ഉലയുന്ന അയല്‍പക്കങ്ങള്‍, ബംഗ്ലാദേശ് വിപ്ലവം വിളിച്ചുപറയുന്നത്

പ്രത്യക്ഷത്തില്‍ ധാക്കയിലെ സംഭവവികാസങ്ങള്‍ ദീര്‍ഘകാലം അധികാരത്തില്‍ത്തുടര്‍ന്ന സ്വേച്ഛാധിപതി സ്വന്തം അഹംഭാവത്തിനുതന്നെ ഇരയാകുന്നതിന്റെ മറ്റൊരുദാഹരണമാണ്. മോശം നയങ്ങളോടുള്ള കടുംപിടിത്തവും സ്വേച്ഛാധിപത്യപ്രവര്‍ത്തനങ്ങളും ഹസീനയുടെ സര്‍ക്കാരിനെ ജനങ്ങളില്‍നിന്ന്, പ്രത്യേകിച്ച് യുവാക്കളില്‍നിന്നകറ്റി. ഇത് ഒടുവില്‍ വലിയതോതിലുള്ള പ്രതിഷേധങ്ങളിലേക്കു നയിച്ചു. സ്വാതന്ത്ര്യസമരസേനാനികളുടെ മക്കള്‍ക്കുള്ള 30 ശതമാനം ജോലിസംവരണത്തിനുനേരേയുള്ള പ്രതിഷേധമായാണ് പ്രക്ഷോഭത്തിന്റെ തുടക്കം.
അട്ടിമറിക്കു പിന്നില്‍
ഷെയ്ഖ് ഹസീനയുടെ അട്ടിമറിയിലേക്കു നയിച്ച സംഭവങ്ങള്‍ക്കുപിന്നില്‍ ഗൂഢാലോചനയുണ്ടായിട്ടുണ്ടോ എന്ന സംശയം ഇന്ത്യയിലെയടക്കമുള്ള നിരീക്ഷകര്‍ ഉന്നയിച്ചിട്ടുണ്ട്. ധാക്കയിലെ സംഭവങ്ങളില്‍ പാകിസ്താനെയും ചൈനയെയും പോലുള്ള വിദേശശക്തികള്‍ക്കുള്ള പങ്കിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെയും ബി.എന്‍.പി.യുടെയും വിദ്യാര്‍ഥിപ്രസ്ഥാനങ്ങളാണോ ഹസീനയെ പുറത്താക്കിയ പ്രതിഷേധങ്ങള്‍ക്കു പുറകിലെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഇന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ നല്‍കിയ പ്രസ്താവനയില്‍ മുന്‍വിധികളൊഴിവാക്കി സ്ഥിതിഗതികള്‍ 'പുരോഗമിക്കുന്നു' എന്നുമാത്രമാണ് പറഞ്ഞത്. സംഭവങ്ങള്‍ക്കുപിന്നിലെ രംഗങ്ങള്‍ പൂര്‍ണമായി പുറത്തുവരാന്‍ ഇനിയും സമയമെടുക്കാനാണ് സാധ്യത. ആരാധനാലയങ്ങള്‍ക്കും ന്യൂനപക്ഷസമൂഹങ്ങള്‍ക്കും ഹസീനയുമായി അടുത്തുനിന്നവരെന്നു കരുതപ്പെടുന്നവര്‍ക്കും നേരേ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും സൈന്യം ഇതുവരെ തെരുവിലിറങ്ങി ഗുണ്ടായിസത്തെ ശക്തമായി അടിച്ചമര്‍ത്താന്‍ ശ്രമിക്കാത്തത് ആശ്ചര്യകരമാണ്.
ഇന്ത്യയും ഹസീനയും
രാജ്യത്തിന്റെ സ്ഥാപകപിതാവായ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ മകള്‍ ഷെയ്ഖ് ഹസീനയുടെ 15 വര്‍ഷം നീണ്ടുനിന്ന ഭരണത്തിനിടയില്‍ മുന്‍പെങ്ങും കാണാത്തവിധം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം തഴച്ചുവളരുകയും അഭിവൃദ്ധിപ്പെടുകയും ചെയ്തു. വാസ്തവത്തില്‍ ബംഗ്ലാദേശിലെ പ്രതിപക്ഷപാര്‍ട്ടികള്‍ ഇന്ത്യ ഹസീനയെ അനാവശ്യമായി പിന്തുണയ്ക്കുന്നുണ്ടെന്നും അവര്‍ക്കനുകൂലമായി തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചെന്നും ആരോപിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ ആവര്‍ത്തിച്ചുള്ള തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം ഏകപക്ഷീയ വിജയത്തിനും തിരഞ്ഞെടുപ്പിന് നിയമസാധുതയില്ല എന്ന ആരോപണങ്ങള്‍ക്കും കാരണമായി. ഷെയ്ഖ് ഹസീനയുടെ പടിയിറക്കം, ഇപ്പോഴത്തെ അനിശ്ചിതാവസ്ഥ, ഹസീനയുടെ ജനപ്രീതിയില്ലായ്മയെ ചവിട്ടുപടിയാക്കി പ്രതിപക്ഷപാര്‍ട്ടികള്‍ അധികാരം നേടാന്‍പോകുന്ന വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ ഇവയെല്ലാം ഇന്ത്യക്ക് വലിയ വെല്ലുവിളികളാണ്. ഹസീന പലായനംചെയ്യാന്‍ ഇന്ത്യയെ തിരഞ്ഞെടുത്തു എന്ന വസ്തുതയും നിലവില്‍ ഡല്‍ഹിയില്‍ തുടരുന്നതും ബംഗ്ലാദേശിലെ ജനങ്ങളുടെ മുന്നില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ മോശമാക്കും. ഇന്ത്യന്‍സര്‍ക്കാര്‍ താത്കാലിക സര്‍ക്കാരുമായും സൈന്യവുമായും ആശയവിനിമയത്തിന് പുതിയ മാര്‍ഗങ്ങള്‍ തേടുമ്പോഴും ഹസീനയെ മറ്റൊരു രാജ്യത്തിലേക്കു മാറാന്‍ പ്രോത്സാഹിപ്പിക്കാനാണ് സാധ്യത. ഉഭയകക്ഷി ബന്ധത്തിലെ തിരിച്ചടിക്കപ്പുറം ഹസീനയുടെ പതനവും ഇന്ത്യയെ ചുറ്റിപ്പറ്റിയുള്ള അയല്‍പക്കങ്ങളുടെ അസ്ഥിരതയും പ്രക്ഷുബ്ധതയും വര്‍ധിപ്പിക്കുന്നു.
