കരുതൽ...: പോഷകാഹാരക്കുറവുള്ള ഗോത്രവിഭാഗത്തിലെ കുട്ടിയെ ശിശുസംരക്ഷണ യൂണിറ്റ് ഏറ്റെടുത്തു

വണ്ടിപ്പെരിയാർ (ഇടുക്കി): പോഷകാഹാരക്കുറവുമൂലം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലമ്പണ്ടാര ഗോത്രവിഭാഗത്തിൽപ്പെട്ട അഞ്ചുവയസ്സുകാരനെ തൊടുപുഴ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഏറ്റെടുത്തു. ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ലു.സി) പുറപ്പെടുവിച്ച റെസ്‌ക്യു ഉത്തരവ് പ്രകാരമാണ് നടപടി.
കുട്ടിയെ ഏറ്റെടുക്കുന്നതിനായി ഉദ്യോഗസ്ഥസംഘം വള്ളക്കടവ് പൊൻനഗർ കോളനിയിലെ അങ്കണവാടിയിലാണ് ആദ്യമെത്തിയത്. അങ്കണവാടി അധ്യാപികയും പട്ടികവർഗ വികസനവകുപ്പ് ജീവനക്കാരും ചേർന്ന് കുട്ടിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കുകയായിരുന്നു. വണ്ടിപ്പെരിയാർ പോലീസിന്റെ സാന്നിധ്യത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കിയ ബാലനെ തൊടുപുഴ ശ്രേയസ് ഫൗണ്ടേഷനിലേക്ക് മാറ്റി. നിലവിൽ കുട്ടി ആരോഗ്യവാനാണെന്ന് അധികൃതർ അറിയിച്ചു.
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ റെസ്‌ക്യു ഓഫീസർ അമീർ അലിഖാന്റെ നേതൃത്വത്തിലാണ് ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയത്. ശനിയാഴ്ച വൈകീട്ട് നാലരയയോടെ കുട്ടിയുടെ ആരോഗ്യാവസ്ഥയും പരിചരണവും നേരിട്ട് വിലയിരുത്തുന്നതിനായി മന്ത്രി കെ.എ. തുളസി കേന്ദ്രത്തിലെത്തി. കുട്ടിയെ സന്ദർശിക്കുകയും പരിചരിക്കുകയും ചെയ്തു. കുട്ടിക്കാവശ്യമായ വിദഗ്ധചികിത്സയും തുടർപരിചരണവും ഉറപ്പാക്കുമെന്ന് പട്ടികവർഗ വികസനവകുപ്പ് വ്യക്തമാക്കി. പോഷകാഹാരക്കുറവുള്ള മലമ്പണ്ടാര ഗോത്രവിഭാഗത്തിലെ കുരുന്നിന്റെ ദുരിതം മാതൃഭൂമി വാർത്തയാക്കിയിരുന്നു.
Read more: പോഷകാഹാരമില്ല, ഇടുക്കിയിലെ മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട കുട്ടികളിൽ പലർക്കും വളർച്ചക്കുറവ്
Content Highlights: A five-year-old Malampandaram tribal child was rescued due to severe malnutrition., The District Child Protection Unit and CWC executed the rescue order in Vandiperiyar, Idukki., The child was shifted to Shreyas Foundation in Thodupuzha and is currently healthy., Minister K.A. Thulasi visited the child to ensure expert medical care and ongoing support.