അന്വേഷണം നടത്തി നടപടി സ്വീകരിക്കും; മാതൃഭൂമി ഡോട്ട് കോം വാർത്തയിൽ ഇടപെട്ട് ബാലാവകാശ കമ്മീഷന്‍

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഗോവണിയും ഇടനാഴിയും നിലവിലുള്ള പത്തനംതിട്ട ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളിന്റെ നടപടി പ്രാകൃതമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ.വി. മനോജ് കുമാര്‍. വിഷയത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഇടനാഴി, പ്രത്യേക ഗോവണി, ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്‌കൂളില്‍ വെച്ച് പരസ്പരം മിണ്ടാന്‍ പാടില്ല, തുടങ്ങി തങ്ങള്‍ നേരിടുന്ന വിവേചനങ്ങളെ കുറിച്ച് സ്‌കൂളിലെ ചില വിദ്യാര്‍ഥികള്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിച്ചിരുന്നു. ഈ വാര്‍ത്തയെ തുടര്‍ന്നാണ് കമ്മീഷന്റെ ഇടപെടല്‍.
ചെയര്‍പേഴ്‌സണ്‍
അഡ്വ കെ. വി മനോജ് കുമാര്‍
"ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഉള്ള പ്രത്യേക ഗോവണിയും കോറിഡോറും അതുപോലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്‌കൂളില്‍വെച്ച് പരസ്പരം മിണ്ടാന്‍ പാടില്ല എന്നുമുള്ള സ്‌കൂള്‍ അധികൃതരുടെ നടപടി പ്രകൃതമാണ്. ഇവര്‍ ജീവിക്കുന്നത് വര്‍ത്തമാന കാലത്തിലാണെങ്കിലും ചിന്തകള്‍ ശിലായുഗത്തിലേതാണെന്ന് കരുതേണ്ടി വരും. സാമൂഹിക ബന്ധങ്ങളുടെ അടിസ്ഥാന പാഠങ്ങള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ ഇത്തരമൊരു അപരിഷ്‌കൃത സംവിധാനമൊരുക്കുന്നത് നാടിന് കളങ്കമുണ്ടാക്കും. ഈ കാര്യത്തില്‍ കമ്മീഷന്‍ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കും." കെ.വി. മനോജ് കുമാർ പറഞ്ഞു
സ്‌കൂളില്‍ അധ്യാപികമാര്‍ കോട്ടിട്ട് വരണമെന്ന് നിര്‍ബന്ധമുള്ളതില്‍ പ്രതിഷേധിച്ച് റാണി എന്ന അധ്യാപിക അടുത്തിടെ രാജിവെച്ചിരുന്നു. ഈ സംവിധാനങ്ങള്‍ മാറണമെന്നും കുട്ടികള്‍ക്കെതിരേയുള്ള വിവേചനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു രാജി.
Content Highlights: Child right commission intervention,Pathanamthitta little flower school,mathrubhumi impact