ഉലയുന്ന അയല്‍പക്കങ്ങള്‍
2022 ജൂലായില്‍ ശ്രീലങ്കന്‍ പ്രസിഡന്റായിരുന്ന ഗോതബായ രാജപക്സെയ്ക്ക് ബഹുജന പ്രതിഷേധത്തിനുമുന്നില്‍ മുട്ടുമടക്കി ഓടേണ്ടിവന്നതുമായി അസാധാരണമായ സാമ്യമുണ്ട് ബംഗ്ലാദേശിലെ സംഭവങ്ങള്‍ക്ക്. നിലവിലെ പ്രസിഡന്റായ റെനില്‍ വിക്രമസിംഗെ, 2024 സെപ്റ്റംബറില്‍ നടക്കുമെന്ന് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കും. ഇന്ത്യയുടെ പടിഞ്ഞാറുള്ള അഫ്ഗാനിസ്താനാകട്ടെ 2021 മുതല്‍ താലിബാനുകീഴിലാണ്.
പാകിസ്താന്‍ അസ്ഥിരവും സാമ്പത്തികമായ തകര്‍ച്ചയിലും ഇന്ത്യയുമായുള്ള ശത്രുതയിലും തുടരുന്നു. ആ രാജ്യത്തെ ഏറ്റവുംവലിയ രാഷ്ട്രീയശക്തി സൈന്യമാണ്. നമ്മുടെ വടക്കുള്ള ചൈനയുമായുള്ള ബന്ധം 1962-ലെ അതിര്‍ത്തിയുദ്ധത്തിനുശേഷം മോശമാണ്. മറ്റൊരു പ്രധാന അയല്‍പക്കമായ നേപ്പാളാകട്ടെ, കടുത്ത രാഷ്ട്രീയ അസ്ഥിരതയിലാണ്. രാജ്യം ഒരു സര്‍ക്കാരില്‍നിന്ന് മറ്റൊന്നിലേക്ക് നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. സൈന്യത്തിന് രാജ്യത്തിലെ വലിയഭാഗങ്ങളുടെ നിയന്ത്രണം വിവിധ വംശീയവിഭാഗങ്ങള്‍ക്ക് വിട്ടുകൊടുക്കേണ്ടിവന്നതോടെ മ്യാന്‍മാറാകട്ടെ ക്രമാനുഗതമായി അരാജകത്വത്തിലേക്ക് അധഃപതിക്കുകയാണ്. മാലദ്വീപ് അടുത്തിടെ ഇന്ത്യാവിരുദ്ധ, ചൈനാ അനുകൂല നേതാവിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. നമുക്കേറ്റവും സൗഹൃദമുള്ള ഭൂട്ടാന്‍പോലും അവരുടെ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി.
ബംഗ്ലാദേശ് പ്രതിസന്ധിക്കിടയില്‍ വിദേശകാര്യ മന്ത്രി ജയ്ശങ്കറുമായി ബന്ധപ്പെട്ട ആദ്യ വ്യക്തികളിലൊരാള്‍ പ്രതിപക്ഷനേതാവായ രാഹുല്‍ഗാന്ധിയായിരുന്നു. സര്‍ക്കാര്‍ ചൊവ്വാഴ്ച യോഗംചേരുകയും പ്രതിപക്ഷത്തെ വിവരമറിയിക്കാന്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കുകയും ചെയ്തു. തുടര്‍ന്നുള്ള വിദേശകാര്യമന്ത്രിയുടെ പാര്‍ലമെന്റ് പ്രസ്താവന എപ്പോഴും ദേശീയ സമവായം നിലനില്‍ക്കുന്ന നമ്മുടെ പ്രധാന അയല്‍പക്കവുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിഷയങ്ങളില്‍ സഭയുടെ ധാരണയും സഹകരണവും തേടി. ആഭ്യന്തരപ്രശ്‌നങ്ങളുണ്ടാകുമ്പോഴുള്ള കയ്പ്പേറിയ പരസ്പരാക്രമണങ്ങളില്‍നിന്ന് വ്യത്യസ്തമായി നമ്മുടെ അയല്‍പക്കത്തെ സംബന്ധിക്കുന്ന സുപ്രധാന വിഷയത്തില്‍ സര്‍ക്കാരിന്റെ ജാഗ്രതയും കൂടിയാലോചിക്കാനുള്ള തീരുമാനവും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായ പിന്തുണയും സ്വാഗതാര്‍ഹമാണ്.
(നയതന്ത്രജ്ഞനും എഴുത്തുകാരനുമാണ് ലേഖകന്‍)
Content Highlights: bangladesh issues, sheikh haseena, insurgency