ന റാങ്കില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ അടക്കം എനിക്ക് നല്‍കുന്ന ബഹുമാനം വളരെ വലുതാണ്. അവിടെ വേഷമോ നിറമോ ഒന്നും കാര്യമല്ല. നമ്മളാണ് പ്രധാനം. കേരളത്തില്‍ ധരിച്ചിട്ടുള്ള വേഷത്തിന് ശ്രദ്ധ കിട്ടുമ്പോള്‍ മധ്യപ്രദേശില്‍ എന്റെ കൈയക്ഷരം വരെ അവര്‍ ശ്രദ്ധയോടെ നിരീക്ഷിക്കുന്നതായി തോന്നിയിട്ടുണ്ട്.

? ഇക്കാര്യങ്ങളില്‍ പുതുതലമുറയോട് എന്താണ് പറയാനുള്ളത്

= എനിക്ക് പറയാനുള്ളത് രക്ഷിതാക്കളോടാണ്. നമ്മള്‍ കുട്ടികളെ ഏതുരീതിയില്‍ വളര്‍ത്തുന്നോ അതാണ് അവര്‍ ആയിത്തീരുക. ചെറുപ്പം മുതല്‍ ഈ തരംതിരിവ് അവരുടെ ഉള്ളില്‍ കയറാതെ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. കൃത്യമായ അവബോധം അവര്‍ക്കുണ്ടാകണം. പ്രകൃതിയെ അറിഞ്ഞ് കുട്ടികള്‍ വളരണം.

Content Highlights: Social worker Dayabai shares her experiences of colorism and discrimination in Kerala